Thursday, July 30, 2020

ഭാഗം 6. പെരിങ്ങാടി റെയില്‍വേ പാലം (ജനിച്ചു വളര്‍ന്ന നാട്)

ഭാഗം 6. 

പെരിങ്ങാടി റെയില്‍വേ പാലം

(ജനിച്ചു വളര്‍ന്ന നാട്)


(മാഹി റെയില്‍വേ സ്റ്റേഷന്‍.

രണ്ടാം ഗൈറ്റ്. കക്കടവ്.) 


******


ജീവിതം തുടിച്ചുതുള്ളുന്നത്

പുറമ്പോക്കിലാണ്.


റെയില്‍വേ പാലം തന്നെയും 

ഒരു പുറമ്പോക്കാണ്.


കാടും കടലും

പുഴയും മലയും

പുറമ്പോക്കാണ്.


സ്ഥലവും കാലവും, 

പിന്നെ ശ്രദ്ധ നേടാത്ത

ജീവിതവും വേറെന്ത്? 


വെറും പുറമ്പോക്ക്.


പെരിങ്ങാടിക്കാര്‍ക്ക്

മഞ്ചക്കല്‍ പോലും 

പുറമ്പോക്ക്.


അറിയാത്തതെന്തും 

പുറമ്പോക്ക്.


"നാം നേടുന്ന ശ്രദ്ധയും

അംഗീകാരവും ബഹുമാനവും

പുറമ്പോക്കിനെ വൃത്തി കെടുത്തും. 

സ്വാതന്ത്ര്യം നഷ്ടമാക്കും. 

കൂടെ ജീവിതവും.......


"ശ്രദ്ധയും അംഗീകാരവും

ജീവിതത്തെ അഭിനയമാക്കും.

പുറമ്പോക്കില്‍

നിര്‍മ്മിതികളുണ്ടാക്കും "


റെയില്‍വേ പാലത്തിനതറിയാം. 


"അത്‌ കൊണ്ടാണ്‌ 

ദൈവം പോലും 

അകത്തിരിക്കുന്നത്. 

അകന്നിരിക്കുന്നത്.

ഒരു നിര്‍മ്മിതിയും

അനുവദിക്കാതെ" 

റെയിവേ പാലം പറയും. 


"അത്‌ കൊണ്ടാണ്‌

ദൈവം

അറിയപ്പെടാതെ,

കാണപ്പെടാതെ

ഒളിഞ്ഞിരിക്കുന്നത്. 

വെറും പുറമ്പോക്കായ്"


പുറമ്പോക്കായതാണ് 

റെയില്‍വേ പാലത്തിന്റെയും 

ഇക്കാണുന്ന, കേള്‍ക്കുന്ന

തെളിച്ചവും വെളിച്ചവും.


"ഒളിഞ്ഞിരിക്കുന്നത്

തിളങ്ങി തെളിഞ്ഞ് വരും. 

വൈരവും രത്നവും പോലെ."


റെയില്‍വേ പാലം

ഇത്‌ പറയുന്നത്‌

ആരേയും

ആശ്വസിപ്പിക്കാനല്ല.

സ്വാനുഭവമായാണ്.

സ്വയമങ്ങിനെയായാണ്. 


"ജീവിതം

തെളിച്ചമുള്ള 

സ്വാതന്ത്ര്യമായിത്തീരാന്‍

പുറമ്പോക്കാവണം."


"കാണപ്പെടാതെയും

അറിയപ്പെടാതെയും തന്നെ 

ജീവിതം, സ്വാതന്ത്ര്യം, സത്യം."


റെയില്‍വേ പാലം

ഇങ്ങനെ എത്രമേല്‍ 

ദാര്‍ശനികമാകുന്നു!!! 


*****


പെരിങ്ങാടിക്കാര്‍ക്ക്

റെയില്‍വേ പാലം

സ്വന്തം ബലഹീനതയായ

കണ്ണാടിയാണ്.


കണ്ണാടിയിലെ തങ്ങളുടെ 

പ്രതിബിംബനമാണ്

റെയില്‍വേ പാലം

നല്‍കുന്ന സാധ്യത. 


തന്നെത്താന്‍

നോക്കിക്കാണുന്ന ഒരിടം 

റെയില്‍വേ പാലം

ഓരോരുത്തനിലും

ഒരുക്കുന്നു. 


റെയില്‍വേ പാലത്ത് വന്ന്

തന്നത്താന്‍ കാണുക

പെരിങ്ങാടിക്കാരുടെ

എന്നത്തേയും ബലഹീനത.


ബലഹീനതയും

കണ്ട് തൊട്ടറിഞ്ഞ് 

കടന്നുപോയി വേണം

പെരിങ്ങാടിക്കാര്‍ക്ക്

മുന്നോട്ട് പോകാൻ.


വൈകുന്നേരങ്ങളില്‍. 


മറ്റുചിലപ്പോൾ

സൂര്യോദയത്തിന് മുന്‍പുള്ള

രാവിലെകളിലും. 


ജീവിതം

കടിച്ചു തുപ്പുന്ന

കഥ പറഞ്ഞ്‌

സൊറ പറഞ്ഞ്‌.


പെരിങ്ങാടിക്കാരുടെ 

സായാഹ്ന - പ്രഭാത

സവാരി. 


'എവിടേക്ക്?' 

എന്ന് മാത്രം ചോദിക്കരുത്. 


മൂന്നായ

ഒരൊറ്റ ലക്ഷ്യം

പെരിങ്ങാടിക്കാരന്.


മാഹി റെയില്‍വേ സ്റ്റേഷന്‍.

രണ്ടാം ഗൈറ്റ്.

കക്കടവ്.

മൂന്നും കൂടി ഒന്ന്. 


********


പെരിങ്ങാടിക്കാരന്റെ

കൈലാസം

മാഹി റെയില്‍വേ സ്റ്റേഷന്‍.


ജീവിതത്തിന്

ജീവിതം മാത്രം

ലക്ഷ്യമാകുന്നത് പോലെ

ഒരു മാഹി റെയില്‍വേ സ്റ്റേഷന്‍.


അപരിചിതരെ മാത്രം 

വരവേല്‍ക്കുന്ന

അപരിചിതന്റെയിടം

മാഹി റെയില്‍വേ സ്റ്റേഷൻ.


അപരിചിതത്ത്വത്തെ

സ്വന്തമാക്കിത്തരുന്നയിടം

മാഹി റെയില്‍വേ സ്റ്റേഷൻ.


പിന്നെ അപരിചിതത്ത്വത്തെ

വസ്ത്രമാക്കി, സ്വാതന്ത്ര്യമാക്കി

ലഹരിയാക്കി മാറ്റുന്നയിടം 

മാഹി റെയില്‍വേ സ്റ്റേഷൻ. 


കാലവും സ്ഥലവും

മാഹി റെയില്‍വേ സ്റ്റേഷൻ

ടീ സ്റ്റാളിലെ

ചുടു ചായയായി മാറും 

പെരിങ്ങാടിക്കാര്‍ക്ക്.


ടീ സ്റ്റാളിലെ കപ്പിലെ

ചായയുടെ കോലം

പെരിങ്ങാടിക്കാരന്റെ

കാലത്തിനപ്പോൾ......... 

 

ടീ സ്റ്റാളിലെ പ്ലേറ്റിലെ

ചൂട്കടിയുടെ രൂപം

പെരിങ്ങാടിക്കാരന്റെ

സ്ഥലത്തിനപ്പോൾ........ 


പൊങ്ങിപ്പറക്കുന്ന ആവി

അവന്റെ വിശ്വാസം. 

പിന്നെ പ്രതീക്ഷയും സ്വപ്നവും...... 


******


നടക്കുന്നത് പലപ്പോഴും

റെയില്‍ പാളത്തിലൂടെ.


പാളത്തിലൂടെ

എന്ന് പറയുമ്പോളറിയണം.


വെറും ഒറ്റപ്പാളത്തിലൂടെ.

കൈകള്‍ വിരുത്തി

സംതുലനം ചെയത്.

വീഴാതെ.


ജീവിതത്തിന്‌ വേണ്ടി

ജീവിതം

പെരിങ്ങാടിക്കാരെ

പരിശീലിപ്പിക്കുന്ന

നടത്തം. 


നടപ്പ് ചിലപ്പോള്‍

വലത്തോട്ടും ഇടത്തോട്ടും

തിരിയാതെയാവും. 

നേരെ. 


അഴിയൂര്‍

ലക്ഷ്യമിടുന്ന വഴിയില്‍.


കോഴിക്കോടും

അതിനപ്പുറവും

പോകാവുന്ന

വഴിയിലേക്ക്

ചെന്നെത്തുന്ന വഴി 


ജീവിതത്തിന്റെ 

രണ്ടാം ഗൈറ്റും

മൂന്നാം ഗൈറ്റും

കടന്ന് പോകുന്ന വഴി. 


അറ്റമില്ലാത്ത വഴിക്ക്

ഒരറ്റമുണ്ടാക്കാൻ

അവന്റെ ലക്ഷ്യം

രണ്ടാം ഗൈറ്റ്. 


അവിടെയൊരിടത്ത്‌

ഒരു ഹോട്ടലിൽ

ഒരു പീടിക മുറിയില്‍,

ബെഞ്ചിലിരുന്ന് 

തങ്ങൾക്ക് വേണ്ടി മാത്രം 

ഒരുക്കി വെച്ച

കനത്തപ്പം പോലൊരു

കഷണം കലത്തപ്പം

കഴിക്കണം.

കലപില ശബ്ദം

കൂട്ടാക്കി.


*********


പിന്നെയുമുണ്ട്

പെരിങ്ങാടിക്കാര്‍ക്ക്

ഒരു പോക്ക്.


വലത്തോട്ട് മാറിയാല്‍

റെയില്‍വേ സ്റ്റേഷനെങ്കിൽ,

ഒന്നിടത്തോട്ട് മാറിയാല്‍

കക്കടവ്.


വെള്ളയപ്പം തന്നെ 

കഥയും കവിതയുമാകുന്ന

നായരുടെ ഓലമേഞ്ഞ 

കുഞ്ഞി ഹോട്ടലുള്ള

കക്കടവ്. 


അവസ്ഥാന്തരങ്ങൾക്കിടയില്‍

തോണി തുഴയുന്ന

ആറാം ഇന്ദ്രിയക്കാരന്‍

തോണിക്കാരനുള്ള

കക്കടവ്.


ഒരുപാട് മാനങ്ങൾക്ക്

ഉടമസ്ഥന്‍ 

തോണിക്കാരനുള്ള

കക്കടവ്.


തന്റെ കരയിലെ

മാനങ്ങളില്‍ കുടുങ്ങിയവനെ, 

തോണി തുഴഞ്ഞ്

മാനങ്ങള്‍ കടത്തി

മറുകരയിലേക്ക്

കൊണ്ടുപോകുന്നു 

തോണിക്കാരന്‍. 


ഇരുകരകളെയും

ഒരു കര പോലുമല്ലാതാക്കുന്നു 

തോണിക്കാരന്‍. 


അയാള്‍ അക്കരെ

ദൈവം ഒളിവിലിരിക്കുന്ന

ഇടത്തേക്ക്

തോണി തുഴയും. 

ഒളവിലത്തേക്ക്. 


കക്കടവത്ത്, 

അവിടെ പുഴയോരത്ത്

അതിനായി ഒരിടമുണ്ട്.


ഒളവിലത്ത്

ഒളിവിലിരിക്കുന്ന

ദൈവത്തെ കാഴ്‌ചയാക്കാന്‍

കണ്ണില്‍ എണ്ണയൊഴിച്ച്

കണ്ണ് തുറന്ന് മാത്രം

മിഴിച്ച് നോക്കിയിരിക്കുന്ന

ഒരു പള്ളി. 


ഒറ്റക്കിരുന്ന്

തന്നെത്താനറിയുന്ന 

പ്രാർത്ഥന കൊണ്ട്‌

ഓരോരുത്തനെയും

മയ്യഴിപ്പുഴയുടെ തന്നെ 

ഒഴുക്കാവാന്‍

പഠിപ്പിക്കുന്ന 

ഒരു ചെറിയ പള്ളി.


ഒളവിലത്ത്

ഒളിച്ച് നില്‍ക്കുന്ന

ദൈവത്തെ

കാഴ്‌ചയാക്കാന്‍ 

ഒളിഞ്ഞു നില്‍ക്കുന്ന 

പള്ളി. 


പ്രഭാതത്തോടെ

ഒളിഞ്ഞതൊക്കെയും

സന്ധ്യ മയങ്ങുമ്പോള്‍

അവിടെ

പള്ളിയിലും

കടവിലും തെളിയും. 


അറിയാത്തതൊക്കെയും

അപ്പോളവിടെ അറിവാകും.


കാണാത്തത് മുഴുവന്‍

അവിടെ കാഴ്ചയാവും. 


മീന്‍ തുള്ളാട്ടം പോലെ

നിറഞ്ഞ് തുളുമ്പും 

ആത്മീയതയുടെ നിറവ്.

ജീവിതത്തിന്റെ നൃത്തം.

No comments: