മരണം
ജീവിതം ഉറങ്ങുന്ന,
ജീവിതം കളിച്ചു രസിക്കുന്ന,
ജീവിതത്തെ ജീവിതമാക്കുന്ന,
ജീവിതത്തെ താരാട്ടുന്ന
മെത്ത, കളിത്തട്ട്, കളിത്തൊട്ടിൽ.
*****
മരണമാണ് എളുപ്പം;
ജീവിതമല്ല.
ജീവിതം പ്രായാസമാണ്;
മരണമല്ല പ്രയാസം.
പ്രയാസത്തെയാണ് നാം
ജീവിതമെന്ന് വിളിക്കുന്നത്.
പ്രതിരോധിക്കുന്നതിനേയും ആക്രമിക്കുന്നതിനെയുമാണ് നാം
ജീവിതമെന്ന് വിളിക്കുന്നത്.
*****
മരണം
ഒരു തുറവിയാണ്.
ശ്രമങ്ങളും പ്രതിരിധങ്ങളും
ഒഴിവാകുമ്പോൾ
ഉണ്ടാവുന്ന തുറവി.
ഞാനിൽ നിന്നും രക്ഷപ്പെടുന്ന
ഞാൻ ഇല്ലാതാവുന്ന തുറവി
മുഴുവനിലേക്കുമുള്ള
മുഴുവനുമായിത്തീരാനുള്ള,
എളുപ്പമുള്ള തുറവി.
ജീവിതം തന്ന തടവറയും
ആ തടവറ തന്ന വ്യക്തിത്വവും
എളുപ്പത്തിൽ
തകർത്തെറിയുന്ന തുറവി.
*****
യഥാർഥത്തിൽ,
എങ്ങനെയും.
എങ്ങനെയായാലും
മരണം മാത്രമാണ്.
ജീവിക്കുമ്പോഴും മരണം,
മരിക്കുമ്പോഴും മരണം.
*****
പ്രകൃതി എളുപ്പമാണ്.
എളുപ്പത്തിൽ പ്രകൃതി
മരണത്തെ തേടുന്നു, നേടുന്നു.
മരണത്തിലൂടെ പ്രകൃതി
ജീവിതത്തെ നേടുന്നു, തുടർത്തുന്നു.
ജീവിതത്തിലൂടെ മരണത്തെയും.
*****
പ്രകൃതി എന്ന സ്വാഭാവികത
എളുപ്പം മാത്രം തേടുന്നു,
എളുപ്പം മാത്രം നേടുന്നു.
ആ നിലക്ക്, അതിനാൽ തന്നെ,
പ്രകൃതി
ആലസ്യവും മരണവും മാത്രം
തേടുന്നു, നേടുന്നു.
*****
അലസനാവൂ,
ശ്രമിക്കാതെയാവൂ.
നിങൾ മരിക്കും.
പ്രയത്നിക്കൂ.
നിങൾ ജീവിക്കും.
മരിച്ചു കൊണ്ട് ജീവിക്കും.
****
പ്രയാസപ്പെടുമ്പോഴൊക്കെ
ജീവിക്കുന്നു എന്ന് തോന്നിക്കൊണ്ട്,
ജീവിക്കുന്നു എന്ന് തോന്നിപ്പിച്ചുകൊണ്ട്,
ജീവിച്ചു കൊണ്ട്,
ജീവിക്കാൻ എന്ന് തോന്നിക്കൊണ്ട്
നിങൾ മരിച്ചു കൊണ്ടിരിക്കും.
നിങൾ മരിച്ചു ജീവിക്കും
****
മരണമാണ് എളുപ്പം.
നാം മനസ്സിലാക്കുന്നത് പോലെ
ജീവിക്കുകയും അതിജീവിക്കുകയും
പ്രയാസമാണ്.
പ്രയാസപ്പെടുകയാണ്,
ശ്രമിക്കുകയാണ്
ജീവിതത്തിൻ്റെ വഴി.
പ്രയാസപ്പെടാതിരിക്കുകയാണ്,
ശ്രമിക്കാതിരിക്കുകയാണ്
മരണത്തിൻ്റെ വഴി.
*****
പ്രയാസപ്പെടുന്നവൻ മാത്രമേ
നാം മനസ്സിലാക്കുന്നത് പോലെ
ജീവിക്കൂ, അതിജീവിക്കൂ.
അല്ലാത്തവൻ
നാം മനസിലാക്കുന്നത് പോലെ
മരിക്കും.
പ്രയാസപ്പെടാതെ
അലസമായിരിക്കുന്നവൻ്റെ
ജീവിതം മരണത്തിലാണ്.
നിത്യമായ തുടർച്ചയായ മരണത്തിൽ.
****
അങ്ങനെയുള്ള
സ്വയം ഏറ്റെടുത്ത് നടത്തുന്ന
പ്രയാസമാണ്
ഒരോരുവൻ്റെയും ശക്തി.
ശക്തിയെന്ന് നാം വിളിക്കുന്ന
അതിജീവന ശേഷി.
ഓരോ പ്രയാസവും
ജീവിക്കാനുള്ള,
അതിജീവിക്കാനുള്ള
ഓരോ മരണമാണ്.
ജീവിക്കാൻ ശക്തി കൂട്ടുന്ന
മരണം.
ആ വഴിയിൽ
മരിച്ചു കൊണ്ട് മാത്രം
ജീവിതം.
*****
ജീവിക്കുകയെന്നാൽ
പ്രയാസപ്പെടുക എന്ന് മാത്രമർത്ഥം.
മരിച്ചുകൊണ്ട് മാത്രം,
മരിപ്പിച്ചുകൊണ്ട് മാത്രം
പ്രകൃതി ജീവിതത്തെ
ജീവിപ്പിക്കുന്നു, വളർത്തുന്നു.
മരണമാണ്
സർവത്തെയും
സർവവുമായി
പരിവർത്തിപ്പിച്ച്
പരിണമിപ്പിച്ച്
വളർത്തുന്നത്.
*****
ജീവിതം
വളരുന്നതും മാറുന്നതും
മരണത്തിലൂടെ.
കാരണം,
മരണവും മരിപ്പിക്കുകയുമാണ്
യഥാർഥത്തിൽ എളുപ്പം.
പ്രകൃതിയിൽ എളുപ്പം.
ശ്രമിക്കുമ്പോൾ നിങൾ
ശ്രമിക്കുന്ന വഴിയേ മരിക്കുന്നു.
മരിക്കുമ്പോൾ നിങൾ
മടിച്ച് അലസമായി
പ്രതിരോധിക്കാതെ മരിക്കുന്നു.
****
മരിച്ചു കൊണ്ട് മാത്രം
ജീവിതം തുടരുന്നു.
മരണം
ജീവിതം ഉറങ്ങുന്ന,
ജീവിതം കളിച്ചു രസിക്കുന്ന,
ജീവിതത്തെ ജീവിതമാക്കുന്ന,
ജീവിതത്തെ താരാട്ടുന്ന
മെത്ത, കളിത്തട്ട്, കളിത്തൊട്ടിൽ.
No comments:
Post a Comment