Monday, September 18, 2023

കോണിയും പാമ്പും ലുഡോയും ബോർഡും കളിക്കാറില്ലേ?

കോണിയും പാമ്പും ലുഡോ ബോർഡും കളിക്കാറില്ലേ? 


നിൻ്റെതായി കിട്ടുന്ന കരു നീ തന്നെയെന്ന് നിനക്ക് തോന്നാറില്ലേ?


ആ കരുവിൻ്റെ നിറം ക്രമേണ നിൻ്റെ നിറമെന്ന് തോന്നാറില്ലേ?


ആ കരുവിൻ്റെ

ഭാഗ്യനിർഭാഗ്യങ്ങൾ നിൻ്റെ തന്നെ ഭാഗ്യനിർഭാഗ്യങ്ങകളാണെന്ന് നീ കരുതിപ്പോകാറില്ലേ? 


യഥാർഥത്തിൽ ആ കരുവും ആ കരുവിൻ്റെ നിറവും ഭാഗ്യനിർഭാഗ്യങ്ങളും നീയും തമ്മിലെന്ത് ബന്ധം? 


ഒന്നുമില്ല.


എന്നിട്ടും നീ കരുതിപ്പോകുന്നു, നീയാണ്, നിൻ്റെതാണ് എന്ന്.


അതിൻ്റെ അടിസ്ഥാനത്തിൽ നീ വിഷമിക്കുന്നു, സംഘർഷപ്പെടുന്നു, മത്സരിക്കുന്നു.


ഇതുപോലെ തന്നെ ജീവിതത്തിലെ സംഗതികളും. 


അവയൊക്കെയും നിൻ്റെതാണെന്ന് നിനക്ക് തോന്നുന്നു, നീ വിഷമിക്കുന്നു, നീ സംഘർഷപ്പെടുന്നു, നീ മത്സരിക്കുന്നു.


നിനക്ക് മുൻപും കുറേ പേർ അവരാണെന്നും അവരുടെതാണെന്നും കരുതി കളിച്ച അതേ കരു, അതേ നിറം, അതേ ഭാഗ്യനിർഭാഗ്യങ്ങൾ. 


ഇനി നിനക്ക് ശേഷവും ഒരു കുറേ പേർ അവരാണെന്നും അവരുടെതാണെന്നും കരുതി കളിക്കാൻ പോകുന്ന അതേ കരു, അതേ നിറം, അതേ ഭാഗ്യനിർഭാഗ്യങ്ങൾ. 


ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഇങ്ങനെ തന്നെ. എല്ലാവരും കളിക്കുന്നത് ഒരേ കരു, ഒരേ കരുവിൻെറ ഒരേ നിറം, ഒരേതരം ഭാഗ്യനിർഭാഗ്യങ്ങൾ.


യഥാർഥത്തിൽ നീ തന്നെ ഇല്ല, എന്നിരിക്കെ, നീ തന്നെയും ഇല്ലാത്തത് എന്നിരിക്കെ, നിനക്ക് നീയായി നിൻ്റെ പ്രശ്നങ്ങളായി തോന്നുന്നു. നീ തന്നെയും ഉള്ളതായി തോന്നുന്നു.


ശാരീരികമായി തലച്ചോറ് ഉണ്ടാക്കിയ നീ മാത്രമേ ഉള്ളൂ എന്നിരിക്കെയും, അല്ലാത്ത നീ ഇല്ലെന്നിരിക്കെയും നീയെന്നു കരുതി, നിൻ്റെതെന്ന് കരുതി നീ വിഷമിക്കുന്നു, സംഘർഷപ്പെടുന്നു, മത്സരിക്കുന്നു.


അങ്ങനെയുള്ളതാണ് നീയും നിൻ്റെ ജീവിതത്തിലെ കാര്യങ്ങളും മാത്രം എന്നറിയാതെ. 


നീയുമില്ല, നിൻ്റെതായ കാര്യങ്ങളും ഭാഗ്യനിർഭാഗ്യങ്ങളും ഇല്ല. 


എല്ലാം മൊത്തം ജീവിതത്തിൻ്റെത് മാത്രം. 


എല്ലാം നീയെന്ന കണ്ണാടിയിൽ നിഴലിക്കുന്നത് മാത്രം. 


മൊത്തം ജീവിതത്തിൻ്റെ പ്രശനം അങ്ങനെ നിൻ്റെതാണെന്ന് വരുന്നു, തോന്നുന്നു. 


പക്ഷേ മൊത്തം ജീവിതം അതിന് വേണ്ടത് നിന്നെ വെച്ച് കളിക്കുന്നു.  


നിന്നെപ്പോലെയുള്ള എല്ലാറ്റിനെയും വെച്ച് മൊത്തം ജീവിതം കളിക്കുന്നു


ജീവിതം കളിക്കുന്ന ജീവിതത്തിൻ്റെ എല്ലാ കളിയും നിൻ്റെതായ് മാറുന്നു.


ജീവിതം കളിക്കുന്ന കളിയിലെ കരുക്കൾ മാത്രം നീ പോലും. നീ പോലും വെറും കരു ആണെന്നിരിക്കെ നീ കളിക്കുന്ന കറുവിൻ്റെ കാരൃം എന്തായിരിക്കും. 


നിൻ്റെ സ്വത്തും അധികാരവും ജോലിയും വീടും മക്കളും കൊച്ചുമക്കളും രോഗവും ആരോഗ്യവും ഒക്കെയായ കരു വെച്ച് നീ ജീവിതം കളിക്കുന്നു. ജീവിതം നിന്നേക്കൊണ്ട് ജീവിതം തന്നെ കളിപ്പിക്കുന്നു. 


നീ കളിക്കുന്നു ജീവിതമെന്ന കോണിയും പാമ്പും ലുഡോ ബോർഡും.


ജീവിതവും കളിക്കുന്നു നിന്നെ വെച്ച്, നിന്നെ കരുവാക്കി കോണിയും പാമ്പും ലുഡോ ബോർഡും.


എന്തിനെന്ന് എന്നൊന്നും ചോദിക്കരുത്. 

ദൈവത്തിനും ജീവിതത്തിനും മുന്നിൽ ചോദ്യങ്ങളില്ല, അതിനാൽ ഉത്തരങ്ങളും ഇല്ല.

No comments: