Wednesday, April 2, 2025

യുക്തിവാദം: സാമാന്യയുക്തിയായിരിക്കണം. ത്രാസിൻ്റെ സൂചി പോലെയാവണം.

സാമാന്യയുക്തിക്ക് വഴങ്ങുന്നതായിരിക്കുക എന്ന യുക്തിവാദം എല്ലാ കാര്യങ്ങളിലും ശരിയുടെ പക്ഷം പിടിക്കുംവിധം നിഷ്പക്ഷമായി നിൽക്കുക എന്നത് കൂടിയായിരിക്കണം. 

ആ നിലക്ക് യുക്തിവാദവും യുക്തിബോധവും നിങ്ങളെ ശരിയെ മാത്രം മുറുകിപ്പിടിച്ച് എങ്ങോട്ടും എപ്പോഴും ചായുന്ന ത്രാസിൻ്റെ സൂചി പോലെ മാത്രമാക്കും. 

അതിന് ഇന്നലെ മറിച്ചുപറഞ്ഞുപോയി എന്നത് തടസ്സമാകരുത്. 

ഇന്നത്തെ ബോധ്യത വെച്ച് ഇന്നത്തെ ശരി പറയാൻ സാധിക്കണം.

യുക്തിവാദം എന്നാൽ സൗകര്യപൂർവ്വം ഭൂരിപക്ഷ, വലതുപക്ഷ, ഫാസിസ്റ്റ് വാർഗ്ഗീയ ശക്തികൾക്ക് അനുകൂലമായി ചിന്തിക്കുന്നത് മാത്രമാണെന്ന് വരുത്തുന്നതിനെ തിരുത്തുക.

യുക്തിവാദം എന്നാൽ ശരിയുടെ പക്ഷം നിൽക്കലാണെന്നു ഓർമ്മിപ്പിക്കുക. 

യുക്തിവാദം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സമൂഹത്തിനും ജാതിക്കും എതിരെയാണെങ്കിലും ശരി പറയുന്നതായിരിക്കണം.

ഒരുപക്ഷേ ഇന്നലെ വരെ പറഞ്ഞുപോയതിന് വിപരീതമാണെന്ന് വരികിലും ഇന്ന് ബോധ്യമായ ശരി ഇന്ന് പറയുക 

ഭൂതത്തിലെ നിങൾ വർത്തമാനത്തിലെ നിങ്ങൾക്ക് ബാധ്യതയും ഭാരവും തടസ്സവും ആവാതിരിക്കുക കൂടി യുക്തിവാദവും യുക്തിബോധവും ആക്കുക.

നിങ്ങളുടെ അധികാര, സ്ഥാന, മാന, കുടുംബ താത്പര്യങ്ങൾ നിങ്ങളുടെ യുക്തിബോധത്തിനും അന്വേഷണ തൽപരതക്കും നിഴൽ വീഴ്‌ത്താതിരിക്കുക, കാർമേഘം കെട്ടാതിരിക്കുക, അതിർവരമ്പുകൾ ഉണ്ടാക്കതിരിക്കുക.

********

യുക്തിവാദത്തെ ഏതെങ്കിലും ഒരു കുറ്റിയിൽ മാത്രം പിടിച്ചുകെട്ടി ഏകദിശയിൽ നിന്ന് മാത്രം നോക്കി ചിന്തിക്കുന്നവർക്ക് ഇത് മനസ്സിലാവില്ല. 

യുക്തിവാദം മറ്റ് ദിശകൾക്ക് നേരെ അന്ധത പൂകാനുള്ളതാണ് എന്ന് നിർവ്വചിച്ച് മനസ്സിലാക്കിയവർക്ക് ഇത് മനസ്സിലാവില്ല.

അവർക്ക് അവരുടെ സുഖസൗകര്യങ്ങൾ സൂക്ഷിക്കാനുള്ള വഴികൾ മാത്രമാണ് യുക്തിവാദം.

അവർക്ക് യുക്തിവാദം ത്യാഗത്തിൻ്റെ വഴിയല്ല. 

അവർക്ക് യുക്തിവാദം പലപ്പോഴും അവരുടെ തന്നെ ഉളളിൽ ഉറങ്ങിക്കിടക്കുന്ന സവർണ്ണ, വലതുപക്ഷ, ഫാസിസ്റ്റ് വർഗീയതയെ താലോലിച്ച് നടക്കാനുള്ള വഴിയും കൂടിയാണ്.

********

സ്ഥിരം സ്വയം വിചാരണ ചെയ്യുക. 

സ്ഥിരം മനസ്സാക്ഷിയുമായി യുദ്ധം ചെയ്യുക. 

കിട്ടുന്ന സ്ഥാനവും മാനവും സ്വീകാര്യതയും പറയുന്ന കാര്യത്തെ സ്വാധിനിക്കരുത്.

നാം അറിയാതെ പോലും നമുക്ക് കിട്ടുന്ന സ്വീകാര്യതയും ബഹുമാനവും നമ്മെ അടിമയാക്കരുത് എന്നതിനെ ഉറച്ചുപിടിക്കുക. 

നമ്മെ ബഹുമാനിക്കുന്നവർ ഫലത്തിൽ നമ്മെ വരിഞ്ഞുമുറുക്കി നിയന്ത്രിക്കുന്ന നമ്മുടെ യജമാനരും നമ്മൾ അവരുടെ അടിമയും ആയിത്തീരുന്ന സംഗതി നമ്മൾ പോലും അറിയാതെപോകും.

*******

എല്ലാവർക്കും ഇഷ്ടപ്പെടുന്നത് മാത്രം പറയുന്നവരാവുകയും (mealy-mouthed ആവുകയും) എല്ലാവരുടെയും ഇഷ്ടം സമ്പാദിക്കുകയും എളുപ്പം. 

കാപട്യം അതിന് ഏറ്റവും എളുപ്പമുള്ള വഴിയും.

No comments: