ആരും അമാനുഷികനാവേണ്ട.
ഒരു ഗുരുവും അഗ്നിയിൽ എരിയേണ്ട.
പക്ഷേ, അഗ്നിയെ കുറിച്ചും അതിൻ്റെ ചൂടിനെ കുറിച്ചും അറിയണം, പേടി ഉള്ളവനാവണം. അത്രയേയുള്ളൂ.
ആരും ഒരു ഗുരുവും കുഴിയിൽ വീണ് ചാവേണ്ട.
പക്ഷേ, കുഴിയെ കുറിച്ചും അതിൽ വീണാലുള്ള ദുരിതത്തെ കുറിച്ചും മനുഷ്യനായി തന്നെ മനസിലാക്കണം, പേടിക്കണം. അത്രയേയുള്ളൂ.
അഗ്നിയിൽ എരിഞ്ഞവനും കുഴിയിൽ വീണ് ചത്തവനും പിന്നിട് ഒന്നും പറയാനുണ്ടാവില്ല.
അയാൾ എരിഞ്ഞ് തീരും, ചത്ത് ജീർണിക്കും.
പക്ഷേ, ഏത് ഗുരുവും ആത്മീയ പുരുഷനും മനുഷ്യനെ ഉപദേശിക്കുന്ന മറ്റൊരു മനുഷ്യനാവണം.
ഏത് ഗുരുവും ആത്മീയ പുരുഷനും അഗ്നി തൊട്ടാൽ പൊള്ളുന്നവനും കാണാത്ത കുഴിയിൽ അറിയാതെ വീഴുന്നവനും ആയിരിക്കണം.
അതുകൊണ്ട് തന്നെ അഗ്നി തൊട്ട് പൊള്ളുന്നതും കുഴിയിൽ വീഴുന്നതും പേടിക്കുന്നവനും ആയിരിക്കും, ആയിരിക്കണം.
അങ്ങനെയുള്ള മനുഷ്യനായ ഗുരുവിന് മാത്രമേ മറ്റൊരു മനുഷ്യനോട് അഗ്നിയും കുഴിയും ഉണ്ടെന്നും, അഗ്നി തൊട്ടാൽ പൊള്ളുമെന്നും കുഴിയിൽ വീഴുമെന്നും പറഞ്ഞുകൊടുത്ത് ഉപദേശിച്ച് തിരുത്താൻ സാധിക്കൂ.
മനുഷ്യന്മാർക്കിടയിലെ കാര്യമാണ് പറയുന്നത്. അത് മനുഷ്യൻ തന്നെ പറഞ്ഞു കൊടുക്കണം. മനുഷ്യനായി തന്നെ മനുഷ്യനെ വളർത്തണം.
എന്ന് വെച്ചാൽ ഒരു തകരാറും ദൗർബല്യങ്ങളും ഇല്ലാത്ത ഗുരുവും ആത്മീയ പുരുഷനും ഇല്ല, ഉണ്ടാവേണ്ടതില്ല.
അഥവാ അങ്ങനെയുള്ള തകരാറുകളും ദൗർബല്യങ്ങളും ഇല്ലാത്ത ഗുരുവും ആത്മീയ പുരുഷന്മാരും ഉണ്ടെങ്കിൽ അവർ രോഗികൾ മാത്രം. അല്ലെങ്കിൽ അവർ വെറും വെറുതേ അഭിനയിച്ച് ജീവിക്കുന്നവർ മാത്രം.
ആരുടെയും രോഗമല്ലല്ലോ, അഭിനയമല്ലല്ലോ മറ്റുള്ളവർക്ക് ഉപദേശമാകേണ്ടത്, ഗുരുത്വമായി ഭവിക്കേണ്ടത്?
അനുഭവവും കാഴ്ചയും അത്തരം അനുഭവങ്ങളിൽ നിന്നും കാഴ്ചകളിൽ നിന്നും മനസ്സിലാക്കിയതും തന്നെയല്ലേ പാഠവും ഉപദേശവും ആകേണ്ടത്?
****
അതുകൊണ്ടാണല്ലോ അനുഭവം ഗുരു എന്ന് പറയുന്നത്?
എന്താണ് അനുഭവം ഗുരു എന്ന് പറയുന്നതിനർത്ഥം?
അനുഭവമാണ് ഒരാളെ ഗുരു ആക്കുന്നത് എന്നർത്ഥം.
അനുഭവം കൊടുക്കുന്ന പാഠം ഉൾകൊള്ളുന്നവൻ അതാത് കാര്യത്തിൽ ഗുരുവായിത്തീരുന്നു.
ഏത് വിധേനയാണെങ്കിലും കൂടുതൽ അനുഭവങ്ങൾ ഉള്ളവൻ, കൂടുതൽ കാഴ്ചകൾ ഉള്ളവൻ കൂടുതൽ ഗുരുത്വം ഉള്ളവൻ ആവുന്നതങ്ങിനെ.
എന്നുവെച്ചാൽ അനുഭവിക്കാൻ പറ്റിയ പ്രകൃതവും തകരാറുകളും ദൗർബല്യങ്ങളും ഉള്ള ആളാണ്, ആളാവണം, ആളായിരുന്നിരിക്കണം ഏതൊരു ഗുരുവും ആത്മീയ പുരുഷനും എന്നർത്ഥം.
അതുകൊണ്ട് തന്നെ ഒന്നുകൂടി ഉറപ്പിച്ച് പറയട്ടെ, മനുഷ്യനായി മനുഷ്യൻ്റെ തകരാറുകളും ദൗർബല്യങ്ങളും ഇല്ലാത്ത, മനസിലാക്കാത്ത ഒരാൾക്ക് മനുഷ്യനെ അവൻ്റെ തകരാറുകളെയും ദൗർബല്യങ്ങളെയും മനസിലാക്കി, അഭിസംബോധന ചെയ്ത് വഴിനടത്താൻ സാധിക്കില്ല.
No comments:
Post a Comment