Thursday, May 4, 2023

ദൈവം ഉണ്ടെങ്കിലെന്ത്, ഇല്ലെങ്കിലെന്ത്?

ദൈവം ഉണ്ടെങ്കിലെന്ത്, ഇല്ലെങ്കിലെന്ത്? 

ഉണ്ടെങ്കിൽ ഉള്ള ദൈവം ഉണ്ടല്ലോ?

ഇല്ലെങ്കിൽ ഇല്ലാത്ത ദൈവം ഇല്ലല്ലോ?

******

എന്തിന് ദൈവം നമുക്ക് വിഷയമാകണം? 

ദൈവം നമുക്ക് വിഷയമാകുന്നത് മറ്റൊന്നും കൊണ്ടല്ല. 

ദൈവം മതം സ്ഥാപിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം നമുക്ക് വിഷയമാകുന്നു. 

അതിൽ ഓരോ മതവും പറയുന്നത് പോലെയാണ് ദൈവം, ഓരോ മതവും പറയുന്നത് പോലെയാണ് ദൈവം പറയുന്നത് എന്ന് പറയുന്നത് കൊണ്ട് മാത്രം നമുക്ക് ദൈവം വിഷയമാകുന്നു.

അല്ലെങ്കിലെന്തിന് ദൈവം വിഷയമാകണം?

മതം സ്ഥാപിക്കാത്ത ദൈവം ആർക്കും ഒരു വിഷയമാവില്ല.

മതം പറയുന്നത് പോലെയല്ലാത്ത ദൈവം ആർക്കും ഒരു വിഷയമാവില്ല.

മതം പറയുന്നത് പോലെ പറയാത്ത ദൈവം ആർക്കും ഒരു വിഷയമാവില്ല.

പറയാനും പ്രവൃത്തിക്കാനും ഒരു മതവും മാധ്യമവും ആവശ്യമില്ലാത്ത ദൈവം ആർക്കും ഒരു വിഷയമാവില്ല.

നമ്മുടെ ആരുടെയും വിശ്വാസം ആവശ്യമില്ലാത്ത, ആവശ്യപ്പെടാത്ത ദൈവം ആർക്കും ഒരു വിഷയമാവില്ല.

******

നാം വിശ്വസിച്ചാലും ഇല്ലെങ്കിലും നടക്കേണ്ടത് നടക്കും. 

ദൈവം ദൈവം തന്നെയെങ്കിൽ, ഒരു കല്പനയും മതവും ഭീഷണിയും ആവശ്യമായി വരില്ല.

ദൈവം ദൈവം തന്നെയെങ്കിൽ, ഒരു കല്പനയും മതവും ഭീഷണിയും ഇല്ലാതെ തന്നെ നടക്കേണ്ടത് നടക്കും. ദൈവത്തിൻ്റെ ഉദ്ദേശം (ഉദ്ദേശം എന്ന വാക്ക് പോലും നമ്മുടെ മാനവും മാനദണ്ഡവും വെച്ച് പറയുന്നത്) മാത്രം നടപ്പാകും. 

ദൈവം ദൈവം തന്നെയെങ്കിൽ, ദൈവമെന്നാൽ, നടപ്പ്, നടപ്പാവൽ എന്ന് മാത്രം അർത്ഥം.

ദൈവം ദൈവം തന്നെയെങ്കിൽ, ഒരിടയാളനും ആരാധനാലയവും ആവശ്യമില്ലാതെ എന്ന് വരും. 

ദൈവം ദൈവം തന്നെയെങ്കിൽ, ഒരുതരം മോഹനവാഗ്ദാനങ്ങളും ഭീഷണികളും നടത്തേണ്ടി വരാതെ തന്നെ എല്ലാം നടപ്പാകും എന്ന് വരും.

ദൈവം ദൈവം തന്നെയെങ്കിൽ, ഒരുതരം  മാർക്കറ്റിങ്ങും ആവശ്യമില്ലാതെ തന്നെ, അങ്ങനെയൊരു മാർക്കറ്റിങ്ങും നടത്തേണ്ടത് ആവശ്യമില്ലാതെ തന്നെ.

ദൈവം ദൈവം തന്നെയെങ്കിൽ, ഏതെങ്കിലും ഒരു പ്രത്യേക കാലത്തിലും ഗ്രന്ഥത്തിലും ഭാഷയിലും വ്യക്തിയിലും ഒതുങ്ങാതെ എന്ന് വരും

ദൈവം ദൈവം തന്നെയെങ്കിൽ, എല്ലാറ്റിലൂടെയും എല്ലാവരിലൂടെയും എപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നർത്ഥം വരും.

എങ്കിൽ ആ ദൈവം ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞാലെന്ത്, പറഞ്ഞില്ലെങ്കിലെന്ത്?

No comments: