Monday, September 11, 2023

സനാതനം സങ്കല്പത്തിലും വാക്കിലും നല്ലത് തന്നെ. പക്ഷേ...

സനാതനം സങ്കല്പത്തിലും വാക്കിലും നല്ലത് തന്നെ. 

നശിക്കാത്തത് എന്നും നിലനിൽക്കുന്നത് എന്നുമർത്ഥം. 

ഒരുപക്ഷേ എല്ലാവർക്കും അവരവരുടെതിന് പേരും പ്രയോഗവും മാറ്റി അവകാശപ്പെടാവുന്നത്. നശിക്കാത്തത് എന്നും നിലനിൽക്കുന്നത് എന്നത്.

പക്ഷേ അങ്ങനെയുള്ള എപ്പോഴും നിലനിൽക്കുന്നതും നശിക്കാത്തതുമായ സനാതനമായ സംഗതികളും നിയമങ്ങളും എന്ത്, ഏത്, എങ്ങിനെ എന്ന് കൂടി നിർവ്വചിച്ച് പറയണം, പറയാൻ സാധിക്കണം. 


വെറും വെറുതെ എന്തോ ഏതോ വാക്ക് സനാതനം എന്ന് പറഞ്ഞ് ഉപയോഗിക്കുന്നതിന് പകരം എന്താണ് എവിടെയൊക്കെ ഏതെല്ലാം സംഗതികളിലെല്ലാം സനാതനം ഉണ്ട് നടപ്പാക്കും എന്ന് കൂടി നിർവ്വചിക്കണം, വ്യക്തമാക്കണം. 


ഒപ്പം സനാതനമല്ലാത്ത എന്തെങ്കിലും ദൈവികം മാത്രമായ ഈ ലോകത്തും ജീവിതത്തിലും പ്രാപഞ്ചികതയിലും ഉണ്ടോ എന്നും പറയണം, പറയാനാകണം. 


ജനങ്ങൾക്ക് എപ്പോഴും ഒരുപോലെ ബാധകമാവുന്ന, എപ്പോഴും ശരിയായി നിൽക്കുന്ന സംഗതികളും നിയമങ്ങളും സനാതനമായി എന്തെന്നും ഏതെന്നും കൃത്യമായി പറയണം, പറയാൻ കഴിയണം. 

ഒരു സമൂഹവും എവിടെയും ഇതുവരെ പറയാത്ത, നടപ്പാക്കാത്ത ഏത് പ്രത്യേക മൂല്യവും ധർമ്മവുമാണ്  സനാതനമായുളളത്? 

എല്ലാവരും ഒരുപോലെ എതിർക്കുകയും വെറുക്കുകയും ചെയ്യുന്ന വർണാശ്രമവും ജാതിസമ്പ്രദായവും മാറ്റിവെച്ചാൽ, ലോകത്തെ പല വിഭാഗവും പലയിടങ്ങളിൽ പലപ്പോഴായി പറഞ്ഞ, നടപ്പാക്കിയ ചിലത് തന്നെയല്ലേ സനാതനമായും അവതരിപ്പിക്കാനുള്ളത്?

വെറുതേ കാടടച്ചു വെടിവെക്കുന്നത് പോലെ ഒരു വ്യക്തതയും തിക്തതയും കൃത്യതയും തീർച്ചയും മൂർച്ചയും ഇല്ലാതെ വെറും വെറുതേ പറയുന്നതാവരുത് സനാതനം എന്നത്. 

ഏതെല്ലാം മേഖലയിൽ ഏതെല്ലാം കാര്യങ്ങളിൽ എങ്ങനെയെല്ലാം സനാതനധർമ്മം നടപ്പാക്കും ബാധകമാകും എന്നറിയാതെ വെറുമൊരു സുഖിപ്പിക്കൽ വിഭജനം മാത്രമായിരിക്കരുത് സനാതനം എന്ന വാക്കും പ്രയോഗവും.

കളവ് പറയരുത് കൊല്ലരുത്, അന്യരുടെ സ്വത്തിനെയും സ്ത്രീയേയും കാമിക്കരുത്, ഒന്നും കവർന്നെടുക്കരുത്, മാതാപിതാക്കളെ മാനിക്കണം എന്നത് പോലുള്ള എല്ലാവരും എല്ലായിടത്തും പൊതുവേ പറയുന്ന പാഠങ്ങളും സംഗതികളുമല്ലാത്ത സനാതനനിയമവും ധർമ്മവും എന്തെന്ന് നിർവ്വചിച്ച് പറയാൻ കഴിയണം 

അല്ലാതെ അമൂർത്തമായി, വ്യക്തതയില്ലാതെ, എന്ത് എവിടെ എന്നറിയാതെ സനാതനം എന്ന് മാത്രം പറഞ്ഞ് വികാരപ്പെട്ടത് കൊണ്ടും ജനങ്ങളെ വികാരപ്പെടുത്തിയത് കൊണ്ടും മാത്രം കാര്യമില്ല.

മനുഷ്യൻ അകപ്പെട്ട ലോകത്ത് മാറ്റം മാത്രമാണ് സനാതനമായത്. മാറ്റം മാത്രമാണ് നാശമില്ലാതെ എന്നും നിലനിൽക്കുന്നത്. എന്നിരിക്കെ ഒരിക്കലും മാറാത്ത, നശിക്കാത്ത, എന്നും നിലനിൽക്കുന്ന വേറെന്താണ് സനാതനമായുള്ളത്?

No comments: