ഹറാം എന്നാൽ പരിശുദ്ധമായ എന്നുകൂടി അർത്ഥമുണ്ട്.
ഹറാം എന്ന് പറഞ്ഞുകൊണ്ട് നിരോധനം നടത്തുമ്പോൾ ഫലത്തിൽ നിരോധിക്കപ്പെട്ട കാര്യങ്ങളിൽ നിന്നും നിങ്ങളെ പരിശുദ്ധമാക്കി, സംശുദ്ധമാക്കി നിർത്തുക എന്നതാണ് ഉദ്ദേശം.
ആർക്കാണോ അത്തരം കാര്യങ്ങൾ നിരോധിച്ചത് അവരെ അവയിൽ നിന്നും പരിശുദ്ധമാക്കി, സംശുദ്ധമാക്കി നിർത്തുക എന്ന ഉദ്ദേശം.
*******
ഖുർആൻ നേരിട്ട് നിരോധിച്ച കാര്യങ്ങളിൽ മദ്യം ഇല്ല.
മദ്യം അപ്പടി അശുദ്ധമല്ല, നിഷിദ്ധമല്ല, നിരോധിച്ചിട്ടില്ല.
പകരം മദ്യം ഉണ്ടാക്കുന്ന ഫലം വെച്ചാണ് മദ്യത്തെ നിരുത്സാഹപ്പെടുത്തിയത്.
ആ നിരുത്സാഹപ്പെടുത്തൽ പിന്നീട് നിരോധനമായി മാറുക മാത്രമാണ് ചെയ്തത്.
മദ്യത്തിൻ്റെ കാര്യത്തിൽ അതുകൊണ്ടുള്ള നന്മതിന്മകൾ തുലനം ചെയ്യുകയും നന്മയെക്കാൾ കൂടുതൽ തിന്മയുണ്ട്, ഉണ്ടാക്കുന്നു എന്നതിനാൽ "നിങൾ വിരമിക്കുന്നില്ലേ?" എന്ന് ചോദിക്കുകയുമാണ് ഖുർആൻ ചെയ്തത്.
*******
"അതിൻ്റെ (അറുക്കുന്നതിൻ്റേയിയും ബലിനൽകുന്നതിൻ്റെയും) ഇറച്ചിയോ രക്തമോ അല്ലാഹുവിന് കിട്ടുകയില്ല (വേണ്ട), പകരം അല്ലാഹുവിന് കിട്ടുന്നത് (വേണ്ടത്) നിങ്ങളിൽ നിന്നുള്ള സൂക്ഷ്മതാബോധം മാത്രം" (ഖുർആൻ).
മേൽപറഞ്ഞതിൽ നിന്ന് വ്യക്തമാണല്ലോ അറുക്കുമ്പോൾ ഒഴുക്കിക്കളയുന്ന രക്തം ദൈവത്തിനുള്ളതല്ല, അറുക്കുമ്പോൾ കളയുന്ന രക്തം ദൈവത്തിന് കൊടുക്കുന്നതല്ല എന്ന്.
ഇസ്ലാമിലും മുസ്‌ലിംകൾക്കും രക്തം ദൈവപ്രീതിക്ക് വേണ്ടി സമർപ്പിക്കുക എന്ന വിശ്വാസരീതിയോ സങ്കൽപമോ ഇല്ല തന്നെ.
രക്തം ഭക്ഷിക്കുന്നത് മുസ്‌ലിംകൾക്ക് അപ്പടിയെ നിഷിദ്ധമാണ്,
അതുകൊണ്ട് കൂടി രക്തം ഒഴുക്കിക്കളയുന്നു.
അത്രമാത്രം.
അറുക്കുമ്പോൾ ഒഴുക്കുന്ന രക്തം ദൈവത്തിന് സമർപ്പിക്കുന്നത് എന്ന് തോന്നാൻ എങ്ങിനെ ഇടയായി എന്നറിയില്ല.
രക്തം കളയാനും മാംസം രക്തത്തിൻ്റെ അശുദ്ധിയിൽ നിന്നും ശുദ്ധിയാക്കാനും തന്നെയാണ് അടിസ്ഥാനപരമായും അറുക്കുന്നതെങ്കിലും, ആ അറുക്കുന്നത് ദൈവത്തിൻ്റെ പേരിൽ മാത്രമായിരിക്കണം എന്ന നിബന്ധന ഇസ്‌ലാമിൽ ഉണ്ട്.
ശരിയാണ്.
പക്ഷെ, അതവരുടെ കറകളഞ്ഞ ഏകദൈവവിശ്വാസത്തിൻ്റെ ഭാഗമാണ്.
എല്ലാം ദൈവത്തിന് വേണ്ടി മാത്രം, ദൈവത്തിന് സമർപ്പിച്ചു മാത്രം എന്ന വിധത്തിൽ
അതുകൊണ്ട് തന്നെ അതിനുള്ള അവരുടെ ന്യായം മറ്റൊന്നാണ്.
സൃഷ്ടിച്ചവന് മാത്രമേ കൊല്ലാനും കൊല്ലാൻ പറയാനും അധികാരമുള്ളൂ എന്നതാണത്.
ജീവൻ കൊടുത്തവന് മാത്രമേ ജീവൻ എടുക്കാനും ജീവനെടുക്കാൻ പറയാനും അനുവാദം തരാനും അധികാരമുള്ളൂ.
ദൈവത്തിൻ്റെ പേരിലും ദൈവത്തിൻ്റെ അനുവാദത്തോടെയും അറുക്കുന്നതോടെ അറുക്കുന്നവൻ ആ അറുക്കുന്നതിൻ്റെ ഉത്തരവാദിത്തത്തിൽ നിന്നും മുക്തനാവുന്നു.
ഉത്തരവാദിത്തം ദൈവത്തിന് മാത്രമായി.
ഫലത്തിൽ അറുക്കുന്നതും കൊല്ലുന്നതും ദൈവം മാത്രം എന്നായി.
ദൈവമാണ് ജീവനും ജീവിതവും ജീവിപ്പിക്കുന്നതും.
അതേ ദൈവം തന്നെയാണ് ഫലത്തിൽ മരിപ്പിക്കുന്നത്, നിങ്ങൾക്ക് കൊല്ലാൻ അനുവാദം തരുന്നത്.
അതല്ലാതെ ഒന്നിനെയും സൃഷ്ടിക്കാത്ത ആർക്കും ഒന്നിനെയും കൊല്ലാനും കൊല്ലാൻ പറയാനും അധികാരമില്ല എന്നർത്ഥം.
ആ നിലക്ക് മറ്റ് ദൈവസങ്കല്പങ്ങൾ വെച്ച് അവയുടെ പേരിൽ അറുക്കാനും അങ്ങനെ അടുത്തത് കഴിക്കാനും മുസ്‌ലിംകൾക്ക് പാടില്ല.
അറിയാമല്ലോ, ഇസ്‌ലാം വന്നത് ബഹുദൈവവിശ്വാസത്തേയും ബിംബാരഥനയെയും പൗരോഹിത്യത്തെയും നഖശിഖാന്തം തള്ളിക്കൊണ്ടാണ്.
അതിൻ്റെ ഭാഗമാണ് അത്തരം ദൈവസങ്കൽപങ്ങൾക്കും ബിംബങ്ങൾക്കും വേണ്ടി അറുക്കുന്നത്, ആ വഴിയിൽ മനുഷ്യൻ ചൂഷണം ചെയ്യപ്പെടുന്നത്, തടയുക എന്നതും.
അതുകൊണ്ട് തന്നെ ദൈവത്തിൻ്റെ പേര് ചൊല്ലി അയച്ച വേട്ടമൃഗം പിടിച്ചുകൊണ്ടുവന്നതും മുസ്‌ലിംകൾക്ക് ഹലാൽ ആണ്.
വേട്ട ചെയ്ത് മാത്രം മൃഗങ്ങളെ പിടിച്ചിരുന്ന കാലത്ത് കൂടിയായിരുന്നല്ലോ കല്പനകൾ നൽകിയത്?
വേട്ടമൃഗങ്ങൾ സാധാരണഗതിയിൽ രക്തം മുഴുവൻ കളയുന്ന വിധത്തിൽ കഴുത്തിൽ കടിച്ച് രക്തം കുടിക്കുന്ന കോലത്തിലാണ് ഇരകളെ കൊല്ലുന്നത് എന്നത് എടുത്തുപറയേണ്ടതില്ലല്ലോ?
അതേ കഴുത്ത്, അതേ ഭാഗത്ത് മുറിച്ചുകൊണ്ട് തന്നെയാണ് മുസ്ലിംകൾ മൃഗങ്ങളെ അറുക്കുന്നതും.
അല്ലാതെ ഒരിരയും പെട്ടന്ന് ചാവുകയും ഇല്ലല്ലോ?
ഇനി ചാവാതെയാണ് വേട്ടമൃഗം ഇരയെ പിടിച്ചുകൊണ്ടുവന്നതെങ്കിൽ, വിശ്വാസികൾ ആ ഇരമൃഗത്തെ അവരുടെ ഭാഗത്ത് നിന്ന് രക്തം കളയുംവിധം അറുക്കുകയും ചെയ്യും.
*******
ചോദ്യം: ശ്വാസംമുട്ടിച്ച് കൊണ്ടാണ് മൃഗങ്ങൾ അതിൻ്റെ ഇരയെ കൊല്ലുന്നത്. അല്ലാതെ ചോര കളയും വിധവും കുടിക്കും വിധവും അല്ല?
ഉത്തരം : ശരിയാവാം.
തീർത്തും അറിയില്ല.
ശ്വാസം, ശ്വാസംമുട്ടിക്കുക എന്നതൊക്കെ മൃഗങ്ങൾക്ക് നമ്മൾ മനസ്സിലാക്കുന്നത് പോലെ ഉണ്ടോ എന്നുമറിയില്ല.
എന്തായാലും, വന്യമൃഗങ്ങൾ ഇരയെ പിടിക്കുമ്പോൾ കടിക്കുന്ന ഇരമൃഗത്തിൻ്റെ കഴുത്തിൻ്റെ അതേ ഭാഗത്ത് മുറിച്ചുകൊണ്ട് തന്നെയാണ് മുസ്ലിംകൾ മൃഗങ്ങളെ അറുക്കുന്നത്.
മതവിശ്വാസങ്ങളെ ന്യായീകരിക്കുക ഉദ്ദേശമല്ല.
പക്ഷെ ആ മതത്തിൽ ഓരോ കാര്യവും യഥാർത്ഥത്തിൽ എന്താണോ അതങ്ങനെ തന്നെ പറയപ്പെടണമല്ലോ?
പ്രത്യേകിച്ചും ഹലാൽ സംബന്ധിച്ച് ഇല്ലാത്ത, വേണ്ടാത്ത തെറ്റിദ്ധാരണകൾ, പ്രത്യേകിച്ചും വർത്തമാനകാല ഇന്ത്യയിലും ഇന്ത്യൻരാഷ്ട്രീയത്തിലും മുസ്‌ലിംകളെയും ഇസ്‌ലാമിനെയും മറ്റുനിലക്ക് പ്രതിരോധിക്കാൻ സാധിക്കാത്തവർ നടത്തുമ്പോൾ.
********
അറുക്കുമ്പോൾ ബിസ്മി ചൊല്ലുക എന്നത് ആരേയും എങ്ങനേയും ഫലത്തിൽ ഉപദ്രവിക്കുന്ന കാര്യമല്ല.
വളരെ ആത്മനിഷ്ഠമായ, എന്നാൽ വൃത്തി കുറച്ചെങ്കിലും കൂടുതൽ ഉറപ്പുവരുത്തുന്ന കാര്യം അറുക്കുക എന്നത്.
അറൂക്കുക എന്നതും അറുക്കുമ്പോൾ ബിസ്മി ചൊല്ലുക എന്നതും മാംസത്തിനോ മൃഗത്തിനോ മറിച്ചൊരു മാറ്റവും വരുത്തുകയും ഇല്ല.
No comments:
Post a Comment