തുന്നൽ സൂചിയുടെത് പോലെ
ഉയർന്ന ബോധവും ചിന്തയും ആത്മീയതയും.
തുന്നൽ സൂചിയുടെത് പോലെ
സ്വാതന്ത്ര്യം.
നിന്നിടത്ത് നിൽക്കാതെ.
വീണ്ടും വീണ്ടും
പുതിയ ഇടം ഉണ്ടാക്കും, കണ്ടെത്തും
സൂചി തന്നെയായ
സ്വാതന്ത്ര്യവും ആത്മീയതയും.
തുന്നൽ സൂചി അതുണ്ടാക്കിയ,
തുന്നൽ സൂചി അത് കണ്ടെത്തിയ
പുതിയ ഇടത്തിൽ
സ്വയം പിടിച്ചുനിൽക്കാതെ,
പിന്നെയും പിന്നെയും
സ്വയം മുന്നോട്ട് പോവുക,
വീണ്ടും വീണ്ടും പുതിയ ഇടം
ഉണ്ടാക്കുക, കണ്ടെത്തുക.
അതാണ് സ്വാതന്ത്ര്യവും ആത്മീയതയും.
ഇത് തുടർന്ന് കൊണ്ടെയിരിക്കുക,
ഇത് തുടർന്ന് പോവുക.
ഇടതടവില്ലാതെ പോവുക.
സൂചിയുടെ ബോധം.
ആത്മീയത സ്വാതന്ത്ര്യമാണ്.
സ്വാതന്ത്ര്യം നിരാശ്രയത്വമാണ്.
നിരാശ്രയത്വം അരക്ഷിതത്വമാണ്.
നിന്നിടത്ത് നിൽക്കലല്ല
ആത്മീയതയും സ്വാതന്ത്ര്യവും.
നിന്നിടത്ത് നിൽക്കാത്ത
ആത്മീയതയും സ്വാതന്ത്ര്യവും.
ഫലത്തിൽ ആലസ്യമാണ്.
*****
അറിവില്ലായ്മ
അറിവില്ലായ്മയിലൂടെ തന്നെ
യാത്ര ചെയ്യുകയാണ്
ആത്മീയത.
ദേശാടനക്കിളികളെ പോലെ.
അറിയാത്ത വഴികളിലൂടെ
അറിയാത്തവനായി
അറിയപ്പെടാത്തവാനായി
യാത്ര ചെയ്യുന്നു ദേശാടനക്കിളി.
*****
എല്ലാവരും
അവനവൻ അകപ്പെട്ട അവസ്ഥയിൽ
കുരുങ്ങി നിസ്സഹായരായി തന്നെയാണ്.
കുടുംബസ്ഥരും ഭക്തരും
സന്യാസികളും ദാർശനികരും
കവികളും അധികാരികളും ഒക്കെ.
എല്ലാവരും
സ്വയം രക്ഷപ്പെടാനുള്ള
പുകമറയെ, ഒളിച്ചോട്ടത്തെ
ആഭരണമാക്കുകയുമാണ്
******
മണ്ണ് പൂവാവുന്ന ദൂരം തന്നെ
പൂവ് മണ്ണാവുന്ന ദൂരം.
നീയില്ലാതെ
ജീവിതം പല പുനർജന്മങ്ങളായി
തുടരുന്ന ദൂരം.
മാനം തന്ന മറ
അപ്പുറത്തെ ഇപ്പുറത്ത് നിന്നും
കാണാതാക്കുന്നു.
******
അസ്വസ്ഥപ്പെടാൻ എന്തിരിക്കുന്നു?
ആർക്കും നിന്നെ മനസ്സിലാവുന്നില്ല എന്നതോ?
പിറകെ നടന്ന് മാത്രം
സ്വന്തമിടം കണ്ടെത്തുന്ന നൂലുകൾക്ക്,
അവർക്ക് സ്വസ്ഥമായിരിക്കാൻ
ഇടം കണ്ടെത്തിക്കൊടുക്കുന്ന
സൂചികകളെ മനസ്സിലാവുന്നില്ല.
പിന്നെയാണോ നിൻ്റെ രോദനം?
നിന്നെ മനസ്സിലാകാത്തതാണ്,
നിന്നെ അവർ മനസ്സിലാക്കാത്തതും
നിന്നെ അവർ മനസ്സിലാക്കില്ല,
നിന്നെ അവർക്ക് മനസ്സിലാകില്ല
എന്നതുമാണ്
അവർ നിനക്ക് തരുന്ന
യഥാർത്ഥ അംഗീകാരം.
നിന്നെ അവഗണിക്കുന്നു,
നിന്നെ അവർക്ക് ബോധപൂർവ്വം
അവഗണിക്കേണ്ടി വരുന്നു എന്നതാണ്
നിനക്കുള്ള അംഗീകാരം.
അവരറിയാതെയും അവർ നിന്നെ അംഗീകരിക്കുന്നത്ങ്ങനെയാണ്.
അല്ലേലും
മിന്നേരുകളെ ആർക്ക് സഹിക്കും.
എല്ലാവരും മിന്നേറുകളുടെ നേരേ
കണ്ണടക്കുക മാത്രം പോംവഴി.
ഇത്രയും വലിയ വെളിച്ചവും
ഊർജ സ്രോതസ്സുമായിട്ടും
മിന്നേരുകൾ അവഗണിക്കുന്നപ്പെടുക തന്നെ.
വെറും വെറുതെയായി, അനാവശ്യമായി
ഭൂമിയിൽ പതിച്ചു
വിസ്മൃതിയിലാവുക തന്നെ
മിന്നേറുകളുടെ വിധി.
നട്ടുച്ചയ്ക്ക് വെട്ടിത്തിളങ്ങുന്ന
സൂര്യനിൽ കണ്ണയക്കാൻ സാധിക്കാത്ത
പാവം ജനത എന്ത് പിഴച്ചു?
അവർ വെളിച്ചവും ചൂടും കൊള്ളുന്ന
അതേ സൂര്യനെ
ഒന്ന് നോക്കുക പോലും ചെയ്യാതെ
അവഗണിക്കുക മാത്രം
അവർക്ക് ഏക വഴി.
No comments:
Post a Comment