Wednesday, February 19, 2025

സനാതനം ആരെങ്കിലും നശിപ്പിക്കുന്നതോ നശിപ്പിച്ചതോ അല്ല, ആയിക്കൂടാ.

പ്രാപഞ്ചികതാളം തന്നെയായ സനാതനം എല്ലാവരിലും എപ്പോഴും ഉണ്ടായിരുന്നത്, ഉണ്ടാവുന്നത്. 

അതുകൊണ്ട് തന്നെ സനാതനം ആരെങ്കിലും നശിപ്പിക്കുന്നതോ നശിപ്പിച്ചതോ അല്ല, ആയിക്കൂടാ.

സനാതനം ആർക്കെങ്കിലും എപ്പോഴെങ്കിലും നഷിപ്പിക്കാവുന്ന സംഗതി ആയിക്കൂടാ.

ആരും പുതുതായി ഉണ്ടാക്കേണ്ടതോ തിരിച്ചുപിടിക്കേണ്ടതോ അല്ല സനാതനം.

അങ്ങനെ സനാതനത്തെ ആരെങ്കിലും നശിപ്പിച്ചു, ആ നശിപ്പിച്ച സനാതനത്തെ നമ്മൾ തിരിച്ചുപിടിക്കുന്നു എന്ന് അവകാശപ്പെടുന്നവർ യഥാർത്ഥത്തിൽ സനാതനത്തെ അതിൻ്റെ അർത്ഥത്തിലും ആഴത്തിലും നിഷേധിക്കുകയാണ് ചെയ്യുന്നത്. 

അവർ സനാതനത്തെ കൊച്ചാക്കുകയുമാണ് ചെയ്യുന്നത്. 

അവർ സനാതനം സ്ഥിരമായ പ്രാപഞ്ചികതാളം അല്ലെന്ന് വരുത്തുകയാണ് ചെയ്യുന്നത്.

*******

അതിനാൽ ദേഷ്യംപിടിക്കാതെ. 

ദേഷ്യംപിടിക്കുക പരിഹാരമോ വിവേകമോ സനാതനധർമ്മമോ അല്ല. 

പക്വതയോടെയും യുക്തിയുക്തമായും സംസാരിക്കാം. 

യുക്തിയും ന്യായവും ഇല്ലെങ്കിലും നഷ്ടപ്പെടുമ്പോഴും മാത്രമാണ് ദേഷ്യം നമ്മെ കീഴടക്കുക. 

സനാതനം എന്ത് എന്തല്ല എന്നത് വ്യക്തമല്ല എന്ന് ആരെങ്കിലും പറയുന്നത് തെറ്റാണെങ്കിൽ സനാതനം എന്ത് എന്തല്ലെന്ന് വേദങ്ങളും ഉപനിഷത്തുകളും വെച്ച് നിങ്ങൾക്ക് വ്യക്തമാക്കികൊടുക്കാൻ കഴിയണം.

*******

അധികാരപക്ഷവും വിജയിച്ച പക്ഷവും എപ്പോഴും അധികാരത്തെ ചോദ്യംചെയ്യുന്നവരെയൂം തങ്ങൾ കൊന്നൊടുക്കി തോൽപിച്ചവരെയും വളരെ എളുപ്പം വിശേഷിപ്പിച്ച് വിളിച്ച പേരാണ് ദുഷ്‌ടശക്തി. 

അതിലൂടെ അധികാരപക്ഷത്തിന് ന്യായമുണ്ടാക്കാനും അധികാരപക്ഷത്തെ സത്യത്തിൻ്റെയും ശരിയുടേയും ശക്തിയാക്കി മാറ്റാനും ചിത്രീകരിക്കാനും വേണ്ടി അധികാരമില്ലാത്ത പക്ഷത്തെ വിളിച്ച പേര് ദുഷ്‌ടശക്തി. 

അതിനവർ സനാതനം എന്ന വിശേഷണവും ന്യായവും വരെ തേടും.

പ്രാപഞ്ചിക താളം തന്നെയായ സനാതനം എല്ലാവരിലും എപ്പോഴും ഉണ്ടാവുന്നത്. 

അത് ആരും പുതുതായി ഉണ്ടാക്കേണ്ടതോ തിരിച്ചുപിടിക്കേണ്ടതോ അല്ല.

സനാതനം സ്ഥിരമായത്. 

സ്ഥിരമായത് ഏതെങ്കിലും മതത്തിൻ്റെയോ രാജ്യത്തിൻ്റെയോ കുത്തകയല്ല.

*******

അപ്പോഴും, എപ്പോഴുമെന്ന പോലെ, സനാതനം എന്ത് എന്തല്ല എന്ന് ആർക്കും പറയാൻ സാധിക്കുന്നില്ല. 

സനാതനം എന്ത് എന്തല്ല എന്ന് മനസ്സിലാക്കാൻ എവിടെ എന്ത് നോക്കണം എന്നും ആർക്കും പറയാൻ സാധിക്കുന്നില്ല.

പകരം ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം എന്നത് പോലെ ചൂടാവുന്നു, കോപിക്കുന്നു, ഭീഷണിപ്പെടുത്തുന്നു.

ശരിക്കും ബുദ്ധിപരമായി പരാജയപ്പെടുന്നവൻ്റെ ലക്ഷണം.

********

വെറും കാല്പനികതയും അവകാശവാദങ്ങളും മാത്രമല്ലാത്ത സ്ഥിരമായ, വ്യക്തതയും കൃത്യതയും ഉള്ള സനാതനധർമ്മം കാണിക്കണം. 

അങ്ങനെയൊന്ന് ആരുടേതുമായും ഇല്ല.

വെറുതേ പാവങ്ങളെ പറഞ്ഞ് പറ്റിക്കുന്നത് മാത്രമല്ലാതെ.

മനുഷ്യൻ്റെ ചരിത്രവും പ്രാപഞ്ചികതയുടെ ചരിത്രവും ഇന്ത്യയുടെ മാത്രം ചരിത്രമല്ല. 

മനുഷ്യൻ്റെ ചരിത്രം ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയക്കാർ അവകാശപ്പെടുന്ന സനാതനത്തിന് മാത്രം അവകാശപ്പെട്ട ചരിത്രവും അല്ല. 

മനുഷ്യൻ്റെയും പ്രാപഞ്ചികതയുടെയും ചരിത്രവും താളവും എല്ലാവരുടെയും ചരിത്രവും താളവും ആണ്. 

അതുകൊണ്ട് തന്നെ സനാതനം എല്ലാവരുടെതും ആണ്. എല്ലാവരിലും എപ്പോഴും ഉള്ളതാണ്.

No comments: