Thursday, April 3, 2025

ഇസ്‌ലാം നിരീശ്വരവാദത്തോട് അടുത്ത് നിൽക്കുന്ന ദൈവവിശ്വാസം പറയുന്നു.

ഇസ്‌ലാം നിരീശ്വരവാദത്തോട് അടുത്ത് നിൽക്കുന്ന ദൈവവിശ്വാസം പറയുന്നത്, കൊണ്ടുനടക്കുന്നത്. 

ഇസ്‌ലാമും നിരീശ്വരവാദവും ഒരുപോലെ എല്ലാം നിഷേധിക്കുന്നു. 

ഇസ്‌ലാം ഏറ്റവും ആദ്യം ചെയ്യുന്നതും വിശ്വാസികളോട് ചെയ്യാൻ ആവശ്യപ്പെടുന്നതും എല്ലാ അയഥാർത്ഥമായതിനെയും നിഷേധിക്കുക, അഥവാ എല്ലാ ദൈവങ്ങളെയും ബിംബങ്ങളേയും പ്രതിഷ്ഠകളെയും ആൾദൈവങ്ങളെയും പുരോഹിതന്മാരെയും തന്ത്രികളെയും നിഷേധിക്കുക എന്നതാണ്. 

എന്നിട്ടോ? 

യഥാർത്ഥമായതിനെ മാത്രം, യഥാർത്ഥത്തിൽ അനിർവ്വചനീയമായതിനെ മാത്രം, യഥാർത്ഥമായതിനെ അനിർവചനീയമാക്കി നിർത്തിക്കൊണ്ട് മാത്രം പൂർണമായും വിശ്വസിക്കുക. 

നിരീശ്വരവാദവും ചെയ്യുന്നത് അത് തന്നെ. 

മനസ്സിലാവാത്ത ഒന്നിലും വിശ്വസിക്കാതിരിക്കാൻ.

മനസ്സിലാവാത്തിടത്തോളം മനസ്സിലായ യഥാർത്ഥമായതിൽ മാത്രം വിശ്വസിക്കുക, ബാക്കിയെല്ലാം നിഷേധിക്കുക.

രണ്ട് കൂട്ടർക്കും യഥാർത്ഥമായതേയുള്ളൂ

രണ്ട് കൂട്ടരും ഒന്ന് മാത്രം എന്ന് പറയുന്നു. 

എല്ലാം പ്രകൃതിയിൽ / പദാർത്ഥത്തിൽ നിന്ന് എന്ന് പേരിട്ട് ഒരു കൂട്ടർ. 

ആ പ്രകൃതിയെ / പദാർഥത്തെ ദൈവം എന്ന് വിളിച്ച് ദൈവത്തിൽ നിന്നെന്ന് മറ്റൊരു കൂട്ടർ. 

നിരീശ്വരവാദികൾ എന്തൊക്കെ നിഷേധിച്ച് നിരീശ്വരവാദികളായോ അവയൊക്കെയും ഇസ്‌ലാമും നിഷേധിക്കുന്നു.

അവയൊക്കെ നിഷേധിച്ചുകൊണ്ട് തന്നെ വിശ്വാസികളാവാൻ ഇസ്‌ലാം ആഹ്വാനം ചെയ്യുന്നു. 

നിരീശ്വരവാദി നിരീശ്വരവാദത്തിലേക്ക് നീങ്ങുംവണ്ണം ചിന്തിക്കാനിടയായതും ചിന്തിക്കേണ്ടിവരുന്നതും എങ്ങിനെ? 

മനുഷ്യരെ വിഡ്ഢികളാക്കുന്ന, ചൂഷണം ചെയ്യുന്ന ആചാരങ്ങളെയും പുരോഹിതരെയും ബിംബങ്ങളെയും പ്രതിഷ്ഠകളെയും ആൾദൈവങ്ങളെയും ചിത്രങ്ങളെയും തന്ത്രികളെയും ഭണ്ഡാരപ്പെട്ടികളെയും കണ്ടിട്ട്.

ഇസ്‌ലാമിൽ മനുഷ്യരെ വിഡ്ഢികളാക്കുന്ന, ചൂഷണം ചെയ്യുന്ന അത്തരം ബിംബങ്ങളോ പ്രതിഷ്ഠകളോ ആൾദൈവങ്ങളോ ചിത്രങ്ങളോ ആചാരങ്ങളോ പുരോഹിതരോ തന്ത്രികളോ ഭണ്ഡാരപ്പെട്ടികളോ ഇല്ല.

ഇസ്‌ലാമിലെ ദൈവം ചിത്രമോ ബിംബമോ പ്രതിഷ്ഠയോ പുരോഹിതനെയോ തന്ത്രിയെയോ ആൾദൈവങ്ങളെയോ ഭണ്ഡാരപ്പെട്ടിയേയോ പൂജകളെയോ പണത്തെയോ ആവശ്യപ്പെടാത്തത്. 

നിരീശ്വരവാദി പ്രകൃതിയുമായി നേരിട്ട്. 

എന്നത് പോലെ ഇസ്‌ലാമിലെ മനുഷ്യൻ ദൈവവുമായി നേരിട്ട്.

നിരീശ്വരവാദി പ്രകൃതിക്ക് പൂർണമായും വഴിപ്പെട്ട്.

ഇസ്‌ലാമിലെ മനുഷ്യൻ ദൈവത്തിന് മാത്രം വഴിപ്പെട്ട്. 

വഴിപ്പെട്ടുപോകാതിരിക്കാൻ ആർക്കായാലും നിർവ്വാഹമില്ല എന്ന ഒറ്റക്കാരണം എല്ലാവർക്കും ന്യായം.

നിരീശ്വരവാദി പ്രകൃതിയിലേക്ക് നോക്കി, ചിന്തിക്കുന്നു, പാഠങ്ങൾ എടുക്കുന്നു.

ഇസ്‌ലാം മനുഷ്യന് വേണ്ട ആയത്തുകൾക്ക് വേണ്ടി (സൂചനകൾക്കും ദൃഷ്ടാന്തങ്ങൾക്കും വേണ്ടി, ആയത്തുകൾ ഖുർആനിൽ മാത്രമല്ലെന്ന കൃത്യമായ ഉണർത്തലോടെ) പ്രകൃതിയിലേക്ക് നോക്കാൻ, നോക്കിക്കണ്ടു ചിന്തിക്കാനും പറയുന്നു.

*******

ആയത്തുകൾ സാമാന്യയുക്തിക്ക് വേണ്ടി, സാമാന്യയുക്തിയെ ഉണർത്താൻ.

ആയത്ത് അഥവാ സൂചന, അല്ലെങ്കിൽ ദൃഷ്ടാന്തം. പ്രകൃതിയിലും പ്രപഞ്ചത്തിലുമുള്ളത് എന്ന് ഖുർആൻ അർഥശങ്കക്കിടയില്ലാത്തവിധം പറയുന്നു. 

ചുരുങ്ങിയത് ഖുർആനിൽ മാത്രമുള്ളതല്ല ആയത്തുകൾ. 

"ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും രാപ്പകലുകളുടെ വ്യതിയാനത്തിലും ചിന്താശേഷിയുളളവർക്ക് ആയത്തുകൾ (ദൃഷ്ടാന്തങ്ങൾ) ഉണ്ട്" (ഖുർആൻ)

"അവർ നോക്കുന്നില്ലേ ഒട്ടകം എങ്ങിനെ സൃഷ്ടിക്കപ്പെട്ടുവെന്ന്, പർവ്വതങ്ങൾ നാട്ടപ്പെട്ടുവെന്ന്" (ഖുർആൻ)

സാമാന്യയുക്തിക്ക് വഴങ്ങുന്നതാണ്, ആവണം സത്യവും ദൈവവും, വിശ്വാസവും നിഷേധവും. 

അങ്ങനെയുള്ള പാഠങ്ങളും തെളിവുകളും നൽകുന്ന എല്ലാ ഓരോ ചെറിയ കാര്യങ്ങളുമാണ് ആയത്ത്, അഥവാ സൂചന, അല്ലെങ്കിൽ ദൃഷ്ടാന്തം.

No comments: