Thursday, July 30, 2020

പൂച്ചേ, നീ ഉറങ്ങുകയാണോ? ചോദ്യം മുളച്ച് ഉത്തരമായി വളരും.

പൂച്ചേ,

നീ ഉറങ്ങുകയാണോ?


, അങ്ങനെയൊന്നുമില്ല.


ഉറക്കത്തിലും ഉണര്‍വിലും

നമ്മൾ ഒരുപോലെ. 


ജാഗ്രത്തില്‍.


ഉറക്കവും നമുക്ക്

ഉണര്‍വ്വ് പോലെ.


ചോദ്യം, ഉത്തരം. 


ഉണര്‍വ്വ് തന്നെയും

നമുക്ക് 

ഉറക്കമല്ലാതെയല്ല.


ഏത് കോണില്‍ നിന്ന്

നോക്കുന്നുവോ

അത് പോലെ. 


അങ്ങനെ എല്ലാം.


******


അത്‌ പോട്ടെ,

എന്താണ്‌ രാവിലെ തന്നെ

നിന്റെ ഒരു വിളി?


ഇല്ല പൂച്ചേ,

ഒന്നുമില്ല.


എന്നാലും നീ

എന്നെ വിളിച്ചല്ലോ?


അതേ വിളിച്ചു.

വിളിച്ചു നോക്കുക തന്നെ

ജീവിതം പൂച്ചേ,


എങ്കിൽ പറയുക. 

എന്താണ്‌ നിന്റെ കാര്യം? 


പൂച്ചേ,

ഒരു ചെറിയ കാര്യം.

ഒരു ചെറിയ സംശയം.


ഓഹോ, എന്നോടോ?

ആയിക്കോട്ടെ,

ചോദിച്ചു കൊള്ളുക. 


അറിയാമല്ലോ,

ചോദ്യം ആരുടേതായാലും

ഒരുണര്‍ത്തലാണ്.


ചോദ്യം,

നിന്നെ ഉണര്‍ത്തിയ, 

അസ്വസ്ഥതയില്‍ നിന്നാണ്‌.


ചോദ്യം

ഉണ്ടാക്കുന്നതും

അസ്വസ്ഥത.


നിന്നിലും ചുറ്റുപാടിലും. 


ചോദ്യം

നീ നിന്നയിടത്തെ

സംശയിക്കലാണ്. 

നിന്നയിടം വിടുന്ന പ്രക്രിയ.


ചോദ്യം 

അരക്ഷിതാവസ്ഥയെ

പ്രണയിക്കലാണ്,


ചോദ്യം, സ്വയം 

അരക്ഷിതാവസ്ഥയെ

ഏറ്റുവാങ്ങലാണ്.


ചോദ്യം

ഇളക്കമാണ്.


ചോദ്യം

അതിനാല്‍ ചലനമാണ്. 


അതാണ്‌,

അങ്ങനെയാണ്

നിന്റെയും ചോദ്യം.


അതിനാല്‍

നീ ചോദിക്കുക.


ചോദിച്ചു തന്നെ

തീര്‍ക്കുക.


അറിയാമല്ലോ,

ഓരോ പ്രണയവും

ചോദ്യമാണ്.


ഓരോ രതിക്രീഡയും

പരസ്പരമുള്ള ചോദ്യമാണ്.


പോരെന്ന് തോന്നി

ഉള്ളിലേക്ക്

തുളഞ്ഞ് കയറുന്നത് 

ചോദ്യം.


ജനിക്കുന്ന ഓരോ കുഞ്ഞും,  

ചോദ്യങ്ങളുടെ തുടർച്ചയാണ്‌.


ചോദിക്കുന്നവന്‍ പോലും

അറിയാതെ വരുന്ന തുടര്‍ച്ച. 


ഉത്തരമെന്ന് തോന്നിപ്പിക്കുന്ന

ചോദ്യങ്ങള്‍. 


നീ ചോദിക്കുക.

അതിനാലും അല്ലേലും

നീ ചോദിക്കുക. 


ജീവിതത്തെ തന്നെ

ജീവിതമാക്കുന്നത്

ചോദ്യങ്ങളാണ്.


താല്പര്യവും വിശപ്പും

ദാഹവും കാമവും

ഒക്കെയും ചോദ്യങ്ങളാണ്.


ചലനമുണ്ടാക്കുന്ന

ചോദ്യങ്ങള്‍.


പറയുക,

എന്താണ്‌ നിന്റെ സംശയം?


എന്താണ്‌ നിന്റെ ചോദ്യം.


പൂച്ചേ,

ഇപ്പോൾ ഞാന്‍

നടന്നുവന്ന വഴിയില്‍, 

നടുറോഡില്‍ 

ഒരു വലിയ പാമ്പ്

ചാത്തുകിടക്കുന്നത് കണ്ടു.


അതേ, നീ

പാമ്പ് ചാത്തുകിടക്കുന്നത് കണ്ടു.


പക്ഷേ, അതുകൊണ്ട്?


ഇന്നലെ പാമ്പ്

ഇതുവഴി പോകുന്നതിന്റെ

ഒരു മണം ഞാനും

അനുഭവിച്ചിരുന്നു.


പക്ഷേ, എന്താണ്‌

നിന്റെ ചോദ്യം? 


അല്ല, പൂച്ചേ,

പാമ്പ്

വെറുതെ ചത്തതല്ല.


പിന്നെ?


മരണം

വെറുതെയല്ലാതെ

പിന്നെ?


ജീവിതം തന്നെ

വെറും വെറുതെയാവുമ്പോള്‍, 

മരണം വേറെന്താവാന്‍? 


അല്ല പൂച്ചേ,

അങ്ങനെയല്ല.


പാമ്പ് ചത്തു.

ശരിയാണ്‌.


പക്ഷേ, ചത്തത്

വെറും വെറുതെയല്ല. 


ഏതോ വാഹനത്തിന്റെ

ചക്രത്തിനടിയിൽ പെട്ടാണ്‌

പാമ്പ് ചത്തത്.


തല ചതഞ്ഞരഞ്ഞാണ്

പാമ്പ് ചത്തത്. 


അതേ, മരണം

അങ്ങനെയും

എങ്ങിനെയുമാവാം.

അതുകൊണ്ട്‌? 


അതുകൊണ്ട്

എന്താണ്‌ നിന്റെ സംശയം?


പൂച്ചേ,

എന്റെ സംശയം ഇതാണ്‌. 


പാമ്പ്

വെറും വെറുതെ

ചത്തതാണോ? 


അതല്ലേല്‍,

അപകടത്തില്‍ മാത്രം

ചത്തതാണോ? 


അതുമല്ലെങ്കിൽ

ആത്മഹത്യ ചെയതതാണോ?


അല്ല സുഹൃത്തേ,

എല്ലാ മരണവും

ഒന്ന് തന്നെയല്ലേ?


വെറും വെറുതെ ചത്താലും

ആത്മഹത്യ ചെയ്താലും

അപകടത്തില്‍ ചത്താലും

മരണം ഒന്ന്. 


ഉണങ്ങി ഞെട്ടറ്റ്‌ വീണാലും

പച്ച തന്നെ ഞെട്ടറ്റ്‌ വീണാലും

കല്ലെറിഞ്ഞ് ഞെട്ടറ്റ്‌ വീണാലും

മരണം ഒന്ന്.


പൂച്ചേ,

മനസിലാവുന്നില്ല.


എല്ലാ മരണവും

രോഗം കാരണം.


എല്ലാ മരണവും

ജീവിതം

മറ്റൊന്നായി തീരാന്‍.


ജീവിതം

മറ്റൊന്നായി തീരുന്ന പ്രക്രിയ

മരണം.


ജീവിതം

മറ്റൊന്നായി വരുന്ന പ്രക്രിയ

ജനനം.


രണ്ടിനും വഴി

രോഗം.


മറുഭാഗത്ത്

ആരോഗ്യമാകുന്ന

രോഗം.


********


പൂച്ചേ,

ആത്മഹത്യയും

സാധാരണ മരണവും

അപകട മരണവും

ഒരുപോലെയോ? 


എല്ലാം ഒരുപോലെ

രോഗം കാരണമോ?


അതെങ്ങനെ പൂച്ചേ?


അതേ,

എല്ലാ മരണവും

ഒരുപോലെ.


രോഗം കാരണം.


ഒരുപോലത്തെയല്ലാത്ത

രോഗം കാരണം.

പലതായി തോന്നുന്ന

ഒരേ കാരണം.


രോഗം.


പൂച്ചേ, അതെങ്ങനെ?


ആത്മഹത്യ ചെയ്യുമ്പോള്‍

രോഗം മനസ്സിനായിരുന്നു.


അറിയാമല്ലോ

മനസ്സ്

ശരീരം തന്നെ.


മനസ്സ്

ശരീരം കൊണ്ട്‌ തന്നെ.


മനസ്സ്

ശരീരത്തിന്റെ പലവിധ

പ്രവൃത്തികളും

ഹോര്‍മോണുകകളും

കൊണ്ട്‌ തന്നെ.


മനസ്സ് 

ശരീരം തന്നെയായ

തലച്ചോറ്‌ കൊണ്ട്‌ തന്നെ.


രണ്ടാമതായി

സാധാരണ മരണം.


അത്‌ 

സംഭവിക്കുമ്പോള്‍

രോഗം ശരീരത്തിനാവുന്നു.

ശരീരം

പഴുത്ത് കൊഴിയുന്നത്. 


മൂന്നാമത്തേത്

അപകടമരണം. 


അപകടത്തില്‍ മരിക്കുമ്പോള്‍

രോഗം ചുറ്റുപാടിനായിരുന്നു. 


അവന്‍ ജീവിച്ച,

അവനെ അവനാക്കിയ,

അവന്റെ ശരീരത്തെ

ശരീരമാക്കിയ

ചുറ്റുപാടിന്.


*******


പൂച്ചേ, അപ്പോൾ

രോഗമെന്നാല്‍?


ജീവിതം തന്നെ.

രോഗവും ആരോഗ്യവും.

ജീവിതത്തിന്റെ

രണ്ടാലൊരവസ്ഥ. 


അതെങ്ങനെ?


ജീവിതം വെച്ച്

നീ ആവേശിക്കുമ്പോള്‍,

ആവേശിക്കുന്ന നിനക്ക് 

ആരോഗ്യം.


ആവേശിക്കപ്പെടുന്നതിന്‌, ആവേശിക്കപ്പെടുന്നവന്

രോഗം.


അധിനിവേശം നടത്തിയവന്

ആരോഗ്യം.


മനുഷ്യനായാലും

വൈറസായാലും.


അധിനിവേശത്തിന്

വിധേയനാവുന്നവന്‍

രോഗി


അതാരായാലും.

നീയായാലും

വൈറസായാലും.


********


പൂച്ചേ, 

സംഗതി പിടുത്തംവിട്ടല്ലോ?


അതേ,

ഓരോ ചോദ്യവും

ഉത്തരവും 

രോഗവും ആരോഗ്യവും 

പിടുത്തം വിട്ട്

വേറൊരു പിടുത്തം

നേടാനുള്ള 

ഓട്ടമാണ്,

നോട്ടവുമാണ്.


ഓരോ നോട്ടവും 

ഒരു ചോദ്യമാണ്.


ഓരോ കാഴ്ചയും 

ഒരു ഉത്തരമാണ്. 


ഓരോ ഉത്തരവും

വിത്താണ്‌.


ഓരോ വിത്തും

അടുത്ത ചോദ്യം

മുളക്കാനും 

വളരാനുമുള്ളതാണ്.  


ഓരോ വിത്തും

അങ്ങനെ

ഒരു ചോദ്യമാണ്. 


ചോദ്യം മുളച്ച്

ഉത്തരമായി വളരും.


അങ്ങനെ

ഉത്തരമായി വളര്‍ന്നാല്‍ 

ഉത്തരവും ഉണ്ടാക്കുന്നത്

അനേകായിരം വിത്തുകളെ,

അനേകായിരം ചോദ്യങ്ങളെ.


ജീവിതത്തെ

വളര്‍ത്തി വലുതാക്കുന്നു

ചോദ്യങ്ങളെ.


ചലനവും പുരോഗതിയും

ഒരേറെ ഉണ്ടാക്കിയ,

ഉണ്ടാക്കുന്ന

സംശയങ്ങളെ

നിഷേധങ്ങളെ.

No comments: