Saturday, September 9, 2023

എന്താണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നാൽ?

ഇനിയങ്ങോട്ട് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നും പറയേണ്ടി വരില്ല.

ഒരു രാജ്യം എന്നത് മാത്രമാവും.  

അധികാരികൾ അധികാരികൾക്ക് വേണ്ടി കണക്കാക്കുന്നത് പോലെയൊരു രാജ്യം.

എന്തിനും ഏതിനും വികാരം കൊള്ളുന്ന ജനങ്ങളെ അക്കാര്യത്തിലും വികാര ഭരിതരാക്കിക്കൊണ്ട്, വിഡ്ഢികൾ ആക്കിക്കൊണ്ട് 

തെരഞ്ഞെടുപ്പും വോട്ടും ഒക്കെ അധികാരികൾ അധികാരികൾക്ക് വേണ്ടി നടത്തുന്ന നാടകങ്ങൾ മാത്രമാവും. ജനങ്ങളുടെ അനുവാദം വേണ്ട. അവർക്ക് വേണ്ട ജനങ്ങളുടെ അനുവാദം അവർ ഉണ്ടാക്കിക്കൊള്ളും 

******

എന്താണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നാൽ?

ജനങ്ങൾ കൂടുതൽ കൂടുതൽ നോക്കുകുത്തികളാവുക എന്നതാണത്. 

ഒരിക്കൽ തെരഞ്ഞെടുത്താൽ അഞ്ച് കൊല്ലത്തേക്ക് ഭരിക്കുന്നവരെ കുറിച്ച് അന്വേഷിക്കരുത്, അവരെ തിരിഞ്ഞു നോക്കാൻ കിട്ടില്ല, ഭരിക്കുന്നവർ നിങ്ങളെയും തിരിഞ്ഞുനോക്കില്ല.

ജനാധിപത്യമെന്നാൽ അഞ്ച് കൊല്ലം കൂടുമ്പോൾ വെറും വെറുതെയങ്ങ് വോട്ട് ചെയ്യുക. പിന്നീടൊരു ചോദ്യവും ഉത്തരവും ഇല്ല. 

ജനാധിപത്യമെന്നാൽ കുറച്ച് പേരെ അധികാരം ഏൽപിക്കുന്ന പരിപാടി മാത്രം. 

അല്ലാതെ പൊതുജനം കഴുതകൾക്ക് ജനാധിപത്യത്തിൽ ഒന്നും ചെയ്യാനും പറയാനുമില്ല. 

ഏറിയാൽ അധികാരികൾക്കും അവരുടെ പാർട്ടികൾക്കും അവരെ സേവിക്കേണ്ട ഉദ്യോഗസ്ഥർക്കും അവർ തന്നെ യഥേഷ്ടം നിശ്ചയിക്കുന്ന നികുതി ജനങ്ങൾ അടച്ചുകൊടുക്കുക.

കുറുക്കന്മാരായ കള്ളന്മാർക്ക് പാവങ്ങളായ കോഴികൾ നിർബന്ധമായും അഞ്ച് കൊല്ലത്തേക്ക് തങ്ങളുടെ വീടായ രാജ്യത്തിൻ്റെയും അധികാരത്തിൻ്റെയും വാതിൽ തുറന്ന് കൊടുക്കുക, താക്കോൽ ഏൽപ്പിക്കുക. 

എല്ലാറ്റിനും മേൽ കേന്ദ്രം മാത്രമാവുക. 

കേന്ദ്രത്തിന് കൂടുതൽ കൂടുതൽ അധികാരം കിട്ടുക. 

ഇടക്ക് എന്ത് സംഭവിച്ചാലും കേന്ദ്രം മാത്രം വന്ന് ഇടപെട്ട് കേന്ദ്രഭരണം നേരിട്ട് നടത്തുക.

ഇടക്ക് എന്ത് സംഭവിച്ചാലും മറിച്ചൊരു അധികാരമാറ്റം സാധ്യമല്ല എന്ന് വരിക. ജനങ്ങൾ എല്ലാം സഹിച്ചുകൊള്ളുക.

ജനങ്ങൾക്ക് ആകയാലുള്ള പണി അഞ്ച് വർഷം കൂടുമ്പോൾ വോട്ട് ചെയ്യുക മാത്രം.

അധികാരം ജനങ്ങളുടെ കയ്യിലല്ല എന്ന് വരിക. വോട്ടിടാനുള്ള ത് പോലും അവകാശമല്ല, ഭരണകൂടം തരുന്ന ഔദാര്യം എന്ന് വരിക, വരുത്തുക.

അഞ്ച് വർഷം കൂടുമ്പോൾ വോട്ട് ചെയ്യാനുള്ള പണി മാത്രം ജനങ്ങൾക്ക്. 

വോട്ട് ചെയ്യുന്നത് വലിയ അധികാരവും അവകാശവും ആണെന്ന് ജനങ്ങൾ ധരിച്ചു കൊള്ളുക.

വോട്ട് ചെയ്താലും ഇല്ലെങ്കിലും അധികാരികൾ അധികാരം കയ്യാളും 

*******

അവിടെയാണ് കെജ്രിവാൾ പറഞ്ഞത് കുറച്ചെങ്കിലും ശരിയാവുന്നത്. 

വേണ്ടത് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അല്ല.

പകരം വേണ്ടത് ഒരു രാജ്യം ഒരു വിദ്യാഭ്യാസമാണ്.

പകരം വേണ്ടത് ഒരു രാജ്യം ഒരു ചികിത്സയാണ്.

സമ്പന്നനും രാഷ്ട്രീയ നേതാവിനും പാവപ്പെട്ടവനും ഇന്ത്യയിലാകെയും ഒരേയൊരു ചികിത്സ, വിദ്യാഭ്യാസ രീതികൾ, സൗകര്യങ്ങൾ ലഭ്യമാവണം. 

ഇന്ത്യക്കാരായ എല്ലാ കൂട്ടർക്കും ഓരുപോലെ ചികിത്സയും വിദ്യാഭ്യാസവും ലഭ്യം എന്ന് വരേണം.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് നിങ്ങളിൽ നിന്നും ജനാധിപത്യത്തേയും ജനനേതാക്കളെന്ന് പറയുന്ന വഞ്ചകരെയും ഒന്നുകൂടി അകറ്റി നിർത്താനും അവരുടെ ഉത്തരവാദിത്തം ഒന്നുകൂടി കുറച്ച് കൊണ്ടുവരാനുമാണ്. 

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് അധികാരത്തെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കാനാണ്.

അല്ലാതെ ചിലവ് കുറക്കാനല്ല. ജനങ്ങൾക്ക് ഒരുപകാരവും ചെയ്യാനല്ല.

No comments: