ഇന്ത്യ ചൈനക്കുള്ളില്‍ കയറിയിട്ടില്ല.
ശരി. വിശ്വസിക്കാം.
എങ്കില്‍ പിന്നെന്തിന്, എങ്ങിനെ ചൈന ഇന്ത്യക്കാരെ കൊന്നു, കൊല്ലുന്നു, കൊല്ലേണ്ടി വരുന്നു? അതും കൊടുംക്രൂരമായ രീതിയില്‍.
ചൈന ഇന്ത്യക്കുള്ളില്‍ കയറിയിട്ടില്ല.
ശരി. വിശ്വസിക്കാം.
എങ്കില്‍ പിന്നെന്തിന്, എങ്ങിനെ ഇന്ത്യ ചൈനക്കാരെ കൊന്നു, കൊല്ലുന്നു, കൊല്ലേണ്ടി വരുന്നു? ചുരുങ്ങിയത് എന്തിന് അങ്ങനെ അവകാശവാദം ഉന്നയിക്കുന്നു?
എന്തോ ഒരു പന്തികേട്.
ഒരെത്തും പിടിയും കിട്ടുന്നില്ല.
*****
ഇതെന്ത് കഥ?
ചൈനയുമായുള്ള അതിര്‍ത്തിയില്‍ നമ്മുടെ എത്രയോ അരുമമക്കള്‍ ക്രൂരമായി കൊല്ലപ്പെട്ടു.
പിന്നെയും എത്രയോ പേര്‍ ബന്ദികളും ആക്കപ്പെട്ടു.
ഒന്നിനും ഒരു മറുപടിയും പരിഹാരവും ഇല്ല.
ഭരിക്കുന്നവര്‍ കുറ്റമേറ്റെടുക്കുന്നില്ല.
എല്ലാം ഒളിപ്പിച്ചു കളിച്ച് ഒത്തുതീര്‍പ്പാക്കുന്നു.
എന്ത് സംഭവിച്ചാലും കുറ്റം മറ്റാര്‍ക്കോ. പ്രത്യേകിച്ചും മുമ്പ് ഭരിച്ചവര്‍ക്ക്. അഭിപ്രായം പറഞ്ഞാൽ രാജ്യദ്രോഹം.
അതെന്താ അങ്ങനെ?
എങ്കിൽ ഭരിക്കുന്നതെന്തിന്?
******
ഒന്നും പറയരുത്.
ഒന്നും ചോദിക്കരുത്.
ഭരിക്കുന്നവർ പറയുന്നതാണ് ഇപ്പോൾ നിയമം, നീതി.
ഭരണാധികാരികള്‍ക്ക് ഇതൊന്നും മനസ്സിലാവില്ല.
പണ്ട് കൊണ്ടാലിസാ റൈസ്ന്റെ പ്രശ്നം ഇതായിരുന്നു.
യുദ്ധവും അതുണ്ടാക്കുന്ന കുട്ടികളുടെയും അമ്മമാരുടെയും വേദനയും അവര്‍ക്ക് മനസിലായില്ല.
അവര്‍ക്ക് അധികാരം മുഖ്യം.
അത് നിലനിര്‍ത്താന്‍ വേണ്ട അജണ്ടകളും.
ഒന്ന് മാത്രം.
ആശാരി മോശമായാല്‍ ഉപകരണത്തെ കുറ്റം പറഞ്ഞു കൊണ്ടേയിരിക്കും.
അല്ലെങ്കില്‍, പണി അറിയാത്ത ആശാരി, പണിയുന്ന മരത്തെ കുറ്റം പറഞ്ഞു കൊണ്ടേയിരിക്കും. ഒന്നും തന്റെ കുറ്റമല്ലെന്നും......
2020ല്‍ സംഭവിച്ചാല്‍ 60കൊല്ലം മുമ്പുള്ള 1962ന് കുറ്റം....?
എല്ലാവർക്കും അറിയാം.
കാലവും സാങ്കേതികവിദ്യയും മാറിയെന്ന്.
പക്ഷേ അധികാരം മാത്രം ലക്ഷ്യമുള്ള ഇവരതറിയില്ല, അംഗീകരിക്കില്ല.
ചുരുങ്ങിയത് 62 കൊണ്ട് 2020 നേരിടാനും താരതമ്യം ചെയ്യാനും കഴിയില്ല എന്ന് വരെ.
