ഭാഗം 8
പെരിങ്ങാടി റെയില്‍വേ പാലം
(ജനിച്ചു വളര്‍ന്ന പ്രദേശം)
(ഉമ്മര്‍ക്കാട് സ്കൂൾ,
ഒറ്റമുലച്ചി,
ബിരിയാണി അബ്ദുള്ളക്ക)
"അറിവിന്റെ
തുടക്കവും ഒടുക്കവും
ശ്മശാനം."
"ശ്മശാനത്തില്‍ നിന്ന്
ശ്മശാനത്തിലേക്ക്
ജീവിതം."
ഉമ്മര്‍ക്കാട് സ്കൂളിനെ
കുറിച്ചാണ്
റെയില്‍വേ പാലത്തിന്റെ
പറച്ചില്‍.
അറിവ് തേടി
കാട്ടിലേക്കുള്ള പോക്ക്
ജീവിതമെന്ന് ധ്വനിപ്പിക്കുന്ന
ഒരു സ്കൂൾ.
ശ്മശാനത്തില്‍ നിന്ന്
ജീവന്റെ പാഠം ഉതിര്‍ക്കുന്ന
മാസ്മരവിദ്യ നടത്തിയ
സ്കൂൾ.
ഒരു ഒറ്റമുലച്ചിയെ
തനിക്ക് കൂട്ടായി
വിദ്യ നേടുന്നവനെ
ജാഗ്രത്താക്കാന്‍
കൊണ്ടുനടന്ന
സ്കൂൾ.
സംഹാരത്തിന്റേതെന്ന്
തോന്നിപ്പിക്കുന്ന
തന്റെ ഒറ്റമുലയില്‍
താണ്ഡവമാടി
എല്ലാം കോര്‍ക്കുന്ന
ഒറ്റമുലച്ചിയെ
'ആ ഒറ്റ മുലക്ക് വേണ്ടി...,
ആ ഒറ്റ മുലയെ തന്നെ...,
ആ ഒറ്റ മുലയില്‍ തന്നെ....
സര്‍വ്വതും ലയിപ്പിച്ച്,
വിലയിക്കാന്‍ നടക്കുന്നു,
ഓടുന്നു, നില്‍ക്കുന്നു,
ഈ ലോകം മുഴുവന്‍.'
എന്ന് പേടിപ്പിച്ചും കളിപ്പിച്ചും
കഥ പറഞ്ഞ,
അങ്ങനെയൊരു ഒറ്റമുലച്ചി
പിന്നാമ്പുറത്തുറങ്ങുന്ന സ്കൂൾ,
ഉമ്മര്‍ക്കാട് സ്കൂൾ.
പള്ളിയെ സാക്ഷിയാക്കി
പള്ളിക്ക് ചുറ്റും
കുട്ടികളുയർത്തുന്ന ആരവം
പ്രാർത്ഥനയാക്കി
പള്ളിക്ക് ചാരെ
ഒരു പള്ളിക്കൂടം.
വെറും വെറുതെ
ഒഴുകുകയാണ്
ജീവിതമെന്ന്
പറയാതെ പറയുന്ന
മയ്യഴിപ്പുഴ
അതിന് മുന്‍പില്‍.
അലക്ഷ്യതയില്‍
ജീവിതം ലക്ഷ്യം കാണാന്‍
പഠിപ്പിക്കുന്ന മയ്യഴിപ്പുഴ.
സ്കൂളിന് പിറകില്‍
എല്ലാ ഒഴുക്കും
അവസാനിച്ച്
ചെന്നെത്തുന്ന ഒരിടം.
നിശ്ചല സ്ഥാനം.
ശ്മശാനം.
മുഴുവൻ ചലനങ്ങളെയും
വിഴുങ്ങി
ഒന്നുമറിയാത്ത പോലെ
ഗർഭം ധരിക്കുന്ന
ചലനങ്ങൾ ഒടുങ്ങുന്ന
നൃത്തശാല.
ശ്മശാനം.
ലോകം അവിടെ
അവസാനിക്കുന്നുവെന്ന്
തോന്നിപ്പിച്ചു
ദുരൂഹതകളുടെ
ശ്മശാന ഭൂമിയെ
പശ്ചാത്തലമാക്കിയ
ഒരുസ്കൂള്‍.
ഉമ്മര്‍ക്കാട് സ്കൂൾ.
കീഴെ വഴികാട്ടാന്‍
ജുമാഅത്ത് പള്ളിക്കുന്ന്
വെളിച്ചമായി നിര്‍ത്തിയ
ഒരു ചെറിയ സ്കൂൾ.
ഒന്നും അവിടെ നിന്നും
പഠിച്ചിട്ടില്ലാത്ത
ഈയുള്ളവന്റെയും
എല്‍പി സ്കൂള്‍.
പരോപകാരിയായ
അബൂബക്കര്‍ മാഷിന്റെ
ഓര്‍മകള്‍ പേറുന്ന സ്കൂൾ.
'ഖത്തറിലേക്ക്
കത്തയച്ചുകൊള്ളൂ,
കത്ത് കത്തിപ്പോവില്ല' എന്ന്
ബോംബെ കലാപവേളയില്‍
തമാശ പറഞ്ഞ,
അത്തരം തമാശകള്‍ കൊണ്ട്
പാഠവും മനസ്സും നിറച്ച
ഖാദര്‍ മാഷിന്റെ
ഓര്‍മകള്‍ പേറുന്ന
സ്കൂൾ.
"ശ്മശാനം നല്‍കുന്ന
ഓര്‍മകള്‍ വെച്ച് വേണം
ജീവിതത്തിന്
പാഠം തുന്നാന്‍."
ശ്മശാനമാകണം വഴികാട്ടി.
സ്വയം ഇരുട്ടിലിരുന്ന്
പുറത്ത് വെളിച്ചം നല്‍കുന്ന
വഴികാട്ടി.
ശ്മശാനം വഴികാട്ടും.
നിര്‍മ്മാണത്തിനും
അപനിര്‍മ്മാണത്തിനും.
ശ്രമത്തിനും
വിശ്രമത്തിനും.
"നീയും ഈ സ്കൂൾ
കടന്ന്പോയതല്ലേ? "
നിന്റെ പഠിപ്പിലും.... ,
പിന്നെ മമ്മിമുക്കിലേക്കും,
അരിയും ഉള്ളിയും
കായും മിച്ചറും
വാങ്ങി തിരിച്ച്
വീട്ടിലേക്കും
നിത്യേനയുള്ള
നിന്റെ നടപ്പിലും........
നീ മമ്മിമുക്കിലേക്കു
പോകുമ്പോള്‍
കാലിക്കൈ.
മമ്മിമുക്കില്‍ നിന്നും
നീ തിരിച്ചു വരുമ്പോള്‍
നിറഞ്ഞ കൈ.
പലപ്പോഴും
കടല കൊറിച്ചും
മിഠായി തിന്നും.
ഇടക്ക്
മിച്ചര്‍ കെട്ടിയ കെട്ട്
പൊളിച്ച് തിന്നും.
അക്കരെയുള്ള
മഞ്ചക്കലിനോട്,
അവിടെയുള്ള
ഉപ്പാന്റെ വീട്ടുകാരുമായി,
അങ്ങ് ദൂരേക്ക്,
പുഴക്കപ്പുറത്തേക്ക്
പ്രതീക്ഷയോടെ നോക്കി,
കഥ പറഞ്ഞും
കുശലം പറഞ്ഞും
നടക്കുക നിനക്ക് ശീലം.
"ജീവിതത്തെ ദഹിപ്പിക്കുന്ന
ഗർഭപാത്രമാണ്
ശ്മശാനം.
"ജീവിതത്തെ ദഹിപ്പിച്ച്
ജീവിതം തന്നെയാക്കുന്നു
ശ്മശാനം.
സ്കൂൾ
നിലകൊള്ളുന്നത്
ആ ശ്മശാനത്തില്‍.
ശ്മശാനം തന്നെയായ
ഗർഭപാത്രത്തില്‍."
"അതേ....,
ജീവിതം തുടങ്ങിയത്,
ജീവിതത്തെ ദഹിപ്പിച്ച്
ഈയുള്ളവനാക്കിയ
മാളത്തില്‍ നിന്ന്,
ശ്മശാനത്തില്‍ നിന്ന്.
ഗർഭപാത്രത്തില്‍ നിന്ന്.
ശ്മശാനം
ഗർഭം പാത്രമാകുമ്പോള്‍
ജീവിതത്തെയത്
നീയാക്കി, പുഴുവാക്കി
ജനിപ്പിക്കുന്നു.
ജീവിതം ഒടുങ്ങുന്നത് ,
ജീവിതത്തെ ദഹിപ്പിച്ച്
പുഴുവാക്കുന്ന
മാളത്തില്‍,
ശ്മശാനത്തില്‍.
കുഴിമാടത്തില്‍.
ശ്മശാനം
ശ്മശാനം തന്നെയാവുമ്പോള്‍
നിന്നെയത് പുഴുവാക്കി,
പിന്നെ വെറും ജീവിതമാക്കി
ഇല്ലാതാക്കുന്നു.
*****
"ശരിയാണ്
അവിടെയൊരു
ഒറ്റമുലച്ചിയുണ്ട്"
ആ ഒറ്റമുലച്ചി ഇപ്പോൾ
എവിടെ പോയെന്ന്
ചോദിക്കരുത്.
"അറിവ് വരുന്ന ഇടത്ത്
വെളിച്ചം വരും.
"വെളിച്ചം വരുന്നിടത്ത് നിന്നും
വിശ്വാസവും സങ്കല്‍പവും
ഓടിപ്പോവും.
"പിന്നെയുമൊരു
മൂലയിലേക്ക്.
"ഒറ്റമുലച്ചിയും
ഇപ്പോൾ അങ്ങനെയേതോ
ഒരു മൂലയിലാണ്."
"ബിരിയാണി അബ്ദുള്ളക്കയെയും കൊണ്ട്."
"ബിരിയാണി അബ്ദുള്ളക്കയോ?
അതാരാണ്?"
"ജീവിതത്തെയും
ജീവിതത്തിന്റെ രുചിഭേദങ്ങളേയും
ദംബിരിയാണിയില്‍ കൊരുത്ത്
ഒളിപ്പിച്ചു നിര്‍ത്തിയ ആൾ.
തോട്ടുമ്മത്തെ അബ്ദുള്ളക്ക.
"ചിലപ്പോഴെങ്കിലും
ഒറ്റമുലച്ചിയെ ഭയന്ന്
രാത്രിയില്‍
ഉമ്മര്‍ക്കാട് സ്കൂളും
കടന്ന് വരാൻ
നീ പേടിച്ചറച്ച് നില്‍ക്കുമ്പോള്‍
ധൈര്യം തന്ന്, കൂട്ട്തന്ന്
നടത്തിക്കൊണ്ടുവന്ന ആൾ.
ബിരിയാണി അബ്ദുള്ളക്ക.
ഒരക്ഷരത്തെറ്റ് പോലെ
കാലത്തിന് കാലമാവാന്‍
കൂട്ടുപോയ ആൾ.
നിന്റെ മറ്റൊരു ചേട്ടനായിരുന്നു
ആയിടക്ക് അദ്ദേഹത്തെ
കാലം തന്നെയായ
നായ കടിച്ചപ്പോൾ
ഒന്നുണര്‍ത്തിയത്.
നിര്‍ബന്ധമായും
ആശുപത്രിയില്‍
പോകണമെന്ന്.
ചികിത്സ നേടണമെന്ന്.
പക്ഷേ മറ്റാരൊക്കെയോ
അത് നിസാരമാക്കി.
ആശുപത്രിയില്‍
പോകേണ്ടെന്നും
അദ്ദേഹത്തെ ഉപദേശിച്ചു.
നിസാരമാക്കിയവരെ
അദ്ദേഹം ഗൗരവത്തിലെടുത്തു.
'നിസാരതയിലാണ് ഗൗരവം'
എന്ന, നിനക്ക് ഞാന്‍ തന്ന
പാഠം കേട്ടിട്ടല്ല.
ജീവിതം എവിടെയും
എളുപ്പമുള്ള അപകടം
തേടുന്നു എന്നതിനാൽ.
ശുദ്ധന്‍.
ശുദ്ധന്‍മാര്‍
മരണത്തിന്
ഏറെ ഇഷ്ടപ്പെട്ട
തോഴന്‍മാര്‍.
നല്ല ഇര.
അദ്ദേഹം
ആശുപത്രിയില്‍ പോയില്ല.
ചികിത്സ നേടിയില്ല.
പകരം പാതിവഴിയില്‍
ചതിക്കുഴിയില്‍
വീണവനെ പോലെ
മാസ്മരിക ബിരിയാണിയും കൊണ്ട്
പേയിളകി മരിച്ചു.
നിന്നെ പേടിപ്പിക്കുന്ന
നിന്റെ ഒറ്റമുലച്ചിക്ക്
കൂരിരുട്ടില്‍ കൂട്ടാവാന്‍.
ഒറ്റമുലച്ചിയോട്
കഥ പറയാൻ.
നന്മയും തിന്മയും
മരണവും ജനനവും
നാശവും നിര്‍മ്മാണവും
പിന്നെ എല്ലാ ദ്വന്ദങ്ങളും
ഒറ്റമുല തന്നെയാവുന്ന
നൃത്തം കാണാന്‍.
ഒറ്റമുലച്ചിയോട്
ഇനിയങ്ങോട്ട്
നിന്നെ പേടിപ്പിക്കരുത്
എന്ന് പറയാൻ.
മമ്മിമുക്ക് വിട്ടാല്‍
ബാണിയാണ്ടിയും
പുത്തന്‍പുരയും കടന്ന്
ബരക്കൂല്‍ വരെ
ഒറ്റമുലച്ചിയെ മാത്രം പേടിച്ച്
കണ്ണും പൂട്ടി,
ധൈര്യം കാണിക്കാൻ
എന്തൊക്കെയോ
ഒച്ചയുമുണ്ടാക്കി,
ശ്വാസം പിടിച്ച്
ഒരൊറ്റയോട്ടം
ഇനി നീ നടത്തേണ്ടി
വരാതിരിക്കാൻ.
ഒരിക്കലും.
No comments:
Post a Comment