Monday, July 11, 2022

ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കുക.

 ദൈവം ചൂണ്ടലിട്ട് കാത്തുനില്‍ക്കുന്ന മീന്‍കാരന്‍. നമ്മൾ പുഴയിലെ മത്സ്യം. പിടിച്ചുകൊണ്ടുപോയി ദൈവം തീയിലിടും, പൊരിക്കും. എങ്ങനെയുണ്ട് മതപാഠം?

****

ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കുക. 


ചോദ്യമാണ് ലോകത്തെ ഇന്നത്തെ അവസ്ഥയിൽ കൊണ്ടുവന്നത്. ചോദ്യമാണ് അനേകം ഉത്തരങ്ങളെ ഉണ്ടാക്കിയത്. 


അഥവാ ഒളിഞ്ഞിരുന്നതും തെളിഞ്ഞിരുന്നതുമായ പലതും ഉത്തരങ്ങൾ മാത്രമായിരുന്നു എന്ന് മനസ്സിലാക്കിത്തന്നത് ചോദ്യങ്ങളാണ് 


ചോദ്യം പുതിയത് കണ്ടെത്താനുള്ള ഏക ഉപാധിയാണ്. 


ചോദ്യം പഴയത് നഷ്ടപ്പെടുത്തും. 


ചോദ്യം വിത്താണ്. ചോദ്യം ഉത്തരമായി മുളക്കാനാണ് ചോദ്യം ചോദിക്കുന്നതായി മാറുന്നത്. 


ഓരോ മുളപൊട്ടലും ഓരോ പുതിയ ചോദ്യവും ഓരോ പുതിയ ഉത്തരവും ആണ്. 


ഓരോ പുതിയ ഉത്തരവും ക്രമേണ ചോദ്യം തന്നെ ആയിത്തീരും.


ഓരോ ഉത്തരവും പിന്നീട് ചോദ്യം ചെയ്യപ്പെടുന്ന പഴയതായി ക്രമേണ മാറും. 


ചോദ്യമാണ് ഓരോ ഇളക്കവും ചലനവും. 


ഒപ്പം ചോദ്യം ഉണ്ടാക്കുന്നതാണ്  ഉണ്ടാക്കിയതാണ് ഓരോ ഇളക്കവും ചലനവും. 


ചോദ്യമാണ് ഓരോ ജീവനും ജീവിക്കാനുള്ള ബോധവും ജീവിതനിമിഷവും. 


നിന്നിടത്ത് നിൽക്കാൻ സാധിക്കാത്തവൻ ചോദ്യം ചോദിക്കുന്നവനാണ്. 


ചോദ്യം ചോദിക്കുന്നവൻ ഫലത്തിൽ നിന്നിടം വീടും. 


അത് കൊണ്ട് തന്നെ യാത്ര ചോദ്യമാണ്. യാത്ര ചെയ്യുന്ന വൻ നിരന്തരമായി ചോദ്യം ചെയ്യുന്നവനാണ്.

 

അതുകൊണ്ടാണ് ഇടതടവില്ലാതെ ലക്ഷ്യമില്ലാതെ യാത്ര ചെയ്യാൻ കല്പന ഉണ്ടാവുന്നത്. 


കച്ചവടത്തിനും ജോലിക്കും വേണ്ടിയല്ലാതെ യുള്ള ഓരോ യാത്രയും ഓരോരുത്തനും നിർബന്ധമാണ്.


ചോദ്യം ചോദിക്കുന്നവൻ മാത്രം  മുന്നോട്ട് നടക്കുന്നവനാകും.


ചോദ്യമാണ് അതുവരെ കാണാതിരുന്ന മുന്നിലുള്ള പുതിയ ശരികളെ ഉണ്ടാക്കുന്നത്, കണ്ടെത്തുന്നത്. 


ചോദ്യമാണ് പഴയ ശരികളെ പിന്നിലാക്കി പലപോഴും പുതിയ അവസ്ഥയിൽ അത് തെറ്റാണെന്ന് വരുത്തുന്നത്.


അതിനാൽ മകനേ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുക. 


ചോദ്യങ്ങൾ ജീവിതത്തിനോട് നീ കാണിക്കുന്ന താൽപര്യവും ജീവിതം നിന്നിൽ ഉണ്ടാക്കുന്ന കൗതുകങ്ങളും ആണ്. 


ചോദ്യങ്ങൾ നമ്മുടെ പരിധിയും പരിമിതിയും ഉണ്ടാക്കുന്നതാണ്. 


ചോദ്യങ്ങൾ നമ്മുടെ പരിധിയെയും പരിമിതിയേയും മനസിലാക്കിത്തരുന്നതുമാണ്. 


പലപ്പോഴും അത്തരം പർമിതികളെയും പരിധികളെയും തകർക്കുന്നതുമാണ് ചോദ്യങ്ങൾ.







No comments: