Thursday, July 30, 2020

ഭരണാധികാരികൾക്കു വേണ്ടിയല്ല രാജ്യസ്നേഹം.

ഒരു നല്ല സുഹ്രുത്ത് (Sudhakara Kurup) ഉണര്‍ത്തിയ നല്ല നിര്‍വ്വചനം :


"ഭരണാധികാരികളെ നോക്കിയല്ല രാജ്യസ്നേഹം. 


ഭരണാധികാരികൾക്കു വേണ്ടിയല്ല രാജ്യസ്നേഹം ഉണ്ടാകുന്നത്. 


കാക്കക്കും തൻകുഞ്ഞ് പൊൻകുഞ്ഞ് എന്നു പറയുന്നതു പോലെ മനുഷ്യര്‍ക്ക് പിറന്ന നാടിനോടുള്ള സ്നേഹമാണ് രാജ്യസ്നേഹം"


അഭിപ്രായത്തിന് ആസ്പദമായ ഈയുള്ളവന്റെ മുന്‍പോസ്റ്റ് കീഴെ :


"ഭരണാധികാരികള്‍ ജനങ്ങളോട് സത്യസന്ധതയും നീതിയും ആത്മാര്‍ത്ഥതയും പുലര്‍ത്തിയാല്‍, ജനങ്ങൾ തിരിച്ചു കാണിച്ചുപോകുന്നതാണ് രാജ്യസ്നേഹം."


ഉത്തരം :


താങ്കള്‍ പറഞ്ഞത് ശരിയാണ്‌.


പക്ഷേ എന്ത് ചെയ്യാം?


ജനങ്ങൾക്ക് രാജ്യത്തെ ബോധ്യപ്പെടുന്നത് ഭരണത്തിലൂടെ. അത് നടത്തുന്ന ഭരണാധികാരികളിലൂടെ.


അതല്ലെങ്കിൽ, ജനങ്ങളിലെ ഓരോരുവന്നും രാജ്യമെന്നാല്‍ അവന്‍ ജനിച്ച വെറും ചെറിയ പ്രദേശമായ അവന്റെ നാട് മാത്രം. 


ഭരണാധികാരികള്‍ തുടർച്ചയായി മോശമായി പെരുമാറുമ്പോള്‍ ജനത്തിന് സ്വാഭാവികമായും മടുക്കും.


അച്ഛനമ്മമാരെ പോലും അങ്ങിനെ വന്നാല്‍ ഓരോരുവന്നും മടുക്കും. 


മടുപ്പ് അവരറിയാതെയും ഉദ്ദേശിക്കാതേയും അവർ ജീവിക്കുന്ന നാടിനെയും വീടിനെയും തന്നെ വെറുക്കുന്ന കോലത്തില്‍ സംഭവിക്കും.


അങ്ങനെ സംഭവിക്കുമ്പോള്‍ ആരെ കുറ്റം പറയാൻ? ഭരണാധികാരികളെ മാത്രം തന്നെയല്ലാതെ.


ഭരണാധികാരികളുടെ സ്വന്തം രാജ്യത്തെ വെറുപ്പിക്കുന്ന അത്തരം കൊള്ളരുതായ്മകളെ വിമര്‍ശിച്ചാല്‍, രാജ്യദ്രോഹമായി കണക്കാക്കുന്നത് കൂടി മേല്‍പോസ്റ്റ് കൊണ്ട്‌ ഉദ്ദേശിച്ചു. 


*****


നാട് സ്വന്തം നാടാണ്. ശരിയാണ്‌. 


പക്ഷേ, അത് പറയുന്നത് പോലെ ഇത്ര വലിയ രാജ്യമല്ല.


നാട് എന്നാല്‍ രാജ്യം എന്ന് തോന്നണമെങ്കില്‍, ഭരണാധികാരികള്‍ ശ്രദ്ധിക്കണം, തോന്നിപ്പിക്കണം. 


ഭരണാധികാരിക്ക് എല്ലാവരേയും ഒരുപോലെ കാണാനും സ്നേഹിക്കാനും കഴിയാത്ത രാജ്യത്തെ, പിന്നെ നാട്ടുകാര്‍ക്ക് എങ്ങിനെ സാധിക്കും?


ഭരണത്തിലൂടെയും ഭരണാധികാരിയിലൂടെയുമാണ് പല നാട്ടുകാരായ, ഭാഷക്കാരായ രാജ്യനിവാസികള്‍ രാജ്യത്തെ ഒന്നായി അനുഭവിക്കുന്നത്.


അറിയാമല്ലോ, ജനങ്ങൾക്ക് വലുത് ജീവിതമാണ്.


ജീവിതം സാധിക്കുന്ന ഇടം കൂടിയാവണം നാട്.


നാടിന്റെ സമ്പത്തിനെ നാട്ടുകാരുടെ ജീവിതത്തിന്‌ വേണ്ടി ആക്കുന്നവനാവണം ഭരണാധികാരി.


അല്ലാതെ നാട്ടുകാരെ പേടിപ്പിക്കുന്നവനും പിഴിയുന്നവനും ആകരുത് ഭരണാധികാരി.


രാജ്യത്തിനു വേണ്ടി ജനങ്ങൾ. 


ശരിയാണ്‌.


പക്ഷേ രാജ്യം ജനങ്ങൾക്ക് വേണ്ടിയും കൂടിയാവണം.


അല്ലാതെ, കുറെ ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ശിങ്കിടികള്‍ക്കും മാത്രം ജീവിക്കാനുള്ളതാവരുത് നാട്, രാജ്യം.


ഉദ്യോഗസ്ഥര്‍ക്കും ഭരണാധികാരികള്‍ക്കും വേണ്ട ഇരകളും ബലിയാടുകളും ആവാന്‍ വേണ്ടി മാത്രം ജനങ്ങൾ എന്ന് വരരുത്. 


******


ഭരണാധികാരിയായത് കൊണ്ട്‌ മാത്രം ഒരാൾ രാജ്യസ്നേഹി ആയിക്കൊള്ളണമെന്നില്ല. 


ഭരണത്തെയും അധികാരത്തെയും അതിലെ സുഖത്തെയും സ്നേഹിക്കുന്നത് കൊണ്ടും ഒരാൾക്ക് ഭരണാധികാരിയാവാം.


കൊന്നും കൊടുത്തും അധികാരരാഷ്ട്രീയം തന്ത്രപരമായി കളിക്കാന്‍ അറിയുന്നത് കൊണ്ടും ഒരാൾക്ക് ഭരണാധികാരിയാവാം.


ഭരണാധികാരിയാവാന്‍ രാജ്യസ്നേഹം നിര്‍ബന്ധമല്ല. രാജ്യദ്രോഹം കൊണ്ടും പറ്റും. വെറും വെറുതെ വികാരവും വെറുപ്പും കുഴപ്പവും ഇളക്കി വിടുന്ന വെറും രാജ്യദ്രോഹം കൊണ്ട്‌ അധികാരം നേടാം. 


*****


ജനം ജനാധിപത്യത്തിന്റെ തല.


ഭരണാധികാരികള്‍ ജനങ്ങളുടെ കൈകാലുകള്‍ മാത്രം.


ഇത് ഭരണാധികാരികള്‍ അറിയണം. 


തല പറയും പോലെ മാത്രം കൈകാലുകൾ പണിയെടുക്കണം.


അല്ലാതെ കൈകാലുകള്‍ തലയെ ചോദ്യം ചെയ്യരുത്. 


കൈകാലുകൾ വേണ്ടവിധം പണിയെടുക്കുന്നില്ലെന്ന സംശയങ്ങള്‍ തലക്കുണ്ടാവും.


അത്തരം സംശയങ്ങള്‍ കൊണ്ട്‌ മാത്രം ജനങ്ങൾ എന്ന തല വല്ല വിധേനയും വേദനിക്കും.


അങ്ങനെ വേദനിച്ചാല്‍ തലയുടെ മേല്‍ രാജ്യദ്രോഹം ആരോപിച്ച്  തല മുറിക്കുകയല്ല, പരിഹാരമായി കൈകാലുകള്‍ മാത്രമായ അധികാരികള്‍ ചെയ്യേണ്ടത്.


പകരം തലക്ക് ബോധ്യപ്പെടുന്ന ഉത്തരം നല്‍കുകയാണ് വേണ്ടത്.


കൈകാലുകളുടെ നല്ല പ്രവൃത്തി കൊണ്ടുള്ള പരിഹാരമായ ഉത്തരം. വേദന മാറ്റുന്ന ഉത്തരം. 


*****


രാജ്യം തനിക്കും കൂടിയുള്ളതാണ്, തന്നെ കൂടി പരിരക്ഷിക്കുന്നതാണ് എന്ന്  ഓരോരുവനും ബോധ്യപ്പെട്ടാല്‍, ജനത അറിയാതെയും രാജ്യത്തെ സ്നേഹിക്കും.


ആരും ആവശ്യപ്പെടാതെ തന്നെ.


രാജ്യസ്നേഹം വലിയ അവകാശവാദം ആക്കാനില്ലാതെ. 


നിലക്ക് ഭരണാധികാരികള്‍ ജനങ്ങളോട് സത്യസന്ധതയും നീതിയും ആത്മാര്‍ത്ഥതയും പുലര്‍ത്തിയാല്‍, ജനങ്ങൾ തിരിച്ചു ഒരു സംശയവും ഇല്ലാതെ കാണിച്ചുപോകുന്നതാണ് രാജ്യസ്നേഹം.


ഭരണാധികാരികള്‍ക്കും വേണം രാജ്യസ്നേഹം.


ഭരണാധികാരികളുടെ രാജ്യസ്നേഹം ജനങ്ങൾക്ക് ബോധ്യപ്പെടണം..


ഭരണാധികാരിയുടെ സ്നേഹം മനസ്സിലാവുക : അയാളുടെ സത്യസന്ധതയും ആത്മാര്‍ത്ഥതയും നിഴലിടുന്ന ജനങ്ങൾക്ക് വേണ്ടിയുള്ള ലളിതജീവിതം കാണുമ്പോള്‍ മാത്രം. 


********


ഭരണാധികാരികളുടെ പിടിപ്പുകേടും കൊള്ളരുതായ്മയും കാരണം നാട് നശിക്കുമ്പോഴും ദുരിതം പേറുമ്പോഴും, അത് ചൂണ്ടിക്കാട്ടിയാല്‍ രാജ്യദ്രോഹമാണെന്ന് വരരുത്, പറയരുത്.


ജനാധിപത്യത്തില്‍ ഭരണാധികാരിയെ ചോദ്യം ചെയ്യാൻ ജനങ്ങൾക്ക് അവകാശമുണ്ട്, അധികാരമുണ്ട്.


ജനങ്ങളുടെ അടിമയാണ് ജനാധിപത്യത്തില്‍ ഭരണാധികാരി. ജനങ്ങളുടെ ഉടമയല്ല ആരും.


ജനങ്ങളുടെ യോഗ്യതയും സത്യസന്ധതയും ഭരണാധികാരിയല്ല, പകരം, ഭരണാധികാരിയുടെ യോഗ്യതയും സത്യസന്ധതയും ജനങ്ങളാണ്‌ ജനാധിപത്യത്തില്‍ നിശ്ചയിക്കുക, ചോദ്യം ചെയ്യുക. 


ആത്യന്തികമായി ജനങ്ങളാണ്‌ ജനാധിപത്യത്തില്‍ അധികാരി.


ജനങ്ങൾ ചോദ്യം ചെയ്യാത്ത ഭരണവ്യവസ്ഥ ജനാധിപത്യമല്ല.


ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി ഇല്ലെങ്കില്‍, അങ്ങനെ ചോദ്യംചെയ്യുന്ന ജനങ്ങളെ രാജ്യദ്രോഹികള്‍ ആക്കുകയല്ല ഭരണാധികാരി കാണേണ്ട ഏക പരിഹാരം.


തലവേദന വന്നാല്‍ തല മുറിക്കുകയല്ല ജനാധിപത്യത്തില്‍ ഭരണാധികാരി കാണേണ്ട പരിഹാരം. 


തലക്ക് ബോധ്യപ്പെടും വിധം ഉത്തരം നല്‍കുകയാണ് ഭരണാധികാരി കണ്ടെത്തേണ്ട പരിഹാരം. 


ജനങ്ങളില്‍ ആരെങ്കിലും ഭരണാധികാരിയുടെ തെറ്റ് ചൂണ്ടിക്കാട്ടാതിരിക്കുന്നതാണ് ജനാധിപത്യത്തില്‍ യാഥാര്‍ത്ഥ രാജ്യദ്രോഹം.


ഭരണാധികാരിയുടെ തെറ്റ് ചൂണ്ടിക്കാട്ടുന്നത് മാത്രമാണ് യാഥാര്‍ത്ഥ രാജ്യസ്നേഹം.


തെറ്റ് ചെയ്യുന്ന ഭരണാധികാരിയെ സുഖിപ്പിക്കുന്നത് കാപട്യമാണ്. അതാണ് രാജ്യദ്രോഹം. 


ഏറെക്കുറെ അങ്ങനെ ആരെങ്കിലും ഭരണാധികാരിയുടെ തെറ്റ് ചൂണ്ടിക്കാട്ടാതിരിക്കുന്നത് അധികാരത്തിന്റെ അപ്പക്കഷണം തിന്നാന്‍ വേണ്ടി മാത്രമാവും.


******


അറിയണം.


ഭരണാധികാരികള്‍ വെറും മനുഷ്യര്‍ മാത്രം.


അവര്‍ക്ക് തെറ്റ് പറ്റും. അത് തിരുത്താനാണ് ജനങ്ങൾ. 


അവർ ഒളിപ്പിച്ചു വെക്കുന്ന അവരുടെയും അവരുടെ പാർട്ടിയുടെയും നിക്ഷിപ്ത സ്വാര്‍ത്ഥ അധികാര താല്‍പര്യം കാരണവും അവർക്ക് തെറ്റ് പറ്റും. 


ജനങ്ങൾക്ക് സ്വന്തം നാട്ടിലെ ഭരണാധികാരികളുടെ തെറ്റ്കുറ്റങ്ങള്‍ മാത്രമേ ചൂണ്ടിക്കാണിക്കാന്‍ പറ്റൂ.


ഇവിടത്തെ ജനങ്ങൾ വിദേശരാജ്യങ്ങളുടെ കുറ്റം ഒരേറെ ഇവിടെ നിന്ന് ചൂണ്ടിക്കാട്ടിയിട്ട് ഒരു കാര്യവും പ്രയോജനവും ഇല്ല.


ഏറിയാല്‍ അങ്ങനെ കുറ്റം പറയുന്നത് വെറും സ്വയംഭോഗം ചെയ്യുന്ന ഏര്‍പ്പാട് മാത്രമാവും.


വെറും ആത്മരതിയുടെ രീതി.


ഒരുപക്ഷേ അത് കൃത്രിമ ദേശീയവികാരത്തിന് മാത്രം ഉപയോഗപ്പെടും.


പക്ഷേ, ദേശീയ വികാരത്തിന്റെ വഴിയിലും ഭരണാധികാരികള്‍ എളുപ്പത്തില്‍ തന്റെ കുറ്റവും മറച്ച്, സ്വന്തംകാര്യം സിന്ദാബാദാക്കി രക്ഷപ്പെടരുത്. 


*****


എല്ലാറ്റിനും എവിടെയോ എപ്പോഴോ ഉള്ള ആളുകളെ കുറ്റം പറയുന്നതാവരുത് ഭരണാധികാരികള്‍ അനുവര്‍ത്തിക്കുന്ന രീതി, പരിഹാരം. 


അവർ ചെയ്യുന്നത് അവർ ചെയതു.

അന്ന് നടക്കാവുന്ന ശരി അന്ന് നടത്തി, നടന്നു.


ഇന്ന്‌ ചെയ്യാവുന്ന ശരി നടത്തണം, ചെയ്യാണം ഇന്നത്തെ ഭരണാധികാരി.


അത് സാധിക്കാതെ, സ്വന്തം പരാജയത്തെ മുന്‍പുള്ള ആരെയോ കുറ്റം പറഞ്ഞും, വെറും വീരവാദം പറഞ്ഞും, പൊള്ളയായ അവകാശവാദങ്ങള്‍ പറഞ്ഞും മറച്ചു പിടിച്ചാല്‍ മാത്രം പോര ഒരു ഭരണാധികാരികള്‍. അങ്ങനെ ചെയ്യുന്നത് മാത്രമായിക്കൂട ഭരണം. 


ഇതിങ്ങനെ പറയുന്നത് ഒരു പ്രത്യേക പാർട്ടിക്കാരനും ഒരു മതവിശ്വാസിയും ആയല്ല. 


എല്ലാം ഉള്‍ക്കൊള്ളുന്ന, വൈവിധ്യങ്ങളെ സൗന്ദര്യമാക്കുന്ന ദര്‍ശനത്തില്‍ വിശ്വസിച്ചു കൊണ്ട്‌ മാത്രമാണ്. 


പക്ഷേ, അത് പറഞ്ഞും രാജ്യദ്രോഹം ചെയ്യാനും നിക്ഷിപ്ത താല്‍പര്യം സംരക്ഷിക്കാനും ഉദ്ദേശിക്കുന്നില്ല.


രാജ്യദ്രോഹം മാത്രം ചെയത് രാജ്യസ്നേഹം പറയാൻ ഉദ്ദേശിക്കുന്നില്ല. 


അതുകൊണ്ട്‌ സ്വയം തന്നെയും നാം സ്വയം പരിശോധിക്കണം.


അധികാരത്തിന്റെ അപ്പക്കഷണം ഭരണാധികാരിയെ അന്ധമായി പിന്തുണക്കുന്നവര്‍ ഏതെങ്കിലും വിധം തിന്നുന്നുണ്ടോ എന്ന്. 


അങ്ങനെ തിന്നുകൊണ്ട്‌ പറയുമ്പോള്‍ അതിൽ ഒരു ശരികേട് ഉണ്ടോ എന്ന്. 


*******


മുന്‍ ഭരണാധികാരികള്‍ക്ക് കുറ്റം സംഭവിച്ചിട്ടുണ്ടാവാം.


പക്ഷേ, ഇപ്പോഴത്തെ ഭരണാധികാരികള്‍ അത് തന്റെ പാളിച്ചകള്‍ക്ക് ന്യായമാക്കരുത്. 


നമുക്കറിയാം ഏതൊരു ഭരണാധികാരിയും വെറും മനുഷ്യന്‍ മാത്രം. 


പുറത്ത് പറയാൻ കഴിയാത്ത, ജനങ്ങൾക്ക് മനസ്സിലാവാത്ത പരിമിതികള്‍ കാരണം ഭരണാധികാരികള്‍ക്ക് തെറ്റ് പറ്റുന്നുണ്ടാവാം, പറ്റിയിട്ടുണ്ടാവാം.


പക്ഷേ അതുപോലുള്ള, ഒരുപക്ഷേ അതിനേക്കാള്‍ വലിയ കുറ്റങ്ങള്‍ ഇന്നും സംഭവിക്കുന്നുണ്ട്.


അത്‌ കൂട്ടമായ തെറ്റാണ്‌. കൂട്ടുത്തരവാദിത്തമുള്ള തെറ്റ്. 


സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം പോലെ.


നിലക്ക്, മുന്‍പുള്ളവർ മാത്രമല്ല, നിലവിലുള്ളവരും ഭാവിയില്‍ കുറ്റപ്പെടുത്തപ്പെടും.


കാലത്തിന് അന്ധത ബാധിക്കുന്നില്ലെങ്കില്‍.


എല്ലാവരും അവരവരുടെ കോണില്‍ നിന്ന് മാത്രം നോക്കിയാല്‍ ബാക്കിയുള്ളവർ മുഴുവന്‍ കുറ്റക്കാരാണെന്ന് തോന്നും.


പക്ഷേ, അത് ശരിയല്ല.


******


ആത്യന്തികമായ ഒരു ശരി ആപേക്ഷിക ലോകത്ത് ഇല്ല.


ഏകപക്ഷീയമായ ശരിയും ഇല്ല. 


എന്നിരിക്കെ കണ്ണടച്ച് വിമര്‍ശിച്ചത് കൊണ്ടും അനുകൂലിച്ചത് കൊണ്ടും കാര്യമില്ല.


ഇപ്പോഴുള്ള ഭരണാധികാരിയെ ആണെങ്കിലും മുന്‍പുള്ളവരെ ആയാലും.


എന്തെങ്കിലും തിരുത്താനും തിരുത്തി ചെയ്യാനും സാധിക്കുക ഇപ്പോഴുള്ള ഭരണാധികാരിക്ക് മാത്രം.


അതിനാല്‍ തന്നെ രാജ്യസ്നേഹം ഉള്ളവർ യഥാര്‍ത്ഥത്തില്‍ വിമര്‍ശിക്കേണ്ടതും തിരുത്തേണ്ടതും നിലവിലുള്ള ഭരണാധികാരിയെ മാത്രം.


*******


ഒരു കാലത്തെ ശരി മറ്റൊരു കാലത്ത് തെറ്റാവുക നിര്‍ബന്ധം.


എന്നല്ല, ഒരു കാലത്തെ ശരിയും നിയമവും എല്ലാ കാലത്തും ശരിയാവണം, നിയമമാവണം എന്ന് നിര്‍ബന്ധം പിടിക്കരുത്.


അങ്ങനെ നിര്‍ബന്ധം പിടിക്കുന്ന അബദ്ധം ചെയ്യുമ്പോഴാണ് മതമൗലികവാദികളും തീവ്രവാദികളും, ഒപ്പം അവരുടെ ഒരു രക്ഷയുമില്ലാത്ത അസഹിഷ്ണുതയും ഉണ്ടാവുന്നത്.


ഭരണാധികാരികള്‍ അതുപോലെ ആവരുത്. 


കാരണം, കാലം എല്ലാവർക്കും ഒരുപോലെ ബാധകം.


അഞ്ചും പത്തും കൊല്ലമല്ല കാലവും രാജ്യവും.


കാലവും രാജ്യവും അത് പോലെ ഞാനും നീയും മാത്രമല്ല. 


ഞാനും നീയും ഇല്ലാതെയാണ് കാലവും രാജ്യവും ബാക്കിയാവുന്നത്.

No comments: