Tuesday, September 5, 2023

ഇന്ത്യയുടെ പേര് ഭാരതം എന്നായാൽ തൊഴിലില്ലായ്മ കുറയില്ല. നികുതി കുറയില്ല.

ഇന്ത്യയുടെ പേര് ഭാരതം എന്നാക്കുമ്പോഴും അതിൽ നാം എന്തോ വലിയ കാര്യം നടക്കുന്നു എന്ന മട്ടിൽ വല്ലാതെ വികാരം കൊള്ളുമ്പോഴും നാം ഒന്നറിയാതെ പോകരുത്.

വിശപ്പിൻ്റെ പട്ടികയിൽ ഇന്ത്യ പാവപ്പെട്ട വരെന്ന് നാം കണക്കാക്കുന്ന അയൽരാജ്യങ്ങളെക്കാൾ വരെ എത്രയോ മോശമാണ്, പിറകിലാണ്.

ഇവിടെ ഒന്നും മാറാതെ പേര് മാത്രം മാറ്റി എല്ലാം മാറ്റിയെന്ന് തോന്നിപ്പിക്കുകയാണ്.

******

ഇന്ത്യയുടെ പേര് ഭാരതം എന്നാവുന്നത് കൊണ്ട് 

നിത്യോപയോഗ സാധനങ്ങളുടെ വില കുറയില്ല. 

പെട്രോൾ ഡീസൽ വില കുറയില്ല. 

തൊഴിലില്ലായ്മ കുറയില്ല. 

നികുതി കുറയില്ല.

അപരമത വിദ്വേഷവും വെറുപ്പും കുറയില്ല. 

എല്ലാം കൂടുക മാത്രം ചെയ്യും.

******

പിന്നെ, ഇന്ത്യയുടെ പേര് ഭാരതം എന്ന് മാറ്റുന്നതിന് എന്തായിരിക്കണം ന്യായം?

മാറ്റുന്നു എന്നത് മാത്രമായിരിക്കണം പേര് മാറ്റുന്നതിന് ന്യായം. 

ഏറിയാൽ നമ്മുടെ ഉച്ചാരണ ഉപയോഗ സൗകര്യത്തിന് വേണ്ടി മാറ്റുന്നു എന്ന് മാത്രം. പണ്ട് ഇംഗ്ലീഷുകാർ അവരുടെ ഉച്ചാരണ സൗകര്യത്തിന് വേണ്ടി മാറ്റിയത് പോലെ.


അല്ലാതെ മറ്റൊരു ന്യായവും കാര്യമായി പേര് മാറ്റത്തിന് നിലനിൽക്കുന്നതല്ല. 

മറ്റുളള ന്യായങ്ങൾ ഒക്കെയും ഒരേറെ തർക്കവിതർക്കത്തിന് കാരണമാവുകയും ചെയ്യും. 

അല്ലാത്ത ഒരായിരം കാരണങ്ങളും ന്യായങ്ങളും ഒരായിരം പേർക്ക് ഒരായിരങ്ങൾ ഉണ്ടാവുകയും ചെയ്യും.

അന്യനാട്ടുകാർ ഉപയോഗിച്ച പേരാണ് ഇന്ത്യ അതിനാൽ അത് മാറണം എന്നത് ന്യായമല്ല.

നമ്മുടെ പേര് നമ്മൾ തന്നെ ഇടണം, വിളിക്കണം എന്ന ന്യായവും ന്യായമല്ല.

നമ്മുടെയൊക്കെ പേര് അന്യർ വിളിക്കുന്നത് തന്നെയാണ്. അന്യർ ഇട്ടത് തന്നെയാണ്.

എൻ്റെ പേര് ഞാൻ തന്നെ എന്നെ വിളിച്ച പേരല്ല.

മറ്റാരൊക്കെയോ ഇട്ടതും വിളിച്ചതും അങ്ങനെ ആയതും കേട്ട് ശീലിച്ചതുമാണ് എൻ്റെ പേര്. കേട്ട് ശീലിച്ച ത് കൊണ്ട് എൻ്റെ പേരായി മാറിയതുമാണ്

സൂര്യനെ സൂര്യനെന്നും ചന്ദ്രനെ ചന്ദ്രനെന്നും ചന്ദ്രനും സൂര്യനും തന്നെ വിളിച്ച പേരുകൾ അല്ല. ഇങ്ങേവിടെയോ ഉള്ള നമ്മൾ നമ്മുടെ സൗകര്യത്തിന് വേണ്ടി മാത്രം പേരിട്ട് വിളിച്ച പേരുകളാണവ.

മാങ്ങയെ മാങ്ങയെന്നും പ്ലാവിനെ പ്ലാവെന്നും മാങ്ങയും പ്ലാവും വിളിച്ചതല്ല. അവരത് അറിയുക പോലുമില്ല.

മറ്റുള്ളവർ തന്നെ, അന്യർ തന്നെ അവരുടെ സൗകര്യത്തിന് വിളിച്ചതാണ് എല്ലാ പേരുകളും.

പേര് ആരുടേതായാലും എന്തിൻ്റെതായാലും അന്യർ വിളിക്കുന്നതും അന്യർക്ക് വിളിക്കാനുള്ളതുമാണ്.

ആ നിലക്ക് ഇന്ത്യയെ ഇന്ത്യയെന്ന് മറ്റുളളവർ വിളിച്ചത് കൊണ്ട് ആ പേര് തിരുത്തണം, നമ്മുടെ പേര് നമ്മൾ തന്നെ നിശ്ചയിക്കണം എന്ന് പറയുന്നത് വലിയ ശരിയൊന്നുമല്ല. 

സമുദ്രത്തെ സമുദ്രമെന്നും ഇന്ത്യൻ മഹാസമുദ്രത്തെ ഇന്ത്യൻ മഹാസമുദ്രമെന്നും വിളിച്ചത് മറ്റുള്ളവരാണ്, നമ്മളാണ്. സമുദ്രം തന്നെയല്ല. 

നമ്മുടെ പേരിടുന്നവർ നമുക്ക് വേണ്ടപ്പെട്ടവർ എന്നതും പിന്നീട് വരുന്ന വിശേഷണവും വിശദീകരണവും മാത്രം. നമുക്ക് പേര് വീണപ്പോൾ നമ്മൾ അറിഞ്ഞിട്ടില്ലാത്തത്.

നമ്മുടെ പേരിടുന്നവർ നമുക്ക് വേണ്ടപ്പെട്ടവർ എന്നത് ഏറിയാൽ ബോധവും വിവേകവും വരുമ്പോൾ ബോധവും വിവേകവും വരുന്നവർക്ക് മാത്രം ബോധ്യപ്പെടുന്നത്.

മാവിൻ്റെയും മാങ്ങയുടെയും സ്ഥലത്തിൻ്റെയും കാര്യത്തിൽ അത് ആപ്പറയും പോലെ ബാധകവുമല്ല. 

******

എന്നാലും പറയട്ടെ....

ചെറുപ്പം മുതൽ പാടിരസിച്ച ദേശീയ ഗാനത്തിലും "ഇന്ത്യ" ഇല്ല. 

ഭാരതം എന്നേ ഉള്ളൂ. 

("ഭാരത ഭാഗ്യവിധാതാ"). 


ബർമ്മ മ്യാൻമറും 

മദ്രാസ് ചെന്നൈയും 

കാലിക്കറ്റ് കോഴിക്കോടും

ആവുന്നുവെങ്കിൽ 

ഇംഗ്ളീഷ് (അറബിക്) വാക്കായ 

ഇന്ത്യ (ഹിന്ദ്) ഒഴിവാക്കി 

ഭാരതം എന്നാവുന്നതിൽ 

വലിയ തെറ്റില്ല.

മറ്റ് അജണ്ടകളും ദുഷ്ടലാക്കുകളും രാഷ്ട്രീയലാഭവും 

അതിൽ ലക്ഷ്യം വേക്കുന്നില്ലെങ്കിൽ.

*******

വേറൊന്നും മാറ്റാൻ സാധിക്കാത്ത സ്ഥിതിക്ക് 

നമുക്ക് ഇന്ത്യയുടെ പേരെങ്കിലും മാറ്റാം. 

അതോടെ എല്ലാം മാറ്റിയെന്ന തോന്നൽ ഉണ്ടാക്കുകയും ചെയ്യാം. 

പൊതുജനം എന്തായാലും കഴുതകൾ തന്നെയാണല്ലോ?

No comments: