Tuesday, May 9, 2023

മടുക്കുന്നുവോ? ജീവിതം മടുക്കുന്നുവോ?

മടുക്കുന്നുവോ?

ജീവിതം മടുക്കുന്നുവോ?

ഉള്ളിലൊന്നുമില്ലെന്നറിയുമ്പോഴാണ് മടുക്കുന്നത്.

താൻ ഒന്നുമല്ലെന്നറിയുമ്പോഴാണ് മടുപ്പ്.

തനിക്ക് തന്നെത്തന്നെ നേരിടാൻ സാധിക്കാത്തപ്പോഴും മടുപ്പ് 

തനിക്ക് താൻ ശത്രുവും 

സ്വയം ചോദ്യചിഹ്നവും ആകുന്നത് മടുപ്പ്.


അങ്ങനെ തൻ്റെ ഉള്ളിലൊന്നുമില്ലെന്നറിയുമ്പോൾ...,

താൻ ഇല്ലെന്ന ശൂന്യത വെളിപ്പെടുമ്പോൾ....

തന്നിൽ താൻ അറിയാൻ മാത്രം ഒന്നുമില്ലെന്ന ശൂന്യത തോട്ടറിയുമ്പോൾ...,

തന്നെത്താൻ അറിയുകയെന്നാൽ

താൻ ഇല്ലെന്ന ശൂന്യത

അറിയലാണെന്ന് വരുമ്പോൾ പുറത്തന്വേഷിച്ചുപോകുന്നതാണ്. 


എന്നിട്ടോ?


പുറത്തും ഒന്നുമില്ലെന്ന് വരിക.


പുറത്തും നിനക്ക് നിന്നെ 

കാണാൻ സാധിക്കാതെ വരിക.


പുറത്തുള്ളതുമായും 

നിനക്ക് നിന്നെ താദാത്മ്യപ്പെടുത്തി 

കാണാൻ സാധിക്കാതെ വരിക.


ഏറിയാൽ, 

പുറത്തുള്ള കാഴ്ചയും 

അധികാരവും ഭക്തിയും 

ലഹരിയും ജോലിയും 

മറ്റ് സാമൂഹ്യമെന്ന് നാം വിളിക്കുന്ന പ്രവർത്തനങ്ങളും കൊണ്ട് 

നിനക്ക് നിന്നെ ആവുന്നത്ര മറച്ചുപിടിക്കാമെന്നല്ലാതെ

ഒന്നും ഒന്നുമല്ലെന്ന് വരിക.

ഒന്നും ഒന്നിനും പോരെന്ന് വരിക.


ഏറിയാൽ ബഹ്യമായതിൽ 

നിന്നെ പ്രതിബിംബിച്ച് 

ആ വഴിയിൽ

നിനക്ക് നിന്നിൽ നിന്നും

ഒളിച്ചോട്ടത്തിനുള്ള പുകമറ സൃഷ്ടിക്കാമെന്നല്ലാതെ.


പുറത്തുള്ള ഒന്നും 

ഉള്ളിനെ നിറക്കുന്നില്ല, നിറക്കുന്നതല്ല. ഉള്ളിനെ നിറക്കുന്ന ഒന്നും പുറത്തില്ല. 


അതുകൊണ്ടും 

മടുക്കും, മടുക്കുന്നു 

എന്ന് തോന്നും.


പക്ഷേ, മടുക്കില്ല. 


എപ്പോൾ?


വെറും അപരിചിതനെപ്പോലെ ആയാൽ. വഴിപോക്കനെപ്പോലെ ജീവിക്കുമ്പോൾ. 


നീയേന്നത് ഇല്ലാതാതാവുന്നത്ര, 

നീയില്ലെന്ന് വരുത്തുന്നത്ര,

നീയും നിൻ്റെ ചുറ്റുമുള്ളതും 

നിനക്ക് ബാഹ്യമായതും 

എപ്പോഴും പുതിയതാണ്, 

മാറിക്കൊണ്ടിരിക്കുന്നതാണ് 

എന്ന അപരിചിതത്വവും 

വാഴിപോക്കും സാധ്യമായാൽ....


അപ്പോൾ മടുക്കില്ല.


പ്രതീക്ഷകൾ ഒന്നുമില്ലാതെ, 

ഒരു പ്രതീക്ഷകൾക്കും 

നിന്ന് കൊടുക്കാതെ 

ജീവിച്ചുനോക്കൂ. 


അങ്ങനെയതുകൊണ്ട് 

ശ്രമിക്കാനില്ലാതെ ജീവിച്ചുനോക്കൂ. 


മടുക്കില്ല. 


ഉള്ളിലും പുറത്തും 

ഒന്നുമില്ലെന്നറിഞ്ഞ്,

ഒന്നും നേടാനില്ലെന്നറിഞ്ഞ് 

ജീവിച്ചുനോക്കൂ. 


മടുക്കില്ല.

No comments: