പഹൽഗാം കൊടുംക്രൂരത:
ഈ ചോദ്യങ്ങൾ ചോദിച്ചേതീരൂ.
ഭരണകൂടത്തോടും വാർത്താമധ്യമങ്ങളോടും ചോദിച്ചേതീരൂ.
*********
മതംനോക്കി മനുഷ്യരെ തരംതിരിച്ചു കൊന്നവർ കൊടുംഭീകരരാണ്. നുഴഞ്ഞുകയറിവന്ന വിദേശതീവ്രവാദികളാണ്. ശരി.
പക്ഷേ, നുഴഞ്ഞുകയറിവന്ന, അങ്ങനെ വന്നു കൊടുംക്രൂരത ചെയ്ത് മടങ്ങിപ്പോകുന്നതിനിടയിൽ പിടിക്കാനോ കൈകാര്യം ചെയ്യാനോ കഴിഞ്ഞില്ല എന്നത് പോട്ടെ, ഭീകരർ മതംചികഞ്ഞു നോക്കി എന്ന വാർത്ത ഇന്ത്യയിലെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പിന്നിലെ ചേതോവികാരം എന്തായിരുന്നു?
ഇന്ത്യയിലും മതംചികയുന്ന വൃത്തികെട്ട വികാരവും വെറുപ്പും വിഭജനവും കൂട്ടുക എന്നതല്ലാത്ത എന്തുപകാരമാണ് അത്തരം വാർത്ത പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ ഭരണകൂടവും വാർത്താമാധ്യമങ്ങളും ഉദ്ദേശിച്ചത്?
ഇവിടെയുള്ള പല പാർട്ടികളും മതംനോക്കി സ്വന്തം നാട്ടിലെ തന്നെ മനുഷ്യരെ തരംതിരിച്ചു കൊല്ലുന്നവരാണെങ്കിൽ പ്രത്യേകിച്ചും ഇത്തരം വാർത്തകൾ പുറത്തുവിടുന്നത് വേറെന്തിനാണ്?
സ്വന്തം നാട്ടിൽ സ്വന്തം നാട്ടുകാരെ മതംനോക്കി കൊല്ലുകയും ആക്രമിക്കുകയും ചെയ്യുന്നത്ര ദുരന്തപൂർണമായ അവസ്ഥയിലെത്തുന്നവർ എത്രമാത്രം വലിയ കൊടുംതീവ്രവാദികളും കൊടുംഭീകരരും ആയിരിക്കും.
വിദേശത്തെ വൃത്തികെട്ട കൊടുംഭീകരർ വിദേശികളാണ്, നുഴഞ്ഞുകയറിയ അക്രമികളാണ് എന്നെങ്കിലും വിചാരിച്ച് കുറ്റം പറയാം.
സ്വന്തം നാട്ടിലെ സ്വന്തം നാട്ടുകാരും സ്വന്തം അയൽവാസികളും അങ്ങനെ ആവുന്ന, അവരെ അങ്ങനെയാക്കുന്ന വാർത്തകളും സന്ദേശങ്ങളും പറഞ്ഞുപരത്താൻ പാടുള്ളതാണോ?
അങ്ങനെ പറഞ്ഞുപരത്തുന്നതിനു രാജ്യവും ഭരണകൂടവും വാർത്താമാധ്യമങ്ങളും ഒത്താശ ചെയ്യാൻ പാടുള്ളതാണോ?
അങ്ങനെ രാജ്യവും ഭരണകൂടവും വാർത്താമാധ്യമങ്ങളും ഒത്താശ ചെയ്യുമ്പോൾ സംഭവിക്കുന്ന ദുരന്തത്തിൻ്റെ വലുപ്പവും ഭയാനകതയും ഒന്നോർത്തുനോക്കൂ.
സ്വന്തം നാട്ടിലുള്ളവരെ കൂടി പരസ്പരം ശത്രുക്കളാക്കി താമ്മിലടിപ്പിക്കുക എന്നത് മാത്രമല്ലേ അത് ഫലമാക്കുക?
ഫലത്തിൽ വീട്ടിലും നാട്ടിലും പുറത്തും അയൽപക്കത്തും ശത്രുക്കളെ മാത്രമുണ്ടാക്കുന്നതിൽ മാത്രം വിജയിക്കുന്ന അങ്ങേയറ്റം പരാജയപ്പെട്ട രാജ്യവും ഭരണകൂടവും വാർത്താമാധ്യമങ്ങളും ആയി അധപതിക്കുക എന്നത് മാത്രമല്ലേ സംഭവിക്കുക.
മതംതിരിച്ച് തന്നെ ആൾക്കൂട്ട കൊലപാതകങ്ങളും ഗോമാംസ കൊലപാതകങ്ങളും നടത്തുന്ന, പൗരത്വം നൽകുന്ന, പൗരത്വം നിഷേധിക്കുന്ന, ആരാധനാലയങ്ങളുടെ സ്വത്തുവകകൾ തട്ടിയെടുക്കുന്ന, തട്ടിയെടുക്കാൻ ശ്രമിക്കുന്ന, കലാപങ്ങൾ അഴിച്ചുവിടുന്ന പാർട്ടിയും പരിവാരങ്ങളും ഫലത്തിൽ ചെയ്യുന്നത് ഈ വിദേശത്ത് നിന്ന് നുഴഞ്ഞുകയറിവന്ന ഭീകരവാദികൾ ചെയ്യുന്നത് തന്നെയല്ലേ?
എങ്കിൽ, മതംനോക്കി തരംതിരിച്ചു മനുഷ്യരെ കൊല്ലുന്ന നുഴഞ്ഞുകയറിവന്ന കൊടുംക്രൂരരായ വിദേശഭീകരരും ഈ പരിവാരങ്ങളും തമ്മിൽ എന്ത് വ്യത്യാസം?
സ്വന്തം നാട്ടുകാരാണെന്നതും വിദേശിയാണെന്നതും മാത്രമോ ഭീകരർ തമ്മിലുള്ള വ്യത്യാസം?
അക്രമവും തെമ്മാടിത്തവും വെറുപ്പും വിഭജനവും ആര് നടത്തിയാലും അക്രമവും തെമ്മാടിത്തവും വെറുപ്പും വിഭജനവും തന്നെയല്ലാതാവുമോ?
നിലവിൽ തന്നെ നാട്ടിൽ മതംനോക്കി ക്രൂരത ചെയ്യുന്നവർക്ക്, അതിനുവേണ്ടി അവസരം പാത്തുനിൽക്കുന്നവർക്ക് പഞ്ഞമില്ല.
അത്തരക്കാർക്ക് ന്യായം ഉണ്ടാക്കിക്കൊടുക്കുക തന്നെയല്ലേ പഹൽഗാമിൽ കൊടുംക്രൂരത കൊണ്ട് നൃത്തംചവിട്ടിയ വിദേശികളായ കൊടുംക്രൂരരായ ഭീകരവാദികൾ ചെയ്തത്?
മതംതിരിച്ച് നോക്കിയും കണ്ടും വെറുക്കണം വെറുപ്പുണ്ടാക്കണം എന്ന സന്ദേശമല്ലേ കൊടുംക്രൂരരായ ഭീകരവാദികൾ നൽകിയത്, ഇപ്പോഴും എപ്പോഴും നൽകുന്നത്?
ആ ചെയ്യുന്നത് സ്വദേശീയ ഭീകരവാദികൾ ആയാലും വിദേശീയ ഭീകരവാദികൾ ആയാലും, ചെയ്യുന്നത് ഒന്ന് തന്നെയല്ലേ.
അതുതന്നെയല്ലേ, അതിൻ്റെയൊക്കെ സ്ഫുലിംഗങ്ങൾ തന്നെയല്ലേ നിലവിൽ തന്നെ നമ്മുടെ നാട്ടിൽ പലകോലത്തിൽ നടക്കുന്നത്?
ആ വിദേശഭീകരരുടെ മതംതിരിച്ചുള്ള മനുഷ്യരെ കൊല്ലുന്ന വാർത്തയും സന്ദേശവും, ജനങ്ങളിലേക്ക് പടരാതെ, അങ്ങനെ അത്തരം വൃത്തികെട്ട വാർത്തയും സന്ദേശവും ഒളിച്ചുവെക്കാതെ, അപ്പടി പുറത്തുവിടാൻ ഇവിടത്തെ ഭരണകൂടത്തിനും വാർത്താമാദ്ധ്യമങ്ങൾക്കും എങ്ങനെ തോന്നി?
അങ്ങനെ വൃത്തികെട്ട വാർത്തയും സന്ദേശവും പൊതുജനങ്ങളിലേക്ക് പുറത്തുവിട്ട നമ്മുടെ ഭരണകൂടവും വാർത്താമാദ്ധ്യമങ്ങളും എന്താണ് അതുകൊണ്ട് ഉദ്ദേശിച്ചത്?
അതേപോലെ മതംതിരിച്ചുള്ള വെറുപ്പും വിഭജനവും വെച്ച് ഇന്ത്യയിൽ ഇനിയുമിനിയും വെറുപ്പും വിഭജനവും ഉണ്ടാക്കണമെന്നാണോ ഭരണകൂടവും വാർത്താമാദ്ധ്യമങ്ങളും ഉദ്ദേശിച്ചത്?
നിലവിൽ തന്നെ മതംതിരിച്ച് വെറുക്കുന്ന വിഭജിക്കുന്ന, മതം നോക്കി പ്രാതിനിധ്യം നിഷേധിക്കുന്ന ഇവിടത്തെ വൃത്തികെട്ട രാഷ്ട്രീയത്തിന് കരുത്തുപകരുക മാത്രമല്ലേ മതംതിരിച്ച് മനുഷ്യരെ കൊന്ന ഭീകരരും ആ വാർത്ത വകതിരിവില്ലാതെ അപ്പടി ജനങ്ങളിലേക്ക് പുറത്തുവിട്ട ഭരണകൂടവും വാർത്താമാധ്യമങ്ങളും ഉദ്ദേശിച്ചത്, ചെയ്തത്?
ആ ഭീകരെ ഉന്മൂലനം ചെയ്യുകയും അത്തരം സന്ദേശം തമസ്കരിക്കുകയും ആയിരുന്നു രാജ്യത്തെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ ഉദ്ദേശിക്കുന്ന നന്മ അശേഷമെങ്കിലും ബാക്കിയുള്ള ഭരണകൂടവും വാർത്താമാദ്ധ്യമങ്ങളും ചെയ്യേണ്ടിയിരുന്നത്.
വിദേശത്ത് നിന്ന് നുഴഞ്ഞുകയറിയ ഭീകരരെ പിടികൂടാനും ഉന്മൂലനം ചെയ്യാൻ സാധിക്കുന്നുമില്ല, എന്നാൽ ഇത്തരം വാർത്തകളും സന്ദേശങ്ങളും അപ്പടി പുറത്തുവിട്ടുകൊണ്ട് സ്വന്തം രാജ്യത്ത് കൂടൂതൽ കൂടൂതൽ വെറുപ്പും വിഭജനവും ഉണ്ടാക്കുകയും ഭീകരരെ സൃഷ്ടിക്കുകയും ചെയ്യുന്നു.
എന്തൊരു നഷ്ടക്കച്ചവടം!!??
ഭീകരന്മാർക്ക് വേണ്ട എന്തൊരു ലാഭക്കച്ചവടം!!??
ഇത്തരം സന്ദേശം പുറത്തുവിട്ടുകൊണ്ട് സ്വന്തം നാട്ടിൽ നിലവിൽ തന്നെയുള്ള ഭീകരവർഗ്ഗീയവാദികൾക്ക്, വെറുപ്പും വിഭജനവും പച്ചക്ക് നടത്തുന്നവർക്ക്, കൂടൂതൽ കൂടൂതൽ വർഗ്ഗീയഭീകരവാദികളാവാൻ വേണ്ട, വെറുപ്പും വിഭജനവും നടത്താൻ വേണ്ട ന്യായങ്ങളും കാരണങ്ങളും ഉണ്ടാക്കിക്കൊടുക്കുക മാത്രം.
No comments:
Post a Comment