ഉണ്ടെങ്കിൽ ഉള്ള
ദൈവമേ നിന്നെ അറിയില്ല.
കണ്ഡനാഡിയോടടുത്തെങ്കിലും,
വാരിപ്പുണർന്നു മുഴുവൻ ചുറ്റിപ്പറ്റി നിൽക്കുകയാണെങ്കിലും
നിന്നെ അറിയില്ല, അറിയാനാവില്ല.
നിന്നെ അറിയാൻ
അമൽ സാലിഹായി,
ചെയ്യേണ്ട പറ്റിയ പണിയായി
എത്രയെല്ലാം മാനങ്ങൾ മുറിച്ചുകടക്കണം,
ഏതെല്ലാം മാനദണ്ഡങ്ങൾ തകർക്കണം
എന്ന് പോലും അറിയില്ല.
വിറക് കത്താതെ,
വെള്ളം തിളക്കാതെ,
പാത്രം ചൂടാവാതെ,
അരിയുടെ സ്വഭാവം നഷ്ടപ്പെടാതെ
ചോറാവില്ലല്ലോ?
എങ്കിൽ
നിന്നെ അറിയാൻ,
നിന്നിലെത്താൻ
ഞാനെന്താവണം?
മാനങ്ങളായ മാനങ്ങൾ മുഴുവൻ മുറിച്ച്
നിന്നെ അറിയാൻ
എന്തെല്ലാം വിറകും വെളളവും
അരിയും പാത്രങ്ങളും
കത്തണം, തിളക്കണം,
ചൂടാവണം, സ്വഭാവം നഷ്ടപ്പെടണം?
എനിക്കെന്നല്ല ആർക്കും
ദൈവമേ നിന്നെ അറിയില്ല.
നിന്നെക്കുറിച്ച ഒരറിവും അറിവല്ല.
അഥവാ നിന്നെക്കുറിച്ച
ഏതറിവാണ് ശരിയായ അറിവെന്നും
ആർക്കും അറിയില്ല.
എല്ലാവരും
അവരവരുടെ മാനം നൽകിയ
കാഴ്ചയുടെ അന്ധതയിൽ,
കാഴ്ച നൽകിയ മറയിൽ
നിന്നെ കാണാതെ, അറിയാതെ.
എല്ലാവരും
അവരുടെ കാഴ്ച മുട്ടുന്നതിനെ
ആകാശമെന്നും
അറിവെന്നും
കാഴ്ചയെന്നും
അവർ വിളിക്കുന്നു.
എനിക്ക് എന്നെത്തന്നെയും അറിയില്ല.
എനിക്കെന്നല്ല
ആർക്കും അവരെത്തന്നെയും
അറിയില്ല.
ഞാൻ ഈ പറയുന്നതും
നി കേൾക്കുന്നുവോ അറിയുന്നുവോ
എന്നുപോലും ഞാൻ അറിയുന്നില്ല.
ഞാനെന്നല്ല ആരും അറിയുന്നില്ല.
എനിക്ക് നിന്നെയും എന്നെയും അറിയില്ലെന്ന്,
എനിക്കെന്നല്ല ആർക്കും അവരെത്തന്നെയും നിന്നെയും അറിയില്ലെന്ന്,
ഉണ്ടെങ്കിൽ ഉള്ള നീ അറിയുകയും ചെയ്യും.
നിന്നെയും എന്നെയും അറിയുന്നത്
ഉണ്ടെങ്കിൽ ഉള്ള നീ മാത്രം.
ഞാൻ നിശ്ചയിച്ച, സംവിധാനിച്ച ഞാൻ ഇല്ല.
നീ നിശ്ചയിച്ച, സംവിധാനിച്ച ഞാനെയുള്ളൂ.
എന്നിരിക്കെ
ഞാൻ നിന്നോട് എന്ത് ചോദിക്കാൻ?
ഞാൻ ചോദിക്കുന്നതാണോ
എനിക്ക് വേണ്ടത്, നല്ലത്
എന്ന് പോലും എനിക്കറിയില്ല.
എന്നിരിക്കെ
എനിക്ക് വേണ്ടിയും
എന്നെക്കുറിച്ചും
നിന്നോട് ഞാൻ
എന്ത് പറയാൻ, ചോദിക്കാൻ?
No comments:
Post a Comment