ആദം: മനുഷ്യന്റെ ആദ്യ വിത്ത്.
മനുഷ്യന്റെ വിത്തായ ആദിമരൂപം ആദം.
ഭാവിയിൽ മനുഷ്യൻ ഏതുനിലക്കും ആവേണ്ടത് നിക്ഷേപിക്കപ്പെട്ട വിത്ത് ആദം.
ഇന്നായ മനുഷ്യൻ വരെയാവേണ്ട, അന്നേ ഉണ്ടായ ആദ്യവിത്ത് ആദം.
വിത്തിൽ നിശ്ചിതമാണ്, നിശ്ചിതമാവണം മനുഷ്യൻ ഭായിയിൽ എപ്പോഴും എവിടെയും എന്തൊക്കെ ആരൊക്കെ ആകുമെന്നത്, ആവണമെന്നത്.
വിത്തിലെ ഗുണമാണ് പടർന്ന് പന്തലിച്ച് ഏത് കാലത്തിലും ഏത് കോലത്തിലും എത്തുമ്പോൾ കാണിക്കുന്ന, കാണിക്കേണ്ട മനുഷ്യന്റെ ഗുണവിശേഷങ്ങൾ.
വിത്തിലെ ഗുണമാണ് ഏത് കാലത്തായാലും മനുഷ്യൻ ഉണ്ടാക്കിയെടുക്കുന്ന, ഉണ്ടായെടുക്കേണ്ട പുരോഗതികളും നേട്ടങ്ങളും വളർച്ചയും.
വിത്തിൽ ഇല്ലാത്തത്, വിത്തിൽ ഒളിഞ്ഞുകിടക്കുന്നതല്ലാത്തത്, വൃക്ഷത്തിലും ഇലയിലും പൂവിലും പഴത്തിലും ഇല്ല, ഉണ്ടാവില്ല, തെളിയില്ല.
ആദം മനുഷ്യന്റെ ആദ്യവിത്താണെങ്കിൽ ആദ്യവിത്തായ ആദം ഉണ്ടായ വേളയിൽ തന്നെ, അഥവാ ആദ്യവിത്തായ ആദം ഉണ്ടാക്കപ്പെട്ട വേളയിൽ തന്നെ, മനുഷ്യൻ എന്തൊക്കെയാവും എന്തൊക്കെയാവണം എന്നത് ആ ആദമെന്ന വിത്തിൽ നിക്ഷേപിച്ച സാധ്യതയായി ഉണ്ടാവും, ഉണ്ടാവണം, വെച്ചിരിക്കും, വെച്ചിരിക്കണം, നിക്ഷിപ്തമാവും, നിക്ഷിപ്തമാക്കിയിരിക്കണം.
അങ്ങനെ വിധി പോലെ, ഡിഎൻഎ പോലെ ഒന്നാണല്ലോ വിത്ത്?
അതാണല്ലോ വിത്തിന്റെ പ്രത്യേകത, സ്വഭാവം.
വൃക്ഷവും അനേകായിരം വൃക്ഷങ്ങളാവാനുള്ള അനേകായിരം വിധികളും വിത്തുകളും വിത്തിൽ ഉള്ളടങ്ങിയിരിക്കുക എന്നതാണ് വിത്ത്.
ഓരോ വിത്തും ഓരോ വിധിയാണ്.
വിത്തെന്ന വിധിയുടെ ഏറ്റവും ചെറിയ സാധ്യതയാണ് വിത്ത്.
വിത്തെന്ന വിധിയുടെ വളർച്ച നേടിയ, വികസിച്ച സാധ്യത വൃക്ഷവും വനവും തോട്ടവും അതിലെ നൂറായിരം വിത്തുകളും ഇലകളും പൂവുകളും പഴങ്ങളും ഒക്കെയാണ്.
വിത്തെന്ന ഒരു പുള്ളിയിൽ ഒരു മഹാപ്രപഞ്ചം തന്നെ വികസിച്ചുണ്ടാവാനുള്ളത് ഉണ്ട്, ഉണ്ടാവും എന്നർത്ഥം.
എങ്കിൽ, ആദമെന്ന മനുഷ്യന്റെ ആദ്യവിത്തിനെ കുറിച്ച് പറയുന്ന ഗ്രന്ഥങ്ങൾ ഏതെങ്കിലും (പ്രധാനമായും ബൈബിളും ഖുർആനും) മനുഷ്യൻ പടർന്നു പന്തലിക്കുമ്പോൾ എന്തൊക്കെയാവും എന്തൊക്കെയാവണം എന്നത് സംബന്ധിച്ച് എന്തെങ്കിലും ഇന്നേക്കും എന്നേക്കും ബാധകമാകും വിധം മുൻകൂട്ടി പറഞ്ഞിരുന്നോ?
ആദമെന്ന ആദ്യ വിത്ത് ഉണ്ടായപ്പോൾ തന്നെ, ആദമെന്ന ആദ്യ വിത്ത് ഉണ്ടാക്കപ്പെട്ടപ്പോൾ തന്നെ, ആ വിത്തിൽ ഇന്നായിത്തീർന്ന മനുഷ്യന് വേണ്ട, ഇനിയും ആയേക്കാവുന്ന മനുഷ്യന് വേണ്ട സംഗതികളെല്ലാം നിക്ഷേപിച്ച് നിക്ഷിപ്തമാക്കിയതായി പറഞ്ഞിട്ടുണ്ടോ, എന്തെങ്കിലും സൂചനകൾ നൽകിയിട്ടുണ്ടോ?
മറ്റേതൊക്കെ ഗ്രന്ഥങ്ങൾ എന്തൊക്കെ അവ്വിധം ആ നിലക്ക് പറഞ്ഞുവെച്ചിട്ടുണ്ട് എന്നറിയില്ല.
പക്ഷേ ഖുർആൻ സംഗ്രമായും വ്യക്തമായും സ്പഷ്ടമായും മനുഷ്യൻ എന്താണ്, ആരാണ്, എന്തിനാണ്, എന്തൊക്കെയാവും ആരൊക്കെയാവും എന്നത് സംബന്ധിച്ച് പറഞ്ഞിട്ടുഉള്ളതായി കാണുന്നു.
ഒരുതരം ഊഹവും അമിതവ്യാഖ്യാനവും ആവശ്യമില്ലാത്ത വിധം വ്യക്തമായും സ്പഷ്ടമായും ഖുർആൻ പറഞ്ഞു ആദം എന്താവും, എന്താവണം, എന്തിനുവേണ്ടിയാണ്, എന്തൊക്കെയും നിയന്ത്രിക്കും വിധേയപ്പെടുത്തും എന്നതൊക്കെ.
പ്രധാനപ്പെട്ട ആറുകാര്യങ്ങളാണ് മനുഷ്യവിത്തായ ആദം എന്താണ്, എന്താവും, എന്തിന് വേണ്ടി ജീവിക്കും, എങ്ങനെ ലോകത്തെ കൈകാര്യം ചെയ്യും എന്നത് സംബന്ധിച്ച് വ്യക്തമായും സ്പഷ്ടമായും ഖുർആൻ പറഞ്ഞത്, സൂചിപ്പിച്ചത്.
ഒന്ന്: മനുഷ്യൻ മണ്ണിൽ നിന്നെന്ന പോലെ വേഗതയിൽ നിന്നുകൂടിയാണ് ( വേഗതാ ബോധത്തിൽ നിന്ന്) സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ഭൂമിയായ മണ്ണിൽ ജീവിക്കുന്ന, മണ്ണിലേക്ക് മടങ്ങുന്ന ജീവികളിൽ എല്ലാ വിഭാഗവും കാലാകാലങ്ങളിലായി ഒരേ വേഗതയിൽ ജീവിക്കുമ്പോൾ മനുഷ്യൻ മാത്രം വേഗത കൂട്ടിയവനായി.
എന്നുമാത്രമല്ല, മനുഷ്യന്റെ കണ്ടുപിടുത്തങ്ങളുടെയും പുരോഗതിയുടെയും വളർച്ചയുടെയും ആകത്തുക തന്നെ വേഗതയും വേഗതക്ക് വേണ്ടിയുള്ളതും എന്നായി.
രണ്ട്: മനുഷ്യൻ ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധി (ഖലീഫ).
“നാം മാലാഖകളോട് പറഞ്ഞ സന്ദർഭം: നാം ഭൂമിയിൽ ഒരു പ്രതിനിധിയെ (ഖലീഫയെ) (മേൽനോട്ടക്കാരനെ) ഉണ്ടാക്കുന്നു” (ഖുർആൻ).
അതുകൊണ്ട് തന്നെ മനുഷ്യൻ:
ഏത് കാലത്തും ഏത് കോലത്തിലും സ്വാഭാവികമായും അധികാര മേൽനോട്ട സ്വഭാവം കാണിക്കും, ഏതർത്ഥത്തിലായാലും ദൈവിക അധികാര സ്വഭാവം കാണിക്കും എന്നർത്ഥം. എല്ലാറ്റിനും മേലെ ആയി നിൽക്കും എന്നർത്ഥം.
മൂന്ന്: പ്രതിനിധിക്ക് (ഖലീഫക്ക്) തന്റെ പ്രാതിനിധ്യം പൂർണമായും ഭാഗിയായും നടത്താൻ വേണ്ട എല്ലാ തരം അറിവുകളും ഉത്തരവാദിത്തവും ആദമെന്ന വിത്തിൽ നൽകിയിരുന്നു, നിക്ഷിപ്തമാക്കിയിരുന്നു എന്നും ഖുർആൻ അർത്ഥശങ്കക്കിടയില്ലാത്ത വിധം പറഞ്ഞുവെച്ചു.
“ആദമിനെ എല്ലാ നാമങ്ങളും (സംഗതികളും) പഠിപ്പിച്ചു” (ഖുർആൻ).
എല്ലാ അറിവുകളും നാമങ്ങളാണ്. ക്രിയയും കർമ്മയും ഫലത്തിൽ ഭാഷയിലാകുമ്പോൾ അതാത് സംഗതികൾക്കും പരിപാടികകൾക്കും പ്രവർത്തനങ്ങൾക്കുമുള്ള നാമങ്ങളാണ്, പേരുകളാണ്.
ഒരു നാമം പഠിക്കുമ്പോൾ അതെന്താണെന്നും എന്തിനാണെന്നും ഉള്ള അറിവ് കൂടി നൽകപ്പെടുന്നു. എല്ലാം ആദമിൽ സാധ്യതയായും വാസ്താവികമായും നിറച്ചും നിക്ഷിപ്തമാക്കിയും വെച്ചിരിക്കുന്നു എന്നർത്ഥം.
അറിവുകൾ നൽകി മാത്രം മനുഷ്യനെ വെറുതെ വിട്ടില്ല.
അറിവിനോടൊപ്പം വേണ്ട, അറിവിനനുസരിച്ച് പ്രവർത്തിക്കാൻ വേണ്ട ഉത്തരവാദിത്ത ബോധവും നൽകി.
“നിശ്ചയമായും നാം ഉത്തരവാദിത്തം (അമാനത്ത്) എന്നതിനെ ഭൂമിയുടെയും പർവ്വതങ്ങളുടെയും മേൽ (ആകാശഭൂമികളിലെ എല്ലാറ്റിനും മുമ്പിൽ)(ഏറ്റെടുക്കാൻ വേണ്ടി) വെച്ചു. അവയെല്ലാം പേടിച്ചകന്ന്, (ഉത്തരവാദിത്തബോധം) ഏറ്റെടുക്കുന്നതിനെ നിരാകരിച്ചു. (പക്ഷേ) മനുഷ്യൻ അതേറ്റെടുത്തു. അവൻ (മനുഷ്യൻ) അങ്ങേയറ്റം അക്രമിയും അഞ്ജനനും ആയിരിക്കുന്നു“ (ഖുർആൻ)
വിത്തിൽ നൽകിയ, സന്നിവേശിപ്പിച്ച അറിവും ഉത്തരവാദിത്തബോധവും മാത്രം പോര.
അറിവും ഉത്തരവാദിത്തബോധവും വെച്ച് കാര്യങ്ങൾ നടത്താനുള്ള അധികാരവും നിയന്ത്രണവും ആദമിന് കിട്ടണം, വേണം. ചുറ്റുവട്ടം അതിനായി വിധേയപ്പെടണം.
അതുകൊണ്ട്…
നാല്: പ്രപഞ്ച ചാലകശക്തികൾ (ദേവീ ദേവൻമാർ) (മാലാഖകൾ) അറിവുള്ള, അറിവ് കൊണ്ട് മുന്നിൽ നിന്ന മനുഷ്യന് (ആദമെന്ന ആദ്യവിത്തിന്) വിധേയപ്പെട്ടു.
“നാം മാലാഖകളോട് (പ്രപഞ്ച ചാലകശക്തികളോട്, ദേവീ ദേവന്മാരോട്) ആവശ്യപ്പെട്ട സന്ദർഭം: നിങ്ങൾ (അറിവുകൊണ്ട് മികച്ചുനിൽക്കുന്ന) ആദമിന് സാഷ്ടാംഗപ്പെടുക (വിധേയപ്പെടുക)“ ( ഖുർആൻ)
മാലാഖകൾ ( ദേവീ ദേവന്മാർ) വെളിച്ചം കൊണ്ടാണുണ്ടായത് (ആ നിലക്ക് അഗ്നിയിൽ നിന്നാണ്) എന്നത് ഖുർആൻ ആദ്യമേ വ്യക്തമാക്കിയതാണ്.
വെളിച്ചം കൊണ്ടാണുണ്ടായ മാലാഖകൾ ( ദേവീ ദേവന്മാർ) മനുഷ്യന് കീഴ്പ്പെട്ടു എന്നുപറഞ്ഞാൽ വെളിച്ചത്തിന്റെ വേഗത മനുഷ്യന് കൈവരിക്കാനും കീഴ്പ്പെടുത്താനും ഉപയോഗിക്കാനും സാധിക്കും എന്നർത്ഥം.
മനുഷ്യൻ എങ്ങനെ ഇന്ന് കാണുന്ന എല്ലാം ചെയ്യുന്നവനും, ആകാശം കീഴടക്കുന്നവനും ആയി എന്നതിനുള്ള അനുമതിപത്രമാണ് മാലാഖകൾ ( ദേവീ ദേവന്മാർ) മനുഷ്യന് കീഴ്പ്പെട്ടു എന്നുപറഞ്ഞാൽ അർത്ഥം, സൂചന.
അറിവും ഉത്തരവാദിത്തബോധവും നൽകപ്പെട്ടവൻ മനുഷ്യൻ. അറിവുള്ള മനുഷ്യന്പ്രപഞ്ചചാലകശക്തികൾ വിധേയപ്പെട്ടു, വിധേയപ്പെടും. ഖുർആൻ പറഞ്ഞതിന്റെ രത്നച്ചുരുക്കം അതാണ്.
അഞ്ച്: അറിവുള്ള ആദമിന് (മനുഷ്യന് മുമ്പിൽ) സാഷ്ടാംഗപ്പെടാതെ നിന്ന (വിധേയപ്പെടാതെ നിന്ന), നിരാശപ്പെട്ട്, അഹങ്കാരം കൊണ്ടും അസൂയ കൊണ്ടും മാറിനിന്ന, അറിവ് കൊണ്ട് മികച്ച ആദമിന് സാഷ്ടാംഗപ്പെടാൻ (വിധേയപ്പെടാൻ) വിസമ്മതിച്ച മാലാഖ (പ്രപഞ്ച ചാലകശക്തി) (ദേവി / ദേവൻ) പിശാചായി.
“അവരൊക്കെയും (പ്രപഞ്ച ചാലകശക്തികളൊക്കെയും) സാഷ്ടാംഗപ്പെട്ടു. ഇബ്ലീസ് (നിരാശപ്പെട്ടവൻ) ഒഴികെ. അവൻ നിഷേധിച്ചു (ധിക്കരിച്ചു), അഹങ്കരിച്ചു, (എന്നിട്ടോ?) സത്യം മറച്ചുവെക്കുന്നവരിൽ (കാഫിറുകളിൽ) പെടുകയും ചെയ്തു.” ( ഖുർആൻ)
ഇങ്ങനെയൊക്കെ എല്ലാം സന്നിവേശിപ്പിക്കപ്പെട്ട് ഭൂമിയിലെ പ്രതിനിധിയായ (ഖലീഫയായ) മനുഷ്യൻ തന്റെ അധികാരവും അധികാരം നടത്താൻ വേണ്ടി ഉണ്ടായ അറിവും, അറിവ് കൊണ്ടുണ്ടായ അധികാരവും നിയന്ത്രണവും വെച്ച് താന്തോന്നി ആകാമോ?
ഇല്ല.
പകരം ഇതൊക്കെ വെച്ചും മനുഷ്യൻ എങ്ങനെ ജീവിക്കണം, എന്തിന് വേണ്ടി ജീവിക്കണം എന്നതും ഖുർആൻ വ്യക്തമാക്കി.
ആറ്: പ്രപഞ്ച ചാലകശക്തികൾക്കും അപ്പുറമുള്ള (മാലാഖകൾ തന്നെയായ ദേവീദേവന്മാർക്കും അപ്പുറമുള്ള) പ്രപഞ്ച ചാലകശക്തികൾക്കും നിദാനമായ ശക്തിക്ക് വഴിപ്പെട്ടു സമർപ്പിച്ച് ജീവിക്കണം.
“മനുഷ്യരെയും(ഗോചരമായവരേയും) ജിന്നിനെയും (അഗോചരമായവരേയും) നാം നമുക്ക് വഴിപ്പെടാനല്ലാതെ (അടിമപ്പെടാനാല്ലാതെ) സൃഷ്ടിച്ചിട്ടില്ല.” ( ഖുർആൻ)
ആദം എന്ന മനുഷ്യന്റെ ആദ്യവിത്തിൽ തന്നെ നടന്ന, സന്നിവേശിപ്പിച്ച അഞ്ച് കാര്യങ്ങളാണ് മുകളിൽ പറഞ്ഞത്.
വിത്തിലുള്ളതാണ് കാലക്രമേണ മനുഷ്യനിൽ തെളിയുന്ന, മനുഷ്യനുണ്ടാക്കുന്ന എല്ലാ കാര്യങ്ങളും, നേട്ടങ്ങളും പുരോഗതികളും.
വിത്തിലുള്ള ഗുണവിശേഷം തന്നെയാണ് മരമായി കൊമ്പിലും തടിയിലും പൂവിലും പഴത്തിലും ഉണ്ടാവുക.
വിത്തിലുള്ള ഗുണവിശേഷം തന്നെയാണ് മരമായ കൊമ്പിലുണ്ടാവുന്ന ഇലകളും പഴങ്ങളും പൂവുകളും.
മനുഷ്യന്റെ വിത്തിൽ (ആദമിൽ ) ചെലുത്തിയ കാര്യമാണ് എല്ലാ മനുഷ്യരും അധികാരബോധവും അധികാരസ്വഭാവവും (ഖിലാഫത്ത് ബോധം) ഉള്ളവരായിരിക്കുമെന്നത്.
വിത്തിൽ ചെലുത്തിയ ഗുണമായ, പ്രതിനിധി എന്ന നിലക്കുള്ള മേൽനോട്ട സ്വഭാവവും അധികാരമനസ്സും കാണിക്കുന്ന ദൈവത്തിന്റെ പ്രതിനിധി (ഖലീഫ) ആവുന്നത് മനുഷ്യർ മൊത്തമാണ് എന്നത്.
അല്ലാതെ ഏതെങ്കിലും മനുഷ്യർ മാത്രവും മനുഷ്യരിൽ ഏതെങ്കിലും വിഭാഗം മനുഷ്യരും മാത്രമല്ല ഖലീഫ എന്ന പ്രതിനിധി ആവുന്നതും അധികാര-പ്രാതിനിധ്യ സ്വഭാവം കാണിക്കുന്നതും.
ആവും വിധം, തങ്ങൾക്കാവുന്ന സമയത്തിലും സ്ഥലത്തിലും മേഖലയിലും എല്ലാ മനുഷ്യരും ഒരുപോലെ തങ്ങളുടെ അധികാര മേൽനോട്ട പ്രാതിനിധ്യ സ്വഭാവം കാണിക്കുന്ന സ്വഭാവക്കാരായിരിക്കും എന്നർത്ഥം.
മുസ്ലിമോ കൃസ്ത്യാനിയോ ഹിന്ദുവോ യൂറോപ്യനോ അമേരിക്കക്കാരനോ ഏഷ്യക്കാരനോ വെളുത്തവനോ കറുത്തവനോ മാത്രമല്ല അധികാര മേൽനോട്ട പ്രാതിനിധ്യ സ്വഭാവം കാണിക്കുക.
എല്ലാ മനുഷ്യരും തന്നെയാണ്.
അവസരം ഒത്തുവരുമ്പോൾ, വിത്ത് മുളച്ച് വലുതാവുമ്പോൾ എന്നപോലെ എല്ലാ മനുഷ്യരും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ അധികാര മേൽനോട്ട സ്വഭാവം കാണിക്കും എന്നർത്ഥം.
മനുഷ്യനിലെ സ്വതസിദ്ധ സ്വഭാവമാണ് പ്രതിനിധിയായ മനുഷ്യൻ അധികാരഭാവം കാണിക്കുക എന്നത് എന്നർത്ഥം.
മനുഷ്യൻ ആവാൻ സാധ്യതയുള്ള എല്ലാ സംഗതികളും ആദമെന്ന ആദ്യ വിത്തിൽ ചെലുത്തപ്പെടുകയും സന്നിവേശിക്കപ്പെടുകയും ചെയ്തത് കാരണം ഈ സംഗതികൾ ഏതെങ്കിലും കോലത്തിൽ ഏതെങ്കിലും ഇടങ്ങളിൽ പുറത്ത് വരും.
വിത്തിൽ മരവും വനവും സാധ്യതയായി ഒളിഞ്ഞിരിക്കുന്നുണ്ടല്ലോ?
വിത്തിലാണല്ലോ ഭാവിയിൽ ഉണ്ടാവുന്ന എല്ലാ കാര്യങ്ങളും ആദ്യമേ സന്നിവേശിക്കപ്പെടേണ്ടത്?
മനുഷ്യൻ മുളച്ച് വളർന്ന് പന്തലിച്ച് ആകാവുന്ന എല്ലാ സ്വഭാവഗുണങ്ങളും മനുഷ്യന്റെ ആദിമ വിത്തായ ആദമിൽ നിക്ഷിപ്തമായിരിക്കണം, നിക്ഷിപ്തമാണ് എന്ന് തന്നെയായിരിക്കണം.
No comments:
Post a Comment