ഭാഗം 5.
പെരിങ്ങാടി റെയില്‍വേ പാലം.
(ജനിച്ചു വളര്‍ന്ന നാട്)
******
"കരേട്ടി അബൂക്കയെ
ആരും ഓര്‍ക്കുന്നില്ല.
നീയും.......
അതെന്തേ?"
"അങ്ങനെ
ഓര്‍മ്മ വന്നില്ല.
"ജീവിക്കാനുള്ള
പെടാപാടിലാണ്.
"ജീവിതം മാത്രം
വലിയ ഓര്‍മ്മ.
"ജീവിച്ചു പോകാന്‍
മാത്രമുള്ള ഓര്‍മ്മ.
"അതിനപ്പുറം
ഓരോര്‍മ്മയും
തികട്ടുന്നില്ല."
"അല്ലെങ്കിലും
ഓര്‍ക്കാന്‍ മാത്രം
എന്തിരിക്കുന്നു
കരേട്ടി അബൂക്കയില്‍?
വെറുമൊരു
സാധാമനുഷ്യന്‍ "
"ഓഹോ,
അങ്ങനെയാണോ?
"ഞാന്‍ മുന്‍പേ
പറഞ്ഞിരുന്നു.....
"സാധാരണയാണ്
മഹത്തരമായതെന്ന്.....
"സാധാരണയിലാണ്
മഹത്വമെന്ന്...."
"ചെറുതാണ് വലുതെന്ന്....
"ചെറുതിലാണ് വലുതെന്ന്."
"എങ്കിൽ,
കരേട്ടി അബൂക്ക?"
"നീ ശ്രദ്ധിച്ചിരുന്നുവോ?
അയാൾ ഒറ്റയില്‍
ഒറ്റക്ക് നടന്നവന്‍.
ഒന്നും വകവെക്കാനില്ലാതെ.
"പള്ളിയും അമ്പലവും
ശ്രദ്ധിക്കാതെ
അതായി തീര്‍ന്നവന്‍.
'അത് വിടൂ."
'എങ്കിൽ, നീ
പയ്യോളി പാത്തുത്തയെ
ഓര്‍ക്കുന്നുണ്ടോ?'
"ഉണ്ടാകുമല്ലോ?
അതിജീവനത്തിന്റെ
കാർക്കശ്യമുള്ള
ഗുരുവാണ്
പയ്യോളി പാത്തുത്ത"
"നാടും കൂടും ഇല്ലാതെ,
വിലാസവും പേരും
നഷ്ടപ്പെട്ട്,
ശ്രദ്ധിക്കാനും
ശ്രദ്ധിക്കപ്പെടാനും
നില്‍ക്കാതെ,
അവകാശവാദങ്ങളില്ലാതെ,
ആര്‍ക്കെന്നില്ലാതെ
ജീവിച്ചു
ഈ റെയില്‍വേ പാലത്ത്
ഈ പയ്യോളി പാത്തുത്ത."
*****
പയ്യോളി പാത്തുത്തയെയും
കരേട്ടി അബൂക്കയെയും കുറിച്ച്,
എന്നല്ല അങ്ങനെ
ഒട്ടനവധി പേരെ കുറിച്ച്
ചോദിക്കുമ്പോള്‍
പക്ഷേ,
റെയില്‍വേ പാലത്തിന്റെ
സ്വരത്തിന്
വല്ലാത്ത കനം.
നാഡിഞരമ്പുകളില്‍
വേദന പായുന്ന കനം.
കാലവും സ്ഥലവും
കുളിച്ചൊരുങ്ങാൻ
കോരിച്ചൊരിയുന്ന
മഴയിലും പുഴയിലും
നനയാത്ത, കുളിരാത്ത
റെയില്‍വേ പാലം.....,
കാലത്തിനും സ്ഥലത്തിനും
തെളിഞ്ഞ
നേര്‍ക്കാഴ്ച നല്‍കാന്‍,
ചുട്ടുപൊള്ളുന്ന
വെയിലിലും വെളിച്ചത്തിലും
ഉണങ്ങാത്ത, ഉണരാത്ത
റെയില്‍വേ പാലം.....,
സ്വരം മാറ്റി നിറം മാറ്റി
കാലവും ഗതിയും മാറ്റുന്ന
കൊടുങ്കാറ്റില്‍
കുലുങ്ങാത്ത, ഒടുങ്ങാത്ത
റെയില്‍വേ പാലം..,
പക്ഷേ, ഇപ്പോൾ
റെയില്‍വേ പാലത്തിന്റെ
കണ്ണും നനയുന്നു,
തൊണ്ടയും കുലുങ്ങിയിടറുന്നു.
ചുണ്ടുകളും വറ്റിയുണങ്ങുന്നു.
*******
റെയില്‍വേ പാലവും
ഇത്രക്ക്
അസ്വസ്ഥപ്പെട്ടു കണ്ടത്
ആരും ഓര്‍ക്കാത്ത
ഈ ചിലര്‍ക്ക് വേണ്ടി.
ഇതാദ്യം.
ആരോരുമറിയാത്ത
ചിലര്‍ക്ക് വേണ്ടി....,
ആരും ഓര്‍ക്കാത്തവര്‍ക്ക് വേണ്ടി
ഒരു റെയില്‍വേ പാലം..,
വെറുമൊരു
ചോദ്യചിഹ്നം പോലെ ജീവിച്ച,
പക്ഷേ ചോദ്യങ്ങള്‍
ഒന്നുമില്ലാതിരുന്ന
ബരക്കൂല്‍ മൊയ്തീനും.... ,
എല്ലാറ്റിനും
ഒരുത്തരം പോലെ,
മരണത്തില്‍ ജീവിതം കണ്ട്
ശ്മശാനത്തിന്
കാവലിരുന്ന
ജുമുഅത്ത് പള്ളിയില്‍
അലവിക്കയും....,
അവരൊക്കെയും
റെയില്‍വേ പാലത്തിന്റെ
ഹൃദയത്തിലാണ്
ഇപ്പോഴുറങ്ങുന്നത്.
കാലവും കഥയും മറന്ന്
കാലവും കഥയുമായ് തന്നെ
മയ്യഴിപ്പുഴ ഒഴുകുന്നതും കണ്ട്.
******
ഇവരെയൊക്കെയും,
മണ്ണില്‍ മുളക്കാത്തതിനെ
ആകാശത്തില്‍
മുളപ്പിക്കാനെന്ന വണ്ണം
സ്വയം മുഖം താഴ്ത്തി,
മുകളിലേക്കെറിയുന്നു
റെയില്‍വേ പാലം.......
ശ്വാസനിശ്വാസമായ്.......
എങ്കിലത് ഹൃദയത്തില്‍
മുളപ്പിക്കണം.
ആരും ഓര്‍ക്കാത്തവരെ
ഓര്‍ക്കാന്‍.....
ആരും ഇല്ലാത്തവര്‍ക്ക് വേണ്ടി
നിലകൊള്ളാന്‍
ഈയുള്ളവനെയും ഒരുക്കുന്നു
റെയില്‍വേ പാലം.
"ചില ഉറപ്പുകള്‍
ഒറ്റക്കാണ്.
"ക്ഷമിക്കണം,
പല ഉറപ്പുകളും
ഒറ്റക്കാണ്."
റെയില്‍വേ പാലം
സ്വയം തന്നെ
തിരുത്തിയുണര്‍ത്തി.
******
'കരേട്ടി അബൂക്ക.....
നീണ്ടു നിവര്‍ന്ന ശരീരം.....
ഒറ്റക്ക് നടന്നുപോയ
ഒരൊറ്റയാന്‍ ബിന്ദു.....
'ഏറെയും,
അതിലേറെയും
ഒറ്റക്ക് തന്നെ,
പുട്ട് ചുട്ട് വിറ്റും,
ചുറ്റുപാടിന്
വെള്ളയപ്പം ചുട്ട് കൊടുത്തും,
ജീവിതത്തിന് തന്റേതായ
രുചി നല്‍കിയ
പുതിയപുരയില്‍ മറീത്തയുടെ
പ്രിയ കൂട്ടുകാരി,
കരേട്ടി കദിസ്തയുടെ മകന്‍
അബൂക്ക.....
*****
പയ്യോളി പാത്തുത്ത....
എവിടെ നിന്നോ വന്ന്
എവിടേക്കോ
വെറുതെയങ്ങ്
ഒരുദ്ദേശ്യവുമില്ലാതെ
ഒരൊറ്റയാന്‍ തടിയായും
പോകുന്നു ജീവിതമെന്ന്
തോന്നിപ്പിച്ച,
വിളിച്ചറിയിച്ച
മറ്റൊരൊറ്റയാന്‍ ബിന്ദു.....
വെറുമൊരു കരിയില.
സ്വന്തവും ബന്ധവും
ഒന്നുമില്ലാത്ത
ഒരൊറ്റ ബിന്ദു...
*****
ഇങ്ങനെയെത്ര
ആരുമറിയാതെ പോയവര്‍....???
ആരും ഓര്‍ക്കാന്‍
തരമില്ലാതെ പോയവര്‍.
വാലില്ലാതെ പോയവർ.
ഒറ്റബിന്ദുവില്‍
പ്രപഞ്ചത്തെ മുഴുവന്‍
കെട്ടിച്ചുരുക്കി ഒടുങ്ങിയവർ.
********
'പിന്നെങ്ങിനെ ഇവർ
ജീവിച്ചു കടന്നുപോയി?"
"അതെന്തേ ചിലരങ്ങിനെ?''
റെയില്‍വേ പാലത്തിന്റെ
ചോദ്യത്തില്‍
ഈയുള്ളവനും ഞെട്ടി.
'ചിലരല്ല;
എല്ലാവരും
അങ്ങനെ തന്നെ.
മരണത്തെ
മരണമായ് ജീവിക്കും "
"അല്ലെങ്കിലും 'ഓര്‍ക്കപ്പെടുന്നു'
എന്നതൊക്കെ വെറും തോന്നല്‍."
അലവിക്കയും മൊയ്തീനും
ഒരുമിച്ചങ്ങനെ
പറയുന്നത് പോലെ തോന്നി.
"ഏറിയാല്‍
ഒരേയൊരു തലമുറ."
"അതിനപ്പുറം
യാഥാര്‍ത്ഥത്തില്‍ ആരും
ഓര്‍ക്കപ്പെടുന്നില്ല.
കോലവും രൂപവും
മാറിയല്ലാതെ."
"സ്ഥലവും കാലവും
അതായി മാത്രം തന്നെ,
ജീവിതമായി മാത്രം തന്നെ
തുടരുന്നു..........
മരണത്തില്‍ നൃത്തമാടി....."
*****
എന്നാലും, അബൂക്ക...???
പിന്നെ മൊയ്തീനും
അലവിക്കയും
പയ്യോളി പാത്തുത്തയും????
"സമ്പത്ത് കൈയടക്കാത്തവരെ
ആരും കൊണ്ടുനടക്കാത്തതോ
പ്രശ്നം?"
"സന്താനങ്ങൾ
ബാക്കിയില്ലാത്തവര്‍
സ്ഥലകാലങ്ങളില്‍ നിന്ന്
മുക്തരാവുന്നതോ
കാര്യം?"
തിരിച്ച് ഈയുള്ളവന്‍
റെയില്‍വേ പാലത്തോട് ചോദിച്ചു.
"സ്ഥലവും കാലവും
ആരേയും
അവരായോര്‍ക്കുന്നില്ല,
"സ്ഥലവും കാലവും
ആരേയും
അവരായി തന്നെ,
ഒന്നിനെയും
അതായി മാത്രം
സൂക്ഷിക്കുന്നില്ല."
*******
"അത് പോട്ടെ,
നീ യാഥാര്‍ത്ഥത്തില്‍
അവരെ ആരെയെങ്കിലും
ശ്രദ്ധിച്ചിരുന്നുവോ?
"അതേ,
മക്കളില്ലാത്തവർ.
"പക്ഷേ, അബൂക്ക
നിശബ്ദതനായ്
ഉപ്പാലക്കണ്ടിപള്ളിക്ക് മുമ്പിലെ
സീറ്റിന്‍മേൽ പലപ്പോഴും
ഒറ്റക്കിരുന്ന് കണ്ടിട്ടുണ്ട്.
"അപ്പോഴും അദ്ദേഹം
ഒരിക്കലും ആ പള്ളിയില്‍
പ്രാര്‍ത്ഥിക്കാന്‍ കയറിയിരുന്നില്ല."
"അത് നീ ശ്രദ്ധിച്ചിരുന്നുവോ?'
"പയ്യോളി പാത്തുത്ത
ഒരു സ്ത്രീയായ്
എങ്ങിനെ, എവിടെ
ഇത്രക്ക് ധീരമായി
ഒറ്റക്ക് താമസിച്ചു,
ജീവിച്ചു, മരിച്ചു
എന്നിപ്പോഴും ഒരുറപ്പില്ല
"അലവിക്ക പള്ളിയെ
തന്റെ കമ്പിളിയാക്കി.
ശ്മശാനത്തെ തന്റെ
ഉപജീവനം നല്‍കുന്ന
പണിശാലയുമാക്കി.
"മൊയ്തീന്‍...
വൃത്തിയും വൃത്തികേടും
ഒറ്റക്കിരുന്ന് കാലത്തിന്
കുഴച്ചു കൊടുത്തു.
അരക്ഷിത-സുരക്ഷിത
ചിന്ത ഏതെന്നറിയാതെ"
******
പക്ഷേ റെയില്‍വേ പാലം
ഇവരെയൊക്കെയും ശ്രദ്ധിച്ചു.
മതവും മക്കളും സമ്പത്തും
കരുത്തായി കൊണ്ടു നടക്കാതെ
ഒറ്റയാന്‍ തടിയായി
ഏറെയൊന്നും ഉരിയാടാതെ
ജീവിച്ചുപോയ
അബൂക്കയിലും
അലവിക്കയിലും
മൊയ്തീനിലും
പയ്യോളി പാത്തുത്തയിലും
പലതരം ധീരമായ
വിപ്ലവങ്ങൾ
തണുത്തുറഞ്ഞമര്‍ന്ന്
കൂടിയിരുന്നിട്ടുണ്ടാവും."
"അതേ....
ആരേയും അവർ
പേടിച്ചില്ല.
പള്ളിയുടെ മുമ്പില്‍
ജീവിച്ചിരുന്നിട്ടും
പള്ളിയില്‍ കയറാതിരുന്ന
അബൂക്കയിലും........,
പള്ളിയില്‍ തന്നെ ഉറങ്ങി
ജീവിതനൃത്തമാടിയ
അലവിക്കയിലും.....,
പള്ളിയും പള്ളിക്കൂടവും
എന്തെന്നറിയാൻ പോലും
ശ്രമിച്ചിട്ടില്ലാത്ത
മൊയ്തീനിലും
പയ്യോളി പാത്തുത്തയിലും....,
ഒരുറപ്പുണ്ടായിരിക്കണം.
കാലം കരുതിവെച്ച
ജീവിതത്തിന്റെ ഉറപ്പ്.
******
എങ്കിൽ,
അത് വിടൂ...
പയ്യോളി പാത്തുത്തയെ
ഓര്‍ത്തു നോക്കൂ.
പിന്നെ ബരക്കൂല്‍ മൊയ്തീനെ......
"ഓര്‍ക്കുന്നു.
"ഇടത് കൈ കൊണ്ട്
മൂക്കു ചീറ്റാന്‍
ഈയുള്ളവനെ
ശകാരിച്ചു പഠിപ്പിച്ച
ഗുരുവാണ്
പയ്യോളി പാത്തുത്ത.
"നിശബ്ദതയുടെ ശബ്ദം
പശുക്കളുമായ്
പങ്കുവെച്ച് മാത്രം ജീവിച്ച
മാന്ത്രികനാണ്
ബരക്കൂല്‍ മൊയ്തീന്‍."
"എന്നിട്ടും
നീയവരെ വേണ്ടവണ്ണം
അറിഞ്ഞില്ല, അല്ലേ?"
"സമൂഹവും മതവും
പറഞ്ഞതൊന്നും
അവരും കൊണ്ടുനടന്നില്ല.
"ഒറ്റക്ക്
എങ്ങിനെയോ ജീവിച്ചു.
"വിറക് ശേഖരിച്ചും വിറ്റും
ജീവിതത്തിന്റെ സമൃദ്ധി
സ്വയം കണ്ടെത്തി,
പയ്യോളി പാത്തുത്ത.
വെറും വഴിപോക്കനെ പോലെ.
മൊയ്തീനോ,
കാലത്തിന്റെ മറവി പോലെ,
ഒരക്ഷരത്തെറ്റ് പോലെ,
ആരേയും നോക്കാതെ,
ആരോടും ചിരിക്കാതെ,
പുഴയുമായ്
കൈകോര്‍ത്ത് ചിരിച്ചു.
No comments:
Post a Comment