Thursday, May 11, 2023

രക്ഷിതാവ് എന്ന പേര് എന്തുകൊണ്ട് ദൈവത്തിന് നൽകുന്നു?

ദൈവത്തെ രക്ഷിതാവ് എന്ന് വിളിക്കുമ്പോൾ, രക്ഷിതാവ് എന്ന ആ പേര് എന്തുകൊണ്ട് ദൈവത്തിന് നൽകുന്നു?

നമ്മളെയൊക്കെ ആ ദൈവം രക്ഷിക്കുന്നു എന്ന വിശ്വാസത്തിൽ നിന്ന് കൊണ്ടാണോ?

ശരി.

നമ്മളെയൊക്കെ ദൈവം രക്ഷിക്കുന്നു എന്ന ആ വിശ്വാസം ശരിയെന്ന് തന്നെ വെക്കുക.

എങ്കിൽ ഒരേയൊരു ചോദ്യം?

എന്തിൽ നിന്നും നമ്മളെ രക്ഷിക്കുന്ന രക്ഷിതാവാണ് ആ ദൈവം?

രക്ഷിതാവ് തന്നെ ഉണ്ടാക്കിയ കെണിയിൽ നിന്നോ? 

ദൈവത്തിൽ നിന്ന് തന്നെയോ?

ദൈവത്തിൻ്റെ തന്നെ തീരുമാനങ്ങളിൽ നിന്നും ആ തീരുമാനങ്ങൾ ഉണ്ടാക്കിയ അപകടങ്ങളിൽ നിന്നും ആവശ്യങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നുമോ?

പ്രത്യേകിച്ചും നാം കൃത്യമായി "മാഷാ അല്ലാഹു കാൻ, വമാ ലം യശഅ് ലം യക്കുൻ."

"ദൈവം ഉദ്ദേശിച്ചത് മാത്രം ഉണ്ടായി. ദൈവം ഉദ്ദേശിക്കാത്തതൊന്നും ഉണ്ടായില്ല" എന്ന് പറയുമ്പോൾ, വിശ്വസിക്കുമ്പോൾ

അങ്ങനെയുള്ള ദൈവത്തെ വെല്ലുവിളിക്കും വിധം, വെല്ലുവിളിക്കാനാവും വിധം മറ്റാര് കെണിയുണ്ടാക്കും? 

ദൈവത്തെ വെല്ലുവിളിക്കും വിധം, വെല്ലുവിളിക്കാനാവും വിധം മറ്റാര് പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും രോഗങ്ങളും ആവശ്യങ്ങളും ഉണ്ടാക്കും?

ദൈവം തന്നെ അറിഞ്ഞ് തന്ന ബുദ്ധിമുട്ടുകളിൽ നിന്നും ആവശ്യങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷിക്കുന്ന രക്ഷിതാവാണോ ഈ പറയുന്ന ദൈവമായ രക്ഷിതാവ്?

അതെന്തൊരു രക്ഷിതാവ്?

അല്ലതെ, നമ്മളായി അറിഞ്ഞുണ്ടാക്കിയ, വേണമെന്ന് വെച്ചുണ്ടാക്കിയ ആവശ്യങ്ങളും ബുദ്ധിമുട്ടുകളും രോഗങ്ങളും ആർക്കും കാര്യമായും ഇല്ല, ഉണ്ടാവില്ല എന്ന സ്ഥിതിക്ക് പ്രത്യേകിച്ചും.

നമ്മൾ തന്നെയും ആ രക്ഷിതാവ് ഉണ്ടാക്കിയ വേറൊരു കെണി മാത്രം.

നമ്മളെയും നമ്മുടെ ആവശ്യങ്ങളെയും നമ്മൾ ആവശ്യപ്പെടാതെ തന്നെ ഉണ്ടാക്കിയത് ദൈവം. 

എങ്കിൽ നമ്മളും നമ്മുടെ ആവശ്യങ്ങളും ആ രക്ഷിതാവിൻ്റെത് മാത്രം തന്നെ.

എങ്കിൽ എങ്ങിനെ ദൈവം നമ്മളെ രക്ഷിക്കുന്ന രക്ഷിതാവാവുന്നു? 

ദൈവം ദൈവത്തെ തന്നെ രക്ഷിക്കുന്ന രക്ഷിതാവോ?

ദൈവം പ്രശ്നങ്ങൾ ഉണ്ടാക്കി, പിന്നെ അതിനെ വേണ്ട വിധം പരിഹരിച്ചും പരിഹരിക്കാതെയും പരിഹരിക്കുന്നു എന്ന വീമ്പ് പറയുന്നവനോ?

ദൈവം തന്നെ ഉണ്ടാക്കിയ ആവശ്യങ്ങൾ നിവർത്തിക്കാനും തകരാറുകൾ പരിഹരിക്കാനും വേണ്ടി ദൈവം നമുക്ക് തരുന്നതൊക്കെ എങ്ങിനെ ദൈവത്തിൻ്റെ വലിയ ഔദാര്യമാവും? വെറും ബാധ്യത മാത്രമല്ലാതെ.

മണ്ണും  വിണ്ണും വായുവും വെള്ളവും വെളിച്ചവും ഭക്ഷണവും ഒക്കെത്തന്നെ തരിക ദൈവത്തിൻ്റെ വലിയ ബാധ്യത മാത്രം. 

അവയൊക്കെയും എല്ലാവർക്കും വേണ്ടത് പോലെ വേണ്ടത്ര നൽകാതിരിക്കുകയാണ് ഏറിയാൽ വലിയ കുറ്റമായി വരിക.

No comments: