Friday, February 7, 2025

സൗഹൃദം അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഒരു എഫ്ബി സുഹൃത്തിന് നൽകേണ്ടിവന്ന മറുപടി.

ഫേസ്ബുക്കിലെ ഫ്രണ്ട്ഷിപ്പ് (സൗഹൃദം) അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഒരു എഫ്ബി സുഹൃത്തിന് നൽകേണ്ടി വന്ന മറുപടി.

ലോകത്ത് 250ഓളം രാജ്യങ്ങൾ ഉണ്ടെന്ന് എഴുതിയെങ്കിൽ അതൊരു ടൈപ്പിംഗ് mistake തന്നെയാണ്. 

തിരുത്തേണ്ടതാണ്, തിരുത്തിയിട്ടുണ്ട്.

അങ്ങനെയൊരു mistake അത്തരമൊരു പോസ്റ്റിൽ ബോധപൂർവ്വം ഉണ്ടാക്കേണ്ട കാര്യമില്ല. ഒരു പ്രത്യേകമായ ധാരണ വെച്ച് എഴുതി. മറിച്ചറിയാത്തത് കൊണ്ടല്ല.

അത്തരമൊരു mistake ആ പോസ്റ്റിൻ്റെ കാമ്പും കൂമ്പും അല്ല എന്ന് ആ പോസ്റ്റ് വായിക്കുന്ന ആർക്കും മനസ്സിലാവും.

ആകെമൊത്തം പറയാനുദ്ദേശിച്ച ഉള്ളടക്കമാണല്ലോ അതിൻ്റെ ആത്മാവ്. 

ഉള്ളടക്കമായ ആത്മാവ് തിരയുന്നവന് ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന താൽക്കാലിക മുഖക്കുരു വിഷയമാവില്ല. 

ആത്മാവെന്ന് പറഞ്ഞ് ശരീരത്തിൽ തന്നെ അള്ളിപ്പിടിച്ച് അവകാശവാദങ്ങൾ മാത്രം നടത്തുന്നവർക്ക് ശ്രദ്ധ വേറെയാണ്, കാര്യങ്ങളും വേറെയാണ്.

ആ പോസ്റ്റിന് അങ്ങനെ രാജ്യങ്ങളുടെ എണ്ണം കൂട്ടിപ്പറഞ്ഞത് കൊണ്ട് എന്തെങ്കിലും കാര്യം പ്രത്യേകിച്ച് വരുത്തിത്തീർക്കാനോ സാധിക്കാനോ ഇല്ല. 

അത്തരമൊരു തെറ്റുകൊണ്ട് ആരെയും പ്രത്യേകിച്ച് തെറ്റിദ്ധരിപ്പിച്ച് എന്തെങ്കിലും വരുത്തിത്തീർക്കാനും നേടാനുമില്ല. 

ഏതെങ്കിലും കൂട്ടത്തിൽ എന്തെങ്കിലും താൽപര്യവും നേട്ടവും ലക്ഷ്യം വെച്ച് ഇക്കാലത്തിനിടയ്ക്ക് എപ്പോഴെങ്കിലും കുടിയിരുന്ന് അവസരം കാത്തിരുന്നവനല്ല ഈയുള്ളവൻ.

അമേരിക്കയിലെ അമ്പത്തിരണ്ട് സ്റ്റേറ്റുൾ അമ്പത്തിരണ്ട് രാജ്യങ്ങളാണെന്ന് ആ പോസ്റ്റിൽ കൃത്യമായി പറഞ്ഞിരുന്നു. 

അങ്ങനെ നോക്കിയാൽ ഏകദേശം 250ഓളം രാജ്യങ്ങളെന്നെഴുതിപ്പോയത് ശരിയുമാണ്. 

ന്യായീകരിക്കുകയല്ല. 

നിലവിൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ച രാജ്യങ്ങൾ 195 ഓ 197 ഓ ആണ്. 

അറിയാഞ്ഞിട്ടല്ല. 

ചുരുങ്ങിയത് ഗൂഗിൾ ചെയ്താൽ ആർക്കും അറിയാവുന്ന കാര്യമേയുള്ളൂ ഇക്കാലത്ത് അത്തരം വിവരങ്ങൾ.

താങ്കളുടെ സൗഹൃദത്തെ മാനിക്കുന്നു. താങ്കളുടേത് മാത്രമല്ല, സൗഹൃദം ആരുടേതും മാനിക്കുന്നു 

പലരുടേതും യഥാർത്ഥ സൗഹൃദമാണോ എന്നറിയില്ലെങ്കിലും മറിച്ചോന്നും സംഭവിക്കാത്തിടത്തോളം മാനിക്കും.

താങ്കൾ നൽകുന്ന സൗഹൃദം താങ്കൾക്ക് തന്നെ ഭാരമായി തോന്നുന്നത്ര, താങ്കൾ ചെയ്യുന്ന എന്തോ വലിയ സഹായവും ഔദാര്യവുമാണെന്ന് തോന്നുന്നത്ര  വരുന്നുണ്ടെങ്കിൽ അത്തരമൊരു സൗഹൃദം താങ്കൾക്ക് എപ്പോഴും ഉപേക്ഷിക്കാവുന്നതാണ്. 

അതിനുമാത്രം വലിയ സൗഹൃദ ഇടപെടലുകൾ ഒരുനിലക്കും നമുക്കിടയിൽ നടന്നിട്ടില്ല. 

താങ്കളുടെ സൗഹൃദത്തെ തണലും കരുത്തും ആകാശവുമായി ഇതുവരെ തോന്നിയിട്ടുമില്ല. 

സൗഹൃദം അങ്ങനെ തണലും കരുത്തും ആകാശവുമായി തോന്നേണ്ട ഒന്നാണ്. 

അല്ലാതെ തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല സൗഹൃദം. 

നല്ല സഹൃദം ജീവിതത്തിൽ തന്നെ ഒന്നോ രണ്ടോ മാത്രം കിട്ടുന്നതാണ്. 

അതുതന്നെയും വളരെ വിരളമായി കിട്ടിയെങ്കിൽ മാത്രം. 

എല്ലാ പരിചയങ്ങളും വിവാഹത്തിനും സൽക്കാരത്തിനും വിളിച്ചാൽ വരുന്നവരും പരിചയക്കാർ മാത്രമാണ്. 

അവരെല്ലാവരും സുഹൃത്തുക്കൾ അല്ല എന്ന കൃത്യമായ ബോധ്യത നല്ലതാണ്. 

പിന്നെയല്ലേ ഫേസ്ബുക്കിൽ എന്തിനെന്നില്ലാതെ ചറപറ വരുന്ന ഫ്രണ്ട്ഷിപ്പുകൾ.

No comments: