Thursday, July 30, 2020

മറ്റുള്ളവരോട് തോന്നുന്നതും കാണിക്കുന്നതും സ്നേഹമല്ല.

മറ്റുള്ളവരോട് തോന്നുന്നതും കാണിക്കുന്നതും സ്നേഹമല്ല; ഇഷ്ടം, അല്ലേല്‍ വെറുപ്പ്. ന്യായമുള്ളത്. 


ഇതൊരു തിരുത്തല്ല ; ഉണര്‍ത്തല്‍ മാത്രം. 


സ്നേഹമെന്ന് ഇഷ്ടത്തെ നാം വിളിച്ചു. ഇഷ്ടത്തെ മാത്രം.


വെറുപ്പിനെ നാം സ്നേഹമെന്ന് കണ്ടില്ല, വിളിച്ചില്ല. 


തെറ്റല്ല. തിരുത്തുകയും അല്ല. 


ശരിയാണ്‌, ഇഷ്ടം സ്നേഹമാണ്, നമുക്ക്‌ ഇഷ്ടപ്പെടുന്ന സ്നേഹത്തിന്റെ ഭാഗമാണ് ഇഷ്ടം.


പക്ഷെ ഇഷ്ടം മാത്രമല്ല സ്നേഹം.

ഇഷ്ടം മാത്രമല്ല സ്നേഹത്തിന്റെ ഭാഗം. 


ഇഷ്ടം മാത്രമായി സ്നേഹത്തെ നാം അറിയാതെയോ അറിഞ്ഞോ ചുരുക്കി.

പക്ഷെ അങ്ങനെ ചുരുക്കരുത്. 


പ്രണയം വരെ സ്നേഹമല്ല.

അഥവാ പ്രണയം മാത്രമായ ഒരു സ്നേഹമില്ല.


സ്ത്രീക്ക് പുരുഷനോടും തിരിച്ചും തോന്നുന്ന ഇഷ്ടമാണ് പ്രണയം.

പക്ഷെ അത് സ്നേഹമല്ല.

അത് മാത്രമല്ല സ്നേഹം.


ആര്‍ക്ക് ആരോട് വെറുപ്പ് തോന്നിയാലും സ്നേഹമാണ്. ഇഷ്ടം പോലെ തന്നെ. 


ഓരോരുവന്നും തനിക്ക് വേണ്ടതിനെ ഇഷ്ടപ്പെടും, പ്രണയിക്കും.


ഓരോരുവനും തനിക്ക് വേണ്ടാത്തതിനെ  വെറുക്കും, ഇഷ്ടപ്പെടില്ല, പ്രണയിക്കില്ല. 


ഇഷ്ടവും പ്രണയവും വെറുപ്പും ഉപാധികളും നിബന്ധനകളും കാരണങ്ങളും ഉള്ളത്, ഉണ്ടാവുന്നത്.


ഉപാധികളും നിബന്ധനകളും കാരണങ്ങളും നഷ്ടപ്പെടുമ്പോൾ ഇഷ്ടവും പ്രണയവും വെറുപ്പും നഷ്ടമാകും, ഇല്ലാതാവും. 


വെറുപ്പും കൂടിയതാണ് സ്നേഹം.

അഥവാ വെറുപ്പ് കൂടിയാണ് സ്നേഹം.


സ്നേഹത്തില്‍ വെറുപ്പും ഇഷ്ടവും പ്രണയവും നീരസവും ഒന്ന്.


ജീവിതത്തിന്റെ സൗകര്യത്തിന്, ജീവിതത്തിന്റെ സുഗമമായ ഒഴുക്കിന് വേണ്ടി, എല്ലാ വികാരങ്ങളും, വേണമെന്ന വെക്കലും വേണ്ടെന്ന വെക്കലും, സ്നേഹം ഉണ്ടാക്കുന്നു. 


തമാശയ്ക്ക് ഒരു ഉപമ : മാങ്ങ.


മാങ്ങ പഴം തന്നെയാണ്.


പക്ഷേ മാങ്ങ മാത്രമല്ല പഴം.


അത്‌പോലെ ഇഷ്ടമോ വെറുപ്പോ മാത്രമല്ല സ്നേഹം. 


മാങ്ങയോടുള്ള ഇഷ്ടവും അനിഷ്ടവും പഴങ്ങളോട് മുഴുവന്‍ ഉള്ളതല്ല.


ഇഷ്ടവും അനിഷ്ടവും കാരണങ്ങൾ ഉള്ളതും ആണ്.


മാങ്ങ ഇഷ്ടപ്പെടാതിരിക്കാന്‍ കാരണങ്ങൾ ഉണ്ടെങ്കിൽ, അത്‌പോലെ തന്നെ, ഇഷ്ടം രൂപപ്പെടാനും പ്രണയം ഉണ്ടാകാനും കാരണങ്ങളും ന്യായങ്ങളും ഉണ്ട്. ശാരീരികമായാലും മാനസികമായാലും.


ശാരീരികമായത് മാനസികവും, മാനസികമായത് ശാരീരികവുമാവും.


ശരീരവും മനസ്സും പരസ്പരം കൈമാറും. പരസ്പരം നിഴലിട്ട് പ്രതിബിംബിച്ച് കാണിക്കും. 


പഴങ്ങളില്‍ നാം ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും ഉണ്ടെന്ന പോലെ സ്നേഹത്തിലും ഇഷ്ടവും ഇഷ്ടപ്പെടായ്കയും വെറുപ്പും ഉണ്ട്, ഉള്‍പ്പെടും.


സ്നേഹത്തിന്റെ പല വികാരപ്രകടനങ്ങളില്‍ ചിലത് മാത്രം വെറുപ്പും ഇഷ്ടവും പ്രണയവും. എല്ലാ ശ്രമങ്ങളും സ്നേഹം കാരണം. 


സ്നേഹം അവനവനോട് മാത്രം. ജീവിതത്തോട് മാത്രം. 


സ്നേഹത്തിന്റെ പ്രതലത്തില്‍ നിന്നും ഉണ്ടാവുന്ന വികാരപ്രകടനമായ വെറുപ്പും ഇഷ്ടവും പ്രണയവും ആരോടൊക്കെയോ എന്തിനോടൊക്കെയോ ഉള്ളത്. 


അവനവനെ സ്നേഹിക്കുകയെന്നാല്‍ വെറും വികാരപ്രകടനമല്ല. അത് ഉപാധികളും കാരണങ്ങളും ഉള്ളതല്ല. 


സ്നേഹം ഉപാധികളും നിബന്ധനകളും ഇല്ലാത്തത്. നിരുപാധികമായത്.


നിരുപാധികമായ സ്നേഹത്തിന് വിപരീതമില്ല.


സോപാധികമായതിന് മാത്രം വിപരീതം.

വെറുപ്പിനും ഇഷ്ടത്തിനും പ്രണയത്തിനും വിപരീതമുണ്ട്. 


തന്നോട് തനിക്കുള്ള സ്നേഹത്തിന്റെ ഭാഗമായി, അതിന്റെ വികാരപ്രകടനമായി, നാം പലരേയും പലതിനെയും പല കാരണങ്ങളാല്‍ ഇഷ്ടപ്പെടുന്നു, വെറുക്കുന്നു, പ്രണയിക്കുന്നു, കോപിക്കുന്നു, possessive ആവുന്നു.


തന്നോട് തന്നെയുള്ള സ്നേഹത്താല്‍, ജീവിതത്തിന്‌ ജീവിതത്തോടുള്ള സ്നേഹത്താല്‍, വേണ്ടാത്തത് നഷ്ടപ്പെടാന്‍, മറ്റ് ചിലപ്പോൾ വേണ്ടത് നഷ്ടപ്പെടാന്‍ കൊതിക്കാതെ. നഷ്ടപ്പെടുന്നത് പേടിച്ച്. 


സ്നേഹത്തില്‍, അവനവനോടുള്ള സ്നേഹത്തില്‍, possessiveness ന്റെ പ്രശ്നം ഉദിക്കുന്നില്ല. അവിടെ നഷ്ടവും ലാഭവും ഇല്ല. 


അവിടെ നിരുപാധികമായും possessive മാത്രമാണ്‌. തന്നെ വിട്ട് തനിക്ക് ഒരു പരിപാടിയും ഇല്ല. 


വേറെ ഒരു തെരഞ്ഞെടുപ്പ് ഇല്ലാതെ.

No comments: