അർജുനനോട് കൃഷ്ണൻ കൽപിച്ചത് എന്താണ്?
തനിക്ക് ബോധ്യപ്പെടുന്ന ധർമ്മത്തിന് വേണ്ടി കൊല്ലാനും കൊല്ലപ്പെടാനും തന്നെ.
ധർമ്മത്തിന് വേണ്ടി യുദ്ധം ചെയ്യാൻ.
ധർമ്മയുദ്ധം ചെയ്യാൻ. ചെയ്യാൻ
പറയപ്പെടുന്ന ധർമ്മയുദ്ധം (ധർമ്മസമരം) മാത്രമാണ് ജിഹാദ്.
ഏതൊരു സാധാരണക്കാരനെയും പോലെ തന്നെയായിരുന്നു അർജുനൻ കൃഷ്ണൻ്റെ മുൻപിൽ.
ധർമ്മം എന്തെന്ന് മനസ്സിലാവാതെ.
അങ്ങനെയൊരു യുദ്ധം (ധർമ്മത്തിന് വേണ്ടി) ചെയ്യേണ്ടതുണ്ടോ എന്ന് മനസ്സിലാവാതെ.
ഏതൊരു സാധാരണവിശ്വാസിയെയും പോലെ ഒന്നും മനസ്സിലാകാതെ സംശയിച്ചുനിൽക്കുന്ന അർജ്ജുനന് സ്വയം ബോധ്യപ്പെടാത്ത ധർമ്മത്തെ നിർവ്വചിച്ചുകൊടുക്കുന്നതും മനസ്സിലാക്കിക്കൊടുക്കുന്നതും യുദ്ധം ചെയ്യുക ആവശ്യമാണെന്ന് ബോധ്യപ്പെടുത്തിക്കൊടുന്നതും കൃഷ്ണനാണ്.
വർത്തമാനകാലത്ത് കൃഷ്ണന് പകരം മറ്റുപലരും.
വർത്തമാനകാലത്ത് നമ്മൾ വെറുപ്പിച്ചും പേടിപ്പിച്ചും ജിഹാദ് വേറെന്തോ ആണെന്ന് വരുത്തിത്തീർത്ത് പറയുന്നു എന്ന് മാത്രം.
ജിഹാദ് സ്വയം ബോംബ് വെച്ച് പൊട്ടിത്തെറിക്കലും മറ്റുമാണെന്ന കോലത്തിൽ.
ജിഹാദും യഥാർത്ഥത്തിൽ ധർമ്മയുദ്ധം മാത്രമാണ്.
എന്നുവെച്ചാൽ അർജുനൻ ചെയ്ത അതേ ധർമ്മയുദ്ധം.
******
എല്ലായിടത്തും എല്ലായ്പ്പോഴും സാധാരണക്കാരായവർ തന്നെയാണ് അർജ്ജുനൻമാർ.
കൃഷ്ണനിൽ നിന്നെന്ന പോലെ ആരിൽ നിന്നൊക്കെയോ വിശദീകരണങ്ങൾ കേട്ട് മനസ്സിലാക്കിക്കൊണ്ട് ധർമ്മയുദ്ധം എന്ന പേരിലും അർഥത്തിലും അവരും യുദ്ധത്തിന് പോകുന്നു.
ഓരോ രാജ്യവും പട്ടാളമേധാവിയും തങ്ങളുടെ പട്ടാളക്കാരെ ഒരുക്കുന്നത് ഇതേ ജിഹാദ് എന്ന ധർമ്മയുദ്ധം ചെയ്യാൻ തന്നെയാണ്.
സ്വധർമ്മം ബോധ്യപ്പെട്ടെങ്കിൽ, അത്തരം സ്വധർമ്മത്തിന് വേണ്ടി യുദ്ധം ഏതെങ്കിലും കോലത്തിൽ ആരും ചെയ്യാതിരിക്കില്ല.
യുദ്ധത്തിൽ തങ്ങൾ മാത്രം ശരിയെന്ന് പറയാത്ത ഒരൊറ്റ രാജ്യവും വിഭാഗവും രാഷ്ട്രീയപാർട്ടിയും ഉണ്ടാവില്ല.
തങ്ങളുടെ ശരിക്ക് വേണ്ടി മറ്റു പാർട്ടിക്കാരെയും പട്ടാളക്കാരെയും കൊല്ലുന്നവരും ചെയ്യുന്നത് അവരവരുടെ ജിഹാദ് തന്നെ, അവരുടെ ധർമ്മയുദ്ധം തന്നെ.
അവരവരുടെ ധർമ്മയുദ്ധത്തെ മാത്രം അവർ ജിഹാദ് എന്ന് പേര് വിളിക്കില്ല.
എന്തുകൊണ്ട്?
ജിഹാദ് മാത്രം എന്തോ നെഗറ്റീവ് ആയ കാര്യമാണെന്ന് ആരൊക്കെയോ എങ്ങനെയൊക്കെയോ പറഞ്ഞു ധരിപ്പിച്ചത് കൊണ്ട്.
അതുകൊണ്ട് ഒരേ കാര്യം പേര് മാറ്റി, ജിഹാദ് എന്ന പേര് ഒഴിവാക്കി എല്ലാവരും ചെയ്യുന്നു.
കാര്യമായ വ്യത്യാസമൊന്നും ഇല്ല.
യുദ്ധം എങ്ങനേയും ചെയ്യപ്പെടുന്നു.
എങ്ങനേയും ചെയ്യപ്പെടുന്നത് യുദ്ധം തന്നെ, സമരം തന്നെ.
എല്ലാ യുദ്ധങ്ങളും സമരങ്ങളും വിജയിക്കാൻ വേണ്ടി മാത്രം ചെയ്യപ്പെടുന്നു.
അതിനാൽ തന്നെ യുദ്ധത്തിൽ എങ്ങിനെയൊക്കെ എന്തൊക്കെ ചെയ്യാൻ പറ്റുമോ അങ്ങനെയവയൊക്കെ ചെയ്യപ്പെടും എന്നത് തന്നെയാണ് വസ്തുത.
അതിൽ,
സ്വധർമ്മവിശ്വാസം അത്രക്ക് ശക്തമെങ്കിൽ,
സ്വധർമ്മം അത്രക്ക് ബോധ്യപ്പെട്ടതെങ്കിൽ,
സ്വധർമ്മത്തോട് അശേഷവും കാപട്യമില്ലാത്ത ആത്മാർഥതയുള്ളവാരാണെങ്കിൽ,
സ്വയം പൊട്ടിത്തെറിച്ചുകൊണ്ടും സ്വയം നഷ്ടപ്പെട്ടുകൊണ്ടും, ഒരുതരം ഭൗതികമായ ശമ്പളവും ആനുകൂല്യവും അംഗീകാരവും പ്രതീക്ഷിക്കാതേയും ആവും ആ യുദ്ധം (സമരം) ചെയ്യുന്നത്.
വെറും ശമ്പളം വാങ്ങുന്ന, ആനുകൂല്യം പറ്റുന്ന ജോലി മാത്രമായല്ലാതെയുള്ള സമരം, യുദ്ധം.
അതുകൊണ്ട് തന്നെ അത്തരം ജിഹാദിന് സാധാരണയുദ്ധത്തിൽ നിന്നും വേറൊരു തലവും കൂടിയുണ്ട്.
അവനവനോടുള്ള യുദ്ധം എന്ന് കൂടി.
അവനവനെ സംസ്കരിക്കുന്ന യുദ്ധം കൂടിയാണ് ജിഹാദ്.
********
ഒരുപക്ഷേ വലതുപക്ഷ പാർട്ടികൾ തന്ത്രപൂർവ്വം, ജിഹാദ് എന്ന പേരിന് പകരം ധർമ്മയുദ്ധം എന്ന സുന്ദരനാമം നൽകിക്കൊണ്ട് നടപ്പാക്കിക്കൊണ്ടിരിക്കുന്നതും ജിഹാദ് തന്നെയായിക്കൂടായ്‌കയില്ല.
ജിഹാദ് എന്ന അറബിപ്പേര് തന്നെ വേണമെന്നില്ലല്ലോ ജിഹാദ് ജിഹാദാവാൻ, ധർമ്മസമരം ധർമ്മസമരമാവാൻ
എങ്കിൽ, മുസ്ലിംകൾ അവരുടെ ധർമ്മത്തിന് വേണ്ടിയെന്ന് കരുതി കൊല്ലുന്നതും കൊല്ലപ്പെടുന്നതും (അങ്ങനെ അവർ എവിടെയെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ, ഗസ്സയിൽ ആയാലും മറ്റെവിടെ ആയാലും)) ആ വഴിയിൽ സ്വർഗ്ഗം കാമിക്കുന്നതും മാത്രം എടുത്തുപറയാൻ എന്തിരിക്കുന്നു, എന്ത് വ്യത്യാസമിരിക്കുന്നു?
അർജുൻമാർ തന്നെ വിശ്വാസികൾ മുഴുവൻ.
അർജുനന്മാർ തന്നെ എല്ലാ പട്ടാളക്കാരും സമരക്കാരും.
ധർമ്മം എന്ന് കരുതി കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും തന്നെ എല്ലാവരും.
അങ്ങനെ ധർമ്മം എന്ന് വിശ്വസിക്കാൻ അവരെല്ലാവരും കൽപിക്കപ്പെടുന്നുണ്ട് എന്നത് കൊണ്ട് മാത്രം ഈ ഉണർത്തൽ.
******
ബാക്കിയൊക്കെ അവരവർ അവരവർക്ക് വേണ്ടി നടത്തുന്ന വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും.
ധർമ്മകാര്യത്തിൽ ധർമ്മം എന്ത്, എന്തല്ല എന്നതും, ആര് ശരി, ആര് തെറ്റ് എന്നതുമൊക്കെ അവരവർക്ക് വേണ്ടി അവരവർ ഉണ്ടാക്കുന്ന വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും മാത്രം.
അർജ്ജുനന് കൃഷ്ണൻ ആ സന്ദർഭത്തിൽ അത് ധർമ്മമായി ഉപദേശിച്ചുകൊടുത്തു.
വേറെ സന്ദർഭത്തിൽ, വേറെ കാര്യം, വേറെ കോലത്തിലുള്ള യുദ്ധം അതേ കൃഷ്ണൻ ധർമ്മമായി ഉപദേശിച്ചുകൊടുക്കും എന്നർത്ഥം.
സ്വന്തം കുടുംബക്കാർക്കെതിരെ യുദ്ധം ചെയ്യുന്നതിൽ വരെ ധർമ്മം കണ്ടെത്താൻ കൃഷ്ണൻ ഉപദേശിച്ചിട്ടുണ്ടെങ്കിൽ വേറെ എന്തെല്ലാം ധർമ്മമായി മാറിക്കൂട, സമരം ചെയ്യാനുള്ള ന്യായമായിക്കൂട?
വിശ്വാസവ്യത്യാസത്തിന് വേണ്ടി യുദ്ധം ചെയ്യുന്നതും അങ്ങനെയുള്ള കൃഷ്ണൻ ധർമ്മമായി ഉപദേശിച്ചുകൂടായ്കയില്ല.
അല്ലെങ്കിലും എല്ലാം ഫലത്തിൽ വിശ്വാസവ്യത്യാസം തന്നെയായാണ് മാറുക.
കൗരവർക്കും പാണ്ഡവർക്കുമിടയിൽ അവരുടെ അക്കാര്യത്തിലുള്ള നിരീക്ഷണങ്ങളുടെ വ്യത്യാസങ്ങൾ കൊണ്ടുള്ള വിശ്വാസവ്യത്യാസം തന്നെയല്ലേ കാര്യവും യുദ്ധകാരണവും?
എല്ലാ യുദ്ധങ്ങളിലും അതിർത്തിതർക്കങ്ങളിലും ഫലത്തിൽ അതാത് കൂട്ടർക്കിടയിൽ അതാത് കാര്യത്തിൽ അപ്പപ്പോൾ രൂപപ്പെടുന്ന, അവർവർ ശരിയെന്ന് കരുതുന്ന വിശ്വാസവ്യത്യാസം തന്നെയാണ് കാരണം, കാര്യം.
ഞാൻ എനിക്ക് വേണ്ടി ശരിയെന്നും അതിർത്തിയെന്നും വിശ്വസിക്കുന്ന കാര്യം മറ്റെയാൾ, എതിർപക്ഷത്തുള്ള ആൾ ശരിയെന്നും അതിർത്തിയെന്നും വിശ്വസിക്കുന്നില്ല.
അതുകൊണ്ട് തർക്കം, അടിപിടി, യുദ്ധം.
വിശ്വാസവ്യത്യാസം തന്നെ എല്ലാ കൊലകൾക്കും തർക്കങ്ങൾക്കും യുദ്ധങ്ങൾക്കും പിന്നിൽ.
ദൈവവിശ്വാസ വ്യത്യാസമാണോ മറ്റെന്തെങ്കിലും വിശ്വാസവ്യത്യാസമാണോ എന്ന വ്യത്യാസം മാത്രം.
എന്തായാലും വിശ്വാസം വിശ്വാസം തന്നെ.
എന്തായാലും വിശ്വാസവ്യത്യാസം വിശ്വാസവ്യത്യാസം തന്നെ.
ഓരോരുത്തരും അവരുടെ ധർമ്മത്തെ എങ്ങിനെ നിർവ്വചിക്കുന്നു, മനസ്സിലാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു അവരുടെ ധർമ്മയുദ്ധം.
ആരുടെയും ശത്രുക്കൾ അവരുടെ എതിരാളികളുടെ ന്യായങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് മാത്രം വിശേഷിപ്പിക്കും, പ്രചരിപ്പിക്കും എന്നത് സംശയിക്കാനില്ലാത്ത കാര്യം.
ഇന്ത്യ ചൈനയുടേതും പാക്കിസ്ഥാൻ്റെയും, ചൈനയും പാക്കിസ്ഥാനും ഇന്ത്യയുടെയും വാർത്തകളും ന്യായങ്ങളും അപ്പടി അവതരിപ്പിക്കില്ല.
സ്വന്തം താത്പര്യത്തിനനുസരിച്ച് മാത്രം എല്ലാവരും അവതരിപ്പിക്കും.
********
ചോദ്യം: അവിശ്വാസികളെ കൊല്ലാൻ വേണ്ടി സ്വയം പൊട്ടിത്തെറിക്കുന്നതല്ലേ ജിഹാദ്, അതിനല്ലേ സ്വർഗ്ഗം കിട്ടുന്നത്?
ആര് പറഞ്ഞു, എവിടെ പറഞ്ഞു അവിശ്വാസികളെ കൊല്ലാൻ വേണ്ടി സ്വയം പൊട്ടിത്തെറിക്കുന്നതാണ് ജിഹാദ് എന്ന്, അതിനാണ് സ്വർഗ്ഗം കിട്ടുന്നതെന്ന്?
എവിടെയും അങ്ങനെ പറഞ്ഞിട്ടില്ല.
തെറ്റിദ്ധരിപ്പിക്കുന്നവർ തെറ്റിദ്ധരിപ്പിക്കുന്നതല്ല യഥാർത്ഥ വസ്തുത.
അങ്ങനെയൊരു ധർമ്മത്തിലും ധർമ്മയുദ്ധത്തിലും ആരും വിശ്വസിക്കുന്നില്ല,
അങ്ങനെയുള്ളൊരു ധർമത്തെ കുറിച്ചും ധർമ്മ യുദ്ധത്തെ കുറിച്ചും ഈയുള്ളവൻ ആരെയും ഉപദേശിക്കുന്നുമില്ല.
ഈയുള്ളവൻ താങ്കൾ എങ്ങനെയോ മനസ്സിലാക്കിയത് പോലെയുള്ള വിശ്വാസിയല്ല.
അങ്ങനെ കാഫിറുകൾ ഉണ്ടെന്ന് ഈയുള്ളവൻ കരുതുന്നുമില്ല.
മഹാഭൂരിപക്ഷവും അറിയാത്തവർ മാത്രമാണെന്നും, അവർ വിശ്വസിക്കാത്തത് അറിയാത്തത് കൊണ്ട് മാത്രമാണെന്നും, അറിയാത്തത് കൊണ്ട് വിശ്വസിക്കാത്തവർ കാഫിറുകൾ (നിഷേധികൾ) അല്ലെന്നും ഈയുള്ളവൻ ഉറക്കെ പറയാൻ ശ്രമിക്കുന്നു.
ഇനി ആരൊക്കെയോ പറയുന്നത് പോലെ അവിശ്വാസികളെ കൊല്ലാൻ വേണ്ടി സ്വയം പൊട്ടിത്തെറിക്കുന്നതിലാണ് സ്വർഗ്ഗം കിട്ടുന്നത് എന്ന് തന്നെ വെക്കുക.
അപ്പോഴും അവിശ്വാസിയായ കാഫിറിനെ കൊല്ലുക എന്ന ലക്ഷ്യം വെക്കേണ്ടതില്ലേ ?
അവിടെ സ്വയം മരിക്കുകയല്ലല്ലോ, പകരം കാഫിറിനെ കൊല്ലുക എന്നതല്ലേ പ്രാഥമികലക്ഷ്യം?
എങ്കിൽ ആ കാഫിറിനെ കൊല്ലാൻ ശ്രമിക്കുകയും വേണ്ടേ?
കൊല്ലാൻ പോയവൻ പരാജയപ്പെട്ട് കൊല്ലപ്പെട്ടാലല്ലേ സ്വർഗ്ഗം?
കൊല്ലാൻ പോയ ഉദ്ദേശത്തിനും ശ്രമത്തിനും അല്ലേ അങ്ങനെയെങ്കിൽ സ്വർഗ്ഗം?
താങ്കൾ പറയുന്നത് പോലെയുണ്ടെങ്കിൽ അത് ശരിയെങ്കിൽ.
പക്ഷെ കാഫിറിനെ കൊന്നാലും സ്വർഗ്ഗമുണ്ടല്ലോ?
അങ്ങനെയല്ലേ?
എങ്കിൽ കൊല്ലാൻ പോയവൻ കൊന്നുകൊണ്ട് സ്വന്തം ജീവിതം ബാക്കിയാക്കി സ്വർഗ്ഗം ഉറപ്പിക്കുകയല്ലേ ചെയ്യുക?
എങ്കിൽ ഈയുള്ളവൻ മുൻപ് പറഞ്ഞതുമായി താങ്കൾ തുലനം ചെയ്ത് പറഞ്ഞത് ശരിയാവില്ലല്ലോ?
No comments:
Post a Comment