Monday, May 8, 2023

താനൂരും പിന്നെ കുറേ ദുരന്തങ്ങളും.

താനൂരും പിന്നെ കുറേ ദുരന്തങ്ങളും.

ദുരന്തങ്ങൾ എന്ന് പറയുമ്പോൾ...? 

നാം നമ്മുടെ തന്നെ മാനത്തിനുള്ളിൽ നിന്ന്, നമ്മുടെ തന്നെ മാനദണ്ഡം വെച്ച് , നമ്മളെ തന്നെ കേന്ദ്രബിന്ദുവാക്കി സംസാരിക്കുമ്പോഴുള്ള ദുരന്തങ്ങൾ.

*****

ദുരന്തങ്ങൾ സംഭവിക്കുമ്പോഴും ഒരുകുറേ പേർ ഒരുമിച്ച് അപകടപ്പെട്ടാലും മരിച്ചാലും അത്?

ദൈവവിധി. 

സാധാരണ ജീവിതവും ജീവിതത്തിലെ ബാക്കിയുള്ളതൊന്നും ദൈവവിധിയല്ലെന്ന മട്ടിൽ.... 

******

ഒരാളോ ഒരുകുറെ പേരോ ഒരുമിച്ച് മരിച്ചാൽ അത്? 

ദൈവവിളി കേട്ട് മടങ്ങിയത്. 

ദൈവവിളിക്ക് ഉത്തരമേകിയത്.

ദൈവത്തിലേക്ക് യാത്രയായത്.

മരിക്കുമ്പോൾ മാത്രം യാത്ര ചെയ്യുന്നവരാവാൻ ജീവിക്കുന്നവർ മുഴുവൻ എന്താണ് ചെയ്യുന്നത്?

ജീവിക്കുന്നവർ മുഴുവൻ നിശ്ചലരാണോ? 

ജീവിക്കുന്നവർ മുഴുവൻ സ്തംഭനാവസ്ഥയിലാണോ? 

മരണം മാത്രം ഒരു യാത്ര, അതും ദൈവത്തിലേക്കുള്ള യാത്ര എന്ന് കരുതുമ്പോൾ, ജീവിതമെന്നാൽ തങ്ങിനിൽപ് എന്നാണോ അർത്ഥം?

ജീവിതമെന്നാൽ ദൈവത്തെയും വിട്ട്, ദൈവമല്ലാത്ത, ദൈവത്തിൻ്റെതല്ലാത്ത വേറെ എങ്ങോട്ടേക്കോ ഉള്ള  യാത്ര എന്നാണോ അർത്ഥം വരിക?

ദൈവമല്ലാത്ത ദൈവത്തിൻ്റെതല്ലാത്ത ഒരു ലോകം ജീവിതം കൊണ്ട് യാത്രചെയ്യാനുണ്ട് എന്നാണോ മരണം ദൈവത്തിലേക്കുള്ള ഒരു യാത്ര എന്ന് പറയുമ്പോൾ അർത്ഥം? 

******

എങ്കിൽ, ഒരു ചോദ്യം:

ബാക്കിയുള്ള, ജീവിക്കുന്നവർ മുഴുവൻ ദൈവം വിളിക്കാത്തവരോ?

അതല്ലെങ്കിൽ ബാക്കിയുള്ള ജീവിക്കുന്നവർ മുഴുവൻ ദൈവവിളി കേൾക്കാത്തവരോ?

അതുമല്ലെങ്കിൽ, ബാക്കിയുള്ള ജീവിക്കുന്നവർ മുഴുവൻ ദൈവവിളിക്ക് ഉത്തരം നൽകാത്തവരോ?

******

ഭൂകമ്പം പോലുള്ള അപകടത്തിൽ നിന്നും അൽഭുതകരമാം വിധം രക്ഷപ്പെട്ടവർ ആരെങ്കിലും (ഒരു കുഞ്ഞെങ്കിലും) ഉണ്ടെങ്കിൽ? 

അത് ദൈവം രക്ഷപ്പെടുത്തിയത്. 

അത് ദൈവത്തിൻ്റെ മഹത്വം.

അപകടപ്പെടുത്തിയത് ദൈവമല്ലെന്ന് മട്ടിൽ...

ഉണ്ടായ അപകടം ദൈവത്തിൻ്റെ മഹത്വമല്ലെന്ന മട്ടിൽ 

അപകടമുണ്ടായിട്ടും, രക്ഷപ്പെട്ട് ജീവിക്കുന്നവർ ദൈവവിളി കേൾക്കാത്തവരും ദൈവവിളി കേട്ടിട്ടും ധിക്കാരപൂർവ്വം ഉത്തരം നൽകാത്തവരുമെന്ന് വരാത്തത് ഭാഗ്യം.

*******

അപകടങ്ങളിൽ രക്ഷപ്പെട്ടവരെ എവിടെ നിന്നാണ് ദൈവം രക്ഷപ്പെടുത്തിയത്?

ദൈവം തന്നെ ഉണ്ടാക്കിയ അപകടത്തിൽ നിന്നോ?

ദൈവം നടത്തിയ അതേ ദൈവവിധിയിൽ നിന്നോ?

ദൈവം നടത്തിയ അതേ ദൈവവിളിയിൽ നിന്നോ?

അതെന്ത് കഥ?

ദൈവത്തിന് പുറത്ത് ദൈവമല്ലാത്ത ഒന്നുമില്ലല്ലോ? 

എങ്കിൽ,  ദൈവം എവിടെ നിന്ന് എവിടേക്ക് രക്ഷപ്പെടുത്തുന്നു? 

അപകടപ്പെടുത്താനും രക്ഷപ്പെടുത്താനും മാത്രമുള്ള ദൈവവിധി എന്താണ്, എന്തിനാണ്?

ദൈവത്തിന് പുറത്ത് ഒന്നുമില്ലെങ്കിൽ എങ്ങിനെ, എന്തിന് വിധിയുണ്ടാവണം? 

ദൈവം മാത്രമെങ്കിൽ ദൈവം തന്നെ ആയിരിക്കുക മാത്രമല്ലാതെ വേറെന്തുണ്ടാവും?

തൻ്റെ സ്വന്തം വിധിയിൽ നിന്ന്  രക്ഷപ്പെടുത്തേണ്ടിവരുന്ന വിധം ദൈവത്തിൻ്റെ തന്നെ വിധിയോ?

തന്നെത്തന്നെ രക്ഷപ്പെടുത്തേണ്ടിവരുന്ന വിധം ദൈവത്തിൻ്റെ വിധിയോ?

ദൈവത്തിന് തിരുത്ത് ദൈവം തന്നെയോ?

ദൈവം തന്നെ ചോദ്യവും ഉത്തരവുമോ?

സ്വയം തിരുത്തേണ്ടിവരുന്ന വിധി ദൈവത്തിന് തന്നെ ഒഴിവാക്കാൻ സാധിക്കാതെയോ?

********

സാധാരണക്കാരന് ഒരേയൊരു സംശയം. 

അപകടങ്ങൾ മാത്രം ദൈവവിധിയെന്ന് വരുമ്പോൾ, അപകടങ്ങൾ ഇല്ലാതെ ജീവിക്കുന്നവർ ദൈവം വിധിയിലല്ലേ.

മരണങ്ങളെ മാത്രം ദൈവവിളിയെന്ന്  വിളിക്കുമ്പോൾ, ജീവിതം പിന്നെ ആരുടെ വിളിയാണ്?

ജീവിക്കുന്നവരാരും ദൈവവിളി കേൾക്കുന്നവരല്ലേ?

******

പിന്നെന്തിന് ദൈവവിധിയെന്നും ദൈവവിളിയെന്നും സെലക്ടീവായി നിങ്ങൾക്ക് പറ്റിയകോലത്തിൽ നിങ്ങൾക്ക് പറ്റിയസമയത്ത് മാത്രം എടുത്തു പറയണം?

No comments: