Wednesday, February 5, 2025

കഅബയിലേക്ക് തിരിഞ്ഞുനിന്ന് നിസ്കരിക്കുന്നത് എന്തുകൊണ്ട്?

കഅബയിലേക്ക് തിരിഞ്ഞുനിന്ന് നിസ്കരിക്കുന്നത് എന്തുകൊണ്ട്? 

(വിമർശിക്കുമ്പോഴും അനുകൂലിക്കുമ്പോഴും വസ്തുതാപരമായിരിക്കണം, സത്യസന്ധമായിരിക്കണം. പാതിവിവരം വെച്ചും ഇല്ലാത്തതും ഊതിവീർപ്പിച്ച് തെറ്റിദ്ധാരണകൾ പറഞ്ഞും പരത്തിയും ഉണ്ടാക്കിയും ആയിരിക്കരുത്. എന്നതുകൊണ്ട് മാത്രമുള്ള വിശദീകരണം).

ഇസ്‌ലാം, അഥവാ അല്ലാഹു അങ്ങനെ ആവശ്യപ്പെട്ടു, അതുകൊണ്ട് അനുസരണവും സമർപ്പണവും പോലെ ചെയ്യുന്നു. 

അതിനപ്പുറം ഒന്നുമില്ല.

ഇസ്‌ലാം എന്നാൽ തന്നെ അനുസരണം സമർപ്പണം എന്നാണല്ലോ?

ആ അനുസരണവും സമർപ്പണവും മാത്രം ഇവിടെയും. 

അത്രമാത്രം.

എങ്ങോട്ടായലും മനുഷ്യന് മുഖംതിരിക്കണം.

മുഖമുള്ള കാലത്തോളം ഏതെങ്കിലും ഒരു ദിശയിലേക്ക് മുഖം നിൽക്കും.

ദിശയുള്ളവന് മുഖവും മുഖമുള്ളവന് ദിശയും ഉണ്ടാവുക സ്വാഭാവികം.

എങ്കിൽ, തങ്ങൾ വിശ്വസിക്കുന്ന ദൈവം പറഞ്ഞ ദിശയിൽ തന്നെ ആയിക്കോട്ടെ മുഖംതിരിക്കുന്നത് എന്ന നിലക്ക് മാത്രം കഅബയുടെ ദിശയിലേക്ക് അനുസരണപൂർവ്വം.

പ്രത്യേകിച്ചും കൂട്ടമായി നിന്നുചെയ്യുന്ന കാര്യങ്ങൾ (നിസ്കാരം) നടത്തുമ്പോൾ എല്ലാവരും ഒരേയൊരു ദിശയിലേക്ക് മുഖമിട്ട് നിന്ന് ഒരുമയോടെ തന്നെ ചെയുക എന്ന നിലക്ക്. 

അച്ചടക്കവും ശ്രദ്ധേയും രൂപപ്പെടാൻ, അച്ചടക്കമില്ലായ്മയും ശ്രദ്ധമാറലും തടയാൻ. 

ആരെങ്കിലും എപ്പോഴെങ്കിലും എന്തെങ്കിലും എവിടെനിന്നെങ്കിലും പറയുംപോലെ അല്ല ഇസ്ലാമിലും മുസ്‌ലിംകൾക്കും സംഗതി എന്നതിനാൽ.

അല്ലാതെ, കഅബയിലേക്ക് തിരിഞ്ഞാൽ വേറെ എന്തെങ്കിലും തരം പുണ്യമുണ്ടെന്നത് കൊണ്ടോ, ദൈവം ഏതെങ്കിലും ദിശയിൽ മാത്രം എന്നതുകൊണ്ടോ, അല്ലെങ്കിൽ ദൈവം കഅബയിൽ മാത്രം പ്രത്യേകിച്ച് നിലകൊള്ളുന്നു എന്ന് കരുതുന്നത് കൊണ്ടോ അല്ല. 

അങ്ങനെ കഅബയിൽ മാത്രമായി ദൈവം കൂടുതലുണ്ടെന്ന് വിശ്വസിക്കാൻ എവിടെയെങ്കിലും എങ്ങനെയെങ്കിലും മുസ്ലിംകൾ നിർദേശിക്കപ്പെട്ടതോ പഠിപ്പിക്കപ്പെട്ടതോ അല്ല. 

എവിടെയെങ്കിലും മാത്രമായി, എപ്പോഴെങ്കിലും മാത്രമായി കൂടുന്നതും കുറയുന്നതുമായ സംഗതിയല്ല ഇസ്‌ലാമികമായി ദൈവം എന്ന അല്ലാഹു. 

എല്ലായിടത്തും എപ്പോഴും ഒരുപോലെ മാത്രം ദൈവം എന്ന അല്ലാഹു.

കഅബയിലേക്ക് തിരിയുന്നതിന് മുൻപ് ഫലസ്തീനിലുള്ള മസ്ജിദുൽ അഖ്സയിലേക്ക് തിരിഞ്ഞായിരുന്നു മുസ്ലിംകൾ മുഹമ്മദ് നബിയുടെ ആദ്യകാലത്ത് നിസ്കരിച്ചത്.

പിന്നീടത് മാറ്റി. മുഹമ്മദ് നബിയുടെ കാലത്ത് തന്നെ മാറ്റി.

അങ്ങനെ മാറ്റാവുന്നതേയുള്ളൂ, മാറാവുന്നതേയുള്ളൂ ദിശ എന്നതിനാൽ മാറ്റി.

ഖുർആൻ തന്നെ അത് സംശയത്തിന് സ്ഥാനമില്ലാത്ത വിധം വ്യക്തമാക്കുന്നു.

"കിഴക്കോട്ടോ പടിഞ്ഞാറോട്ടോ നിങ്ങളുടെ മുഖം തിരിക്കുന്നതിലല്ല പുണ്യം." (ഖുർആൻ) എന്ന് ഖുർആൻ പ്രഖ്യാപിക്കുന്നത് പോലെ തന്നെ ദിശ എളുപ്പം മാറ്റി.

"എങ്ങോട്ട് നിങ്ങളുടെ മുഖം തിരിഞ്ഞാലും (തിരിച്ചാലും) അവിടെയൊക്കെ ദൈവത്തിൻ്റെ പ്രീതി (മുഖം) ഉണ്ട്." (ഖുർആൻ)

"തീർച്ചയായും മനുഷ്യർക്ക് വേണ്ടി ആദ്യമായി വെക്കപ്പെട്ട ഗേഹം അത് അനുഗ്രഹീത മക്കയിലുള്ള ഗേഹമാണ്." (ഖുർആൻ) എന്നത് കൊണ്ട് കൂടി ഖിബ്ല എന്ന ദിശമാറി, ദിശമാറ്റി.

"വിവരമില്ലാത്തവർ (ബുദ്ധിയുറക്കാത്തവർ/വിഡ്ഢികൾ)  ചോദിക്കുന്നു: അവർ (മുസ്ലിംകൾ) ആദ്യമുണ്ടായിരുന്ന ഖിബ്ലയിൽ നിന്ന് (ദിശയിൽ നിന്ന്) (അൽഅഖ്‌സയുടെ ദിശയിൽ നിന്ന്) അവരെ തിരിച്ചുകളഞ്ഞതെന്ത്? (ഖുർആൻ)

"നീ പറയുക: കിഴക്കും പടിഞ്ഞാറുമെല്ലാം അല്ലാഹുവിനുള്ളതാണ് (ഒരുപോലെയാണ്). എങ്ങോട്ട് നിങൾ തിരിഞ്ഞാലും അവിടെയൊക്കെയും ദൈവപ്രീതിയുണ്ട് (ദൈവത്തിൻ്റെ മുഖമുണ്ട്)". (ഖുർആൻ)

അല്ലാതെ, കഅബയിൽ മാത്രമായും, കഅബയിൽ പ്രത്യേകിച്ചും അല്ലാഹു കുടിയിരിക്കുന്നത് കൊണ്ടല്ല കഅബയിലേക്ക് തന്നെ തിരിഞ്ഞുനിന്ന് നിസ്‌കരിക്കുന്നത്.

മേല്പറഞ്ഞ സൂക്തങ്ങൾ കൃത്യമായും അത് വ്യക്തമാക്കുന്നു: അതിനാൽ തന്നെ അല്ലാഹു എന്ന ദൈവം കഅ്ബയിൽ മാത്രമായി കുടിയിരിക്കുന്നത് കൊണ്ടല്ല കഅബയിലേക്ക് തന്നെ തിരിഞ്ഞുനിന്ന് നിസ്‌കരിക്കുന്നത് എന്നതിന് വേറെ തെളിവുകൾ ആവശ്യമില്ല. 

ഒരു ദിശ. 

ദൈവം കല്പിച്ച ദിശ. 

അത്രമാത്രം.

ദൈവം എവിടെയെങ്കിലും മാത്രമായി കുടിയിരിക്കുന്നു എന്ന വിശ്വാസം ഇസ്ലാമികമല്ല, ഒപ്പം തീർത്തും ഇസ്‌ലാമികവിരുദ്ധവുമാണ്, അങ്ങനെയൊരു വിശ്വാസം ലോകത്തെവിടെയും ഉള്ള മുസ്ലിംകൾക്കില്ല.

മുസ്ലിംകൾ ഒരു കാലത്തും ഒരിടത്തും ദൈവത്തെ കുടിയിരുത്താൻ വേണ്ടി പള്ളികൾ സ്ഥാപിക്കാറില്ല. 

നിസ്കരിക്കാൻ വേണ്ടി പൊതുവായ ഒഴിഞ്ഞൊരിടം എന്ന നിലക്കാതെ പളളി സ്ഥാപിക്കാറില്ല.

*****"

ചോദ്യം വീണ്ടും: കഅബയെ അല്ലാഹുവിൻ്റെ ഭവനം എന്ന നിലക്ക് ഖുർആൻ പരിചയപ്പെടുത്തുന്നുണ്ടല്ലോ?

ശരിയാണ്.

"തീർച്ചയായും മനുഷ്യർക്ക് വേണ്ടി ആദ്യമായി വെക്കപ്പെട്ട ഗേഹം അത് അനുഗ്രഹീത മക്കയിലുള്ള ഗേഹമാണ് (ഖുർആൻ) 

ഈ അർത്ഥത്തിലാണ് മക്കയിലുള്ള കഅബയെ ദൈവത്തിൻ്റെ ഗേഹം എന്ന് കൂടി പറയുന്നത്. 

അല്ലാഹുവിൻ്റേത് തന്നെയാണല്ലോ ഭൂമിയും സർവ്വ പ്രപഞ്ചങ്ങളും. പിന്നെ കഅബ മാത്രം അല്ലുവിൻ്റേത് ആകാനില്ലല്ലോ?

"റബ്ബുൽ ആലമീനാ"ണ് അല്ലാഹു. 

എന്നുവെച്ചാൽ സർവ്വലോകങ്ങളുടെയും ഉടമസ്ഥൻ/നാഥൻ അല്ലാഹു. 

അതുപോലെ തന്നെയെയുള്ളൂ "റബ്ബുൽ കഅബ" എന്നതും. കഅബയുടെ ഉടമസ്ഥൻ/നാഥൻ.

ജനങ്ങൾക്ക് ദൈവത്തെ ആരാധിക്കാൻ വേണ്ടി ഉണ്ടായ ആദ്യഭവനം എന്ന് മുസ്ലിംകൾ കണക്കാക്കുന്ന, ഇസ്‌ലാം അവകാശപ്പെടുന്ന ദൈവത്തിൻ്റെ ഭവനം കഅബ. 

എബ്രഹാമും ഇഷ്മയേലും കൂടി സ്ഥാപിച്ചത് എന്ന് ഖുർആൻ അവകാശപ്പെടുന്ന ഭവനം.

അല്ലാതെ ദൈവം പ്രത്യേകമായി കുടിയിരിക്കുന്ന, ദൈവത്തെ പ്രത്യേകമായി കുടിയിരുത്തിയ ഭവനം കഅബ എന്ന നിലക്കല്ല. 

കഅബയടങ്ങുന്ന ഒരു പള്ളിയിലും മുസ്‌ലിംകൾക്ക് പ്രത്യേക പൂജാരിയോ തന്ത്രിയോ പൂജയോ ഇല്ല. 

എല്ലാ പള്ളികളിലും ഉള്ളതും വിശ്വാസികൾ ചെയ്യുന്നതും ഒന്ന്. 

നിസ്‌കരിക്കുക. വെറുതേ ഒറ്റക്ക് പ്രാർത്ഥിച്ച് (ഭജിച്ച്) ഇരിക്കുക (ഇഅതികാഫ്).

എല്ലാ പള്ളികളും ഒരുപോലെ ഒരുതരം ബിംബങ്ങളും പുരോഹിതനും ഇല്ലാത്ത തുറന്ന, ഒഴിഞ്ഞ ഇടങ്ങൾ മാത്രം. 

ഒഴിഞ്ഞ ഒരിടം ആയിരിക്കണം എന്നല്ലാതെ, പള്ളി ഇങ്ങനെ ആയിരിക്കണം, ഇങ്ങനെ ആയിരിക്കരുത് എന്നില്ല.

അതുകൊണ്ട് തന്നെ ഇസ്‌ലാമികമായി മുസ്‌ലിംകൾക്ക് എവിടെയും എങ്ങനേയും പള്ളികൾ സ്ഥാപിക്കാം. 

പള്ളി സ്ഥാപിക്കാനും പരിപാലിക്കാനും പ്രത്യേക യോഗ്യതകൾ ഇല്ല. 

പള്ളി നിർമ്മിക്കാൻ പ്രത്യേക പുണ്യസ്ഥലവും സ്ഥാനവും ആളുകളും എന്നതില്ല, വേണ്ടതില്ല.

പള്ളി സ്ഥാപിക്കാൻ ഒരു പുരോഹിതനും പുരോഹിതൻ നടത്തുന്ന പ്രത്യേക പൂജാപരിപാടികളും വേണ്ടതില്ല. 

പള്ളി സ്ഥാപിക്കാൻ പ്രത്യേക സമയം നോക്കലും സ്ഥാനം നോക്കലും ഇല്ല.

പള്ളി ആർക്കും നിർമ്മിക്കാം, പരിപാലിക്കാം. ഒരൊറ്റ യോഗ്യത മാത്രം: 

"അല്ലാഹുവിന് സാഷ്ടാംഗം ചെയ്യുന്ന ഇടം (പള്ളികൾ) നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്: (ഏകദൈവമായ) അല്ലാഹുവിലും പാരത്രികതയിലും വിശ്വസിക്കുന്നവനും സക്കാത്ത് നൽകുന്നവനും ജീവിതത്തിൽ സന്മാർഗ്ഗം സൂക്ഷിക്കുന്നവനും അല്ലാഹുവിനെ യല്ലാതെ മറ്റൊന്നിനെയും ആരെയും പേടിക്കാത്തവനും" (ഖുർആൻ: സൂറ: അത്തൗബ).

ഇതാണ്, ഇത്രയാണ് മസ്ജിദ് (സാഷ്ടാംഗം നമിക്കുന്ന ഇടം) മാത്രമായ പള്ളി നിർമ്മിക്കാനും പരിപാലിക്കാനും വേണ്ട യോഗ്യത. 

*******

എന്നിട്ടും എന്തുകൊണ്ട് കഅബയിലേക്ക് തന്നെ തിരിഞ്ഞുനിന്ന് നിസ്‌കരിക്കുന്നു എന്നത് ഒന്നുകൂടി വിശദീകരിച്ച് പറഞ്ഞാൽ: 

ഇസ്‌ലാം കൃത്യമായും ആവശ്യപ്പെടുന്ന, പ്രതിനിധാനം ചെയ്യുന്ന ഏകീകരണത്തിൻ്റെയും ഏകീഭാവത്തിൻ്റെയും ഭാഗമായി അങ്ങനെ ചെയ്യുന്നു, അങ്ങനെ ചെയ്യാൻ ഇസ്‌ലാം പറയുന്നു എന്ന് മാത്രം പറയാം. 

ഏകദൈവത്വം, അഥവാ ഇസ്‌ലാം നിശ്ചയിച്ച ഏകദൈവവിശ്വാസം മുസ്ലിംകളിലെ ഏകീഭാവം കൂടി ഉദ്ദേശിച്ചുള്ളതാണ് എന്ന് പറയാം.

എല്ലാ കാര്യങ്ങളും ഏകീകരിക്കുന്നതും ഏകീഭവിപ്പിക്കുന്നതും അതുകൊണ്ട് മാത്രം. 

കഅബയിലേക്ക് തിരിയുന്നതും അത്തരം ഏകീകരണത്തിൻ്റെയും ഏകീഭാവത്തിൻ്റെയും ഭാഗം.

ഏകീകരണവും ഏകീഭാവവും എല്ലാ മേഖലയിലും എല്ലായിടത്തും ഇസ്‌ലാം ഉണ്ടാക്കിയിട്ടുണ്ട് എന്നതും ഇസ്‌ലാം നിശ്ചയിച്ച ഏത് കാര്യവും എടുത്തുനോക്കിയാൽ മനസ്സിലാവും.

ഒരേ മാസം തന്നെ (റമദാനിൽ തന്നെ) ലോകത്തെ എല്ലാ മുസ്ലിംകളും എല്ലായിടത്തും നോമ്പ് നിർബന്ധമായും എടുക്കുന്നൂ എന്ന ഏകീകരണം. 

ജീവിതത്തിൽ ഒരിക്കൽ സാഹിക്കുമെങ്കിൽ നിർബന്ധമായും ചെയ്യേണ്ടുന്ന ഹജ്ജ് ഒരോവർഷവും ഒരേയൊരിടത്ത് ചെന്ന്, ഒരേമാസം, ഒരേസമയം തന്നെ ചെയ്യണം എന്ന ഏകീകരണം, 

ലോകത്തെല്ലാവർക്കും ഒരേ പോലെ തന്നെ ദിവസവും അഞ്ചുനേരം നിസ്കാരം നിർബന്ധം എന്ന ഏകീകരണം.

ലോകത്തെ എല്ലാവർക്കും ഒരുപോലെ ഒരേരീതിയിൽ തന്നെ സക്കാത്തത്തും നിർബന്ധം എന്ന ഏകീകരണം.

വിശ്വാസത്തിനും മുസ്‌ലിം ആകുന്നതിനും ഏറ്റവും ആദ്യം ചെയ്യേണ്ട ശഹാദത്ത് കലിമയും എല്ലാവർക്കും എല്ലായിടത്തും ഒരുപോലെ ഒന്ന് തന്നെ എന്ന ഏകീകരണം.

വെള്ളിയാഴ്ച ജുമുഅ എല്ലായിടത്തും ഒരുപോലെ എന്ന ഏകീകരണം.

ഹലാലും ഹറാമും എല്ലാം എല്ലായിടത്തും ഒരുപോലെ എന്ന ഏകീകരണം, ഏകീഭാവൻ.

ഇത്രയേ ഉള്ളൂ കഅബയിലേക്ക് തിരിഞ്ഞുനിന്ന് നിസ്കരിക്കുന്നതിൻ്റെ കാര്യവും. 

ഏകീകരണം. 

ഏകീഭാവം.

ഏകദൈവവിശ്വാസം ജീവിതത്തിലും സമൂഹത്തിനും നൽകുന്ന ഏകത്വം, ഏകീകരണം, ഏകീഭാവം.

വെറും സങ്കൽപികവും കാല്പനികവുമായി മാത്രം എന്തെങ്കിലും പറഞ്ഞുപോവുക, വിശ്വസിപ്പിക്കുക എന്നത് മാത്രമല്ല ഏകദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ ഇസ്‌ലാം ആ ഏകദൈവവിശ്വാസം കൊണ്ട് ചെയ്യുന്നത്, വിശ്വാസികളെ കൊണ്ട് ചെയ്യിപ്പിക്കുന്നത് എന്നർത്ഥം


No comments: