Monday, April 7, 2025

ഇന്ത്യക്ക് അന്നുമുതൽ ഇന്ന് വരെ സ്വൈര്യം നൽകാതിരുന്നത് ആര്?

സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് അന്നുമുതൽ ഇന്ന് വരെ സ്വൈര്യം നൽകാതിരുന്നത് ആരാണ്? 

വലതുപക്ഷ വർഗ്ഗീയ ഫാസിസ്റ്റ് ഭീകരവാദികൾ. 

മുസ്‌ലിംകളെയും ഇസ്ലാമിനേയും കാണിച്ചും, ഇല്ലാത്തതും പറ്റാത്തതും ഉണ്ടാക്കിയും പറഞ്ഞും സ്വന്തം അജണ്ടകൾ നടപ്പാക്കാൻ വേണ്ടി കലാപ പരിപാടികളും മറ്റും നടത്തിയും അവർ നാടിൻ്റെ സ്വൈര്യം കെടുത്തിക്കൊണ്ടേയിരുന്നു.

********

വിഭജനത്തോട് എതിർപ്പുള്ളവരായിരുന്നില്ല അവർ. 

വിഭജനം മൂലം നടന്ന അക്രണങ്ങളോടും കുരുതികളോടും അങ്ങേയറ്റം ദാഹവും മോഹവും കാണിച്ചു അവർ.

മാനുഷികവികാരവും മാനുഷികമൂല്യവും പൂകാതെ, മനുഷ്യർക്കിടയിൽ ഉണ്ടാക്കാനാവുന്ന എല്ലാ തരം വിഭജനങ്ങളെയും അതുമൂലമുണ്ടാകുന്ന എല്ലാ തരം അക്രമങ്ങളെയും കുരുതികളെയും കലാപങ്ങളെയും അവർ ആഘോഷപൂർവ്വം കൊണ്ടാടി. 

ഒരേയൊരു ദിശ മാത്രം കണ്ട്, ഒരേയൊരു ദിശയിലൂടെ മാത്രം കണ്ട് കാര്യങ്ങളെ അവർ നിരൂപിച്ചു.

വലതുപക്ഷ വർഗ്ഗീയ ഫാസിസ്റ്റ് ഭീകരവാദികൾ അങ്ങനെയായിരുന്നു സ്വാതന്ത്ര്യത്തിന് മുൻപും പിമ്പും ഉടനീളം.

******

ഇന്ത്യാ പാക് വിഭജനം ആഗ്രഹിച്ചവർ തന്നെയാണ് ഇന്നും ഇന്ത്യയിൽ വിഭജന - കലാപ രാഷ്ട്രീയം കളിക്കുന്നത്, കൊണ്ടാടുന്നത്. 

ഏറെക്കുറെ ഇക്കാലമത്രയും ഒളിഞ്ഞും തെളിഞ്ഞും അധികാരം കയ്യാളിയതും അവർ തന്നെ.

മുസ്ലിംകൾ ചോദിച്ചു വിഭജിച്ചു വാങ്ങിയെന്ന് പറയുന്നതിന് പകരം തങ്ങളുടെ വലതുപക്ഷ വർഗ്ഗീയ ഫാസിസ്റ്റ് രാഷ്ട്രീയം കൃത്യമായി നടപ്പാക്കാനുള്ള ഒരിടമായി ഇന്ത്യയെ പൂർണമായും ലഭിക്കാൻ മുസ്‌ലിംകളെ പാക്കിസ്ഥാൻ എന്ന പേരിൽ രാജ്യമുണ്ടാക്കി പറഞ്ഞുവിട്ടു എന്നുവേണം പറയാൻ, കണക്കാക്കാൻ.

വിഭജനം അങ്ങനെയുള്ള വലതുപക്ഷ വർഗ്ഗീയാശക്തിക്കാണ് ഇന്ത്യയിൽ സൗകര്യം ഉണ്ടാക്കിക്കൊടുത്തത്. 

സാങ്കൽപ്പിക അവിഭക്ത ഇന്ത്യായിരുന്നു ഇവിടെ ഉണ്ടായിരുന്നതെങ്കിൽ ഇന്നവർ കളിക്കുന്ന വെറുപ്പിൻ്റെയും വിഭജനത്തിൻ്റെയും കളവിൻ്റെയും ഫാസിസ്റ്റ് രാഷ്ട്രീയം ഒരിക്കലും ഇവ്വിധം കളിക്കാൻ അവർക്ക് കഴിയില്ലായിരുന്നു. 

അതുകൊണ്ട് തന്നെ സംഗതി വ്യക്തമാക്കേണ്ടതാണ്: 

മുസ്ലിംകൾ അല്ലാത്ത ആരുടെയൊക്കെയോ താത്പര്യമായിരുന്നു വിഭജനമെന്ന്. 

മുസ്ലിംകൾ വെറും ഇരകളായി അത്തരക്കാരൊരുക്കിയ വലയിൽ വീണു എന്ന് മാത്രമെന്ന്.

*******

ഇനി തൊട്ടതിനും തീണ്ടിയതിനും തോണ്ടിയിടുന്ന കാശ്മീർ പ്രശ്നം പറയാം. 

പാക്കിസ്ഥാന് കാശ്മീരിൽ ഒരവകാശവും ഇല്ല, നൽകേണ്ടതില്ല എന്ന ഉറച്ച സ്വരത്തോടെ തന്നെ പറയട്ടെ.

കാശ്മീരിൽ കാശ്മീരികളുടെ സ്വപ്നം പൂവണിയണം എന്ന മിനിമം പരിപാടി കാശ്മീരികൾക്ക് ഏതർത്ഥത്തിലും മറ്റേതൊരു സംസ്ഥാനക്കാരെയും പോലെ ആവശ്യപ്പെടാമല്ലോ?

കാശ്മീരികൾക്ക് തുടക്കം മുതൽ അക്കാര്യത്തിൽ അതൃപ്തിയുണ്ടായിരുന്നു എന്ന വസ്തുത നാം അംഗീകരിക്കാതിരുന്നിട്ടോ മറച്ചുപിടിച്ചിട്ടോ കാര്യമില്ല. 

ആ അതൃപ്തി പരിഹരിക്കാനാണ് ആരായാലും ശ്രമിക്കേണ്ടത്.

കാശ്മീരികൾ വഞ്ചിക്കപ്പെട്ടുവെന്ന് കാശ്മീരികൾക്ക് തോന്നിയോ എന്നിടത്താണ് വിഷയം. 

ദൂരെനിന്നും നമുക്ക് എന്ത് തോന്നുന്നു എന്നിടത്തല്ല വിഷയം.

അവർ വഞ്ചിക്കപ്പെട്ടുവെന്ന അവരുടെ തോന്നലും, ഇന്ത്യയിൽ ചേർന്ന് നിൽക്കുമ്പോൾ, അങ്ങനെ നിൽക്കാൻ വേണ്ടി അവർക്ക് കൊടുത്ത വാക്ക് പാലിച്ചില്ലെന്ന തോന്നലും അവർക്കുണ്ട്. 

അത് എങ്ങനേയും പരിഹരിക്കാനുള്ള പരിപാടികൾ നടപ്പാക്കുകയാണ് ഏക പോംവഴി.

അല്ലാതെ പട്ടാളക്കരുത്ത് കൊണ്ടും ആയുധശേഷി കൊണ്ടും അതില്ലെന്ന് വരുത്താൻ ശ്രമിച്ചത് കൊണ്ട് കാര്യമില്ല. 

ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്നത് പോലെ മാത്രമേ അതൊക്കെയാവൂ. 

വെളിച്ചം വരുമ്പോഴൊക്കെയും ഓട്ട പ്രത്യക്ഷമാവും, പുറത്ത് കാണും, പരസ്യമാവും. 

അക്കാര്യത്തിൽ വെളിച്ചത്തെ വെറുത്തത് കൊണ്ടും, വെളിച്ചത്തെ (തീവ്രവാദം, ഭീകരവാദം, രാജ്യദ്രോഹം എന്നിങ്ങനെയുള്ള) ഇരുട്ട് എന്ന് വിളിച്ച് കുറ്റംപറഞ്ഞത്  കൊണ്ടും കാര്യമില്ല.

അത്രയേ ഉള്ളൂ.

*******

നാം ഇപ്പോഴും അതങ്ങനെ തന്നെ തുടരുന്നു. 

കുളിമുറിയിൽ വഴുതിവീണാൽ വരെ പുറമേയുള്ളവരെ കുറ്റംപറയുന്ന ഏർപ്പാട്.

അതൊക്കെ വളരെ തരംതാണതും വളരെ തരംതാണവർക്കിടയിൽ എളുപ്പം ചിലവാകുന്നതുമായ പരിപാടികൾ മാത്രമാണ്. 

അത്തരം രാഷ്ട്രീയം കളിക്കുന്നവർക്ക് വേണ്ടി ഭാഗ്യവശാൽ ഇന്ത്യയിൽ അത്തരം തരംതാണ ജനങ്ങളാണ് മഹാഭൂരിപക്ഷവും.

******

പാക്കിസ്ഥാനെതെരെ ഇന്ത്യയും ഒന്നും ചെയ്യാതെ വെറുതേ നോക്കിനിൽക്കുമെന്നും, അങ്ങനെ വെറുതേ നോക്കിനിൽക്കണമെന്നും ആർക്കെങ്കിലും തോണേണ്ടതുണ്ടോ? 

ഇല്ല.

എല്ലാ രാജ്യങ്ങളും അവർക്ക് വേണ്ട കാര്യങ്ങൾ അതാത് സമയത്ത് വേണ്ടത് പോലെ ശത്രുക്കൾക്കെതിരെയും ശത്രൂരാജ്യങ്ങൾക്കെതിരെയും ചെയ്തിരിക്കും, ചെയ്യണം. 

അതുകൊണ്ടാണല്ലോ നമ്മുടെ രാജ്യവും പ്രതിരോധത്തിന് വേണ്ടിയും ആയുധങ്ങൾക്ക് വേണ്ടിയും രഹസ്യാന്വേഷണ ഏജൻസികൾക്ക് വേണ്ടിയും ഏറ്റവും കൂടുതലായി ചിലവഴിക്കുന്നത്.

അല്ലെങ്കിലും എല്ലാ രാജ്യങ്ങളും അങ്ങനെയൊക്കെ ചെയ്യുമ്പോൾ നമ്മുടെ രാജ്യം മാത്രം എന്തിന് അങ്ങനെ ചെയ്യാതിരിക്കും, ചെയ്യാതിരിക്കണം?

രാഷ്ട്രതന്ത്രജ്ഞതയിൽ സ്വന്തം രാജ്യം സംരക്ഷിക്കാൻ അങ്ങനെ എന്തും ചെയ്യുന്നതും കൂടി പറഞ്ഞിട്ടുള്ളതാണ്.

നമ്മൾ രാഷ്ട്രതന്തജ്ഞതയുടെ ഭാഗമായും അല്ലാതെയും പാക്കിസ്ഥാനെ കുറ്റമാരോപിച്ച് പറയുന്നത് പോലെ തന്നെ, പാക്കിസ്ഥാനിൽ നടക്കുന്ന പല ദുരന്തങ്ങൾക്കും സ്‌ഫോടനങ്ങൾക്കും പിന്നിൽ ഇന്ത്യയാണെന്ന് പാക്കിസ്ഥാനും വെറും വെറുതേ കുറ്റമാരോപിച്ച് പറയും.

എല്ലാ രാജ്യങ്ങളും ശത്രൂരാജ്യങ്ങൾക്കെതിരെ സ്ഥിരം പയറ്റുന്ന പരിപാടിയാണത്.

അങ്ങനെ പരസ്പരം ആരോപിക്കുന്നത് യഥാർത്ഥത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയല്ല ചെയ്യുക, പകരം ഉള്ള പ്രശ്നങ്ങളെ കൂടുതലാക്കുകയും വഷളാക്കുകയും മാത്രം ചെയ്യും.

അങ്ങനെ പരസ്പരം ആരോപിക്കുന്നത് യഥാർത്ഥത്തിൽ നിക്ഷിപ്ത താല്പര്യക്കാരായ ദുഷ്ടലാക്കുകളുള്ള ആരെയൊക്കെയോ സഹായിക്കുകയാണ് ചെയ്യുക.

അതുവെച്ച് , വെറുപ്പും വിഭജനവും വെച്ച്, രാഷ്ട്രീയം കളിക്കാൻ ഉദ്ദേശിക്കുന്നവരെ മാത്രം സഹായിക്കുകയാണ് അത് ചെയ്യുക.

ഒരുതരം പുരോഗമന ക്ഷേമ രാഷ്ട്രീയവും പറയാനില്ലാത്തവരെ സഹായിക്കുക മാത്രം.

അതുകൊണ്ട് തന്നെ ഇതൊക്കെ രണ്ട് രാജ്യങ്ങളിലുമുള്ള വെറുപ്പിൻ്റെയും വിഭജനത്തിൻ്റെയും രാഷ്ട്രീയം വിറ്റ് ജീവിക്കുന്നവർക്ക് നല്ല വിഷയങ്ങൾ. 

അത്രമാത്രം..

******""

കാശ്മീരിൽ എഴുപത് ലക്ഷം ജനങ്ങളെ നോക്കാൻ ഏകദേശം പത്ത് ലക്ഷമോ അതിൽ കൂടുതലോ പട്ടാളക്കാർ ഉണ്ടെന്ന് കേൾക്കുന്നു.

എന്നുവെച്ചാൽ ഏഴാൾക്ക് ഒരു പട്ടാളക്കാരൻ എന്ന നിലക്കുണ്ട് കാശ്മീരിലെ പട്ടാളസാന്നിധ്യം.

എന്തുകൊണ്ട് കാശ്മീരിൽ ഇങ്ങനെ സംഭവിക്കുന്നു, ഇങ്ങനെ ഇത്രമാത്രം പട്ടാളം ആവശ്യമാവുന്നു?

അതിർത്തി സംസ്ഥാനമായത് കൊണ്ട് മാത്രമാണോ?

അല്ല. 

കാശ്മീർ മാത്രമല്ലല്ലോ ഇന്ത്യയിൽ അതിർത്തി സംസ്ഥാനമായുള്ളത്.

കാശ്മീരിൻ്റെ അതൃപ്തിയെ വേരിൽ ചെന്ന് കാണാത്തത് കൊണ്ടും, വേരായ കാരണത്തെ ഇല്ലാതാക്കും വിധം പരിഹരിക്കാത്തത് കൊണ്ടും മാത്രം.

ശിഖരത്തിൽ പെയിൻ്റടിച്ച്, പൂക്കളും പഴങ്ങളും കെട്ടിത്തൂക്കി ഭംഗിയാക്കി കാണിച്ചത് കൊണ്ട് മാത്രം.

അതൊക്കെ കൊണ്ട് കാര്യമുണ്ടാവുമോ? 

സസ്യത്തിന് വളവും വെളളവും കൊടുക്കുന്നത് അങ്ങനെ ശിഖരത്തിലാണോ? 

പുറംമോഡി കൊണ്ടും ശക്തി കൊണ്ടുമുള്ള അടിച്ചമർത്തൽ യഥാർത്ഥ പ്രശ്നങ്ങൾക്കുള്ള പരിഹാരമാവില്ല.

ലോകത്ത് എവിടെയുണ്ട് അങ്ങനെ ഏഴാൾക്ക് ഒരു പട്ടാളക്കാരൻ എന്ന അനുപാതത്തിലുള്ള പട്ടാളവിന്യാസം?

ഒരു മില്യൺ പട്ടാളം എന്നത് തന്നെ പല രാജ്യങ്ങൾക്കും ഇല്ല.

കാശ്മീരിൽ സമാധാനം കൈവരിച്ചു, എല്ലാം ഭംഗിയായി എന്ന വീരവാദം പറയുന്നത് കൊണ്ട് മാത്രം ഉണർത്തിയതാണ്, ചോദിച്ചുപോകുന്നതാണ്.

ഒരു മില്യാണോ അതിൽ കുറവോ പട്ടാളക്കാർ തന്നെ കോൺഗ്രസ്സ് ഭരിച്ച കാലത്തും അവിടെ ഉണ്ടായിരുന്നു.

പിന്നെന്ത് വ്യത്യാസവും പുരോഗതിയുമാണ് ഇപ്പൊൾ ഭരിക്കുന്നവർ കാശ്മീരിൽ ഉണ്ടായെന്ന് അവകാശപ്പെടുന്നത്?

അവിടെ വോട്ട് ചെയ്യുന്നത് പോലും പട്ടാളക്കാർ ആണെന്ന വിവാദവും ഇതുകൊണ്ടാണ് ഉന്നയിക്കപ്പെടുന്നത്.

*******

പാക്കിസ്ഥാൻ വിരോധവും മുസ്‌ലിം വിരോധവും ഒക്കെ എത്ര കാലം ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും?

എന്തിന്...?

നാട്ടിൽ എപ്പോഴും വെറുപ്പും വിഭജനവും ഉണ്ടാക്കാനോ?

കലാപ അന്തരീക്ഷം എപ്പോഴും നിലനിർത്താനോ?

വെറുപ്പും വിഭജനവും ആണ് വിവരംകെട്ട ജനങ്ങൾക്കിടയിൽ വേഗം ചിലവാകുന്ന ഭക്ഷണം എന്ന് മനസ്സിലാക്കിക്കൊണ്ടാണോ? 

അങ്ങനെ എളുപ്പം അധികാരം നേടാം, നിലനിർത്താം എന്നറിയുന്നത് കൊണ്ടാണോ?

ആ വഴിയിൽ ഉള്ളറരഹസ്യം മനസ്സിലാകാതെ പലരും.... ഒന്നുകിൽ വക്താവായിക്കൊണ്ട്, അല്ലെങ്കിൽ ഇത്തരം പ്രചാരണങ്ങളുടെ ഇരയായി, അവ വിശ്വസിച്ച് കൊണ്ടുനടക്കുന്നവരായിക്കൊണ്ട്.

********

വെറുപ്പ് രാഷ്ട്രിയത്തിൻ്റെ പ്രധാന പരിപാടിയും ആയുധവും വ്യക്തിപരമായും അല്ലാതെയും ആക്ഷേപിച്ചു കൊണ്ടും ആരോപിച്ച് കൊണ്ടും സംസാരിക്കുക എന്നത് തന്നെ.

ഇത്തരം വെറുപ്പ് മാത്രമായ ആശയം ഉളളിൽ കടന്നവർക്ക് അതേ സാധിക്കൂ...

ഇവിടെ ഒരു മുസ്ലിമും പാക്കിസ്ഥാനെ കേൾക്കുന്നില്ല, വിശ്വസിക്കുന്നില്ല. 

പാക്കിസ്ഥാനെ കേൾക്കേണ്ട, അനുകൂലിക്കേണ്ട ആവശ്യവും ഇന്ത്യയിലെ ഒരു മുസ്ലിമിനും ഒരുനിലക്കും ഇല്ല

ഇന്ത്യയിൽ വെറുപ്പിൻ്റെയും വിഭജനത്തിൻ്റെയും രാഷ്ടീയം കളിക്കാൻ ഉദ്ദേശിക്കുന്ന വിഭാഗത്തിനാണ് പാക്കിസ്ഥാൻ എപ്പോഴും ആവശ്യം. 

അവർക്കാണ് പാക്കിസ്ഥാനെ കേൾക്കേണ്ട, വിശ്വസിക്കേണ്ട ആവശ്യം.

*******

ഇന്ത്യയിൽ വിഭജനവും വെറുപ്പും നിറച്ച രാഷ്ട്രീയം കളിക്കാൻ പാകിസ്ഥാനെ മാത്രം സാകൂതം വീക്ഷിക്കുന്നവരും കേൾക്കുന്നവരും അവരെ പോലെയുള്ളവരും മാത്രം അറിയുന്നു, കേൾക്കുന്നു പാക്കിസ്ഥാൻ എന്ത് പറയുന്നുവെന്ന്.

അല്ലാതെ ഇവിടെയാർക്കാണ്, എന്തിനാണ് പാക്കിസ്ഥാൻ വിഷയമാകുന്നത്? 

ഇവിടെ ആര് കേൾക്കുന്നു പാക്കിസ്ഥാനെ?

*******

എപ്പോഴും പാക്കിസ്ഥാനും മുസ്‌ലികളും ആണ് അത്തരക്കാർക്ക് വിഷയം. 

ഇന്ത്യയും ഇന്ത്യയുടെ പുരോഗതിയും ഇന്ത്യക്കാരുടെ ക്ഷേമവും ഒന്നുമല്ല അവരുടെ വിഷയം.  

ഇന്ത്യയുടെ പുരോഗതിയും ഇന്ത്യക്കാരുടെ ക്ഷേമവും ഒക്കെ അവരുടെ പാർട്ടി പറയുന്നത് പോലെയങ്ങ് വിശ്വസിക്കും. 

അവരുടെ വയറുനിറക്കാൻ വെറുപ്പും വിഭജനചിന്തയും തന്നെ എത്രയോ ധാരാളം.

അത്രക്ക് മസ്തിഷ്കപ്രക്ഷാളനം ചെയ്തവരായിപ്പോയിരിക്കുന്നു അവർ.

എന്തിനും ഏതിനും പാക്കിസ്ഥാൻ, മുസ്‌ലിം മാത്രം മതി അവർക്ക് വിഷയമായി.

ഇവ്വിധം സ്വയം വെറും വിഷമായിരിക്കുന്നു എന്നറിയാത്ത ആളുകൾ അവർ മാത്രം.

കൊതുകിന് ചോര തന്നെ എവിടെയും നോട്ടം എന്നാവും പോലെയാണ് അവരുടെ ഏത് കാര്യത്തിലുമുള്ള കാര്യവും നോട്ടവും നിലപാടും.

No comments: