ജീവിക്കാൻ വേണ്ടതെല്ലാം നിന്നിലൂടെയും അല്ലാതെയും സംഭവിക്കുന്നു.
ജീവിച്ചങ്ങ് മരിച്ചില്ലാതെയാവും.
എത്രയെത്രയാളുകൾ, ജീവികൾ മരിച്ചില്ലാതെയായി?
നീയുമങ്ങ് അതുപോലെ മരിച്ചില്ലാതെയാവും
****
അധ്വാനിക്കാതെ ജീവിക്കാനുള്ള ഏക സൂത്രവാക്യം നോക്കി നടക്കേണ്ട.
നിങൾ നിങ്ങൾക്ക് വേണ്ടി തീരുമാനിക്കേണ്ട കാര്യമേ ഇതിലുള്ളൂ.
നിങ്ങളിലെ നിങ്ങളെ കളയുമെങ്കിൽ പ്രത്യേകിച്ചും അത് വളരേ എളുപ്പമാണ്.
അറിയുക, ഒരുവിധം എല്ലാ അധ്വാനവും അഭിനയമാണ്, വിധേയത്വമാണ്, നിസ്സഹായത കൊണ്ടാണ്.
അഭിനയം ഇല്ലാത്ത, അഭിനയം വേണ്ടാത്ത, വിധേയത്വം ആവശ്യമില്ലാത്ത, അഭിനയിക്കാനില്ലാത്ത, ഒരുതരം പ്രതീക്ഷയും കൊടുത്ത് വഞ്ചിക്കാത്ത ഏക പരിപാടിയുണ്ട്. അഹങ്കാരം എന്ന പുകമറയിൽ നിന്നും പുറത്ത് വന്നെങ്കിൽ ചെയ്യാവുന്ന ഒന്ന്. യാചന. ഒരുപക്ഷേ ബുദ്ധനും ഒരേറെ സന്യാസികളും തെരഞ്ഞെടുത്ത വഴി.
ഏല്ലാ അധ്വാനവും യാചന തന്നെയാണ്. അധ്വാനം നേരേയല്ലാതെയുള്ള, അഭിനയവും വിധേയത്വവും മറയായ് വെച്ചുള്ള യാചന.
ആവശ്യങ്ങളിൽ പലതും യഥാർഥത്തിൽ ആവശ്യങ്ങൾ അല്ലെന്നറിയുക.
അങ്ങനെ ആവശ്യങ്ങളിൽ പലതും ആവശ്യങ്ങൾ അല്ലെന്നറിഞ്ഞാൽ അധ്വാനവും അധ്വാനിക്കേണ്ട ആവശ്യവും ഇല്ലാതാവും, കുറയും.
അധ്വാനം ആവശ്യമാക്കുന്ന ആവശ്യങ്ങളിൽ മിക്കതും സ്വാധീനിക്കപ്പെട്ട് ഉണ്ടായതാണ്. അറിവ്കേട് കൊണ്ടുണ്ടാവുന്നതാണ്.
ഉള്ളി തൊലിക്കുന്നത് പോലെ തൊലിച്ച് നോക്കിയാൽ മനസിലാവും. യഥാർഥത്തിൽ ഒട്ടുമുക്കാലും ആവശ്യമല്ലെന്ന്. ഒഴിവാക്കാവുന്നതാണ് എന്ന്.
യഥാർഥത്തിൽ ആവശ്യമുള്ളത് എല്ലാം ഇവിടെ സൗജന്യവുമാണ്.
മണ്ണ്, വിണ്ണ്, വായു, വെള്ളം, വെളിച്ചം, ആണ്, പെണ്ണ്.
എല്ലാം സൗജന്യം.
പിന്നെ ആകയാൽ അധ്വാനിക്കേണ്ടത് അരച്ചാൺ വയറിന് വേണ്ടിയാണ്.
അതും പ്രകൃതിയിൽ ഏറെക്കുറെ സൗജന്യമായി ഉണ്ടാവുന്നതാണ്. നമ്മുടെ തന്നെ ഇടക്കുവെച്ചുള്ള കൈകാര്യം ചെയ്യലും ഇടപെടലും മാറ്റിനിറുത്തിയാൽ.
പിന്നെയുള്ളത് മനസ്സമാധാനം.
മനസ്സമാധാനം ഒരു കൃഷിയിടത്തിലും കൃഷി ചെയ്യാവുന്നതോ കച്ചവസ്ഥലത്ത് നിന്ന് വാങ്ങാൻ കിട്ടുന്നതോ അല്ല.
മനസ്സമാധാനം സ്വയം ഉള്ളിൽ നിന്ന് വരുന്നത്. അവനവൻ്റെ തെളിച്ചവും വെളിച്ചവും പോലെ.
ആയിരിക്കുന്ന അവസ്ഥയിൽ ആയിരിക്കും പോലെ ആവുമ്പോൾ ഉള്ള പൊരുത്തവും പൊരുത്തത്തിൽ നിന്നുമാണ് മനസ്സമാധാനം.
No comments:
Post a Comment