രാഹുൽ ഗാന്ധി വളരുന്നു, പക്ഷേ, കോൺഗ്രസ്സും വളരണം.
രാജ്യത്തിന് വേണ്ടി, രാജ്യത്തിൻ്റെ ജനാധിപത്യത്തിന് വേണ്ടി.
രാഹുൽ ഗാന്ധി അത് തെളിയിക്കുന്നു.
ചുരുങ്ങിയത് കർണാടകയിലൂടെ രാഹുൽ അത് തെളിയിക്കുന്നു.
തൻ്റെ അച്ചനും അമ്മൂമ്മയും ചോരയും ജീവനും നൽകി ചരിത്രമാക്കിയ അതേ രാജ്യത്തിന് മുന്നിൽ.
കോൺഗ്രസ്സും അതുപോലെ അത് തെളിയിക്കണം.
സത്യസന്ധതയും ആത്മാർത്ഥതയും ലാളിത്യവും വിനയവും മാത്രം കൈമുതലാക്കി, മുഖമുദ്രയാക്കി രാഹുൽ അത് സാധിക്കുന്നത് പോലെ.
ഭാരത രാജ്യത്തിൻ്റെ പേരും പെരുമയും പറഞ്ഞ് ഭാരത രാജ്യത്തിനും രാജ്യനിവാസികൾക്കും വേണ്ടി ഒന്നും ചെയ്യാനില്ലാതെ വെറും കളവും വെറുപ്പും മാത്രം ആയുധമാക്കുന്നവരുടെ എല്ലാതരം പരിഹാസവാക്കുകളെയും ഏറെക്കുറെ പൂക്കളാക്കി മാറ്റിക്കൊണ്ട് രാഹുൽ മെല്ലെ മെല്ലെ അത് സാധിക്കുന്നു.
കോൺഗ്രസ്സും, അതുപോലെ മുഴുവൻ കോൺഗ്രസ്സുകാരും രാഹുലിനോളം സത്യസന്ധതയും ആശയബലവും വിനയവും ലാളിത്യവും കാണിച്ചാൽ കോൺഗ്രസ്സിനും ഇന്ത്യക്കും ജനാധിപത്യത്തിനും മതേതരത്വത്തിനും ബഹുസ്വരതക്കും പ്രതീക്ഷയുണ്ട്.
എങ്കിൽ, ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും ഇനിയുമേറെ ഉയങ്ങൾ താണ്ടും, വാഴും.
മതവിഭജന രാഷ്ട്രീയത്തിനും വെറുപ്പ് മാത്രം ആയുധമാവുന്നതിനും അന്ത്യമാവും.
രാഹുൽ മാത്രം വളർന്നത് കൊണ്ട് കോൺഗ്രസ്സ് വളരില്ലെന്ന് കോൺഗ്രസ്സ് മനസ്സിലാക്കണം, കോൺഗ്രസ്സിൻ്റെ മറ്റു നേതാക്കളും അണികളും അത് മനസ്സിലാക്കണം.
ഉള്ളിൽ കരുത്തുറ്റ ആശയം നിറച്ച്, ആവേശം നൽകി തന്നെ കോൺഗ്രസ്സും അണികളും നേതാക്കളും വളരണം.
സത്യസന്ധതയും ആത്മാർത്ഥതയുമുള്ള ആശയം കൊണ്ട് ആവേശം മുറ്റിനിൽക്കുന്ന ഒരു വലിയ പ്രവർത്തക വിഭാഗത്തെ കോൺഗ്രസ്സ് ബോധപൂർവ്വം മെല്ലെ മെല്ലെ സൃഷ്ടിച്ച് വളർത്തണം.
എന്താണ് കോൺഗ്രസ്സ്, എന്തിനാണ് കോൺഗ്രസ്സ് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരവും ബോധ്യതയും വ്യക്തതയും ഉള്ള ഒരു വലിയ വിഭാഗത്തെ കോൺഗ്രസ്സ് വളർത്തണം.
മതേതരത്വവും ജനാധിപത്യവും ഓരോ പ്രവർത്തകനും ആവേശവും ജീവവായുവുമാകുന്ന ഒരു വലിയ വിഭാഗത്തെത്തന്നെ കോൺഗ്രസ്സ് വളർത്തണം.
അധികാരം മാത്രം ആഗ്രഹിക്കാത്ത, അധികാരം മാത്രം ലക്ഷ്യമാക്കാത്ത, അധികാര ലഹരിയിൽ മതിമറന്ന് പോകാത്ത ഒരു വലിയ പ്രവർത്തക വിഭാഗത്തെക്കൊണ്ട് കോൺഗ്രസ്സ് ഒരിക്കൽ കൂടി ഇന്ത്യയെ കണ്ടെത്തണം, കെട്ടിപ്പടുക്കണം.
ഇന്ത്യക്ക് വേണ്ടി ഇന്ത്യയെ കോൺഗ്രസ്സ് ഒരിക്കൽ കൂടി കണ്ടെത്തണം, കെട്ടിപ്പടുക്കണം.
No comments:
Post a Comment