എല്ലാവരും മുസ്ലിമായി ജനിക്കുന്നുവെന്നും, ജനനം കൊണ്ട് മാത്രം ആരെങ്കിലും മുസ്‌ലിം ആവുമെന്നും മുഹമ്മദ് നബി പറഞ്ഞിട്ടില്ല, പറയാനിടയില്ല, ഇസ്‌ലാം കണക്കാക്കുന്നില്ല.
എല്ലാവരും ശുദ്ധപ്രകൃതത്തിൽ ജനിക്കുന്നുവെന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ടാവാം, ഇസ്‌ലാം ഉൽഘോഷിക്കുന്നുണ്ടാവാം.
ജനിക്കുന്ന ഓരോ കുട്ടിയേയും ബുദ്ധമതക്കാരനും ജൈനമതക്കാരനും ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‌ലിമും ഒക്കെ ആക്കുന്നത് അവരുടെ മാതാപിതാക്കളാണ് എന്നും മുഹമ്മദ് നബി പറഞ്ഞിട്ടുണ്ടാവാം.
പിന്നെയുള്ളത് വ്യാഖ്യാനമാണ്.
ജനിക്കുന്ന ശുദ്ധപ്രകൃതമെന്നാൽ ഇസ്‌ലാം ആണെന്ന വ്യാഖ്യാനം.
അങ്ങനെ വ്യാഖ്യാനിച്ചാൽ പോലും അത് ഇസ്‌ലാം എന്ന സമർപ്പണം എന്ന മറ്റൊരു തെരഞ്ഞെടുപ്പും ഇല്ലാത്തവിധമുള്ള പ്രാപഞ്ചിക ജീവിത പ്രക്രിയയെ മാത്രം ഉദ്ദേശിച്ച് മാത്രമേ ആവാൻ പറ്റൂ എന്ന് മാത്രം.
അല്ലാതെ പേരിലുള്ള മതമല്ല.
ആർക്കും എന്തിനും ഏതർത്ഥത്തിലും ഈ പ്രാപഞ്ചിക ജീവിത പ്രക്രിയയിൽ സമർപ്പിതനേയാവാൻ പറ്റൂ എന്ന അർഥത്തിൽ മാത്രം ഇസ്‌ലാം.
അല്ലാതെ കുറേ മതങ്ങളിൽ ഒരു മതമായ പേര് കൊണ്ടുള്ള ഇസ്‌ലാമും സാമുദായിക മുസ്ലിമുമായി ജനിക്കുന്നു എന്നുദ്ദേശിച്ചല്ല മുഹമ്മദ് നബി അങ്ങനെ പറഞ്ഞത്.
ശുദ്ധപ്രകൃതത്തെ പ്രാപഞ്ചിക ശക്തിക്ക് മുന്നിലെ സമ്പൂർണ സമർപ്പണം എന്നത്.
അത് ആചാര മാത്രമല്ലാത്ത മതം.
ജീവിതത്തിൽ എല്ലാവരും നടത്തുന്ന സമർപ്പണമെന്ന, ഇസ്‌ലാമെന്ന, പ്രാപഞ്ചിക ജീവിതപ്രക്രിയ എന്ന് മാത്രം.
നിർബന്ധിതമായോ ഐച്ഛികമായോ പ്രാപഞ്ചിക ജീവിത വ്യവസ്ഥക്കും രീതിക്കും സമർപ്പിച്ച് മാത്രം എല്ലാവരും ജനിക്കുന്നു, ജീവിക്കുന്നു, മരിക്കുന്നു എന്നത് കൊണ്ട്.
അങ്ങനെ പ്രാപഞ്ചികവ്യവസ്ഥക്ക് സമർപ്പിക്കുകയല്ലാതെ മറ്റൊരു നിർവാഹവും ആർക്കും ഇല്ല എന്നത് കൊണ്ട്.
അതുകൊണ്ട് ഇസ്‌ലാം എന്ന സമർപ്പണത്തിലാണ്, ജനന-ജീവിത-മരണം കടന്നുപോകുന്നത്, ആ സമർപ്പണ പ്രക്രിയയിലാണ് എല്ലാവരും എന്ന് മാത്രം.
ആ നിലക്ക് സമർപ്പിച്ച മുസ്ലിമാണ് എങ്ങനെവന്നാലും എല്ലാവരും എന്നത് കൊണ്ട് മാത്രം.
മറ്റൊരു നിർവ്വാഹവും ഇല്ലാതെ എല്ലാവരും മുസ്‌ലിം.
അല്ലാതെ നാം ബാഹ്യമായി കണ്ടുപറയുന്ന ഇസ്‌ലാം മതവും സാമുദായികമുസ്ലിമും ആവുന്ന കാര്യമല്ല പ്രവാചകൻ പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ പറഞ്ഞിട്ടുണ്ടാവുക.
No comments:
Post a Comment