അന്ധമായ വെറുപ്പ് നന്മകളെ കാണാതെയാക്കും.
തങ്ങൾ വെറുക്കുന്നവരുടെ, അഥവാ
തങ്ങളാൽ വെറുക്കപ്പെടുന്നവരുടെ നന്മകളെ വെറുപ്പ് കാണാതെയാക്കും.
അന്ധമായ ഇഷ്ടം തിന്മകളെ കാണാതെയാക്കും.
തങ്ങൾ ഇഷ്ടപ്പെടുന്നവരുടെ തിന്മകളെ ഇഷ്ടം കാണാതെയാക്കും.
സ്വന്തം കൈകൊണ്ട് കണ്ണ് പൊത്തും പോലെയാണ് അന്ധമായ ഇഷ്ടവും വെറുപ്പും.
അതുകൊണ്ട് തന്നെ തീർത്തും ശൈശവാവസ്ഥ പോലും പ്രാപിച്ചിട്ടില്ലാത്ത ഇന്ത്യൻ രാഷ്ട്രീയവും ജനാധിപത്യവും ഉരുളുന്നത് ഈ രണ്ട് ചക്രങ്ങളിൽ.
അന്ധമായ വെറുപ്പും അന്ധമായ ഇഷ്ടവും തന്നെയായ രണ്ട് ചക്രങ്ങളിൽ.
മറ്റൊരു പ്രധാന പരിഹാരവും കാഴ്ചപ്പാടും പറയാനില്ലാത്ത കഴിവുകെട്ട രാഷ്ടീയ നേതൃത്വവും ഭരണകൂടവും അത് വേണ്ടത്ര ഉപയോഗപ്പെടുത്തുന്നു.
അവർ എന്തുണ്ടാക്കിയില്ലെങ്കികും ബോധപൂർവ്വം ഉണ്ടാക്കുന്നത് കാര്യമായും ഈ രണ്ട് ചക്രങ്ങളെ മാത്രമായിരിക്കും.
വെറുപ്പ് സൃഷ്ടിച്ച് ഇഷ്ടമുണ്ടാക്കുക.
ഇഷ്ടം സൃഷ്ടിച്ച് വെറുപ്പുണ്ടാക്കുക.
അയൽവാസിയോടുള്ള ശത്രുതയും വെറുപ്പും മാത്രം സ്വന്തം വീട്ടിൽ ഭക്ഷണം.
ശത്രുതയും വെറുപ്പും മാത്രമുണ്ടാക്കി സ്വന്തം വീട് ഭരിക്കുന്ന, സ്വന്തം വീട്ടുകാരുടെ വയറ് നിറച്ചുവെന്ന് വരുത്തുന്ന തന്ത്രം.
വൃത്തികെട്ട ഇന്ത്യൻ രാഷ്ട്രീയ തന്ത്രം.
വളരേ എളുപ്പമുള്ള തന്ത്രം.
ജനങ്ങളുടെ ചിലവിൽ ആർഭാടപൂർവ്വം ജനങ്ങളെ വഞ്ചിക്കുന്ന തന്ത്രം.
നിഷ്കളങ്കരായ വേറെ ആരെയോ കള്ളനും ശത്രുവുമായി കാണിച്ച് ശ്രദ്ധതിരിക്കുക. വെറുപ്പും വികാരവും സൃഷ്ടിക്കുക.
എന്നിട്ട്, ആ വെറുപ്പും വികാരവും കരുത്താക്കി, മറയാക്കി യഥാർത്ഥ കള്ളനും ശത്രുവും നാട് ഭരിക്കുക.
കളയെ കൃഷിയായി കാണിക്കുക.
യഥാർത്ഥ കൃഷിയെ കളയായും കാണിക്കുക.
കള നാട് ഭരിക്കുക.
വിഷം തന്നെ മരുന്നാണെന്ന് വരുത്തുക.
കള്ളൻ തന്നെ കാവൽക്കാരനാവുക.
മരീചികയെ വെള്ളം തന്നെയെന്ന് വിശ്വസിപ്പിക്കുക.
നമ്മുടെ ഭരണ/രാഷ്ട്രീയ നേതൃത്വം കൃത്യമായും ഇതറിയുന്നു:
തങ്ങളുടെ ഒരു തിന്മയും ദുർഭരണവും അഴിമതിയും കളവും തങ്ങളെ അന്ധമായി ഇഷ്ടപ്പെടുന്നവർക്ക് കാഴ്ചയാവില്ല, വിഷയമാവില്ല, മനസ്സിലാവില്ല.
പാവം പൊതുജനത്തിന് വയറ് നിറക്കാൻ അപരനോടുള്ള വെറുപ്പും അസൂയയും ശത്രുതയും മതി.
No comments:
Post a Comment