ഇതല്ല ഇതല്ല എന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന, എവിടെയും തങ്ങിനിൽക്കാത്ത നിതാന്തമായ അന്വേഷണത്തിൻ്റെ വഴിയും ധർമ്മവും ദർശനവും ജീവിത രീതിയുമാണ് സനാതനധർമ്മം.
അത് നാല് വരിയിലും നാല് ചുമരുകൾക്കിടയിലും വരില്ല..
അതുകൊണ്ട് തന്നെയാണ് സനാതനധർമ്മം എല്ലാം ഉൾകൊള്ളാൻ ശ്രമിച്ചത്.
എവിടെ എവിടെ എന്നന്വേഷിച്ച് കൊണ്ട്.
എവിടെയും ആവാം, എവിടെയും ഉണ്ടാവാം എന്ന ധാരണയും ദർശനവും വെച്ച്.
*******
എന്താണ് സനാതനധർമ്മം?
വസ്തുനിഷ്ഠമായി പറയേണ്ട ഒന്നല്ല സനാതനധർമ്മം.
ഇതാണ്, ഇത് മാത്രമാണ്, ഇങ്ങനെയാണ്, ഇങ്ങനെ മാത്രമാണ്, ഇതല്ലാത്തതില്ല എന്ന് പറയും പോലെ പറയേണ്ട ഒന്നല്ല സനാതനധർമ്മം?
എല്ലാമായിരിക്കുകയും ഒന്നുമല്ലാതിരിക്കുകയും കൂടിയാണ് സനാതനധർമ്മം?
അതിനാൽ തന്നെ എല്ലാറ്റിനെയും ഉൾകൊള്ളാനും സ്വാംശീകരിക്കാനുമുള്ള കഴിവ് സനാതനധർമ്മത്തിന് സ്വന്തം.
എല്ലാറ്റിനെയും ഉൾകൊള്ളാനും സ്വാംശീകരിക്കാനുമുള്ള കഴിവാണ് യഥാർത്ഥ സനാതനധർമ്മം.
അതാണ് ഇവിടെ ശരിയായ സനാതനധർമ്മമായി നിലകൊണ്ടത്.
അങ്ങനെ ഉൾകൊള്ളപ്പെട്ടത് മുഴുവൻ ആ സ്വാംശീകരണ സ്വഭാവത്തേയും നിഷേധിക്കുന്നതായെന്നത് വേറെതന്നെ ചർച്ച ചെയ്യേണ്ട വിഷയം
ബാക്കിയെല്ലാം സനാതനധർമ്മത്തിനുള്ളിലും മുകളിലും ഒഴുകിവന്നു പോകുന്നവ മാത്രം.
മാറുന്നതും മാറ്റത്തിന് തയ്യാറാവുന്നതും സനാതനമായി നിന്നു. സ്വയം എല്ലാറ്റിലും എവിടെയും ശരിയും സത്യവും അന്വേഷിച്ചും കണ്ടെത്തിയും.
ഒഴുക്കിലെ ചവറുകൾ പോലെ, ഒഴുക്ക് കൊണ്ടുവരുന്ന പല സംഗതികളിൽ ചിലത് മാറി മാറി പോയവയൊക്കെ.
സനാതനധർമ്മം നൽകുന്ന സ്വാതന്ത്ര്യം, സ്വതന്ത്രചിന്ത, സഹിഷ്ണുത. അതുണ്ടാക്കുന്ന വൈവിധ്യം.
അതാണ് സനാതനമായത്. ഒഴുക്ക് സാധ്യമാക്കുന്നത്.
അതുകൊണ്ടാണ് മറ്റൊരു രാജ്യത്തും ഇല്ലാത്തവിധം എല്ലാ മതങ്ങളും ദർശനങ്ങളും വ്യത്യസ്തമായ വഴികളും ഒരുമിച്ച് ഇന്ത്യയിൽ നിന്നത്, നിൽക്കുന്നത്.
മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ സാധിക്കാത്തവിധം ഒരുകുറേ മതദർശന ശാഖകൾക്ക് ജന്മം നൽകിയ നാടായി ഇന്ത്യ മാറിയതും വളർന്നതും നിലനിന്നതും നിലനിൽക്കുന്നതും അതുകൊണ്ടാണ്.
ബാക്കിയുള്ള രാജ്യങ്ങളിൽ വ്യത്യസ്ത മതവിഭാഗങ്ങൾ വളരേ കുറവ്.
അഥവാ ബാക്കിയുള്ള രാജ്യങ്ങളിൽ വ്യത്യസ്ത മതവിഭാഗങ്ങൾ ഇപ്പോഴുണ്ടെങ്കിൽ അത് ഈയടുത്തകാലത്ത് നടന്ന ജോലി അന്വേഷിച്ചുള്ള പോക്കുവരവ് കൊണ്ട് മാത്രം.
അതുകൊണ്ട് തന്നെ സനാതനധർമ്മം സങ്കുചിതമല്ല, സങ്കുചിത നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി ബലിയാടാവേണ്ട സംഗതിയല്ല, സങ്കല്പമല്ല.
*******
No comments:
Post a Comment