Thursday, September 14, 2023

ഇന്ന് ഇരുപത്തിനാല് വർഷങ്ങൾ പൂർത്തിയാവുന്നു.

ഇരുപത്തിനാല് വർഷങ്ങൾ.


അന്യതത്വവും പരിചിതത്വവും

ഒരുമിച്ചൊന്നാക്കി കൊണ്ടുനടന്ന 

ഇരുപത്തിനാല് വർഷങ്ങൾ. 


മലമുകളിലും താഴ്‌വാരത്തും 

ഒരുപോലെയിരുന്ന് ജീവിച്ച

ഇരുപത്തിനാല് വർഷങ്ങൾ. 


ആകാശത്തെ ഭൂമി

തന്നിലേക്ക് ചേർത്തു നിർത്തിയ 

ഇരുപത്തിനാല് വർഷങ്ങൾ. 


പട്ടത്തിന് നൂലുണ്ടെന്നും

ആ നൂല് കൊണ്ട് മാത്രമാണ് 

പട്ടം പട്ടമായി ആകാശത്ത് 

പാറിനടക്കുന്നതെന്നും വന്ന 

ഇരുപത്തിനാല് വർഷങ്ങൾ.


പട്ടത്തിനെ പട്ടമാക്കിയ ആ നൂല് 

താഴെയുള്ളൊരാളുടെ കയ്യിലാണെന്ന് വന്ന 

ഇരുപത്തിനാല് വർഷങ്ങൾ. 


*******


എപ്പോഴൊക്കെ 

മലമുകളിൽ മാത്രമിരുന്നു 

പരസ്പരബന്ധം തോന്നാത്തവിധം 

ജീവിതം എന്തൊക്കെയോ ആണെന്ന് വരുത്തി, ചിന്തിച്ച്, പറഞ്ഞ്

കാൽപനിക ദർശനങ്ങളിലേക്ക് 

വഴുതിവീഴുമായുരുന്നുവോ....,


അപ്പോഴൊക്കെയും താഴ്വാരം വിളിച്ചുണർത്തി.

ജീവിതത്തിൻ്റെ പച്ചയായ ദർശനം പഠിപ്പിച്ചു. യാഥാർത്ഥ്യങ്ങളുടെ ശരിയായ പറച്ചിൽ പറയിപ്പിച്ചു.

എല്ലാറ്റിനെയും പരസ്പരം ബന്ധപ്പെടുത്തി.


ജീവിതം ജീവിതത്തിന് വേണ്ടി

പറയേണ്ടതും ചെയ്യേണ്ടതും മാത്രം

ജീവിതമെന്നറിയിച്ചു.


******


ഈ ഇരുപത്തിനാല് വർഷങ്ങളും

ജീവിതം കലഹിച്ച് പറഞ്ഞു.


സ്ത്രീയാണ്....

സ്ത്രീയാണ് ഭൂമി.

സ്ത്രീയാണ് കേന്ദ്രബിന്ദു.

നിന്നെ ചുറ്റിലും ചുറ്റി നടത്തിക്കുന്ന

കേന്ദ്രബിന്ദു സ്ത്രീ മാത്രം.


മറിച്ചെന്തെല്ലാം 

പേരും വിശേഷണങ്ങളും 

നീ നൽകിയാലും....,

ഭൂമിക്ക് ചുറ്റും

പൊതിഞ്ഞു നിൽക്കുന്ന

വെറും സങ്കല്പം മാത്രമായ

ഒരു പിടുത്തവും കിട്ടാത്ത 

ആകാശം നീ.


കാണപ്പെട്ടെന്ന് തോന്നുന്നു

എന്നാൽ ശരിക്കും കാണപ്പെടാത്ത,

തിരിച്ചറിയപ്പെടാത്ത 

ആകാശം മാത്രം നീ.


കാഴ്ചമുട്ടിയാൽ മാത്രം

കാഴ്ചയാവുന്ന ആകാശം.


അവളിൽ ചേർന്ന്നിന്നാൽ മാത്രം

നീയാവുന്ന നീ.


അവളിൽ ചേർന്ന്നിന്നാൽ

ലക്ഷ്യങ്ങളുണ്ടാക്കുന്ന

കർമ്മവും ധർമ്മവും നിർവ്വഹിക്കുന്ന നീ.

 

അവൾ ഉണ്ടാക്കുന്നതും

അവൾക്ക് ചുറ്റും

അവളെ ചുറ്റിപ്പൊതിഞ്ഞുമാണ്

നീയാം ജീവിതം.


ജീവിതത്തിന് വേണ്ടി 

അവൾ ചെയ്യിപ്പിക്കുന്നത്

നിനക്ക് ചെയ്യാനുള്ളത്.


വീടിനെന്നും മക്കൾക്കെന്നും

വസ്ത്രത്തിനെന്നും പാർപ്പിടത്തിനെന്നും 

പേരിട്ട് നീ ചെയ്യുന്നതെല്ലാം 

ഒപ്പം നീ കാണുന്ന അർത്ഥവും 

എല്ലാം അവളിങ്ങനെ ഇട്ടുതരുന്ന 

കടലമണികൾ മാത്രം.


വെറും കടലമണികൾ.


നീയത് ജീവിതമായി കൊറിച്ച്

വ്യക്തിത്വം നേടി

സായൂജ്യം പൂകുക മാത്രം. 


പച്ചയായ ഇഷ്ടവും വെറുപ്പും തന്നെ

ജീവിതം.


ജീവിക്കാനുള്ള പെടാപാട് തന്നെ

ജീവിതം.


ശ്വാസോച്ഛാസം മാത്രം തന്നെ 

ജീവിതം.


ഭക്ഷിക്കുന്നു, കുടിക്കുന്നു, 

ഉറങ്ങുന്നു, വിസർജിക്കുന്നു 

ജീവിതം 


വ്യക്തതയില്ലാത്തവയെന്ന് തോന്നുന്ന, 

വിഡ്ഢിത്തങ്ങൾ മാത്രമെന്ന് വരുന്ന

അവളുടെ വാക്കുകൾക്ക്

വ്യക്തതയുള്ള വിവേകമെന്ന് തോന്നുന്ന

ആരുടെ വാക്കുകളേക്കാളും 

വെളിച്ചം, തെളിച്ചം, വ്യക്തത, മൂർച്ച.


അവളൊന്നും പറയേണ്ടതില്ല.


പകരം, 

അവൾ ജീവിക്കുന്ന ജീവിതമാണ്,

അവൾ ജീവിപ്പിക്കുന്ന ജീവിതമാണ് 

പറച്ചിൽ. ശരിയായ പറച്ചിൽ.

ഈ ഇരുപത്തിനാല് കൊല്ലത്തെയും പറച്ചിൽ

No comments: