Thursday, July 30, 2020

ഭാഗം 7 പെരിങ്ങാടി റെയില്‍വേ പാലം (ജനിച്ചു വളര്‍ന്ന നാട്)


ഭാഗം 7

പെരിങ്ങാടി റെയില്‍വേ പാലം

(ജനിച്ചു വളര്‍ന്ന നാട്)


"പറയാനാവുന്നത്ര

ആരും പറയുന്നില്ല." 


അങ്ങ് മൂലയ്ക്കുള്ള

കക്കടവിനെ കാണിച്ച്

റെയില്‍വേ പാലം

വേദനയോടെ 

ബോധിപ്പിച്ച ആവലാതി.


"കക്കടവും

ഒരു കടവല്ലാതായി.


"ഉപ്പുരസം നഷ്ടപ്പെട്ട് 

വെറും കല്ലായ

ഉപ്പ് പോലെ

കക്കടവ്

ഒരു കടവല്ലാതായി. 


"പേരും അര്‍ത്ഥവും

നഷ്ടപ്പെട്ടവന്റെ ഗതി. 


"കുഞ്ഞും ഗർഭപാത്രവും

ഒരുമിച്ച് നഷ്ടമായ

അമ്മയുടെ വിധി.


"അമ്മ പോലുമാവാതെ.


ഇനിയൊരിക്കലും

ഓരമ്മയാവാന്‍

സാധിക്കില്ലെന്നറിഞ്ഞ്. "


ഈയുള്ളവന്‍

കക്കടവിനെ കുറിച്ച് 

പറഞ്ഞതൊന്നും

തീരേ പോരെന്ന് 

ധ്വനിപ്പിച്ചു

റെയില്‍വേ പാലം. 


"അല്ലെങ്കിലും

പറയാനാവുന്നത്ര

ആര്‍ക്കും പറയാൻ

സാധിക്കുന്നില്ല." 


റെയില്‍വേ പാലം തന്നെ 

ആത്മഗതം ചെയ്യുന്നു. 


"എന്തു ചെയ്യാം?


"പറയാൻ തുടങ്ങുമ്പോഴേക്കും

നാക്ക് നഷ്ടമാകുന്നു,

ഭാഷ മറന്ന് പോകുന്നു.

അതിര്‍ത്തികള്‍

മാഞ്ഞില്ലാതായിപ്പോകുന്നു. 


"പിന്നെ, 

എരിവും പുളിയും പോലെ 

പറഞ്ഞറിയിക്കണം.


"അതിർത്തികളെ

ഭേദിച്ച്.


"ഭാഷയും നാക്കും

നഷ്ടമാക്കി. 


"ചേഷ്ടകളും

ഭാവങ്ങളും കൊണ്ട്‌.


"ചേഷ്ടകളും

ഭാവങ്ങളും തന്നെ

ഭാഷയും നാക്കുമാക്കി.


"അതിര്‍ത്തികളില്ലാത്ത

ആകാശം തന്നെ

വീടും കൂടുമാക്കി. 


"അതല്ലാതെ

നേരനുഭവങ്ങളെ

എങ്ങിനെ പറയാം?


"ആഴങ്ങളില്‍ വേരറിഞ്ഞ

നോവുകളെയും വേദനകളെയും 

എങ്ങിനെ കാണാം?


"ഉയരങ്ങളില്‍ ശാഖകളറിഞ്ഞ 

ചൂടും നിറശൂന്യതയും

എങ്ങിനെ അറിയിക്കാം?


"അതിനൊക്കെയും

എങ്ങിനെയൊരു ഭാഷ?


"പൂവും പഴവും

ഇലയും മുള്ളും, 

പിന്നെ ആകാശവും 

തന്നെയല്ലാതെ." 


******


"അതേ, ഒറ്റക്ക് മാത്രം

അറിയുന്നത്, പറയുന്നത്‌

സത്യം, ശരി.


"ഏറെക്കുറെ ജീവിതം.


"ഒറ്റക്കെന്ന് പറയാനില്ല.


"ജീവിതം ആകെമൊത്തവും

ഒറ്റയാണ്, ഒറ്റക്കാണ് "


*****


"ആൾകൂട്ടത്തില്‍ സത്യം

നഷ്ടമാകും, ഒറ്റപ്പെടും. 


"ആൾകൂട്ടത്തില്‍

ശരി മരിക്കും.


"അധികാരരാഷ്ട്രീയത്തിന് 

ആള്‍ക്കൂട്ടം ശക്തി.


"അധികാരരാഷ്ട്രീയത്തിന്റെ 

കളവ് മാത്രം

ആള്‍ക്കൂട്ടത്തിന് ശരി 


"നിനക്കുമത്

അനുഭവമല്ലേ?"


റെയില്‍വേ പാലം

തന്നെ ഓര്‍ത്തു പറഞ്ഞു.


ഈയുള്ളവനെയും 

റെയില്‍വേ പാലം

ഓര്‍മ്മിച്ചു പറഞ്ഞു. 


"ഇനി ആരേലും

ഒറ്റക്ക് പറഞ്ഞാലും

ആൾകൂട്ടം

കൈകാര്യം ചെയ്യും.

അപ്പോഴൊ? "


"ആൾകൂട്ടം

മുള്ളുകള്‍ പോലെ.


"അവർ മനസിലാക്കിയത്

വെച്ച് മാത്രമവർ 

നിന്നെ സംരക്ഷിക്കും.


അതല്ലെങ്കിൽ,

വെറും ഭീഷണിയായ്

നിന്നെ ചുറ്റി നിൽക്കും. 


"അതേ,

നിന്നെയുമങ്ങനെ 

ആൾകൂട്ടം

കൈകാര്യം ചെയ്തതല്ലേ? "


റെയില്‍വേ പാലം

ഒന്നും മറക്കുന്നില്ല.


പാലത്തിനടിയില്‍

മയ്യഴിപ്പുഴയുടെ വെള്ളത്തിൽ

വെട്ടിത്തിളങ്ങുന്ന മത്സ്യങ്ങളാണ് 

റെയില്‍വേ പാലത്തിന് ഓര്‍മകള്‍. 


ഓര്‍മകളെ റെയില്‍വേ പാലം

മയ്യഴിപ്പുഴയില്‍ നീന്തിക്കുന്നു.


എന്നിട്ട് അത് തന്നെ

റെയില്‍വേ പാലം

കണ്ടു ചിരിക്കുന്നു.


സ്വന്തം ഓര്‍മകളെ

നോക്കിക്കണ്ടു

ചിരിക്കാനാവുന്ന

ഏക പ്രതിഭാസം

റെയില്‍വേ പാലം.


*****


"വീരപുരുഷൻമാര്‍

കഥകൾ മാത്രം.

കഥകളില്‍ മാത്രം."


റെയില്‍വേ പാലം

തുടരുന്നു. 


"കഥകൾ തന്നെ വേണം 

വീരപുരുഷൻമാര്‍

ജനിക്കാനും ജീവിക്കാനും.....


കഥകൾ തന്നെ വേണം

വീരകൃത്യങ്ങള്‍ ചെയ്യാനും

അവ കേള്‍ക്കാനും

പറയാനും....


കഥകൾ തന്നെ വേണം

വീരപുരുഷൻമാരെ ആദരിക്കാനും, 

അവർ ആദരിക്കപ്പെടാനും

ആരാധിക്കപ്പെടാനും. 


"വീരകഥകളും 

അതിലെ അധികാരവും

ഇന്ദ്രജാലവും

അല്‍ഭുതവുമില്ലെങ്കില്‍ 

ആൾകൂട്ടത്തിനെന്ത് 

വീരപുരുഷൻമാര്‍? 


"നേരിട്ട്‌ വന്ന, വരുന്ന 

വീരപുരുഷന്മാരെ

കൂട്ടത്തിന്

മനസിലാവുകയേ ഇല്ല.


"അവർ

ദൂരെ നില്‍ക്കേണ്ട

വെറും വൃത്തികെട്ട

പുരുഷൻമാരായി 

മാത്രമല്ലാതെ.

വെറും ഭ്രാന്തന്‍മാര്‍

മാത്രമായി. 


*****


"ജനക്കൂട്ടം കല്ലെറിയും.

കാലം മാറി

കോലം മാറി 

രൂപവും നിറവും മാറി, 

മറ്റെന്തെങ്കിലുമായി

സത്യം മാറിത്തീതീരും വരെ .


മാറിത്തീര്‍ന്നാല്‍ മാത്രം 

ജനക്കൂട്ടം തലയിലേറ്റും.


*****


ആൾകൂട്ടത്തിനത്രയേ ഉള്ളൂ. 


"അറിയും വരെ പേടി.

ഉള്ളത് നിലനിര്‍ത്താന്‍. 


അതാണവരുടെ

പ്രണയം, ജിജ്ഞാസ, വിശ്വാസം. 


മാറിവന്നറിഞ്ഞാല്‍

മടുപ്പ്, മറവി. 


അതാണവരുടെ

ജീവിതം."


റെയില്‍വേ പാലം

ഉറപ്പിച്ച് തെളിച്ചുപറയുന്നു.


*****


"ജീവിക്കുന്നത്

എന്തിനെന്നറിയില്ല." 


"എന്നാലും, 

ആള്‍ക്കൂട്ടത്തിന് 

ജീവിക്കാൻ വാശി.

ജീവിതത്തിന്റെ വാശി.


"ഞാന്‍ റെയില്‍വേ പാലം തന്നെ 

അതേറെ കണ്ടതാണ്. 


മരിക്കാനവര്‍ക്ക് പേടി." 


******


അതിജീവനത്തിന്റെ

ഉടുതുണിയഴിഞ്ഞപ്പോൾ

അതേ അതിജീവന വഴിയില്‍

മറുതുണി തേടി

റെയില്‍വേ പാലം

എത്തിയവര്‍ ഏറെയുണ്ട്. 


അതിലൊരാളുണ്ട്.


മണ്ണ് തേങ്ങയെ

മായാജാലം കാണിച്ച് 

ആകാശത്തേക്കെറിഞ്ഞപ്പോൾ..., 


തേങ്ങയെ

മായാജാലം പോലെ തന്നെ 

അങ്ങാകാശത്ത് കയറി

കീഴെ മണ്ണിലേക്ക്

എറിഞ്ഞയച്ചയാള്‍.


കടൽ വെള്ളത്തില്‍

ഓടിനടന്ന മത്സ്യത്തെ

കരയില്‍ മണ്ണിലൂടെ

സ്വയം ഓടിനടന്ന്

നടത്തിയയാൾ.


അവധൂതനെ പോലെ

ചിരിച്ച് ഓടിനടന്ന 

പൊന്നമ്പായി അവുളക്കയെ

മാതൃകയാക്കി

കിട്ടിയതും കൊണ്ടോടി

മീന്‍ വിറ്റയാള്‍.


ഒരു നാരായണന്‍.


കൊയിലാണ്ടിയില്‍ നിന്നും

അതിജീവനം തേടി 

ഒളവിലം വഴി

റെയില്‍വേ പാലം വന്ന 

നാരായണേട്ടന്‍.


ഷൈജുവിന്റെ അച്ഛൻ.

വത്സലേച്ചിയുടെ ഭർത്താവ്. 


****


ഒടിഞ്ഞ കൊമ്പിലെ 

കുറച്ച് പേരക്കകള്‍ പോലെ

ചിലര്‍. 


ഒന്നും

വല്ലാതെ വലുതാവില്ല, 

മൂക്കില്ല, പഴുക്കില്ല.


"അല്ലയോ പേരമരമേ

അതെന്തേ അതങ്ങനെ?"


റെയില്‍വേ പാലം തന്നെ

ചോദിച്ചു. 


"ഒടിഞ്ഞ കൊമ്പില്‍

പിടഞ്ഞു നിൽക്കുമ്പോള്‍ 

പിന്നെങ്ങിനെ? 

അതിലേറെ എന്തു വേണം?"


"അതെന്തേ കൊമ്പുകള്‍

ഒടിഞ്ഞുപോയത്?" 


"കാലവും സ്ഥലവും

അങ്ങനെയാണ്.


"ചിലപ്പോൾ

ചിലയിടങ്ങളില്‍

ഒടിഞ്ഞിരിക്കും.


"കുത്തും കോമയും പോലെ.

അക്ഷരത്തെറ്റ് പോലെ.

ചോദ്യചിഹ്നം പോലെ. 


"കാലത്തിലും സ്ഥലത്തിലും

ചിലതങ്ങിനെയാണ്. 


"ഒടിഞ്ഞുപോകും."


"അതെങ്ങനെ?" 


"ചിലപ്പോൾ

സ്വന്തം ഭാരം കൊണ്ട്.


"മറ്റ് ചിലപ്പോൾ

ചുറ്റുപാട് നല്‍കിയ

ഭാരം കൊണ്ട്‌.


"പിന്നെയും ചിലപ്പോൾ

കാലത്തിന്റെയും

സ്ഥലത്തിന്റെയും

ആര്‍ക്കും അറിയാത്ത

ഭാരം കൊണ്ട്‌. 


"കാലവും സ്ഥലവും

വേര്‍പിരിയാത്തിടത്ത് മാത്രം

ആരും ഒന്നും 

ഒടിയാനും നിവരാനുമില്ലാതെ." 


******


അങ്ങനെ

ഒടിഞ്ഞ കൊമ്പില്‍

പിന്നെ കാര്യങ്ങൾ

അങ്ങനെയാണ്.


എല്ലാം കിട്ടില്ല.


എന്തെങ്കിലും

കിട്ടിയെങ്കിലായി.


അരിഷ്ടിച്ച്.


ചിലപ്പോൾ

വേണ്ടെന്ന് വെച്ച്.


മറ്റു ചിലപ്പോൾ

വേണ്ടെന്നായി.


പിന്നെയും ചിലപ്പോൾ

കരഞ്ഞും പിഴിഞ്ഞും 

എന്നാലുമൊന്നും കിട്ടാതെ. 


ഇത്‌

ഓരോ നാട്ടിലും 

ഓരോ സമൂഹത്തിലും 

ഒരുപോലെ.


ഇത്‌

ഓരോ നാട്ടിന്റെയും

സമൂഹത്തിന്റെയും 

ചിത്രം, മാതൃക. 


ചിലര്‍ എപ്പോഴും

ഒടിഞ്ഞ കൊമ്പില്‍. 

തൂങ്ങിയിരിക്കും.


നിലനില്‍പ്പ് തന്നെ 

ഒരു പോരാട്ടമാക്കി.


മറ്റുചിലര്‍

ഒടിയാത്ത കൊമ്പില്‍

ഒതുങ്ങിയിരുന്ന്. 


നിലനില്‍പ്പ് തന്നെ 

ഒരാഘോഷമാക്കി.


അങ്ങനെയാണ്

നമ്മുടെ നാരായണേട്ടൻ

വീണത്...


ഒരു ഒടിഞ്ഞ കൊമ്പില്‍ 

നിന്നെന്ന പോലെ. 


ഉയര്‍ച്ച താഴ്ചകളില്ലാത്ത

ലോകത്തേക്ക്.


വെറും ജീവിതമായി

പരിണമിക്കാന്‍


*****


വെറും ഒരു വീഴ്ച.

ജീവിക്കാൻ നടത്തിയ

പോരാട്ടം തന്നെയായ

വീഴ്ച. 


പിന്നീട് ഒരുയര്‍ച്ചയും

താഴ്ചയുമില്ലാത്ത

നിത്യജീവിതത്തിന്റെ

പ്രതലത്തിലേക്ക്.


*******




No comments: