Tuesday, September 12, 2023

വിവരക്കേട് തന്നെ നിഷ്കളങ്കത. തുറന്ന പറമ്പ്. മാനിക്കാം. പക്ഷേ.....

നിഷ്കളങ്കതയെ മാനിക്കാം. 

പക്ഷേ,.... 

നിഷ്കളങ്കതയെ എപ്പോഴും ഒഴികഴിവാക്കിക്കൊടുക്കാൻ സാധിക്കുമോ?

അങ്ങനെ നാം ഒഴികഴിവാക്കിക്കൊടുക്കുന്നതാണ് ക്രൂരരായ പുരോഹിത രാഷ്ട്രീയ അധികാരികൾ അവർക്കുള്ള കോണിയും ആയുധവുമായി നിഷ്കളങ്കതയെ ഉപയോഗിച്ചത്, ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.

നിഷ്കളങ്കത എന്ന് പറയപ്പെടുന്ന വിവരക്കേട് ഒരു തുറന്ന പറമ്പാണ്. പുറമ്പോക്ക് പോലെ ഏറെയുള്ള തുറന്ന പറമ്പ്.

നിഷ്കളങ്കത എന്ന ആ തുറന്ന പറമ്പിൽ ആർക്കും എന്തിനും കയറിക്കളിക്കാം. 

ഏത് എലിക്കും പാമ്പിനും ചിതലിനും നായക്കും കാക്കാക്കും കൂറക്കും കയറി എന്തും ഏതും ചെയ്യാവുന്ന ഒരു തുറന്നയിടം  നിഷ്കളങ്കത എന്ന വിവരക്കേട്.

ആദ്യമേ ആരവിടെ കയറിക്കളിക്കുന്നുവോ അവരവിടെ ആധിപത്യം ഉറപ്പിക്കും. 

അവർ നിഷ്കളങ്കതയെ അവർക്ക് വേണ്ടവിധം, അവരെത്തന്നെ വളർത്തും വിധം ഉപയോഗിക്കും. 

നിഷ്ക്കളങ്കത അവരെ നശിപ്പിക്കുന്നവർക്ക് വളവും വെള്ളവുമാവും. 

കാരണം,

നിഷ്കളങ്കത എന്ന വിവരക്കേടിന് സ്വന്തമായ വിവരമോ വിവേചനമോ തീരുമാനാധികാരമോ വിവേകമോ ഇല്ലാത്തത് കൊണ്ട് തന്നെ സ്വന്തമായ തീരുമാനമോ വിവേചനമോ വെച്ച് ഒരു നിശ്ചിത തീരുമാനമോ വൃത്തിയാക്കൽ പ്രക്രിയയോ നടത്താൻ സാധിക്കില്ല. 

അതുകൊണ്ട് തന്നെ നിഷ്കളങ്കത ഫലത്തിൽ മഹാദുഷ്ട മനസ്സിൻ്റെ, അക്രമത്തിൻ്റെ എല്ലാ പണിയും ചെയ്യും. നിഷ്കളങ്കത ഫലത്തിൽ എല്ലാ പണികളും നടത്തുന്ന കേളിരംഗമായിമാറും. 

വിവരക്കേട് തന്നെയായ, എന്ത് എന്തിന് എന്നറിയാത്ത നിഷ്ക്കളങ്കത പല ദുഷ്ടലക്ഷ്യങ്ങൾക്കുമുള്ള ചട്ടുകമായി മാറും. 

ഇന്ത്യ പോലുള്ള വലിയ രാജ്യം അഭിമുഖീകരിക്കുന്നത് വലിയൊരു സമൂഹത്തിൻ്റെ വിവരക്കേട് തന്നെയായ നിഷ്കളങ്കത ഉണ്ടാക്കുന്ന ഈ വലിയ അപകടമാണ്. 

പുറമ്പോക്ക് തന്നെയായ മഹാഭൂരിപക്ഷത്തിൻ്റെ വിവരക്കേട് തന്നെയായ നിഷ്കളങ്കതയെ ക്രൂരമായ നിഗൂഡ അജണ്ടകളുള്ള അധികാരരാഷ്ട്രീയം വളരെ ഭംഗിയായി ഉപയോഗിക്കും. 

നിഷ്കളങ്കരെ തന്നെ നശിപ്പിക്കും വിധം സുഖിപ്പിച്ചു കൊണ്ട്, അതേ പാവം നിഷ്കളങ്കർക്കെതിരെ അവരെ തന്നെ ഉപയോഗിക്കുന്നതിൻ്റെ വലിയ അപകടം ഇന്ത്യയും ഇന്ത്യ പോലുള്ള വിവരക്കേടിന് നാല് കാലുകൾ വെച്ച രാജ്യങ്ങളും കൃത്യമായി അനുഭവിക്കുന്നു. 

യാഥാസ്ഥിതിക മതതീവ്രവാദവും പൗരോഹിത്യവും അന്ധമായ രാഷ്ട്രീയവും വർഗീയതയും ഒക്കെ പന്തലിട്ടുവളരുന്നത് ഇതേ വിവരക്കേട് തന്നെയായ, തുറന്ന ഇടമായ നിഷ്കളങ്കതയിലാണ്, നിഷ്കളങ്കതയെ ഉപയോഗിച്ചുകൊണ്ടാണ്.

*******

നിഷ്കളങ്കത വിവരക്കേടുമായി ഒന്നിച്ചാണുണ്ടാവുക എന്നത് നിഷ്കളങ്കതയുടെ ഒരു വലിയ പ്രത്യേകതയാണ്. നിഷ്കളങ്കത നിഷ്കളങ്കതയാക്കുന്ന പ്രത്യേകതയാണത്. 

എന്നല്ല വിവരക്കേട് തന്നെയാണ് പലപ്പോഴും നിഷ്കളങ്കത. അതാത് കാര്യത്തിലുള്ള നിഷ്കളങ്കത. ചെയ്യേണ്ടുന്ന കാര്യത്തിന് വേണ്ടത്ര വളരായ്‌ക എന്ന നിഷ്കളങ്കത.

എന്ന് മാത്രമല്ല വിവരക്കേടിനെ മുറുകിപ്പിടിക്കാനും നിലനിർത്താനും തെല്ലും മാറാതിരിക്കാനുമാണ് വിവരക്കേട് തന്നെയായ നിഷ്കളങ്കത മിക്കവാറും വാശിപിടിക്കുക. 

യാഥാസ്ഥിതിക തയെന്ന് നാം ഓമനിച്ച് വിളിക്കുന്ന വിശേഷണം വിവരക്കേട് താന്നെയായ നിഷ്കളങ്കതയുടെ രീതിയാണ്, കരുത്താണ്.

ഏറെക്കുറെ കൃത്യമായ അറിവുകേടും വേണ്ട വളർച്ച എത്തായ്‌കയും അതുണ്ടാക്കുന്ന അപക്വതയും അവിവേകവുമാണ് നമ്മൾ നിഷ്കളങ്കത എന്ന ഓമനപ്പേരിൽ കൊണ്ടാടുന്നത്, വിശേഷിപ്പിക്കുന്നത്.

എന്തെല്ലാം തെറ്റുകൾ ചെയ്തെന്ന് പറഞ്ഞാലും നിഷ്കളങ്കത സ്വർഗ്ഗം തന്നെയാണെന്നും നിഷ്കളങ്കത  സ്വർഗത്തിലേക്കാണെന്നും നാം പറയും, നമുക്ക് പറയാം. 

സ്വന്തം മനസ്സാക്ഷിയോട് അവർ കളവ് ചെയ്യുന്നില്ല, ബോധ്യപ്പെട്ടതിന് വിരുദ്ധമായ എന്തെങ്കിലും ചെയ്യുന്നില്ല, ആ നിലക്ക് കുറ്റബോധവും സംഘർഷവും പേറുന്നില്ല എന്നതൊക്കെ നിഷ്കളങ്കതക്ക് ന്യായമാക്കിക്കൊണ്ട്. 

യഥാർഥത്തിൽ വിവരക്കേട് തന്നെയായ നിഷ്കളങ്കതക്ക് ബോധ്യത എന്നത് തന്നെയില്ല.  

നിഷ്കളങ്കർക്കൊന്നും ബോധ്യപ്പെടുന്നില്ല. 

നിഷ്കളങ്കർ വെറും വെറുതേ തെറ്റിദ്ധരിക്കുക മാത്രമാണ്. 

നിഷ്കളങ്കർ ചിന്തിക്കുന്നുമില്ല വിശ്വസിക്കുന്നു മില്ല. 

നിഷ്കളങ്കർ അന്ധമായി പിന്തുടരുന്നു, യന്ത്രസമാനമായി പ്രവർത്തിക്കുന്നു, യാന്ത്രികമായി അനുകരിക്കുന്നു.

അവർ കളവ് ചെയ്യുന്നില്ല, ബോധ്യപ്പെട്ടതിന് വിരുദ്ധമായ ഒന്നും ചെയ്യുന്നില്ല, കുറ്റബോധവും സംഘർഷവും പേറുന്നില്ല എന്നതൊക്കെ നിഷ്കളങ്കതക്ക് ന്യായമാക്കിക്കൊണ്ട് വസ്തുനിഷ്ഠ ലോകത്ത് നിന്ന് വസ്തുതാപരമായി നമുക്ക് നോക്കിപ്പറയാൻ സാധിക്കും. 

വളർച്ച പ്രാപിക്കാത്ത കുട്ടികളുടെ കാര്യത്തിൽ ഒരളവോളം ഇവ ശരിയുമാണ്. 

വളർച്ചക്കനുസരിച്ച വിവരമേ സാധാരണഗതിയിൽ ഉണ്ടാവൂ, സാധിക്കൂ എന്നതിനാൽ. 

അഥവാ പ്രായത്തിനനുസരിച്ചത് മാത്രമേ ഉണ്ടാവൂ, സാധിക്കൂ എന്നതിനാൽ.

അതിനാൽത്തന്നെ ഒന്ന് ചോദിക്കണം. 

വളർന്നിട്ടും  വിവരമില്ലാത്തവൻ്റെ, ചുറ്റുവട്ടത്ത് വിവരമുണ്ടായിട്ടും അത് നേടാത്തവൻ്റെ, സ്വാംശീകരിക്കാത്തവൻ്റെ നിഷ്കളങ്കത  കുട്ടികളുടെതു പോലെയാണോ? 

എന്ത് പറയണം എന്നറിയില്ല. 

വളർന്നിട്ടും  വിവരമില്ലാത്തവൻ്റെ നിഷ്കളങ്കത അവർ വലിയ നിലപാടായി സ്വന്തം വിവരക്കേടിനെ കൊണ്ടുനടക്കുന്നത് മേൽപറഞ്ഞത് പോലെ, കുട്ടികളുടെത് പോലുള്ള നിഷ്കളങ്കതയാണോ ? 

പലപ്പോഴും ക്രൂരരായ അധികാരികൾക്കും പുരോഹിതർക്കും ഫാസിസ്റ്റുകൾക്കും ഒപ്പമാണ് ഈ വിവരക്കേട് തന്നെയായ വളർന്നവൻ്റെ നിഷ്ക്കളങ്കത എക്കാലത്തും നിന്നത്. 

വളർന്നവൻ്റെ നിഷ്ക്കളങ്കത എപ്പോഴും  ക്രൂരമായ പൗരോഹിത്യത്തിനും അധികാരത്തിനും ശക്തിപകരുന്ന മുതൽക്കൂട്ട് മാത്രമായിരുന്നു, മാത്രമാണ്.

അറിവില്ലായ്മ നൽകുന്ന നിഷ്കളങ്കത യോഗ്യതയായ ജനങ്ങൾ കരൂരരായ രാഷ്ടീയനേതൃത്വത്തിനും ഭരണാധികാരികൾക്കും മുതൽക്കൂട്ടാണ്, കരുത്താണ്, ധൈര്യമാണ്, അധികാരം വിളയുന്ന കൃഷിയിടമാണ്. 

No comments: