നിങ്ങൾ ഭാര്യയോ ഭർത്താവോ ആയ പൂര്‍ണതാവാദി (perfectionist) ആണോ?
അസ്വസ്ഥരാവും.
അഥവാ നിങ്ങളുടെ ഭാര്യയോ ഭർത്താവോ ഒരു പൂര്‍ണതാവാദി (perfectionist) ആണോ?
നിങ്ങൾക്ക് ഒന്നും തിരിച്ച് പറയാൻ കഴിയില്ല.
നിങ്ങൾ മാനേജറോ തൊഴിലാളിയോ ആയ പൂര്‍ണതാവാദിയാണോ?
കോപിച്ച് കൊണ്ടേയിരിക്കും.
അഥവാ നിങ്ങളുടെ മാനേജറോ തൊഴിലാളിയോ ഒരു പൂര്‍ണതാവാദി (perfectionist) ആണോ?
അവരുടെ മുന്‍പില്‍ നിങ്ങൾ എപ്പോഴും തോറ്റുപോകും. നിങ്ങൾ ചെയ്യുന്ന എല്ലാറ്റിലും അവർ കുറ്റവും ആവലാതിയും കണ്ടെത്തും.
അറിയുക. ആലസ്യത്തില്‍ വന്ന് ചേരുന്ന, വന്ന് ചേരേണ്ട പൂര്‍ണതാവാദം (perfectionism) മാത്രമേ ഉള്ളൂ.
പൂര്‍ണതാവാദി യാഥാര്‍ത്ഥത്തില്‍ സ്വന്തം ആലസ്യവും സ്വസ്ഥതയും മാത്രം ആഗ്രഹിക്കുന്നു.
ആലസ്യം കൈവരുത്താനുള്ള പൂര്‍ണതാവാദം മാത്രമേ ഉള്ളൂ.
എല്ലാ പൂര്‍ണതാവാദത്തിലും ആയിരിക്കുന്ന അവസ്ഥയില്‍ ആയിരിക്കുക എന്ന പ്രകൃതിതത്ത്വം അറിയാതെയും പൂര്‍ണതാവാദികള്‍ നടപ്പാക്കിപ്പോകുന്നു.
ഒരൊറ്റ വിത്യാസം.
പ്രകൃതിയില്‍ എല്ലാം അപൂര്‍ണ്ണതയിലും ആയിരിക്കുന്ന അവസ്ഥയില്‍ ആയിരിക്കുക എന്നത് നടപ്പിൽ വരുത്തുന്നു.
മനുഷ്യന്‍, തന്റെ തലച്ചോറ് കാരണം, അവകാശപ്പെട്ടും അസ്വസ്ഥപ്പെട്ടും മാത്രം അത് നടപ്പിൽ വരുത്തുന്നു. അഥവാ നടപ്പിൽ വരുത്തിയെന്ന് വരുത്തുന്നു.
മനുഷ്യന്‍ പൂര്‍ണത തേടിക്കൊണ്ടും അവകാശപ്പെട്ടുകൊണ്ടും അപൂര്‍ണ്ണത സ്വന്തമാക്കുന്നു.
കൂടെ മനുഷ്യന്‍ പൊതുവിലും, മനുഷ്യരിലെ പൂര്‍ണതാവാദികള്‍ പ്രത്യേകിച്ചും, അസ്വസ്ഥതയും കൂടി സമ്പാദിക്കുന്നു.
ആലസ്യം കൊതിച്ച് അധ്വാനിച്ച് മാത്രം ജീവിക്കുന്നു.
******
യാഥാര്‍ത്ഥത്തില്‍ പൂര്‍ണതാവാദിയുടെ മുഴുവന്‍ ശ്രമവും പരമാവധി ഒന്നും ചെയ്യാതിരിക്കാനാണ്. അലസത കൈവരുത്താനാണ്.
മനുഷ്യരിലെ പൂര്‍ണതാവാദികള്‍ പറ്റുമെങ്കില്‍ പരമാവധി ഒന്നും ചെയ്യില്ല.
ഒന്നും ചെയ്യേണ്ടി വരാത്ത, അലസത നിലനിര്‍ത്താന്‍ കഴിയുന്ന, അവസ്ഥ സംജാതമാകാനാണ് പൂര്‍ണത. അതാണ്, അതിനാണ് പൂര്‍ണതാവാദിയും ശ്രമിക്കുന്നത്.
പൂര്‍ണത, ഫലത്തില്‍, ഒന്നും ചെയ്യാതിരിക്കുന്നതിന്റെയും, ഒന്നും ചെയ്യാതിരിക്കാനുള്ളതിന്റെയും, ഒന്നും ചെയ്യേണ്ടി വരാതിരിക്കുന്നതിന്റെയും കൂടിയാണ്.
അതിനാല്‍ തന്നെ, പൂര്‍ണതാവാദികള്‍ക്ക് തന്നിലേക്ക് വരുന്ന ഓരോ പണിയും യാഥാര്‍ത്ഥത്തില്‍ പേടിയാണ്.
കാരണം ഓരോ പണിയും പൂര്‍ണതക്ക് ഭംഗം വരുത്തും. താന്‍ ആയിരിക്കുന്ന അവസ്ഥ പൂര്‍ണമല്ലെന്ന് സ്ഥാപിക്കും. അതവന്‍ ഭയക്കുന്നു.
എന്തെന്നാല്‍ പണിയെടുക്കുക എന്നത് തീർത്തും പ്രകൃതിവിരുദ്ധമായ, മനുഷ്യന്‍ മാത്രം ചെയ്യേണ്ടി വരുന്ന കാര്യം.
എന്നിട്ടും പണിയെടുക്കുന്നുവെങ്കില്‍, പിന്നീട് വീണ്ടും അതിലേക്ക് തിരിഞ്ഞു നോക്കേണ്ടി വരാത്ത കോലത്തില്‍ പണിയെടുക്കുക. അതാണ് യാഥാര്‍ത്ഥത്തില്‍ പൂര്‍ണതാവാദിയുടെ ഉള്ളിലെ മനം. പൂര്‍ണതാവാദം.
അതിനാല്‍ എല്ലാ ഓരോ വരുന്ന പണിയും പൂര്‍ണതാവാദിക്ക് വലുതായി തോന്നും. അവന്‍ അതിൽ അസ്വസ്ഥപ്പെടും.
എല്ലാ ഓരോ പണിയും തന്റെ പൂര്‍ണതക്ക്, അത് നല്‍കുന്ന ആലസ്യത്തിന്, ഭംഗം വരുത്തുന്നതായി തോന്നുന്നതാണ് പൂര്‍ണതാവാദിയുടെ പേടിയും അസ്വസ്ഥതയും ദേഷ്യവും.
അതിനാല്‍ തന്നെ, അവന്‍ എങ്ങിനെയും ആ പണിയെ പ്രതിരോധിക്കും,
അവന്‍ എങ്ങിനെയും ആ പണിയില്‍ നിന്ന് ആവും വിധം ഒഴിഞ്ഞുമാറും. ഒരുപക്ഷേ പൂര്‍ണത എന്ന വാദം വെച്ചു കൊണ്ട് തന്നെ. അതിനു വേണ്ടിയായിരിക്കും അവന്റെ, അല്ലെങ്കിൽ അവളുടെ ദേഷ്യവും അസ്വസ്ഥതയും.
അതല്ലേല്‍, നിവൃത്തിയില്ലേല്‍, അവന്‍ അതിൽ എളുപ്പം അന്വേഷിക്കും.
അതുകൊണ്ട് കൂടിയാണ് എല്ലാ എളുപ്പവഴികളും മടിയന്റെ സംഭാവനയായത്. അഥവാ പൂര്‍ണതാവാദിയുടെ സംഭാവനയായത്.
ഫലത്തില്‍, ഭൂമിയില്‍ ഏറ്റവും അധ്വാനിക്കുന്നവന്‍, എറ്റവും പൂര്‍ണത കൊതിക്കുന്നവന്‍.
ഫലത്തില്‍, എറ്റവും അപൂര്‍ണത അനുഭവിക്കുന്നത് എറ്റവും കൂടുതല്‍ പൂര്‍ണത അവകാശപ്പെടുന്നവന്‍. അത്തരം വാദം ഉന്നയിക്കുന്നവനും നടപ്പാക്കുന്നവനും.
ഫലത്തില്‍, ഏറ്റവും അധ്വാനിക്കുന്നത് ഏറ്റവും മടിയനാവാന്‍ കൊതിക്കുന്നവന്‍.
ഏറ്റവും അധ്വാനിക്കുന്നത് ഏറ്റവും എളുപ്പം അന്വേഷിക്കുന്നവന്‍.
ഫലത്തില്‍ ഏറ്റവും അധ്വാനിക്കുന്നവന്‍ മനുഷ്യന്‍.
ഏറ്റവും പേടിക്കുന്നവനും അഭിനയിക്കുന്നവനും മനുഷ്യന്‍.
ജീവിതം നിഷേധിക്കുന്ന ജീവിതം ജീവിച്ചു കൊണ്ട്.
ജീവിക്കാൻ വേണ്ടി ശ്രമിച്ച് ജീവിക്കാൻ കഴിയാത്തവന്‍ മനുഷ്യന്‍.
******
കാരണം മറ്റൊന്നുമല്ല.
പൂര്‍ണത എന്നാല്‍ അലസത കൂടിയാണ്.
പൂര്‍ണത എന്നാല്‍ ഒന്നും ചെയ്യേണ്ടിവരാത്ത അവസ്ഥ കൂടി.
അലസതക്ക് വേണ്ടി, ഒന്നും ചെയ്യാതിരിക്കാനുള്ള വഴിക്ക് കൂടിയാണ് പൂര്‍ണത അന്വേഷിക്കുന്നത്.
അതിനാല്‍, പൂര്‍ണതാവാദികള്‍ക്ക് മറ്റുള്ളവര്‍ ഇല്ല.
അവരുടെ സ്വസ്ഥതയും സുഖവും മാത്രം.
താന്‍ മാത്രം ആയിരിക്കുന്ന അവസ്ഥ. ആലസ്യം. പൂര്‍ണത.
ആ സ്വസ്ഥതയും സുഖവും ആലസ്യവും നേടാൻ പൂര്‍ണതാവാദികള്‍ എന്തക്രമവും ചെയ്യും, ചെയത് പോകും. എന്ത് ക്ഷോഭവും കാണിക്കും, കാണിച്ചുപോകും
നാം ഇന്ന് കാണുന്ന, ഇന്നായ, ഇതുവരെ എത്തിയ മനുഷ്യനെ പോലെ.
എന്തൊക്കെയോ ചെയ്ത്, മറ്റെന്തൊക്കെയോ ആയവന്‍.
*****
അപൂര്‍ണതയിലും പൂര്‍ണത ദര്‍ശിക്കുക പ്രകൃതി മതം. ആയിരിക്കും പോലെ ആയിരിക്കുന്ന പൂര്‍ണത.
എന്തോ അത്, എങ്ങിനെയോ അങ്ങനെ.
പക്ഷേ സ്വാഭാവികതക്ക് വിരുദ്ധമായി മനുഷ്യനിലെ ബുദ്ധി പ്രവർത്തിച്ചു. തലച്ചോറ് വില്ലനായി.
ബുദ്ധിയുടെ സ്വാഭാവികത പ്രകൃതിയുടെ സ്വാഭാവികതക്ക് വിരുദ്ധമായി നിന്നു. പോരാ പോരാ എന്ന നിലപാട് സ്വീകരിച്ചു. പൂര്‍ണത തേടി. അരക്ഷിതാവസ്ഥയെ ഭയന്നു.
പൂര്‍ണതാവാദികള്‍ ഒന്നും ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയല്ല.
പൂര്‍ണതാവാദികള്‍ ഒന്നും ചെയ്യുന്നത് സമസൃഷ്ടികളെ ഓര്‍ത്തുകൊണ്ടല്ല.
അവർ എന്തും ചെയ്യുന്നത് അവരുടെ സ്വന്തം സുഖത്തിനും സ്വസ്ഥതക്കും വേണ്ടി മാത്രം. തലച്ചോറിന് അങ്ങനെയാവാന്‍ മാത്രമേ പറ്റൂ.
മറ്റുള്ളവര്‍ക്ക് വേണ്ടി യാഥാര്‍ത്ഥത്തില്‍ പൂര്‍ണതാവാദികള്‍ ഒന്നും ചെയ്യില്ല, ചെയ്യുന്നില്ല. ചെയ്യുന്നുവെന്ന് തോന്നിയാലും തോന്നിപ്പിച്ചാലും.
അത് പ്രകൃതിയുടെ തത്വവും പ്രയോഗവും കൂടിയാണ്.
എല്ലാം സ്വന്തത്തിന് വേണ്ടി മാത്രം.
ഫലത്തില്‍ അവന്‍ പോലും അറിയാതെ അത് എല്ലാവർക്കും വേണ്ടി ആവുന്നു എന്ന് മാത്രം. പ്രകൃതിയുടെ ഹയര്‍ മാനേജ്മെന്റ്. തനിക്ക് വേണ്ടി എന്ന് കരുതി എല്ലാവർക്കും വേണ്ടത് ചെയ്യുക.
തേനീച്ചയുടെ തേനും മാവിലെ മാങ്ങയും കര്‍ഷകന്റെ കൃഷി ഉല്‍പന്നവും എല്ലാം അങ്ങനെ മാത്രം.
എല്ലാം സ്വന്തംത്തിന് വേണ്ടി ചെയതത് എല്ലാവർക്കും വേണ്ടി ആവുക.
സമസൃഷ്ടികളിലെയും കൂടെയുള്ളവരുടെയും വന്നുപെടാവുന്ന രോഗത്തെയും വൃത്തികേടിനെയും പോലും യഥാർത്ഥത്തിൽ, അതിനാല്‍ തന്നെ, പൂര്‍ണതാവാദിയും അവന്റെ തലച്ചോറും ഭയക്കും.
തങ്ങൾക്കത് പണിയാവും എന്ന് ഭയന്ന് കൊണ്ട് തന്നെ. തങ്ങളുടെ പൂര്‍ണതക്കും, പൂര്‍ണത നല്‍കുന്ന ആലസ്യത്തിനും സ്വസ്ഥതക്കും അത് ഭംഗം വരുത്തും എന്നതിനാല്‍ തന്നെ.
സ്നേഹിക്കാനും സേവിക്കാനും വേണ്ട വിട്ടുവീഴ്ച പൂര്‍ണതാവാദികള്‍ക്ക് ഈ നിലക്ക് ചിന്തിക്കാൻ പറ്റില്ല. കാരണം അതിൽ പണിയുണ്ട്. അസ്വസ്ഥതയുണ്ട്.
അവര്‍ക്ക് പ്രധാനം അവരുടെ പൂര്‍ണത. അത് നല്‍കുന്ന സ്വസ്ഥത, ആലസ്യം.
വൃത്തികേടും രാഗവും അതിന് ഭംഗം വരുത്തുമെന്ന് അവർ ഭയക്കുന്നു. സ്വന്തം അപൂര്‍ണതയെ വിളിച്ചറിയിക്കുമെന്നും...
അതിനാല്‍ അവർ അസ്വസ്ഥരാവും.
മനുഷ്യന്‍ തന്നെ ഈ നിലക്കുള്ള പൂര്‍ണതാവാദി. എപ്പോഴും അസ്വസ്ഥപ്പെടുന്നവന്‍. ആയിരിക്കുന്ന അവസ്ഥയില്‍ ആവാന്‍ കഴിയാത്തവന്‍.
സ്വതവേ ഉള്ള ഈ മനുഷ്യന്റെ ഏറ്റവും വിഷലിപ്തമായ രൂപം മനുഷ്യരിലെ പൂര്‍ണതാവാദികള്‍.
******
ചെയ്യുന്ന പണിയില്‍ ഏതോ വിധേന ഈ പൂര്‍ണതാവാദികള്‍ പൂര്‍ണത തേടുന്നുണ്ടാവാം, വരുത്തുന്നുണ്ടാവാം.
പക്ഷേ, അവർ യഥാര്‍ത്ഥത്തില്‍ അവരിലേക്ക് വരുന്ന, ഇനി ഭാവിയില്‍ വരാവുന്ന ഏത് ചെറിയ ജോലിയെയും ഭയക്കുന്നു എന്നതിനാല്‍ കൂടിയാണ്. അത്തരം വരാവുന്ന പണികളെ അകറ്റാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് അവരുടെ ഓരോ പണിയും.
ഒരുതരം ഒളിച്ചോട്ടം കൂടി. അപൂര്‍ണനായ തന്നില്‍ നിന്ന് വരെ. ഭയപ്പെടുത്തുന്ന ബോറടിപ്പിക്കുന്ന അപര്‍ണതയില്‍ നിന്ന് വരെ.
അന്തിമ വിശകലനത്തില്‍ അവരവര്‍ക്ക് വേണ്ടിയുണ്ടാക്കുന്ന തോന്നലല്ലാതെ അവരെക്കൊണ്ടും ആരെകൊണ്ടും ഒന്നും ചെയ്യിപ്പിക്കില്ല.
അങ്ങനെ അവർ എപ്പോഴും പണി എടുക്കുന്നവര്‍ ആയിപ്പോകുന്നു എന്ന് മാത്രം. യാഥാര്‍ത്ഥത്തില്‍ ഉദ്ദേശിക്കാതെ.
*****
മനുഷ്യരിലെ പൂര്‍ണതാവാദികളെ തിരുത്താന്‍ ശ്രമിക്കരുത്.
അവർക്ക് തിരുത്തും വിമര്‍ശനവും അഭിപ്രായവും പിടിക്കില്ല.
പൂര്‍ണതാബോധത്തിന്, ആലസ്യത്തിന്, ഭംഗം വരുത്തും എന്നതിനാല്‍
ഏറിയാല്‍ നിങ്ങൾ അവരെ പുകഴ്ത്തുന്നത് അവര്‍ക്ക് പിടിക്കും.
കാരണം അവര്‍ക്ക് പ്രധാനം അവരുടെ സ്വസ്ഥത, സുഖം, ആലസ്യം.
അവരെ പുകഴ്ത്തുന്നതും ഭാവിയില്‍ അവര്‍ക്ക് ബാധ്യതയാവാത്ത രൂപത്തിലാവണം എന്നവര്‍ക്ക് നിര്‍ബന്ധം.
അവരുടെ പണികളില്‍ തിരുത്തും വിമര്‍ശനവും അഭിപ്രായവും നടത്തിയാല്‍ ചിലപ്പോൾ അവർ ഭ്രാന്തമായി പെരുമാറും. അപൂര്‍ണതയെ പേടിച്ച്.
അവരില്‍ മറ്റുള്ളവര്‍ ഇല്ല.
മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾ ഇല്ല.
ഉള്ളത് അവരുടെ ആത്മരതി മാത്രം.
സ്വന്തം കുട്ടികളുടെ വളർച്ച പോലും അവരുടെ പൂര്‍ണതാബോധത്തിനും അത് നല്‍കുന്ന അലസതക്കും അപ്പുറമില്ല. ഏറിയാല്‍ അത് മാത്രം.
പൂര്‍ണതാബോധത്തിനും അത് നല്‍കുന്ന അലസതക്കും ഭംഗം വരുത്തുന്ന രീതിയില്‍, പരമാവധി പ്രതിരോധിക്കാതെ, അവർ അതൊന്നും അനുവദിക്കില്ല.
അവര്‍ക്കവര്‍ മാത്രം പ്രധാനം.
അവരുടെ സുഖവും സ്വസ്ഥതയും ആലസ്യവും. പ്രകൃതിതത്ത്വം പോലെ. സ്വാഭാവിക താളത്തിലെ നിയമം പോലെ.
ആരും ജോലി ചെയ്യുന്നതൊക്കെ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നത് കൊണ്ടല്ല.
ചെയ്യേണ്ടി വരികയാല്‍ മാത്രം.
അതിജീവനത്തിന് വേണ്ട ഉപജീവനം അത്യാവശ്യമാകയാല്‍ മാത്രം.
അതല്ലെങ്കില്‍, തന്റെ തലച്ചോറ് കാരണം, തനിക്ക് താനും അസ്വസ്ഥതയും ചോദ്യചിഹ്നവും ആയി സ്വസ്ഥതക്കും ആലസ്യത്തിനും ഭംഗം വരികയാല്‍. ബോറടിക്കുന്നതിനാല്‍. പേടിക്കുന്നതിനാൽ.
അതിനപ്പുറം പ്രതീക്ഷിക്കരുത്.
ഒന്നും.
നിര്‍ബന്ധിതമായിട്ട് ഒഴികെ.
ആ നിലക്ക് വെറും അഭിനയം മാത്രമായല്ലാതെ.
******
പൂര്‍ണതാവാദികള്‍ യാഥാര്‍ത്ഥത്തില്‍
സേവിക്കാനും സ്നേഹിക്കാനും കൊള്ളില്ല.
കാരണം, അവർ എന്തും ചെയ്യുന്നത് അവരുടെ സംതൃപ്തിക്ക് വേണ്ടി മാത്രം.
അവരാണ്, അവർ ചെയ്യുന്ന കാര്യങ്ങളാണ് അവർക്ക് വലുത്.
അതല്ലേല്‍ അവർ അസ്വസ്ഥരാവും.
*******
പൂര്‍ണതാവാദിയുടെ മുന്‍പില്‍ നിങ്ങള്‍ക്ക് ഒന്നും പറയാനും ചെയ്യാനും പറ്റില്ല.
കാരണം അവര്‍ക്ക് പ്രധാനം പൂര്‍ണതയാണ്. അത് നൽകേണ്ട അലസതയാണ്.
ആ പൂര്‍ണതക്കും അത് നല്‍കുന്ന, നല്‍കേണ്ടണ്ടുന്ന അലസതക്കും നിങ്ങളുടെ ചെയ്തിയും പറച്ചിലും ഭംഗം തട്ടിക്കും.
അതവർ ഭയക്കുന്നു..
നിങ്ങളും നിങ്ങളുടെ വികാരവും ആവശ്യങ്ങളും അവര്‍ക്ക് പ്രധാനമല്ല.
*******
അതിനാല്‍ തന്നെ, പൂര്‍ണതാവാദത്തിനുള്ളില്‍ സ്വേച്ഛാധിപതിയും സമഗ്രാധിപതിയുമുണ്ട്.
അപൂര്‍ണതയാണ് ശരി. ആപേക്ഷിക ലോകവും അതിലെ ജീവിതവും അപര്‍ണത കൊണ്ടാണ്. അപൂര്‍ണതയില്‍ നിന്ന് അപൂര്‍ണതയിലേക്ക് ജീവിതം.
മുഴുത്ത്വത്തിന്റെ പൂര്‍ണതയില്‍ ലയിച്ചു കൊണ്ടുള്ള അപൂര്‍ണത.
മുഴുത്ത്വം മുഴുത്ത്വമാവാന്‍ വേണ്ട അപൂര്‍ണത.
അപൂര്‍ണതയിലാണ് സൗന്ദര്യവും സഹിഷ്ണുതയും.
ജീവിക്കുമ്പോള്‍ അപൂര്‍ണതയെ പ്രണയിക്കുക.
അപൂര്‍ണത കൊണ്ടാണ് അന്വേഷണവും ചലനവും ശ്രമവും..
പ്രകൃതിയില്‍ എല്ലാം ജീവിക്കുന്നത് അങ്ങനെ അപൂര്‍ണതയില്‍.
ആപേക്ഷിക ജീവിതമെന്നാല്‍ അപൂര്‍ണത മാത്രം.
ആപേക്ഷിക ജീവിതമെന്നാല്‍ അപൂര്‍ണതയില്‍ മാത്രം.
പൂര്‍ണത അന്വേഷിക്കാന്‍ മാത്രമുള്ളത്.
ആപേക്ഷിക ജീവിതത്തില്‍ പൂര്‍ണത അന്വേഷിച്ചും എത്തിപ്പെടാനുള്ളത് അപൂര്‍ണത മാത്രം.
No comments:
Post a Comment