എന്താണ് ബോധോദയം?
ഒന്നുമില്ലെന്നറിയല്‍.
ആ ഒന്നുമില്ലായ്മയില്‍
എല്ലാമുണ്ടെന്നറിയല്‍.
കറുപ്പ്.
*****
എന്താണ് ബോധോദയം?
എല്ലാമുണ്ടെന്നറിയല്‍.
ആ എല്ലാമുണ്ടായ്കയില്‍
ഒന്നുമില്ലെന്നറിയല്‍.
വെളുപ്പ്.
******
പിന്നെയും
എന്താണ് ബോധോദയം?
അങ്ങനെ
ഒന്നുമില്ലെന്നറിയുമ്പോള്‍....,
അതല്ലേല്‍
എല്ലാമുണ്ടെന്നറിയുമ്പോള്‍....,
അറിഞ്ഞതും
വിശ്വസിച്ചതുമെല്ലാം
ഒരുപോലെ
ഇല്ലെന്നറിഞ്ഞ്
തെറ്റാണെന്നറിയല്‍,
തെറ്റാണെന്ന് പറയല്‍.
*******
പിന്നെയും
എന്താണ് ബോധോദയം?
എല്ലാം ഒരുപോലെ
ഇല്ലെന്നറിഞ്ഞ്
തെറ്റാണെന്നറിയുമ്പോള്‍.....,
എല്ലാം ഒരുപോലെ
ശരിയാണെന്ന്
അറിയല്‍, പറയല്‍.
ഒന്നും മനസിലാകാത്ത
സമൂഹത്തിന് വേണ്ടി,
ചുറ്റുപാടിന് വേണ്ടി,
അസ്വസ്ഥപ്പെടുത്താതിരിക്കാന്‍....,
അങ്ങനെ
ശരിയെന്ന്
അറിയല്‍, പറയല്‍.
******
എങ്കിൽ,
ബോധോദയവും
ബോധോദയം നേടിയവനും
ആവുന്നത്?
വെറും മിന്നല്‍.
വെറും മിന്നേറ്.
ബോധോദയം.
വെറും മിന്നല്‍.
വെറും മിന്നേറ്
ബോധോദയം കിട്ടിയവന്‍.
നിങ്ങള്‍ക്ക്
തടുക്കാനാവില്ല.
******
എങ്ങിനെ കാണും
ബോധോദയത്തെ
ബോധോദയം നേടിയവനെ?
നിങ്ങൾ
ബോധോദയത്തെ കാണും.
വളരേ ദൂരെ നിന്ന്.
അല്ലെങ്കില്‍,
നിങ്ങൾ
ബോധോദയം നേടിയവനെ
കാണും.
വളരേ ദൂരം സൂക്ഷിച്ച്,
സുരക്ഷയുടെ ഒരു മറവിൽ.
******
അതെന്തേ അങ്ങിനെ?
ഒരു മിന്നേറും
അടുത്ത് നിന്ന്
കാണാനും
ഉള്‍കൊള്ളാനും
നിങ്ങള്‍ക്ക് കഴിയില്ല.
നിങ്ങള്‍
പരാജയപ്പെടും.
മിന്നേറ്
എത്ര വലിയ
ഊര്‍ജസ്രോതസും
വെളിച്ചവും ആയിരുന്നാലും
നിങ്ങൾ അവഗണിക്കും.
സ്വയം
സുരക്ഷിതരാവാന്‍.
*****
നിങ്ങൾക്ക് മറ്റൊന്നും
ചെയ്യാൻ കഴിയില്ല.
കൊള്ളാനും
ഉള്‍കൊള്ളാനും
പറ്റില്ല.
കാലത്തിനും
സ്ഥലത്തിനും
ദൂരെ നിന്ന്
കവിതയും കഥയും
ചരിത്രവും എഴുതുക
മാത്രമല്ലാതെ.
ഒന്ന്
നേരെ നോക്കാൻ പോലും
നിങ്ങള്‍ക്കാവില്ല.
പേടിച്ച്
കണ്ണടക്കാന്‍ മാത്രമല്ലാതെ.
അങ്ങനെ,
അവഗണിക്കുക മാത്രമല്ലാതെ.
മിന്നേറിനെ
ഒന്ന് ഒതുക്കാനും
പിടിക്കാനും
നിയന്ത്രിക്കാനും
ഉപയോഗപ്പെടുത്താനും
കഴിയാതെ.
******
അപ്പോൾ പിന്നെ?
ഏറിയാല്‍
നിങ്ങള്‍ക്ക് ഭ്രാന്തില്ല
എന്നുറപ്പിച്ച്
സമാധാനിക്കാന്‍.....,
അങ്ങനെ,
സ്വയം ഭ്രാന്തില്ലെന്ന്
വരുത്താന്‍....,
അതിനെയും അയാളെയും
ഭ്രാന്ത്, ഭ്രാന്തന്‍
എന്ന് കരുതും, വിളിക്കും,
നിങ്ങൾ.
******
എങ്കിൽ,
ബോധോദയവും
ബോധോദയം കിട്ടിയവനും
ആയിത്തീരുന്നത്?
വെളിച്ചവും
ഊര്‍ജസ്രോതസുമായങ്ങനെ...,
മിന്നേറായങ്ങനെ.....
ആര്‍ക്കും
ഒരുപയോഗവും നല്‍കാതെ...,
ആര്‍ക്കും
ഒരുപകാരവും ചെയ്യാതെ.... ,
ആരാലും തിരിച്ചറിയപ്പെടാതെ.....,
വഴിയേ പോകുന്ന
വെറും വഴിപോക്കനായ്.....,
ഭൂമിയിലേക്ക് വെറുതെ
അമര്‍ന്നു താഴ്ന്നു പോകും.....
വെറും വെറുതെ....
******
അടിച്ചമര്‍ത്തപ്പെട്ടു പോകുക
അതിന്റെ
സ്വാഭാവികമായ വിധി....
മിന്നേറിന്റെ
സ്വാഭാവിക വിധി...
ബോധോദയത്തിന്റെ വിധി...
ബോധോദയം കിട്ടിയവന്റെ വിധി….
No comments:
Post a Comment