മാറിയ കാലത്തില്‍ മാറിയ കാലം കൊണ്ട് കാര്യങ്ങൾ ചെയ്യണമെന്ന് വരെ.
മുന്‍പ് ഭരിച്ചവരെ കുറ്റപ്പെടുത്താന്‍ മാത്രമാണെങ്കിൽ, ഇതെല്ലാം ആദ്യമേ അറിയുന്നവർ , സ്വന്തം പരിഹാരമില്ലാത്തവർ എന്തിന് പിന്നെ നാടിനെ ഭരിക്കുന്നു, ഭരിക്കാന്‍ കൊതിക്കുന്നു?
ഈ ചോദ്യം ഭരണാധികാരികളോട് തന്നെ നേരിട്ട് ചോദിക്കണം.
ഈ നാടിന്റെ അരുമമക്കളെ അതിർത്തിയില്‍ കൊലക്ക് കൊടുക്കാന്‍ മാത്രമോ ഭരണമെന്ന്.
നാട്ടിനുള്ളില്‍ വെറുപ്പ് വിതരണം ചെയ്യാൻ മാത്രമോ ഭരണമെന്ന്.
അതല്ലെങ്കിൽ ഭരിക്കുന്നത് ഇന്ത്യക്കുള്ളില്‍ ജനങ്ങളെ വിഭജിക്കാന്‍ മാത്രമോ എന്ന് ഒരു മോക്ഷവും ക്ഷേമവും നല്‍കാന്‍ ഇല്ലാതെ.
അതുമല്ലെങ്കിൽ ഭരിക്കുന്നത്, ഇല്ലാക്കഥയുണ്ടാക്കി വെറും വീരവാദവും അവകാശവാദവും മുഴക്കാന്‍ മാത്രമോ?
ജനങ്ങൾ അത്രയ്ക്ക് വിവരം കെട്ടവരാണ് എന്ന് ഉറപ്പിച്ച് പറയും പോലെ.
ആ ജനത്തിന് അത്രയേ അര്‍ഹതയുള്ളൂ എന്ന മട്ടില്‍.
അറിയാമല്ലോ, ഒന്നും ചെയ്യാൻ കഴിയാത്തവന്റെ ഏക ആശ്വാസം ഇല്ലാക്കഥയും വെറും വീരവാദവും മാത്രം....
*******
ഒന്നാലോചിക്കണം എല്ലാ അയല്‍വാസികളും ഒരു പോലെ നമുക്കെതിരെയാവുമ്പോള്‍ നാം എന്ത് മനസിലാക്കണം?
കുറ്റം നമ്മുടെതാണെന്ന് മനസിലാക്കണം.
അന്തരീക്ഷത്തിനും ചുറ്റുപാടിനുമല്ല എനിക്കാണ് രോഗമെന്ന്.
അതിനാലാണ് എനിക്ക് കുളിരുന്നതെന്ന്. പുതപ്പ് ഞാന്‍ ആണ് ഉപയോഗിക്കേണ്ടതെന്ന്.
നമ്മുടെ വിദേശനയത്തിലെ പിഴവ് തന്നെയാണ് തെറ്റെന്ന് മനസിലാക്കണം
നല്ല വിദേശനയം രൂപപ്പെടുന്നത് വെറുതെ രാജ്യത്തിന്റെ ചിലവില്‍ സവാരി നടത്തിയത് കൊണ്ട് മാത്രമല്ലെന്ന് മനസിലാക്കണം.
വിദേശനയം രൂപപ്പെടാന്‍ എല്ലാറ്റിനെയും എല്ലാവരേയും ചേര്‍ത്തുപിടിക്കുന്ന നല്ല രാജ്യവീക്ഷണവും ലോകവീക്ഷണവും വേണമെന്ന് മനസിലാക്കണം.
നാട്ടിലെ സ്വന്തം മക്കളെ പോലും ഒരുപോലെ കാണാന്‍ കഴിയാത്തവർക്ക് അതിർത്തിയെയും അയല്‍വാസികളെയും മാനിക്കാനും സൂക്ഷിക്കാനും സാധിക്കില്ലെന്ന് മനസിലാക്കണം.
അറിയാമല്ലോ ധര്‍മ്മവും മര്യാദയും തുടങ്ങേണ്ടത് സ്വന്തം വീട്ടില്‍ നിന്ന്, സ്വന്തം നാട്ടില്‍ നിന്ന്.
സ്വന്തം നാടിനെ വിഭജിക്കാതെ.
*****
എന്നിരിക്കെ എന്തിനാണ് ഒന്നും അറിയാത്ത ഒരു മഹാഭൂരിപക്ഷം ജനവിഭാഗത്തോട് 1962ലും 1996ലും ഒക്കെയായി മുന്‍സര്‍ക്കാരുകള്‍ ഉണ്ടാക്കിയ നയങ്ങളുടെയും ധാരണകളുടെയും ഫലമാണ് ഇതൊക്കെ എന്നും കുറ്റപ്പെടുത്തുന്നത്?
ചരിത്രവും ഭൂതവും ഇല്ലാതെ ആരുമില്ല. നാടും ഇല്ല.
വർത്തമാനത്തെ വർത്തമാനം കൊണ്ടു നേരിടാന്‍ കഴിയണം.
ചരിത്രത്തെ മുഴുവന്‍ അംഗീകരിച്ചു കൊണ്ട് നേരിടാന്‍ കഴിയണം.
അതാണ്, അങ്ങനെയാണ് ഭരണം.
അല്ലാതെ കുറ്റം പറഞ്ഞും പഴയതും പക്കടാച്ചിയും പറഞ്ഞും വെറുപ്പ് വിതരണം ചെയ്തും നടക്കലല്ല ഭരണം.
ചരിത്രത്തെ കുറ്റം പറയാൻ വേണ്ടി മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കിൽ, പിന്നെ വർത്തമാനത്തില്‍ ജീവിക്കാൻ പറ്റില്ല.
വർത്തമാനത്തില്‍ ഭരിക്കാനും പറ്റില്ല.
നമ്മൾ ചരിത്രം തിരുത്താന്‍ വന്നവരല്ലേ?
ചരിത്രത്തെ കുറ്റം പറയാൻ വേണ്ടി മാത്രമാണെങ്കിൽ പിന്നെന്തിന് പതിനായിരക്കണക്കിന് കോടികള്‍ ചിലവഴിച്ച് അധികാരം നേടണം?
ചരിത്രത്തെ കുറ്റം പറയാൻ വേണ്ടി മാത്രമാണെങ്കിൽ പിന്നെന്തിന് ഭരിക്കാന്‍ വേണ്ടി വരണം?
വെറുതെ രാജ്യസ്നേഹം പറഞ്ഞ് രാജ്യത്തെ വിറ്റ് ലാഭം ഉണ്ടാക്കാൻ മാത്രമോ ഭരണം?
ഒന്ന് ചോദിക്കട്ടെ.
മുത്തലാക്കും കാശ്മീര്‍ വിഷയവും Article 370 യും രാമജന്മഭൂമിയും ഒക്കെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറയാമെങ്കിൽ....,
എന്തുകൊണ്ട് ഇക്കാലമത്രയും ചൈനയുമായുള്ള അതിർത്തിയും അക്കാര്യത്തില്‍ ചെയ്യേണ്ട തിരുത്തും പ്രകടനപത്രികയില്‍ പറയാൻ കഴിഞ്ഞില്ല.
ചൈന അതിര്‍ത്തിയുടെ കാര്യത്തില്‍ മുന്‍സര്‍ക്കാരുകള്‍ ചെയതുവെച്ചു എന്ന് ഇപ്പോൾ പറയുന്ന കാര്യങ്ങളും അതിൽ ചെയ്യേണ്ട തിരുത്തും എന്തുകൊണ്ട് അതേ പ്രകടനപത്രികയില്‍ പറയാൻ കഴിഞ്ഞില്ല?
അപ്പോൾ സംഗതി ഇത് മാത്രം.
ഉത്തരം മുട്ടിയാല്‍ വെറുതെ കൊഞ്ഞനം കാട്ടുക.
അല്ലെങ്കിൽ ചോദ്യം ചോദിക്കുന്നവരുടെ മേല്‍ രാജ്യദ്രോഹക്കുറ്റം, ആരോപണം.
******
അറിയണം. അതിർത്തിയില്‍ വീരമരണം വരിക്കുന്ന ധീരജവാന്മാരില്‍ ഒരാളും ഒരു ഭരണാധികാരിയുടെയും മക്കളോ കുടുംബാംഗമോ അല്ല.
അവരാരും പ്രധാനമായും ഒരു പ്രത്യേക സംസ്ഥാനക്കാരുമല്ല.
No comments:
Post a Comment