വാരിയന്‍ കുന്നത്ത്, ഖിലാഫത്ത് പ്രസ്ഥാനം, മലബാർ ലഹള.
**********************
" 'വാരിയംകുന്നത്ത്' എന്നത് 'കുന്നത്ത് വാരിയർ' എന്നാക്കിയാലും പിന്നെ തിരിച്ചാക്കിയാലും തീരുന്ന പ്രശ്നമേയുള്ളൂ, രണ്ട് കൂട്ടര്‍ക്കും"
എന്ന എന്റെ നല്ല സുഹൃത്ത് പറഞ്ഞ വിവേകം നിറഞ്ഞ നര്‍മ്മം കടമെടുത്ത് തുടങ്ങട്ടെ.
ശരി തെറ്റും, തെറ്റ് ശരിയും ആവാന്‍ അത്രയേ വേണ്ടൂ. വളരേ ആപേക്ഷികം. എങ്ങിനെ, എവിടെനിന്ന് നോക്കുന്നോ അങ്ങനെ.
ചില പ്രത്യേക വിഭാഗങ്ങൾ തമ്മിലുള്ള പോരടി തുടങ്ങാനും ഒടുങ്ങാനും അത്രയേ വേണ്ടൂ. ഓരോരുത്തരും കാണുന്നത് എങ്ങിനെയോ അങ്ങനെ തുടങ്ങും.
അവരുടെ ഇഷ്ടാനിഷ്ടങ്ങളും ആ വഴിയില്‍, സ്ഥാനം മാറി, മാറ്റി നോക്കിയാല്‍, മാറിമാറി വരും...
രാഷ്ട്രീയ അധികാരികളുടെ ഭരണപരാജയം ശ്രദ്ധയില്‍ നിന്ന് മാറി അകന്ന്പോകാനും, അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നതും ജീവിതം ദുരിതത്തിലാവുന്നതും വരെ വിഷയമാകാതിരിക്കാനും അതേ വേണ്ടൂ.
ഭരിക്കുന്ന പാർട്ടി നമ്മുടെതാണെങ്കിൽ എല്ലാ തെറ്റും ശരി. അതല്ലെങ്കിൽ എല്ലാ ശരിയും തെറ്റ്.
ഒരു മതവിശ്വാസി കരുതും പോലെ മാത്രം തന്നെ രാഷ്ട്രീയ വിശ്വാസിയും.
*****
സമുദായങ്ങള്‍ തമ്മിലടിക്കുന്ന വേളയില്‍ രാഷ്ട്രീയ അധികാരികള്‍ രണ്ട് കൂട്ടരുടെയും ചോര നക്കിക്കുടിക്കും. അധികാരത്തെ ജീവിപ്പിച്ച് ജ്വലിപ്പിച്ചു നിര്‍ത്താനുള്ള ചോര.
ജനങ്ങൾ ദുര്‍ബലരാവുമ്പോള്‍ മാത്രമേ ജനങ്ങളുടെ മേല്‍ കൂടുതല്‍ കൂടുതൽ അധികാരം ചെലുത്തി ചൂഷണം ചെയ്യാൻ സാധിക്കൂ.
ഇവിടെ, ഈ ജനാധിപത്യത്തിന് ഒട്ടും വളരാത്ത ഇന്ത്യയില്‍, അത് ഭംഗിയായി നടക്കുന്നു. വളരെ ഭംഗിയുള്ള വാക്കുകള്‍ ഉപയോഗിച്ച് കൊണ്ട്. ജനങ്ങളില്‍ കുറ്റബോധവും പേടിയും പരസ്പരമുള്ള വെറുപ്പും മാത്രം അവരെ അശക്തരാക്കും വിധം നിറച്ച് കൊണ്ട്
*******
യാഥാര്‍ത്ഥ്ത്തില്‍ ഒരു വിഷയമേ അല്ലാത്ത ഈയൊരു വിഷയത്തില്‍ എന്തെങ്കിലും എഴുതുമ്പോള്‍ ആദ്യമേ, ഒന്നാമതായി പറയട്ടെ.
അന്ധമായി എതിര്‍ക്കുന്നവരും അന്ധമായി അനുകൂലിക്കുന്നവരും ഒരുപോലെ ജനാധിപത്യത്തെ ഹീനമായി കൊലചെയ്യുന്നവർ.
കാഴ്ച നഷ്ടപ്പെട്ടവർ.
രണ്ട് കൂട്ടരും പറയുന്നതിനിടയില്‍ ശ്വാസംമുട്ടി മരിക്കുകയാണ് ശരിയും സത്യവും.
അല്ലെങ്കിലും അധികാരത്തിന്റെ മുള്ളുകള്‍ക്കിടയില്‍ ശ്വാസംമുട്ടി മരിക്കാനുള്ള വിധി മാത്രമേ ഇത്തരം ജനാധിപത്യത്തില്‍ സത്യത്തിനും ശരിക്കും എപ്പോഴും എവിടെയും ഉള്ളൂ, ഉണ്ടായിരുന്നുള്ളൂ.
********
ഈ വിഷയത്തില്‍ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഒരേ തൂവല്‍ പക്ഷികള്‍.
ഉപബോധമനസില്‍ കയറ്റിവെച്ച് മനസിലാക്കിയതല്ലാത്ത ഒരു സത്യത്തെയും, നേരില്‍ കണ്ടുമുട്ടിയാല്‍ പോലും, അവർ കാണില്ല, വിശ്വസിക്കില്ല, അവര്‍ക്ക് വേണ്ട.
ഉപബോധമനസില്‍ അറിഞ്ഞതും പഠിച്ചതും പഠിപ്പിച്ചതും മാത്രം രണ്ട് കൂട്ടരും കാണും, പറയും.
രണ്ട് കൂട്ടരും ഒരുപോലെ സത്യസന്ധമായി കളവ് പറയും.
ഏറിയാല്‍ അര്‍ധശരിയും അര്‍ധതെറ്റും മാത്രം അവര്‍ പറയും.
******
ഇവര്‍ക്കിടയില്‍ ശരിയും സത്യവും പറയാൻ ത്രാസിന്റെ സൂചി പോലെ നാം മദ്ധ്യത്തില്‍ നില്‍ക്കണം.
ഏത് ഭാഗത്ത് കുറവുണ്ടെങ്കിലും കൂടുതലുണ്ടെങ്കിലും അതങ്ങനെ തന്നെ ഒരുപോലെ തുറന്ന് കാണിക്കുന്ന, തുറന്ന് പറയുന്ന ത്രാസിന്റെ സൂചി.
സ്വന്തമായ് അളന്നു കൊണ്ടുപോകാൻ നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഇല്ലാത്ത, സുരക്ഷിതത്വം പ്രശ്നമാകാത്ത ത്രാസിന്റെ സൂചി.
******
ഇവിടെ പറയപ്പെടുന്ന, പൊതുവെ നാം കേള്‍ക്കാനിടവരുന്ന എല്ലാ കഥകളും വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും സംഭവാനന്തരം മാത്രം രൂപപ്പെട്ട, പര്‍വ്വതീകരിക്കപ്പെട്ട, രൂപമാറ്റം വന്ന, കൃത്രിമമായുണ്ടായ, എഴുതി ഉണ്ടാക്കിയ ചരിത്രവും കഥയും മാത്രം.
സ്വാഭാവികമായ സംഭവത്തോടൊപ്പം, ചരിത്ര പുരുഷന്‍മാരോടൊപ്പം, ഉണ്ടായിരുന്നില്ല അവയൊന്നും.
സംഭവാനന്തരം പറയപ്പെടുന്ന സിദ്ധാന്തം, കഥ, ചരിത്രം, വ്യാഖ്യാനം അവയെല്ലാം.
എന്നത് വാരിയന്‍ കുന്നത്ത്ന്റെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും മലബാർ മാപ്പിള ലഹളയുടെയും കാര്യത്തിൽ മാത്രം സംഭവിച്ച, സംഭവിക്കുന്ന ഒരു പ്രത്യേക കാര്യമല്ല.
പകരം, നാം പറഞ്ഞ് കേള്‍ക്കുന്ന, പഠിക്കുന്ന എല്ലാ മഹാപുരുഷന്‍മാരുടെയും കഥകളുടെയും മതങ്ങളുടെയും കാര്യം.
എന്തിനധികം പറയുന്നു? പാഠപുസ്തകങ്ങളായ ചരിത്രത്തിന്റെ വരെ കാര്യത്തില്‍ സംഭവിച്ചിട്ടുണ്ട് : ഈ സംഭവാനന്തരം പറഞ്ഞുണ്ടാക്കുന്ന സിദ്ധാന്തം, കഥ, വിശദീകരണം, വ്യാഖ്യാനം.
മുഹമ്മദിന്റെയും യേശുവിന്റെയും ബുദ്ധന്റെയും കാര്യത്തില്‍ സംഭവിച്ചിട്ടുണ്ട് ഈ സംഭവാനന്തരം പറഞ്ഞുണ്ടാക്കിയ, യാഥാര്‍ത്ഥവുമായി യാഥാര്‍ത്ഥത്തില്‍ ഒരു പുലബന്ധവും ഇല്ലാത്ത സിദ്ധാന്തം, കഥ, ചരിത്രം, വ്യാഖ്യാനം.
സംഭവിച്ചപ്പോൾ ഇല്ലാതിരുന്ന, സംഭവത്തോടൊപ്പം ഇല്ലാതിരുന്ന പല സംഭവങ്ങളും കഥകളും സിദ്ധാന്തങ്ങളും വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും പിന്നീട്, വിജയിച്ചവരുടെ കാര്യത്തില്‍ അവര്‍ക്ക് കീര്‍ത്തി കൂട്ടുംവിധം മാത്രമുണ്ടാവും.
പരാജയപ്പെട്ടവരുടെ കാര്യത്തില്‍ ഇത്തരം എല്ലാ സംഭവങ്ങളും കഥകളും സിദ്ധാന്തങ്ങളും വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും അപകീര്‍ത്തി കൂട്ടുന്നതുമാവും.
നമ്മുടെ മുന്നിലുള്ള എല്ലാ മതങ്ങളും അവയുടെ കഥകളും ചരിത്രങ്ങളും അവയിലെ വീരപുരുഷൻമാരും വൃത്തികെട്ട വില്ലന്‍മാരും വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും എല്ലാം അങ്ങനെ മാത്രം ഉണ്ടായത്.
*******
രണ്ടാമതായി പറയട്ടെ.
ഒളിഞ്ഞും തെളിഞ്ഞും, മറ്റുള്ള വിശ്വാസങ്ങളോടും സമുദായങ്ങളോടും ഒരു കാരണവും ഇല്ലാതെ ഓരോരുത്തരും കാണിക്കുന്ന അന്ധമായ വെറുപ്പും ശത്രുതയും ഉണ്ടല്ലോ.....?
അത് തന്നെയാണ് വാരിയന്‍ കുന്നത്ത് അഹമ്മദ് ഹാജിയോടും മറ്റാരോടും ഒരു കാരണവുമില്ലാതെ അന്ധമായ ഇഷ്ടവും വെറുപ്പും ശത്രുതയും കാണിക്കുന്നവരും കാണിക്കുന്നത്. ഈ രണ്ട് കൂട്ടരും.
രണ്ട് കൂട്ടര്‍ക്കും, പേര് വാരിയന്‍ കുന്നത്ത് അഹമ്മദ് ഹാജി എന്നായത് കൊണ്ട് മാത്രം വ്യത്യസ്തമായ വികാരം ഉണ്ടാവുന്നു.
പേര് മാറിയാല്‍ ഓരോ വിഭാഗത്തിന്റെയും വികാരതലം മാറും. നിലപാട് മാറും.
********
ആ നിലക്ക് അന്ധമായി വെറുക്കുന്നവരും ഇഷ്ടപ്പെടുന്നവരും ഒരേ തളികയിലെ ഒരേ രുചിയുള്ള ഭക്ഷണം. രണ്ട് കൂട്ടര്‍ക്കും അവരവരുടെ ന്യായം, ന്യായീകരണം.
രണ്ട് കൂട്ടരും ഒരേ തീന്‍മേശക്ക് ചുറ്റും മുഖാമുഖം നോക്കി ഇരിക്കുന്നവർ.
തമ്മില്‍ ഒരു വ്യത്യാസവും ഇല്ല. വേണ്ടത് ഒരേ ഭക്ഷണം. തരം കിട്ടിയാല്‍ ഒരേ ഉദ്ദേശത്തിന്. അധികാരം.
രണ്ട് കൂട്ടരും ബോധപൂര്‍വ്വം രണ്ട് വ്യത്യസ്ത ദിശയിലേക്ക് മാറി തിരിഞ്ഞിരിക്കുന്നു എന്ന വ്യത്യാസം മാത്രം. അധികാരത്തിന്റെ മീന്‍ പിടിക്കാന്‍.
രണ്ട് പക്ഷത്തുമുള്ളവരും ഒന്ന്, ഒരുപോലെ. പക്ഷങ്ങൾ തമ്മിലെ വ്യത്യാസം മാത്രം അവര്‍ക്കിടയിലെ വ്യത്യാസം.
കിഴക്കിരുന്നത് കൊണ്ട് അവരില്‍ ഒരു വിഭാഗം ഉദയം മാത്രം കാണുന്നു,
മറ്റ് ചിലര്‍ പടിഞ്ഞാറ് ഇരിക്കുന്നത് കൊണ്ട് അസ്തമയം മാത്രവും.
കാണുന്നത് ഒരേ സൂര്യന്റെ രണ്ട് വ്യത്യസ്ത ഭാവം, അവസ്ഥ എന്ന് രണ്ട് കൂട്ടരും തിരിച്ചറിയാതെ.
വ്യത്യസ്തരെന്നത് നല്‍കിയ അന്ധതയും വെറുപ്പും തീവ്രതയും തന്നെ രണ്ട് കൂട്ടര്‍ക്കും കൈമുതല്‍, ഇന്ധനം.
കാര്യകാരണവും ന്യായവും ഇല്ലാതെ ഉപബോധമനസില്‍ വീണുകിട്ടിയ വിശ്വാസവും വെറുപ്പും കൊണ്ട് അന്ധത ബാധിച്ച് ശത്രുത സൂക്ഷിക്കുക മാത്രം രണ്ട് കൂട്ടര്‍ക്കും പണി. കേട്ടുകേള്‍വിയെ മാത്രം തിരുത്താനാവാത്ത വേദമാക്കിക്കൊണ്ട്.
എന്തിനെന്നില്ലാതെ.
(തുടർന്നേക്കും....)
No comments:
Post a Comment