പഹൽഗാം കൂട്ടക്കൊല നമ്മെ ഇരുത്തിച്ചിന്തിക്കേണ്ടത്?
പഹൽഗാം നമ്മുടെ സ്വന്തം നാടിനും നാട്ടുകാർക്കും വേണ്ടി നമ്മെ ചിന്തിപ്പിക്കേണ്ടത്.
മറ്റുള്ളവർ നമ്മുടെ ശത്രുക്കളായാൽ നമുക്ക് ഓടിയും ഒളിച്ചും, ഒച്ചപ്പാടുണ്ടാക്കിയും, സഹായംതേടിയും, യുദ്ധം ചെയ്തും ഒക്കെ ശത്രുവിനെ തോൽപിക്കാം, ശത്രുവിൽ നിന്ന് രക്ഷനേടാം.
പക്ഷേ,
നമ്മൾ തന്നെ, നമ്മുടെ ഉള്ളിൽ തന്നെ നമ്മുടെ ശത്രുക്കളായാൽ,
നമ്മളിൽ തന്നെ നമ്മൾ നമ്മുടെ ശത്രുക്കളെ ഉണ്ടാക്കിയാൽ,
എന്തായിരിക്കും അവസ്ഥ?
ശത്രുക്കളെ ശത്രുക്കളാണെന്ന് മനസ്സിലാവാതെ വരും.
കുളിമുറിയിലും കിടപ്പറയിലും അടുക്കളയിലും എപ്പോഴും കൂടെ ശത്രുക്കളാണെന്ന് വരും.
അതുകൊണ്ട് നമ്മൾ ചെയ്യേണ്ടത്:
നമ്മളെ തന്നെ നമ്മുടെ ശത്രുക്കളാക്കാതിരിക്കുക.
നമ്മളിൽ തന്നെ നമ്മുടെ ശത്രുക്കളെ ഉണ്ടാക്കാതിരിക്കുക.
അതിനുവേണ്ടി ഇല്ലാത്ത കഥകൾ ഉണ്ടാക്കാതിരിക്കുകയും ഉള്ള കഥകൾ നിഷേധിക്കാതിരിക്കുകയും ചെയ്യുക.
അപനിർമ്മാണം (നശിപ്പിക്കൽ) എളുപ്പമാണ്. നിർമ്മാണം എളുപ്പമല്ല
*******
വിദേശ ശത്രുക്കളും വിദേശത്ത് നിന്ന് നുഴഞ്ഞുകയറിവരുന്ന ഭീകരവാദികളായ ശത്രുക്കളും നമ്മെ മതത്തിൻ്റെയും മറ്റും അടിസ്ഥാനത്തിൽ തമ്മിൽതല്ലിച്ച് വിഘടിപ്പിക്കാനുള്ള ലക്ഷ്യം വെക്കുന്നതും ശ്രമം നടത്തുന്നതും മനസ്സിലാക്കാം. അതവിടെ നിൽക്കട്ടെ...
അത്തരം പുറമേനിന്നുള്ള ശത്രുശ്രമങ്ങളെ നമുക്ക് അതിർത്തികാത്തും യുദ്ധംചെയ്തും അന്താരാഷ്ട്രസമൂഹത്തെ ധരിപ്പിച്ച് സമ്മർദ്ദം ചെലുത്തിയും ഒക്കെ ഒരുവിധം നേരിടാനും തോല്പിക്കാനും സാധിക്കും.
പക്ഷേ, ഇല്ലാത്ത കഥകൾ ഉണ്ടാക്കിയും ഉള്ള കഥകൾ നിഷേധിച്ചും സ്വന്തം നാട്ടുകാരെ തന്നെ ശത്രുക്കൾ ആക്കുന്നവരുടെയും, സ്വന്തൽ നാട്ടിൽ തന്നെ ശത്രുക്കളെ ഉണ്ടാക്കുന്നവരുടെയും കഥ എന്തായിരിക്കും?
സ്വന്തം നാട്ടുകാരെ മതത്തിൻ്റെയും മറ്റും അടിസ്ഥാനത്തിൽ വിഘടിപ്പിക്കാനുള്ള നമ്മുടെ തന്നെ സ്വന്തം നാട്ടിലെ പാർട്ടികളുടെയും പരിവാരങ്ങളുടെയും ശ്രമങ്ങളെയും ലക്ഷ്യത്തെയും എങ്ങിനെ നേരിടാനാവും, തോല്പിക്കാനാവും?
സ്വന്തം നാട്ടുകാരെ തമ്മിൽ തല്ലിക്കുന്ന ഏതൊരു നാടിനും, സ്വന്തം നാട്ടുകാരെ തമ്മിൽ തല്ലിപ്പിക്കുന്ന പണിയിൽ ഏർപ്പെട്ട ഏതു ഭരണകൂടത്തിനും, വിദേശശത്രുക്കളെയും അതിർത്തികൾ കടന്ന് നുഴഞ്ഞുവരുന്ന ഭീകരവാദികളെയും ജാഗ്രതയോടെ ശ്രദ്ധിക്കാനും നേരിടാനും തോൽപിക്കാനും സാധിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാവും.
സ്വന്തം നാട്ടുകാരെ കൊല്ലുന്നതും, കൊലക്ക് കൊടുക്കുന്നതും രാജ്യസ്നേഹമെന്ന് വരുത്തുന്ന പ്രത്വേശാസ്ത്രം പേറുന്ന ആർക്കും ഇതിലൊന്നും ഒരു പ്രശ്നവും തോന്നില്ല.
അവർക്ക് വിശപ്പടക്കാൻ കുറേ വെറുപ്പും കളവും കിട്ടിയാൽ മതി.
ആർക്കെങ്കിലും ഇതിലൊക്കെ വല്ല പ്രശ്നവും തോന്നിയാൽ അങ്ങനെ തോന്നുന്നവരാവും അവർക്ക് രാജ്യദ്രോഹികൾ.
*******
ഇന്ത്യ ഉള്ളിൽ നിന്നും പുറത്തുനിന്നുള്ള ഭീകരതയുടെ കെടുതികൾ വേണ്ടവണ്ണം അനുഭവിക്കുന്നുണ്ടെന്ന് കൃത്യമായും നമുക്കെല്ലാവർക്കും അറിയാം.
എല്ലാറ്റിനും പരിഹാരമായി അവൽവാസിയെ കുറ്റംപറഞ്ഞ് ഉത്തരവാദിത്തങ്ങളിൽ നിന്നും തടിയൂരി ശ്രദ്ധമാറ്റുന്ന തന്ത്രത്തിൽ നമ്മൾ പെട്ടുകൂട.
ഇതേ തന്ത്രം അങ്ങ് അയൽപക്കത്തെ ശത്രുവായ വിദ്വേഷ രാഷ്ട്രീയ പാർട്ടികളും പയറ്റുന്നുണ്ടാവും. സ്വന്തം പരാജയം മറച്ചുവെക്കാൻ.
*******
എന്നാലും ഒന്ന് ചോദിക്കട്ടെ...
നമ്മുടെ ആജൻമശത്രുക്കളായ പാക്കിസ്ഥാനാണോ നമ്മളാണോ യഥാർത്ഥത്തിൽ അല്പമെങ്കിലും ഭീകരവാദികളെ കൈകാര്യം ചെയ്യുന്നത്, അകറ്റിനിർത്തുന്നത്?
പ്രഗ്യാസിങ്ങിനെയും അതുപോലുള്ളവരെയും നമ്മൾ എംപിയാക്കി, രാഷ്ട്രീയപാർട്ടി നേതാക്കളാക്കി, രാജ്യത്തിൻ്റെ താക്കോൽ തന്നെ അത്തരക്കാരുടെ കൈകളിൽ ഏൽപ്പിക്കുന്ന കോലത്തിലായി എന്നത് വിരോധാഭാസം.
അപ്പുറത്ത് വൃത്തികെട്ട, കൊടുംക്രൂര പാക്കിസ്ഥാൻ ഭീകരവാദികളുടെയും തീവ്രവാദികളുടെയും കാര്യത്തിൽ അത്രക്കങ്ങായില്ല എന്നതും വല്ലാത്ത വിരോധാഭാസം.
അവർ ഹാഫിസ് സയീദിനെയും അതുപോലുള്ളവരെയും എല്ലാറ്റിൽ നിന്നും അകറ്റിനിർത്തി, ഭീകരരാണെന്നു പ്രഖ്യാപിച്ചു, രാഷ്ട്രീയപാർട്ടി നേതാക്കൾ ആക്കിയില്ല, നാട് ഭരിക്കാൻ അവസരം നൽകിയില്ല..
അതുകൊണ്ട് തന്നെ എന്തുകൊണ്ടോ നാം മൂന്നകളെ കണ്ടെത്തി മുൻകൂട്ടി ശിക്ഷിക്കുന്ന കാര്യത്തിൽ വളരെ പിറകിലാണ്.
********
സ്വന്തം നാട്ടുകാരെ തന്നെ, സ്വന്തം നാട്ടുകാരിൽ തന്നെ ശത്രുക്കളെ ഉണ്ടാക്കുന്ന ഭരണാധികാരി വിഡ്ഢിയാണ്, വിവേകം തൊട്ടുതീണ്ടാത്തവനാണ്,
സ്വന്തം നാട്ടുകാരെ തന്നെ, സ്വന്തം നാട്ടുകാരിൽ തന്നെ ശത്രുക്കളെ ഉണ്ടാക്കുന്ന ഭരണകൂടം വിഡ്ഢിത്തത്തിലാണ്, അങ്ങേയറ്റം അവിവേകത്തിലാണ്.
അവർ നാടിൻ്റെ അധികാരം നേടുമായിരിക്കും നിലനിർത്തുമായിരിക്കും.
പക്ഷേ അവർ നാടിനെ നശിപ്പിക്കുക മാത്രമായിരിക്കും.
സംരക്ഷിക്കുമെന്ന് തോന്നിപ്പിക്കുന്ന ചിതലുകൾ ആയിക്കൊണ്ട്
*******
ഇന്ത്യയാണ് പ്രധാനം. നമ്മുടെ കളിക്കളവും തോട്ടവും മണ്ണും വിണ്ണും ശ്വാസവും ശ്വാസവായുവും ഇന്ത്യയാണ്. ഒരുമിച്ചുനിൽക്കണം. നയിക്കുന്നവർ സത്യസന്ധതയോടെ ഒരുമിച്ചുനിർത്തണം. ശത്രുവെ നേരിടുമ്പോൾ അഭിപ്രായഭിന്നതയരുത്. തീയണയ്ക്കുമ്പോൾ വെള്ളത്തിൻ്റെ വൃത്തിയെ കുറിച്ച് തർക്കിച്ച് സമയംകളയരുത്, ഭിന്നിപ്പുണ്ടാക്കരുത്. നമ്മുടെ വീടിന് നമ്മളായി തീകൊളുത്തരുത്, എണ്ണ ഒഴിക്കരുത്.
No comments:
Post a Comment