Thursday, July 30, 2020

ഗുരോ, അഹിംസയെ കുറിച്ച്? എന്ത്‌ കുന്തം, ഈ അഹിംസ?

ഗുരോ,

അഹിംസയെ കുറിച്ച്? 


എന്ത്‌ കുന്തം,

അഹിംസ?


ഗുരോ, അറിയില്ല. 

ഒന്നിനെയും കൊല്ലാതെ

ജീവിക്കുക.


അത് തന്നെ

അഹിംസ.


അതേക്കുറിച്ച് അങ്ങ്

എന്ത് പറയുന്നു?


എന്ത്‌ പറയാൻ?


ജീവിതത്തിന്റെ

വേദപുസ്തകത്തില്‍

ഹിംസയും

അഹിംസയും

ഒന്ന്.

ജീവിതം. 


അങ്ങിനെയല്ലാതെ

ഒരഹിംസയില്ല, 

ജീവിതത്തില്‍. 


ഒന്ന്‌ നോക്കുക.


കീടങ്ങളെ

കൊല്ലാതെങ്ങിനെ

കൃഷി? 


പിന്നെങ്ങിനെ

കര്‍ഷകന്‍? 


പിന്നെങ്ങിനെ

ജീവിതത്തിന്റെ

കൃഷിയിടം?


മണ്ണിലെ കീടങ്ങളെ

വേര് 

ദഹിപ്പിക്കാതെങ്ങിനെ

കൊമ്പുയരുന്നത്? 


പിന്നെങ്ങിനെ

ഫലവും പൂവും

അനുഭൂതിയാകുന്നത്? 


ഓരോ

ശ്വാസനിശ്വാസവും

ഹിംസ.


ഓരോ

നൃത്തച്ചുവടിനടിയിലും

നടക്കുന്നത്

ഹിംസ. 


ജീവിതം തന്നെ

ഹിംസ നടത്തുന്ന

നൃത്തം.


അതിൽ 

അന്നവും പാനവും

ഹിംസ. 


ഹിംസയിലൂടെയുള്ള

അഹിംസ, 

അതാണ് 

ജീവിതത്തിന്റെ തുടര്‍ച്ച.

നൃത്തം. 


ജീവിതം 

പരസ്പരമുള്ള

ഹിംസ. 


ജീവിതം 

പരസ്പരമുള്ള

ഹിംസ കൊണ്ട്‌. 


മുഴുത്ത്വവുമായി

ഒത്തുപോകുന്ന

ആത്യന്തികമായ 

ജീവിതത്തിന്റെ

സ്വാഭാവിക വഴി

ഹിംസ.


അഹിംസ

നിന്നോട് 

തലച്ചോറ് പറയുന്നത്.


മുഴുത്ത്വവുമായി

ഒത്തുപോകാത്ത

തലച്ചോറിന്റെ വഴി.


വെറും

ആപേക്ഷിക വഴി.

തോന്നലിന്റെ വഴി.


നൃത്തം നഷ്ടപ്പെടുത്തുന്ന

തലച്ചോറിന്റെ ഭാഷ. 


ഓരോ കോശവും

നൃത്തം ചവിട്ടുന്നത്

ഹിംസയില്‍.


ജീവിതം

വെറും അരങ്ങ്.


ഹിംസ

അതിലെ നൃത്തം. 


ഓരോ നിമിഷവും 

അതിജീവിക്കുന്നത് 

ഹിംസയെ

നൃത്തമാക്കി. 


ഓരോ നിമിഷവും

ഭൂതകാലത്തെ കൊന്ന് 

പ്രതിരോധിച്ച്,

നൃത്തം ചെയ്യുന്നു. 


പിന്നെങ്ങിനെ

ഹിംസ കൂടിയല്ലാത്ത 

തനതായ ഒരഹിംസ?


പിന്നെങ്ങിനെ

മരണം കൂടിയല്ലാത്ത 

തനതായ ജീവിതം? 


ഒന്ന്‌ ചോദിക്കട്ടെ.

കൊതുകിനെ

നീ എന്ത് ചെയ്യും? 


കൊല്ലാതിരിക്കുമോ?


നിസാരമായും

കൊല്ലും.


പക്ഷേ,

അതുമൊരു

നൃത്തം.


ജീവിതത്തിന്റെ

ജീവിതത്തിന്‍മേലുള്ള

മരണം

ചുവടാക്കിയുള്ള

നൃത്തം. 


പേനിനെ

നീ എന്ത് ചെയ്യും?


കൊല്ലാതിരിക്കുമോ?


നിസാരമായും

കൊല്ലും.


പക്ഷേ,

അതുമൊരു

നൃത്തം.


ജീവിതത്തിന്റെ

ജീവിതത്തിന്‍മേലുള്ള

ഹിംസയെ 

മുദ്രയാക്കിയുള്ള

നൃത്തം.


നിന്റെ ശരീരത്തെ

ബാധിക്കുന്ന, 

നിന്നെ രോഗിയാക്കുന്ന 

ബാക്ടീരിയയെയും

വൈറസിനെയും

നീ എന്ത് ചെയ്യും?


വെറുതെ വിടുമോ?


നീ നിന്നെ വിടൂ... 


നീയതിനെ

വെറുതെ വിടുമോ

എന്നത്‌ വിടൂ. 


അറിയാമല്ലോ,

അവയെ

നിന്റെ ശരീരം പോലും 

വെറുതെ വിടില്ല.


നീ അറിയാതെ. 

ആവാത് ചെയ്യും

നിന്റെ ശരീരം.

കൊന്ന് കൊലവിളിക്കാന്‍. 


എല്ലാം പോട്ടെ.


വയറിനുള്ളില്‍

നിന്നെ അസ്വസ്ഥനാക്കുന്ന

കൃമിയെ

നീ എന്തു ചെയ്യും?


വെറുതെ വിടുമോ?


അത്‌ നിന്റെ മേല്‍

നൃത്തമാടാതിരിക്കാൻ.....


നീ അതിന്റെ മേല്‍

നൃത്തം ചവിട്ടും. 

മരണം നൃത്തം.


ഹിംസയുടെ വഴി മാത്രം 

ജീവിതത്തിന്റെ വഴി,


ഹിംസയുടെ വഴി മാത്രം 

നിത്യമായ വഴി, 


ഹിംസയുടെ വഴി മാത്രം 

സ്വാഭാവിക വഴി, 


എന്ന് നീ

വിളംബരം ചെയ്ത്, 

പാട്ട് പാടി

നൃത്തം ചെയ്യും.

No comments: