Tuesday, May 2, 2023

പ്രതിപക്ഷകക്ഷികൾക്ക് വേണ്ടി നിറയെ ഉപദേശങ്ങളാണല്ലോ?

ചോദ്യം:  കുറച്ച് ദിവസങ്ങളായി പ്രതിപക്ഷകക്ഷികൾക്ക് വേണ്ടി നിറയെ ഉപദേശങ്ങളാണല്ലോ? 

അവർ ചോദിച്ചിട്ട് കൊടുക്കുന്നതാണോ ഈ ഉപദേശരത്‌നങ്ങൾ?


ഉത്തരം: എല്ലാം ചോദിച്ചതിന് ശേഷം തന്നെ കൊടുക്കണം എന്നില്ലല്ലോ? 

ചോദിക്കാതെയും മുൻകൂട്ടി അറിഞ്ഞ് കൊടുക്കാം, പറയാം. 

മാതാപിതാക്കൾ കുട്ടികൾക്ക് വേണ്ടി ഒരുക്കുന്നതും ചെയ്യുന്നതും പോലെ.

നടന്ന വഴിയിലെ അപകടങ്ങളെ പിന്നാലെ വരുന്നവർക്ക് അവർ ചോദിക്കാതെ തന്നെ പറഞ്ഞുകൊടുക്കുന്നത് പോലെ.

രോഗിക്ക് അറിയാത്തത്, ഒരുപക്ഷേ രോഗി സ്വയം ആവശ്യപ്പെടാത്തതും, വൈദ്യൻ കൊടുക്കുന്നത് പോലെ.

മഴ പെയ്യും പോലെ. 

കാറ്റടിക്കും പോലെ. 

സൂര്യനുദിക്കും പോലെ. 

പുഴ ഒഴുകുംപോലെയും 

കടലായിരിക്കും പോലെയും. 

ചോദിച്ചാലും ചോദിച്ചില്ലെങ്കിലും.

അവശ്യപ്പെട്ടാലും ആവശ്യപ്പെട്ടിട്ടില്ലെങ്കിലും സംഭവിക്കും, പറയും.

വേണമെങ്കിലും വേണ്ടെങ്കിലും  ഉത്തരങ്ങൾ നൽകപ്പെട്ടുകൊണ്ടേയിരിക്കും. 


പിന്നെ ചോദിക്കുക എന്നത്. 

അത് മണ്ണിൽ വേരുകൾ ഊർന്നിറങ്ങുന്നത് പോലെയാണ്. അന്വേഷണത്തിൻ്റെ വേരുകൾ.

പക്ഷേ, അങ്ങനെ ചോദിക്കാനും വേണ്ടേ ഒരു വിവരം, ഒരു വേര്? 

ചോദിക്കാനും വേണ്ടേ വിവരക്കേട് സ്വയം അംഗീകരിക്കൽ? 

പോരാ പോരാ എന്ന് തോന്നുന്ന, നിന്നിടം അന്വേഷണം.

******

ചിലരുടെ വിവരക്കേടും ആ വിവരക്കേടാണ് വിവരമെന്ന് ധരിക്കുന്ന വിവരക്കേടും അതുണ്ടാക്കുന്ന അഹങ്കാരവും ചോദ്യങ്ങളെ തമസ്കരിക്കും. 

അവർക്ക് മുള പൊട്ടില്ല. വേരിറങ്ങില്ല.

എങ്ങനെയെങ്കിലും ഉണ്ടാവുന്ന ചില ചോദ്യങ്ങൾ ചോദിക്കാനും അവരെ അവരുടെ അഹങ്കാരം അനുവദിക്കില്ല. 

ശരിയായ രോഗി മരുന്നിനെയും വൈദ്യനെയും വെറുക്കുന്നത് പോലെ അവർ ചോദ്യങ്ങളെയും ഉത്തരങ്ങളെയും വെറുക്കും. 

മണ്ണിനെ വെറുക്കുന്ന മുളക്കാത്ത വിത്തുകളായി അവർ മാറും.

തനിക്ക് രോഗമില്ലെന്നും തനിക്ക് രോഗമുണ്ടെന്ന് പറയുന്നവർക്കാണ് രോഗമെന്നും അവർ പറയും. 

തനിക്കല്ല പനി, പകരം അന്തരീക്ഷം കുളിരുന്നതാണ് എന്നാരോപിക്കുന്നവർ. 

******

പിന്നെ ചില ചോദ്യങ്ങളുണ്ട്. 

ഉള്ളു പൊള്ളയായ ബാൻഡ് ശബ്ദം ഉണ്ടാക്കുന്നത് പോലുള്ള ചോദ്യങ്ങൾ. 

ആരോ കൊട്ടുന്നത് കൊണ്ട് മാത്രം അവരിൽ ചോദ്യങ്ങൾ ഉണ്ടാവുന്നു. വെറും ശബ്ദം മാത്രമായ ചോദ്യങ്ങൾ.

എന്തെന്നും ഏതെന്നും അറിയാതെ, ചോദ്യം ഗർഭംധരിക്കാതെ വെറും വെറുതെ അവർ കുറേ ചോദ്യങ്ങൾ ചോദിക്കും. 

വിവരക്കേടുകൾ മറയായ ചോദ്യങ്ങൾ. 

ചോദ്യങ്ങളുടെ പിതൃത്വം അവർ ഏറ്റെടുക്കാത്ത ചോദ്യങ്ങൾ.

അവർക്ക് ഉത്തരം വേണ്ട. 

ഉത്തരങ്ങൾ അവർ കേൾക്കുകയും ഇല്ല. 

അവരുടെ ചോദ്യങ്ങൾ അനാഥപ്രേതങ്ങളാണ്. 

അതിനാൽ ഉത്തരം നൽകുന്നവൻ അവർക്ക് ശത്രു ആവും. 

അവരിൽ അവർ ആഗ്രഹിക്കാത്ത പിതൃത്വം ഏൽപിക്കുന്നതിൻെറ ശത്രുത അവർ ഉത്തരം നൽകുന്നവനോട് ഊട്ടിവളർത്തും.

അവരുടെ ചോദ്യങ്ങൾ വിവരവും അന്വേഷണവും ഉണ്ടാക്കുന്ന ചോദ്യങ്ങൾ അല്ല. വേരുകളുടെ ചോദ്യങ്ങൾ അല്ല. 

അവരുടെ ചോദ്യങ്ങൾ വെറുതേ കുത്തിനോവിക്കുന്ന മുള്ളുകളുടെതും സൂചികളുടെതുമാണ്. 

വിവരക്കേടും അന്വേഷണമില്ലായമയും ഉണ്ടാക്കുന്ന, വിവരക്കേടും അന്വേഷണമില്ലായമയും സൂക്ഷിക്കാനും നിലനിർത്താനും വേണ്ടി മാത്രം ഉണ്ടാവുന്ന ധിക്കാരത്തിൻ്റെയും തെമ്മാടിത്തത്തിൻ്റെയും മുള്ളുകളും സൂചികളും മാത്രമായ ചോദ്യങ്ങളാണ് അവരുടേത്. 

വെറും വെറുതേ തടസ്സം സൃഷ്ടിക്കുന്ന ചോദ്യങ്ങൾ. 

തടസ്സമുണ്ടാക്കാൻ മാത്രമുദ്ദേശിച്ച്, അവരുടെ അധീശത്വം സ്ഥാപിക്കാൻ ഉദ്ദേശിച്ച് മാത്രം നടത്തുന്ന ധിക്കാരത്തിൻ്റെയും ധാർഷ്ട്യത്തിൻ്റെയും ചോദ്യങ്ങൾ.

******

ഭരണകൂടത്തിന് ഭരണത്തിൻ്റെയും അധികാരത്തിൻ്റെയും കരുത്തുണ്ട്.   

ഭരണകൂടത്തിന് അവരുടെ അധികാരം നല്കിയ അഹങ്കാരത്തിൻ്റെയും ധാർഷ്ട്യത്തിൻ്റെയും കരുത്തുണ്ട്

പുറത്ത് നിന്നുള്ള ആരുടെയും ഉപദേശം വേണ്ട അവർക്ക്. 

അത്രക്ക് കരുത്തുണ്ട് രാജ്യത്തിൻ്റെ അധികാരത്തിന്, അത് കൊടുക്കുന്ന സൗകര്യങ്ങൾക്ക്, സംവിധാനങ്ങൾക്ക്.

പ്രതിപക്ഷമാണ് എന്തുണ്ട് വഴി എന്ന നിലക്ക് നിൽക്കുന്നത്. പ്രത്യേകിച്ചും വർത്തമാന ഇന്ത്യയിലെ രാഷ്ട്രീയത്തിൽ. 

അധികാരമുള്ളവനെ കുറ്റം പറഞ്ഞ് കൊണ്ട് മാത്രം പറ്റില്ല. കാരണം അധികാരത്തിൽ എത്തിയാൽ ഏറെക്കുറെ എല്ലാവരും ഇങ്ങനെത്തന്നെ.

അതുകൊണ്ട് തന്നെ പകരം സ്വന്തം നിലക്ക് എന്തെങ്കിലും പറയാനും ചെയ്ത് കാണിക്കാനും വേണം. 

അങ്ങനെ ചിലതുണ്ടെന്ന് പറയാൻ സാധിക്കണം പ്രതിപക്ഷത്തിന്. 

നിലവിലെ ഇന്ത്യയിൽ പഴയത് പോലെ എന്തെങ്കിലും കൊണ്ട് സാധിക്കില്ല എന്നും വന്നിരിക്കുന്നു. 

ഭരണകൂടം അത്രക്ക് വലിയ നീരാളിപ്പിടുത്തമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 

ജനങ്ങൾ നിസ്സഹായരാണ്. അതുകൊണ്ട് തന്നെ നിസ്സംഗരാണ്.

പ്രതിപക്ഷത്തിന്, ഉള്ളത് കൃത്യമായതും വ്യക്തമായതും തന്നെ വേണം. 

അങ്ങനെയൊന്ന് ഇന്ത്യയിൽ ആർക്കും, ഒരു പ്രതിപക്ഷ പാർട്ടിക്കും ഇല്ല. 

എന്നെങ്കിലും നാം തിരിച്ചറിയണം. 

അറിയില്ല എന്നറിയുന്നത് അറിയുന്നതിൻ്റെയും അറിയാൻ ശ്രമിക്കുന്നതിൻ്റെയും തുടക്കമാണ് എന്നപോലെ ഇവിടെയും നമ്മൾ അറിയണം. 

നമ്മുടെ കയ്യിൽ പ്രതിപക്ഷം എന്ന നിലക്ക് ഒന്നുമില്ല, സത്യസന്ധത ഒട്ടുമില്ല എന്ന്.

No comments: