ദാർശനികമായി ഭാരതിയ-ഹൈന്ദവ ദാർശനികതയെ, എല്ലാം ഒരുപോലെ ശരി, ഒന്ന് മാത്രം ശരിയല്ല, ഒന്നും അവസാനത്തേതല്ല, അങ്ങനെ ഒന്നുമാത്രം ശരി അവസാനത്തേത് എന്ന് കരുതുന്നത് തീവ്രവാദവും അസഹിഷ്ണുതയും ഉണ്ടാക്കും എന്ന നിലക്ക്, ഈയുള്ളവൻ എഴുതിക്കൊണ്ടിരുന്നു, പറഞ്ഞുകൊണ്ടിരുന്നു.
പക്ഷേ ആ പറച്ചിൽ വലതുപക്ഷ ഫാസിസ്റ്റ് രാഷ്ട്രീയത്തെ അനുകൂലിച്ച് കൊണ്ടായിരുന്നില്ല.
രാഷ്ട്രീയം വേറെ വിശ്വാസകാര്യങ്ങളിലുള്ള ദാർശനികത വേറെ.
എന്ന വകതിരിവില്ലാത്തവർ അതിനെ തിരിച്ചും മറിച്ചും കണ്ടിട്ടുണ്ടാവാം, ഉപയോഗപ്പെടുത്തിയിട്ടുണ്ടാവാം.
പൂവിലെ മധു തേനീച്ച തേനാക്കുന്നു, അതേ മധു ചിലന്തി വിഷമാക്കുന്നു.
ഒരുപക്ഷേ, വൈവിധ്യത്തെ പുൽകുന്ന, എല്ലാം ഒരുപോലെ ശരിയെന്ന് കരുതുന്ന ഇന്ത്യൻ വിശ്വാസദർശനം (അങ്ങനെയൊന്ന് നിലനിന്നതായി ഉണ്ടായിരുന്നെങ്കിൽ) ഇന്ത്യയെ ഒന്നായി മുന്നോട്ട്കൊണ്ടുപോകാൻ ഉദ്ദേശിക്കുന്ന എല്ലാ ഇന്ത്യൻ മതേതര പാർട്ടികളും പറയേണ്ട, കൊണ്ടുനടക്കേണ്ട കാര്യം കൂടിയാണ്.
അതങ്ങനെ പറയാനും പ്രചരിപ്പിക്കാനും കൊണ്ടുനടക്കാനും മതേതര പാർട്ടികൾ മറന്നതാണ് ഫാസിസ്റ്റുകൾ രംഗം വേറെ കോലത്തിൽ കീഴടക്കാൻ കാരണമായത്.
അവനവനിരിക്കേണ്ടിടത്ത് അവനവനിരിക്കാതിരുന്നാൽ അവിടെ പട്ടി കയറിയിരിക്കും എന്നതാണ് അവ്വിധം ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ സംഭവിച്ചത്.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഓരോ രാഷ്ട്രീയ പാർട്ടിയും ഇന്ത്യൻ സംസ്കാരത്തിനെയും ദാർശനികതയേയും അവരുടേതായ ഭാഷ്യം ചമച്ച് സ്വന്തമാക്കി, ഇന്ത്യൻ ജനതക്ക് വേണ്ടി അവതരിപ്പിക്കണമായിരുന്നു.
അതുകൊണ്ട് തന്നെ ഈയുള്ളവൻ ഇപ്പോഴും മുൻഗണനാക്രമമനുസരിച്ച് അത് പറയും.
നല്ല, വലിയ നന്മയും സഹവർത്തിത്തവും രാജ്യത്തിന്റെ മൊത്തമായ നന്മയും ലക്ഷ്യമിട്ടുകൊണ്ട്.
പക്ഷേ രാഷ്ട്രീയപരമായി, രാഷ്ട്രീയപ്രത്യേശാസ്ത്രം എന്ന നിലക്ക് വലതുപക്ഷ ഫാസിസ്റ്റ് കളവ്രാഷ്ട്രീയത്തിന് അനുകൂലമായി എഴുതിയ ഒന്നുമുണ്ടായിരുന്നില്ല, ഒരൊറ്റ പോസ്സും ഉണ്ടായിരുന്നില്ല.
മതേതര പാർട്ടികൾ, മതേതരത്വത്തെ ആദർശവും ആവേശവും ലക്ഷ്യവുമാക്കിക്കൊണ്ട് അവരുടെ സ്ഥാനത്ത് നിന്ന് അവർ ചെയ്യേണ്ടത് ചെയ്യാതിരുന്നതാണ് പ്രശ്നം.
അതാണ് മതേതര പാർട്ടികളെന്ന് കണക്കാക്കപ്പെടുന്നവരെ വിമർശിക്കേണ്ടി വരുന്നത്. അവർ അവരുടെ ഉത്തരവാദിത്തം കൃത്യമായി നിർവ്വഹിക്കാത്തത് കണ്ടിട്ട്.
അല്ലാതെ ഫാസിസ്റ്റ് സംഘടനയെയും രാഷ്ട്രീയത്തെയും അനുകൂലിക്കാൻ വേണ്ടി കോൺഗ്രസിനെയും കമ്യൂണിസ്റ്റ് പാർട്ടിയെയും ഒരിക്കൽ പോലും വിമർശിക്കേണ്ടി വന്നില്ല.
ഓരോരുത്തരും അവരിരിക്കേണ്ടിടത്ത് ഇരിക്കാത്തതും അവർ ചെയ്യേണ്ടത് ചെയ്യാത്തതും തന്നെയാണ് ജനാധിപത്യ വ്യവസ്ഥിതിയിൽ വിമർശിക്കപ്പെടേണ്ടത്.
അതാണ് ജനാധിപത്യപരമായ ഓരോ പൗരന്റെയും ധർമ്മം.
അല്ലാതെ എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും ഏതെങ്കിലും ചില പാർട്ടിക്ക് വേണ്ടി മാത്രം അന്ധമായി ഓശാന പാടുകയല്ല വേണ്ടത്.
അങ്ങനെ എപ്പോഴും ഓശാന പാടുകയാണെങ്കിൽ അന്ധരായ മോദി ഫാസിസ്റ്റ് ഭക്തരും മതേതര ജനാധിപത്യ പാർട്ടിൽക്കാരെന്ന് പറയപ്പെടുന്നവരും തമ്മിൽ എന്ത് വ്യത്യാസം?
തെറ്റ് കാണുമ്പോൾ അതങ്ങനെ തന്നെ വിമർശിക്കാൻ സാധിക്കുന്ന കോലത്തിൽ അഭിപ്രായങ്ങളും നിലപാടുകളും പറയാൻ കഴിയണം, മനസ്സാക്ഷിയെ അക്കോലത്തിൽ ത്രാസിന്റെ സൂചി പോലെ ശരി ഏതുപക്ഷത്താണോ ആ പക്ഷത്തേക്ക് താഴും വിധം വെക്കണം.
ശരിക്ക് വേണ്ടി, സത്യസന്ധതക്ക് വേണ്ടി, മനസ്സാക്ഷിയോട് നീതി പുലർത്തുന്ന കോലത്തിൽ, നിക്ഷിപ്ത സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടിയല്ലാതെ, നാടിനും നാട്ടുകാർക്കും നല്ലത് വരാൻവേണ്ടി നിലപാട് മാറ്റണം, മനസ്സാക്ഷിയെ കൊണ്ടുവന്നു നിർത്തണം.
അങ്ങനെ മാറ്റിയും മാറ്റാതെയും ഈയുള്ളവൻ എഴുതിയത് മുഴുവൻ എഫ്ബിയിലും ബ്ലോഗിലും ഒരുപോലെയുണ്ട്.
എവിടെയും ക്രൂര വലതുപക്ഷ ഫാസിസ്റ്റ് കളവ് രാഷ്ട്രീയത്തിന് കുഴലൂത്ത് നടത്തുന്ന, ഓശാനപാടുന്ന ഒന്ന് കാണിച്ചുതരാൻ സാധിക്കില്ല.
********
നിങ്ങളറിയുന്നില്ല, കോൺഗ്രസിനെ ബിജെപിയുമായി സമീകരിച്ച് കാണുന്നതിന്റെ അപകടംഎന്തെന്ന്.
കേരളത്തിൽ നിങ്ങളുടെ പാർട്ടിയുടെ അധികാരമുറപ്പിക്കാൻ, നിങ്ങളുടെ അല്പം ഉറപ്പിക്കാൻ, കോൺഗ്രസ്സാണ് എതിരാളി എന്ന ഒറ്റക്കാരണം കൊണ്ട് വലിയ പ്രതലമായ കേന്ദ്ര രാഷ്ട്രീയത്തിലെ യഥാർത്ഥ ശത്രുവിനെ മറന്ന്, കോൺഗ്രസിനെതിരെ എന്ന നിലക്ക് സ്വന്തം തലയിൽ എണ്ണതേക്കുന്നതിന്റെ അപകടം നിങ്ങൾക്ക് മനസ്സിലാവുന്നില്ല.
കേന്ദ്രത്തിൽ കോൺഗ്രസിനെ (1977ലും 1989ലും കൂട്ടുനിന്ന് കൊടുത്ത്) ഇല്ലാതാക്കിയ ഒഴിവിൽ ഇപ്പോൾ ആരാണ് നിൽക്കുന്നത്?
(നിങ്ങളല്ല)
ഇപ്പോൾ ആർക്കും ഒന്നും ചെയ്യാൻ സാധിക്കാത്ത വിധം എല്ലാവരെയും നിസ്സഹായരാക്കിക്കൊണ്ട് അങ്ങനെ കോൺഗ്രസിന്റ ഒഴിവിൽ വന്നവരെന്താണ് ചെയ്യുന്നത് ?
എന്ന കാര്യമെങ്കിലും മനസ്സിലാക്കിയാൽ നന്നായിരുന്നു.

.jpg)
No comments:
Post a Comment