കാനഡ: ഇന്ത്യയല്ല അത് ചെയ്തത്.
അതുകൊണ്ട് തന്നെ ആ ചെയ്തതിനെ ന്യായീകരിക്കുകയും വേണ്ട.
ക്രൂരവിനോദ മനസ്സ് ഇത്തരം സംഗതികൾക്കും ആൾക്കൂട്ടകൊലപാതകങ്ങൾക്കും വേണ്ടി കാത്തിരിക്കുന്നത് പോലെയുണ്ട് കാര്യങ്ങൾ. കുറേ ന്യായങ്ങൾ പറയാൻ, ക്രൂരവിനോദ മനസ്സിനെ തൃപ്തിപ്പെടുത്താൻ
*****
കാനഡയിലെ കൊലപാതകം ഒരു രാജ്യമെന്ന നിലക്ക് ഇന്ത്യ നിഷേധിച്ചിട്ടുണ്ട്.
എന്നിരിക്കേ, എന്തിനാണ് ഇന്ത്യാവിരുദ്ധമായി ചിന്തിച്ച് നാമത് ഇന്ത്യയുടെ മേൽ കെട്ടിയാരോപിക്കുന്നത്?
രാജ്യദ്രോഹവും വെറുപ്പും വിദ്വേഷവും മാത്രം വാക്കുകളും മുഖ്യപരിപാടികളുമായുള്ള ചിലരുടെ പുതിയ നിഘണ്ടുവിൽ ഇന്ത്യയാണ് ആ അക്രമം ചെയ്തത് എന്ന് പറയുന്നതാണ് രാജ്യസ്നേഹം എന്ന് വന്നിരിക്കുന്നു.
അത്തരമൊരു പുതിയ നിഘണ്ടുവിൽ ഇന്ത്യയല്ല ചെയ്തത് എന്ന് പറയുന്നതാണ് രാജ്യദ്രോഹമെന്നും വന്നിരിക്കുന്നു.
രാജ്യത്തെയും രാജ്യസ്നേഹത്തേയും മാനിച്ചുകൊണ്ട് തന്നെ, മുറുകെപ്പിടിച്ചു കൊണ്ട് തന്നെ ചോദിക്കട്ടെ...
രാജ്യം കടന്ന് ഓരോരുത്തരും ഓരോ രാജ്യവും ഇങ്ങനെ ചെയ്യാൻ തുടങ്ങിയാൽ വല്ല അറ്റവും ആദ്യവും ഉണ്ടാവുമോ?
എല്ലാവർക്കും അവരവരുടെ ന്യായം ശരിയായിരിക്കും എന്നിരിക്കെ...
എല്ലാ രാജ്യങ്ങളും അവർക്ക് പറ്റിയ കോലത്തിൽ എതിരാളികളുടെ ശത്രുക്കളെ പോറ്റുന്നു. പണ്ട് എൽടിടിയെ നമ്മൾ താലോലിച്ചത് പോലെ. ഒരളവോളം ഒരുകാലം വരെ ഭീന്ദ്രൻവാലയെയും സംഘത്തെയും വേറെയും....
നമ്മുടെ സൗകര്യത്തിന് തീവ്രവാദത്തെ നല്ല വാദമാക്കി ചിത്രീകരിച്ച് വളർത്തുന്നു,
നമ്മുടെ സൗകര്യത്തിന് തീവ്രവാദമെന്ന് വിളിച്ച് എന്തിനെയും തകർക്കുന്നു.
അങ്ങനെ ഓരോ രാജ്യവും ചെയ്യുകയും അവരുടെ ഏത് ചെയ്തിയെയും ന്യായീകരിക്കുകയും ചെയ്യുന്നു.
എല്ലാവർക്കും അവർ ചെയ്യുന്നത് പുണ്യം, അതിന് നൂറായിരം ന്യായങ്ങൾ.
*******
അതാണ് ഏല്ലാ തീവ്രവാദികളും അവരുടെ കൂടെയുള്ളവർക്കും കൊടുക്കുന്ന ന്യായം.
പുണ്യം ധർമ്മം എന്ന ന്യായം.
ഭരിക്കുന്നവർ തീവ്രവാദികളാണെങ്കിൽ അവരുടെ തീവ്രവാദം ശരിയും, അവർക്കെതിരെ വരുന്ന മിതവാദവും വിവേകവും പോലും തീവ്രവാദവുമെന്ന് വരും, അവതരിപ്പിക്കും.
വന്യമൃഗങ്ങളുടെ ഭരണലോകത്ത് ഹിംസ പുണ്യം, അഹിംസ പാപം എന്ന് വരും
******
ഈയുള്ളവൻ ഒരു നല്ല ഇന്ത്യൻ പൗരൻ.
ഭരണകൂടത്തെ വിമർശിച്ചാൽ ഇന്ത്യൻ പൗരനല്ല എന്നാരോപിക്കുന്ന രീതി ആദ്യം നിർത്തണം.
ഇന്ത്യ എന്നാൽ ഭരണകൂടവും അവരുടെ തെറ്റായ തീരുമാനങ്ങളും മാത്രമല്ല.
ഈയുള്ളവൻ ഇപ്പോഴും ഇന്ത്യയെ വിമർശിച്ചിട്ടില്ല.
നിജ്ജാറിനെ കൊന്നത് ഇന്ത്യയാണെന്ന് കരുതുന്നത് പോലെയാണ് പലരും സംസാരിക്കുന്നത്.
ഇന്ത്യ അങ്ങനെ ചെയ്തുവെന്ന് ഈയുള്ളവൻ ഒരുനിലക്കും കരുതുന്നില്ല.
മറ്റാര് ചെയ്താലും ഒരു രാജ്യം എന്ന നിലക്ക് മറ്റൊരു രാജ്യത്തിൻ്റെ പരമാധികാരം ഇന്ത്യ ചോദ്യം ചെയ്യില്ല, ചെയ്യാൻ പാടില്ല.
ആ നിലക്ക് ഒരു രാജ്യം എന്ന നിലക്ക് കാനഡ ചെയ്തതും ഇപ്പോൾ ചെയ്യുന്നതും ശരിയാണെന്ന് മാത്രമാണ് പറയുന്നത്.
ഇന്ത്യൻപൗരനെ ഇൻഡ്യയിൽ വെച്ച് മറ്റ് വിദേശരാജ്യങ്ങൾ വന്ന് കൊല്ലുന്നത് ഇന്ത്യ നോക്കിനിൽക്കുമോ?
ഇല്ല.
അങ്ങനെ ഏതെങ്കിലും പരമാധികാരരാജ്യം നോക്കിനിൽക്കാൻ പാടുണ്ടോ?
ഇല്ല.
അത് തന്നെയാണ് കാനഡയും ഒരു പരമാധികാരരാജ്യം എന്ന നിലക്ക് ചെയ്യുന്നത്.
എന്തിനാണ് ഇന്ത്യ അത്തരമൊരു പാടില്ലാത്ത സംഗതി അവിടെ പോയി അങ്ങനെ ചെയ്തുവെന്ന് പലരും വെറുതേ സമ്മതിച്ചുകൊടുക്കുന്നത്?
******
ഇന്ത്യയെ അനുകൂലിക്കുകയെന്നാൽ ഭരണകൂടത്തിൻ്റെ എന്ത് കളവും കൊള്ളരുതായ്മകളും അന്ധമായി അനുകൂലിക്കുക എന്നതല്ല.
ഭരണകൂടത്തിൻെറ തെറ്റുകളെ ചൂണ്ടിക്കാണിക്കുകയാണ് യഥാർത്ഥ ഇന്ത്യൻപൗരൻ്റെ ഉത്തരവാദിത്തവും ധർമ്മവും.
എന്തബദ്ധം ചെയ്താലും ഓശാന പാടി അനുകൂലിക്കുക എന്നത് യാഥാസ്ഥിതിക വിശ്വാസികളെ പോലെയാവുകയാണ്.
ജനാധിപത്യത്തിൽ ജനങ്ങൾ എപ്പോഴും തിരുത്തൽശക്തിയായി പ്രതിപക്ഷമായി നിൽക്കുകയാണ് വേണ്ടത്.
അറിയണം, ജനാധിപത്യത്തിൽ അധികാരം ജങ്ങളുടെതാണ്, അധികാരം ജനങ്ങളുടെ കയ്യിലാണ്.
ഭരണകൂടം എന്നൊരു വിഭാഗം ജനാധിപത്യത്തിലില്ല.
ഭരണകൂടം ജനങ്ങളെയല്ല പേടിപ്പിക്കേണ്ടത്. ജനങ്ങൾ ഭരണകൂടത്തെയാണ് പേടിപ്പിക്കേണ്ടത്ത്.
രാജ്യദ്രോഹം എളുപ്പത്തിൽ ചെയ്യാനാവുക ഭരണകൂടത്തിനാണ്. അവരത് മറിച്ച് ആരോപിച്ചാലും. അവരത് മറിച്ച് ആരോപിക്കുകയും ചെയ്യും.
അതുകൊണ്ട് തന്നെ ജനങ്ങൾ ജാഗരൂകരായി നിൽക്കണം
ജനാധിപത്യത്തിന് പാകമാകാത്ത അത്തരം ജനതയാണ് ഭരണകൂടം വേറെ എന്തോ സംഗതിയാണെന്ന് തെറ്റായി കരുതി വെറുതേ പേടിക്കുന്നത്.
അത്തരമൊരു വിവരംകെട്ട ഇന്ത്യൻജനത രാഷ്ടീയ നേതൃത്വത്തിന് ധൈര്യം. ഇവിടെയുള്ള നെറികെട്ട രാഷ്ടീയ നേതൃത്വത്തിനുള്ള പട്ടുമെത്ത.
അതവർ വെറുപ്പും വിദ്വേഷവും വിതരണം ചെയത്, തെറ്റിദ്ധരിപ്പിച്ച്, ശ്രദ്ധ തിരിച്ചുവിട്ട് വേണ്ടത്ര ദുരുപയോഗം ചെയ്ത് ആസ്വദിക്കുകയും ചെയ്യുന്നു.
ജനാധിപത്യത്തിൽ പ്രതിപക്ഷം ആവുകയെന്നത് വലിയൊരു ധർമ്മമാണ്.
പ്രതിപക്ഷമാവൽ രാജ്യദ്രോഹി ആവലാണെന്ന് കരുതുന്നവർ ജനാധിപത്യ വിരോധികളാണ്, ജനാധിപത്യത്തിൻ്റെ കടക്കൽ കത്തിവെക്കുന്നവരാണ്. അവർ ഏകാധിപത്യ സർവ്വാധിപത്യ വാദികളാണ്.
കുറ്റാരോപണം നടത്തുക എളുപ്പമാണ്.
ആർക്കും ആരുടെമേലും കുറ്റാരോപണം നടത്താം.
പക്ഷേ കുറ്റാരോപണം നടത്തുന്നവർ നിയമം കയ്യിലെടുത്ത് ശിക്ഷനടപ്പാക്കുകയാണോ രീതി?
അല്ല.
അറിയാമല്ലോ, തെറ്റായ കുറ്റാരോപണം നമ്മുടേ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പേരിൽ വരെ ഉണ്ട്, ഉണ്ടായിരുന്നു. എത്രയോ മന്ത്രിമാരുടെ പേരിൽ ഇപ്പോഴും ഉണ്ട്. അവയൊക്കെയും ശരിയാണോ, ശരിയായിരുന്നുവോ?
അല്ല.
ഇപ്പോഴും അവയൊക്കെയും ശരിയാണെന്ന് വിശ്വസിക്കുന്നവരില്ലേ?
ഉണ്ട്.
എന്നുവെച്ച് വിദേശരാജ്യങ്ങൾ, അല്ലെങ്കിൽ സ്വദേശികൾ തന്നെ, അവർ ശരിയാണെന്ന് വിശ്വസിക്കുന്ന അത്തരം ആരോപണങ്ങളുടെ പേരിൽ നിയമം കയ്യിലെടുത്ത് ഇങ്ങനെ കൊല്ലണം എന്നാണോ പലരും പറയുന്നതിൻെറ അർത്ഥം?
അങ്ങനെ ഏത് വിദേശിക്കും സ്വദേശിക്കും ഒരാളെ എങ്ങനെയും കൊല്ലാമെന്നാണോ അത്തരക്കാർ പറഞ്ഞുവരുന്നത്?
No comments:
Post a Comment