ജീവിതമെന്ന രാജാവ് നഗ്നനാണെന്നും വികൃതമാണെന്നും ആരും പറയില്ല.
ജീവിക്കുന്നവൻ്റെ ബാധ്യതയായിരിക്കുന്നു ജീവിതം അതീവ സുന്ദരൻമാണെന്ന് പറയൽ.
അതും കഷ്ടപ്പെട്ട് ശ്വാസം മുട്ടി ജീവിക്കുന്നവൻെറ വരെ ബാധ്യതയായിരിക്കുന്നു ജീവിതം അതീവസുന്ദരമാണെന്ന് പറയൽ.
മനുഷ്യൻ്റെ സങ്കല്പവും ഭാവനയും എഴുതിയും പറഞ്ഞും വരച്ചും ഉണ്ടാക്കിയ സൗന്ദര്യമാണ് ജീവിതത്തിന് ഏറെയും.
യഥാർഥത്തിൽ ജീവിതത്തിന് എന്ത് സൗന്ദര്യമാണ് ഉളളത്?
കുടിച്ചത് തന്നെ കുടിക്കുന്നതോ?
തിന്നത് തന്നെ തിന്നുന്നതോ?
ഉറങ്ങിയത് പോലെ ഉറങ്ങുന്നതോ?
ശ്വസിച്ചത് പോലെ ശ്വസിക്കുന്നതോ?
എന്താണ് സൗന്ദര്യം?
ഇതിനൊക്കെ വേണ്ടി അധ്വാനിക്കേണ്ടി വരുന്നതോ? രണ്ടറ്റം മുട്ടിച്ച് ജീവിക്കാൻ.
അങ്ങനെയൊക്കെ അധ്വാനിച്ച് ജീവിക്കുമ്പോഴും സമൂഹത്തിൽ പിടിച്ചുനിൽക്കാൻ അഭിനയിക്കേണ്ടി വരുന്നതോ?
തുപ്പുന്ന ചുണ്ട് തന്നെ വേണം ചുംബിക്കാൻ.
മൂത്രമൊഴിക്കുന്ന, കാഷ്ടിക്കുന്ന, രക്തമൊഴുക്കുന്ന ഭാഗം തന്നെ വേണം ലൈംഗികതക്ക്.
എന്ത് സൗന്ദര്യമാണ് ജീവിതത്തിന്?
ഒരു സൗന്ദര്യവും ജീവിതത്തിനില്ല.
എത്രയെല്ലാം എന്തെല്ലാം കൊണ്ട് മറച്ചുവെച്ചാലും ഏറെയും ആവർത്തന വിരസതയുടെത് മാത്രമല്ലാതെ.
രോഗം കൊണ്ടും അധ്വാനം കൊണ്ടും വീർപ്പുമുട്ടിക്കുന്ന, ജീവിക്കാൻ തന്നെ ഏറെ പോരടിക്കേണ്ടി വരുന്ന ജീവിതമെന്ന രാജാവ് നഗ്നനാണെന്നും വികൃതമാണെന്നും ആരും പറയില്ല.
ആർക്കും പറയാൻ ധൈര്യം വരില്ല.
അങ്ങനെ പറഞാൽ വേര് മുറിഞ്ഞ് പോകുമോ എന്ന ഭയമാണ്.
ജീവിതത്തിൻ്റെ തന്നെ വേര് മുറിഞ്ഞ്പോകുമോ എന്ന ഭയം.
No comments:
Post a Comment