Saturday, May 20, 2023

കേരള സ്റ്റോറി പ്രധാനമന്ത്രി വിഷയമാക്കുമ്പോൾ:

കേരള സ്റ്റോറി : ഒരു വലിയ രാജ്യത്തിൻ്റെ പ്രധാനമന്ത്രി വലിയ വിഷയമാക്കി അവതരിപ്പിക്കുമ്പോൾ:

അല്ലെങ്കിൽ, ഒരു വലിയ രാജ്യത്തിൻ്റെ പ്രധാനമന്ത്രിക്ക് കേരള സ്റ്റോറി പോലുള്ള വെറുമൊരു സിനിമയെ വലിയ വിഷയമാക്കി അവതരിപ്പിക്കേണ്ടി വരുമ്പോൾ:

കേരളം വലുതാകുന്നു. 

പ്രധാനമന്ത്രി ചെറുതാകുന്നു. 

പ്രധാനമന്ത്രി ഒരു നാടിൻ്റെ മുഴുവൻ പ്രധാനമന്ത്രി അല്ലാതാവുന്നു.

******

ഒരേയൊരു ചോദ്യം. 

ഇന്ത്യ ഭരിക്കുന്ന പാർട്ടിയും പ്രധാനമന്ത്രിയും എന്തിനാണ് നാട്ടിലെ ജനങ്ങളുടെയും നാട് വിട്ട ജനങ്ങളുടെയും കണക്ക് പറയാൻ ആരോ പടച്ചുണ്ടാക്കിയ ഒരു സിനിമയെ ആശ്രയിക്കുന്നത്?

ഇന്ത്യാ ഗവൺമെൻ്റിൻ്റെ അടുക്കൽ തന്നെ ഉണ്ടാവില്ലേ, ഉണ്ടാവേണ്ടതല്ലേ ഔദ്യോഗികമായ കണക്ക്? 

കേരളത്തിൽ നിന്ന് ആകയാൽ isisലേക്ക് പോയത് എത്ര പെൺകുട്ടികളാണ് എന്ന് ഇന്ത്യാ ഗവൺമെൻ്റിനും പ്രധാനമന്ത്രിക്കും ആരോ ഉണ്ടാക്കിയ ഒരു സിനിമ പറഞ്ഞുകൊടുക്കണമോ? 

ബിജെപിക്കും പ്രധാനമന്ത്രിക്കും അതറിയാം. 

ഒരു കുന്തവും തങ്ങൾ പറഞ്ഞ് പ്രചരിപ്പിക്കുന്ന കളവിൽ ഇല്ലെന്ന്. 

കേരളത്തിൽ നിന്നും isis ലേക്ക് പോയത് വെറും മൂന്ന് പേരെന്ന്. 

കേരളത്തിൽ നിന്ന് isis ലേക്ക് പോയതിൻ്റെ എത്രയോ ആയിരക്കണക്കിന് ഇരട്ടി പെൺകുട്ടികൾ തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും, യുപി യിൽ നിന്നും ഗുജറാത്തിൽ നിന്നും കാണാതായിട്ടുണ്ട് എന്ന്.

അതവർക്കറിയാം. 

എന്നിട്ടും പെരുംനുണകൾ പറഞ്ഞ് സത്യമാക്കി വെറുപ്പും വിഭജനവും ഭീതിയും ഉണ്ടാക്കുന്നു.


എന്തിന് അധികാരം നേടാൻ, നിലനിർത്താൻ മാത്രം. 

ഒരു രാജ്യത്തെയും അതിലെ നിവാസികളെയും ഒരുപോലെ കണ്ട് കൂട്ടിപ്പിടിച്ച് നടക്കേണ്ടവർ തന്നെ തങ്ങളുടെ ചെറിയ നിക്ഷിപ്ത താല്പര്യത്തെ വലുതാക്കി വെച്ച് നാടിനെ കെട്ടഴിച്ച് നടക്കുന്നവരാകുന്നു.

******

ആർക്കും പ്രത്യക്ഷമായ നിഷ്പക്ഷമായ കണ്ണുകൾ കൊണ്ട് വെറുതേ മനസ്സിലാവുന്ന കാര്യം:

കേരളം ഇന്ത്യയിലെ തന്നെ ഏറ്റവും വിദ്യാഭാസനിലവാരമുള്ള സംസ്ഥാനം.

ഇന്ത്യയിലെ തന്നെ ഏറ്റവും സാംസ്കാരിക നിലവാരം സൂക്ഷിക്കുന്ന സംസ്ഥാനം.

ഇന്ത്യയിലെ തന്നെ ഏറ്റവും ജീവിതനിലവാരവും സാമൂഹ്യസൗഹാർദ്ദവും ഉള്ള സംസ്ഥാനം.

അങ്ങനെയുള്ള ഒരു സംസ്ഥാനത്തെ കാണിച്ച് വെറുപ്പും ഭയവും ഉയർത്തുന്നത്ര, ഉയർത്തേണ്ടി വരുന്നത്ര  ഒരു പ്രധാനമന്ത്രി തരംതാഴുന്നുവെങ്കിൽ, 

ആ പ്രധാനമന്ത്രി എത്ര നികൃഷ്ഠനാണ്, ചെറുതാണ്? 

ആ പ്രധാനമന്ത്രി എത്ര സങ്കുചിതനാണ്, അല്പനാണ്? 

ആ പ്രധാനമന്ത്രി എത്ര വെറുപ്പും അസഹിഷ്ണുതയും പേറി വിതറിനടക്കുന്നവനാണ്? 

ആ പ്രധാനമന്ത്രി എത്ര കളവ് മാത്രം പറയുന്നവനാണ്? 

*****

ഇന്ത്യയും അതിൻ്റെ പ്രധാനമന്ത്രിയും പെരുംകളവ് പറയേണ്ടത്ര ചെറുതാണോ, ചെറുതാകാമോ?

വെറും മൂന്നാളെ, ഒരു തെളിവുമില്ലാതെ മുപ്പത്തിരണ്ടായിരമാക്കി പറയുന്നത്ര വലിയ കളവിനെ തൻ്റെ നിലനില്പിന് വേണ്ടി, മറ്റു പല കാര്യങ്ങളിലും അനുവർത്തിച്ചു ശീലമാക്കിയത് പോലെ, പരസ്യമാക്കുന്ന പ്രധാനമന്ത്രിയോ?

സ്വന്തം ജനങ്ങളെ കളവ് മാത്രം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് നേട്ടമുണ്ടാക്കുന്ന പ്രധാനമന്ത്രിയോ? 

മതവിഭജനവും വെറുപ്പും മാത്രമല്ലാത്ത ഒന്നും പറയാനില്ലാത്ത പ്രധാനമന്ത്രിയോ? 

സ്വന്തം നാടിനെ കൂട്ടിപ്പിടച്ചു നടക്കാൻ സാധിക്കാതെ, പേടിപ്പിച്ചു വിഭജിച്ചു കാണുന്ന ഒരു പ്രധാനമന്ത്രിയോ? 

അയാൾക്ക് ഇന്ത്യയുടെ അങ്ങേയറ്റത്തെ കാശ്മീരും ഇങ്ങേയ് അറ്റത്തെ കാശ്മീരും അന്യമോ?

******

കപ്പിത്താൻ തന്നെ കപ്പലിന് ഓട്ടവെച്ച് നശിപ്പിക്കരുത്. 

കപ്പലിനെ വിഭജിച്ച് നശിപ്പിക്കുക ഒരു ശരിയായ കപ്പിത്താൻ്റെ രീതിയല്ല.

ശരീരത്തിൻ്റെ എല്ലാ ഭാഗത്തേയും ഒരുപോലെ കൊണ്ടുനടക്കുന്നത് പോലെ ഒരു ശരിയായ കപ്പിത്താൻ കപ്പലിനെയും കൊണ്ടുനടക്കും.

കപ്പലിനെ നശിപ്പിച്ച് തൂക്കി വിൽക്കൽ ഉദ്ദേശമില്ലാത്തവൻ ശരിയായ കപ്പിത്താൻ.

അങ്ങനെ താൻ നശിപ്പിച്ചതിൽ നിന്നും, താൻ നശിപ്പിച്ചത് കൊണ്ട് നശിച്ചതിൽ നിന്നും നേട്ടമുണ്ടാക്കുക ശരിയായ കപ്പിത്താൻ്റെ രീതിയല്ല. പകരം, ശത്രുക്കൾ അവരുടെ ശത്രുവിൻ്റെമേൽ നടപ്പാക്കുന്ന രീതിയാണത്. 

ഹിന്ദു മുസ്ലിം വിഭജനമായിരിക്കരുത്, അത് മാത്രമെന്നത് പോലെയായിരിക്കരുത് യഥാർത്ഥ ഭരണാധികാരിയുടെ ഏക അജണ്ട. പ്രധാനമന്ത്രിയുടേയും ഭരിക്കുന്ന പാർട്ടിയുടെയും പ്രധാന ഏക അജണ്ട. 

രാജ്യം ഭരിക്കുന്നവർ രാജ്യത്തെ സ്നേഹിക്കുന്നവർ കൂടിയെങ്കിൽ രാജ്യത്തെയും ആ രാജ്യത്തിലുള്ള സകലതിനെയും ഒരുമിച്ച് കൊണ്ടുപോകണം. 

ആ നിലക്ക് കേരളത്തെ പോലും പേരെടുത്ത് പറഞ്ഞ് മാറ്റിനിർത്തും വിധം സംസാരിക്കുന്നത് ഒരു പ്രധാനമന്ത്രി ചെയ്യുന്ന, ചെയ്യേണ്ടുന്ന പ്രവൃത്തിയല്ല.

No comments: