Wednesday, February 5, 2025

പള്ളി വെറും കെട്ടിടം മാത്രമാണെങ്കിൽ ഗ്യാൻവ്യാപിയും ബാബരി മസ്ജിദും എന്തുകൊണ്ട് വിട്ടുകൊടുത്തില്ല?

പള്ളി വെറും കെട്ടിടം മാത്രമാണെങ്കിൽ, എവിടെയും എങ്ങനേയും സ്ഥാപിക്കാനാവുന്ന ഒന്നാണെങ്കിൽ, പിന്നെ എന്തുകൊണ്ട് ബാബരി മസ്ജിദും ഗ്യാൻവ്യാപിയും ഒക്കെ വിട്ടുകൊടുത്തില്ല? എങ്കിൽ വഖഫ് എന്നത് എന്താണ്?

ഉത്തരം: പളളി വെറുമൊരു കെട്ടിടമല്ലേ, എന്നാ ൽ ആ വെറും കെട്ടിടമായ പളളി ഇങ്ങ് വിട്ടുതന്നേക്കൂ എന്നല്ലല്ലോ ബാബരി മസ്ജിദിൻ്റെയും ഗ്യാൻവ്യാപിയുടെ കാര്യങ്ങളിൽ ചെയ്തത്?

അവർ അവകാശവാദം ഉന്നയിക്കുകയാണ് ചെയ്തത്

അവിടെ അവകാശതർക്കമാണ് വിഷയം. 

ഇനി വെറും കെട്ടിടമായാൽ തന്നെയും വെറുതെയങ്ങ് വിട്ടുകൊടുക്കണം എന്നുണ്ടോ? 

എല്ലാ വീടുകളും സ്ഥാപനങ്ങളും വെറും കെട്ടിടങ്ങൾ തന്നെയല്ലേ? 

അവയൊക്കെയും വെറും കെട്ടിടങ്ങൾ ആയത് കൊണ്ട് എല്ലാവരും വെറുതെയങ്ങ് വിട്ടുകൊടുക്കുകയാണോ?

പോരാത്തതിന്, ഗ്യാൻവ്യാപി ബാബരി മസ്ജിദ് വിഷയത്തിൽ ഔദാര്യം പോലെയല്ല, അവകാശമാണെന്ന് തർക്കം വന്നാൽ സ്വയം വിട്ടുനൽകുന്നതും നൽകില്ല.

സ്വയം വിട്ടുനൽകുന്നത് പോലെയല്ല, തങ്ങൾ കൃത്യമായും വർത്തമാനകാല അളവുകോലുകളും നിയമവും വെച്ച് തങ്ങളുടേതെന്നും ശരിയെന്നും കരുതിന്നതിനെ ചോദ്യംചെയ്യുക എന്നത്. 

തങ്ങളുടേതല്ലെന്നും ശരിയല്ലെന്നും വരുത്തി മറ്റാരുടെയോ ആണെന്ന അവകാശവും അധികാരവും സ്ഥാപിക്കുന്നത് വേറെതന്നെ കാര്യമാണ്.

തർക്കവിഷയം സമ്മതിച്ചുകൊടുക്കുന്നില്ലെങ്കിൽ ആരും ഒന്നും ഒരു നയാപൈസയും ആ തർക്കത്തിൻ്റെ ഭാഗമായി വിട്ടുകൊടുക്കില്ല. 

പ്രത്യേകിച്ചും അതിലൂടെ തങ്ങളുടെ അസ്തിത്വം തന്നെ ചോദ്യംചെയ്യുമെന്ന് വരുമ്പോൾ. 

അളവുകോലുകൾ ഇല്ലാതാവും എന്ന് വരുമ്പോൾ.

അത്തരം അളവുകോലുകൾ തകർക്കുന്ന തർക്കം ഒന്നിൽ തീരുന്ന കോലത്തിലല്ല വർഗീയശക്തികൾ ഇന്ത്യയിൽ മുന്നോട്ട് വെക്കുന്നത് എന്ന് കാണുമ്പോൾ പ്രത്യേകിച്ചും. 

ആയിരക്കണക്കിന് രൂപ സഹായമായും ദാനധർമ്മമായും നമ്മൾ ആർക്കും നൽകുമായിരിക്കും. 

പക്ഷെ 30 രൂപ ചാർജ് വരുന്ന ഓട്ടത്തിന് നൂറ് രൂപ ഓട്ടോറിക്ഷക്കാരൻ ചോദിച്ചാൽ അതേ നമ്മൾ നൽകില്ല, അയാളുമായി ശക്തിയുക്തം ആവത് തർക്കിക്കും. 

എന്തുകൊണ്ട്? 

എത്രയോ ദാനധർമ്മങ്ങൾ നടത്തുന്ന നമ്മൾ ആ ഉദാരബോധം എന്തുകൊണ്ട് അവിടെ നടപ്പാക്കുന്നില്ല? 

കാരണം വളരെ ലളിതം.

ഓട്ടോറിക്ഷക്കാരൻ കൂടുതൽ പൈസ ചാർജായി ചോദിക്കുമ്പോൾ നമ്മളെ ചോദ്യംചെയ്യുന്നു, നമ്മുടെ അളവുകോലിനെയും സാമാന്യയുക്തിയെയും തലച്ചോറിനെയും മനസ്സിലാക്കലിനെയും ചോദ്യംചെയ്യുന്നു. 

നമ്മൾ നമ്മളെ സംശയിക്കണം എന്ന് വരുന്ന ചോദ്യം ചെയ്യലാണത്.

നമ്മെ തകർക്കുന്നു, നാം ജീവിക്കുന്ന ചുറ്റുപാടിനെ തകർക്കുന്നു ചോദ്യംചെയ്യൽ.

ഈ ന്യായം തന്നെയാണ് പള്ളികളുടെമേൽ ചില വർഗ്ഗീയശക്തികൾ ഇന്ത്യയിൽ അവകാശം വാദിക്കുമ്പോൾ മുസ്‌ലിംകൾക്കും ഉണ്ടാവുന്നത്. 

അത്തരം അവകാശവാദങ്ങളിലെ ദുഷ്ടലാക്കുകൾ മുൻകൂട്ടി കാണാൻ കഴിയുന്നു.

******

മുസ്‌ലിംകൾക്ക് പള്ളി ഒരു കെട്ടിടം മാത്രമാണ്, ശരിയാണ്. 

മുസ്‌ലിംകൾക്ക് എവിടെയും പളളിയെന്ന കെട്ടിടം നിർമ്മിക്കാം.

മുസ്‌ലിംകൾക്ക് പള്ളി നിർമ്മിക്കാൻ പ്രത്യേക സ്ഥാനവും സ്ഥലവും തന്നെ വേണമെന്നില്ല. 

അതും ശരിയാണ്. 

പക്ഷെ ഇല്ലാക്കഥകൾ പറഞ്ഞ് അവകാശം സ്ഥാപിക്കുമ്പോൾ വിഷയം വേറെയാണ്. 

അളവുകോലുകൾ ചോദ്യം ചെയ്യപ്പെടുന്ന വിഷയമാണത്.

അത്തരം അവകാശവാദങ്ങൾ ശരിവെച്ചാൽ,  അത്തരം ഇല്ലാക്കഥകളെയും അവകാശവാദങ്ങളെയും ശരിവെക്കലായി മാറും. 

അളവുകോലുകളും യുക്തിയും മാറും. 

പിന്നീടങ്ങോട്ട് അത്തരക്കാർ പറയുന്ന, ആവശ്യപ്പെടുന്ന എന്തും സമ്മതിച്ചുകൊടുക്കേണ്ടി വരും. 

കാലിനടിയിൽ നിന്നും മണ്ണ് ഒലിച്ചുപോകാൻ സ്വയം വഴിയൊരുക്കുന്ന പണിയാവും അത്.

ഇരിക്കുന്ന കൊമ്പ് സ്വയം മുറിക്കുന്ന അതേ പണി.

അസ്തിത്വം തന്നെ ചോദ്യം ചെയ്യുന്ന, ഇല്ലായ്മ ചെയ്യാനുള്ള പണി.

********

ഇനി വഖഫ് എന്നത് എന്താണ് എന്നത്.

പളളി വെറുമൊരു കെട്ടിടമാണ്, എവിടെയും എങ്ങനേയും എപ്പോഴും പ്രത്യേക സ്ഥാനവും സ്ഥലവും പൂജകളും പ്രതിഷ്ഠാപരിപാടികളും ഇല്ലാതെ സ്ഥാപിക്കാൻ സാധിക്കും എന്നത് എങ്ങിനെ വഖഫ് ഉണ്ട് എന്നത് കൊണ്ട് തെറ്റും, കടകവിരുദ്ധമാവും? 

നിങൾ എന്തൊക്കെയൊ കൂട്ടിക്കുഴക്കുന്നു. 

ചോദിക്കുന്നവന് എന്തും പരസ്പരബന്ധമില്ലാതെ ചോദിക്കാം. 

പ്രത്യേകിച്ചും കൃത്യമായ വിവരമില്ലാതെ, തെറ്റിദ്ധാരണയെ മാത്രം ആയുധമാക്കി, തെറ്റിദ്ധാരണകൾ പരത്താൻ മാത്രം ഉദ്ദേശിച്ചുകൊണ്ട് ചോദിക്കുന്നവന് എന്തും എങ്ങനേയും ചോദിക്കാം. 

കുട്ടികളെ പോലെയും എന്തും എങ്ങനെയും ചോദിക്കാം. 

മുതിർന്നവർക്കും വിവരമുള്ളവർക്കും പലപ്പോഴും ഉത്തരംമുട്ടുന്ന, ഉത്തരമില്ലാത്ത ചോദ്യങ്ങൾ. 

ചോദ്യങ്ങളിലെ അർഥശൂന്യത കാരണം.

അതിന് തെളിവാണ് പലരും ഇതുപോലെ എപ്പോഴും ഉന്നയിച്ച് കൊണ്ടിരിക്കുന്ന ചോദ്യങ്ങൾ...

പക്ഷെ പലപ്പോഴും എന്തും ചോദിക്കുന്നവൻ്റെ നൂറ് ചോദ്യങ്ങൾക്ക് ഒരുത്തരം പോലും വേണ്ടിവരില്ല, നൽകാൻ കഴിഞ്ഞെന്ന് വരില്ല. 

ചോദിച്ചവൻ അതിനെ തൻ്റെ വിജയമായി കണക്കാക്കിയാൽ ഒന്ന് ചെയ്യാൻ പറ്റില്ല.

എന്നിരുന്നാലും, തൽക്കാലം താങ്കളുടെ തെറ്റിദ്ധാരണ നീക്കാൻ വേണ്ടി മാത്രം ഉത്തരം നൽകാൻ ശ്രമിക്കാം.

വഖഫ് എന്നാൽ എന്ത് എന്നത് മേൽപറഞ്ഞ വിഷയവുമായി ബന്ധമുള്ള കാര്യമോ മേൽപറഞ്ഞ വിഷയവുമായി കൂട്ടിക്കെട്ടി പറയേണ്ട കാര്യമോ അല്ല.

വഖഫ് എന്നത് വിശ്വാസികളായ മുസ്‌ലിംകൾ പള്ളിക്കും പൊതുആവശ്യങ്ങൾക്കും വേണ്ടി മാറ്റിവെക്കുന്ന എന്തുമാണ്. 

മേല്പറഞ്ഞത് പോലെ എന്തും ഏത് സ്ഥലവും കെട്ടിടവും അങ്ങനെ വഖഫ് ചെയ്യാം. 

വഖഫ് ചെയ്താൽ എന്നെന്നേക്കും അക്കാര്യത്തിന് വേണ്ടി ഉള്ളതാണ്. 

വഖഫ് എന്നാ ൽ എന്നെന്നേക്കുമാണ് എന്നതിൽ എന്താണ് ഇത്രയ്ക്ക് കുണ്ഡിതപ്പെടാനുള്ളത്. 

ഏത് വില്പന രേഖയും ഉടമ്പടിയും സംഗതിയും അങ്ങനെ തന്നെയല്ലേ?

ആ ഇടപാട് സംബന്ധമായ നിയമം അനുശാസിക്കുന്നത് അങ്ങനെയാണെങ്കിൽ. 

മറിച്ചൊന്നും രേഖയിൽ കൃത്യമായി എഴുതി വെച്ചിട്ടില്ലെങ്കിൽ പ്രത്യേകിച്ചും. 

വഖഫിൻ്റെ കാര്യത്തിൽ മരിച്ചൊന്നും എഴുതി വെക്കാൻ പറ്റില്ല. 

വഖഫ് പൊതുആവശ്യത്തിനസ്യത് കൊണ്ട് വ്യക്തിപരമായ താൽപര്യങ്ങൾ അവിടെ എന്നെന്നേക്കുമായി നിന്നു. 

നിന്നു, നിർത്തി എന്നത് തന്നെയാണ് വഖഫ് എന്ന വാക്കിൻ്റെ അർത്ഥം തന്നെയും

ഞാൻ ഒരു സാധനം നിങ്ങൾക്ക് വിറ്റാലും എഴുതിത്തന്നാലും എല്ലാം അങ്ങനെ തന്നെയല്ലേ? 

അതും എന്നെന്നേക്കും ആയിത്തന്നെയല്ലേ? 

ഒരു വ്യത്യാസം മാത്രം. 

ഞാനും നിങ്ങളും വ്യക്തികൾ ആയത് കൊണ്ട് എന്നിൽ നിന്ന് വാങ്ങിയ സാധനം നിങ്ങൾക്ക് വീണ്ടും എന്തും ചെയ്യാം. അഥവാ വിൽക്കാം, വാടകക്ക് കൊടുക്കാം. 

വഖഫ് ചെയ്യപ്പെട്ടത് ഒരു വ്യക്തിക്ക് അല്ലാത്തത് കൊണ്ട്, പൊതു ആവശ്യത്തിന് ആയത് കൊണ്ട് ഒരു വ്യക്തി സ്വന്തം ആവശ്യത്തിന് വേണ്ടി കൈമാറുന്നത് പോലെ കൈമാറിക്കൂട. 

വഖഫ് കമ്മിറ്റിക്ക് മാത്രം പള്ളിക്കും പൊതുആവശ്യത്തിന് വേണ്ടി ഉപയോഗിക്കാം, എന്തെങ്കിലും ചെയ്യാൻ

അത്രയേ ഉള്ളൂ. 

അതുകൊണ്ട് മേൽപറഞ്ഞ കാര്യം: മുസ്‌ലിംകൾക്ക് എവിടെയും എങ്ങനേയും പള്ളി നിർമ്മിക്കാം, പളളി നിർമ്മിക്കുന്നതിന് പ്രത്യേക സ്ഥലമോ സ്ഥാനമോ സമയമോ പ്രതിഷ്ഠയോ പൂജാപരിപാടികളോ വേണ്ടതില്ല എന്ന് പറഞ്ഞത് എങ്ങിനെ വഖഫ് എന്നതുണ്ട് എന്നത് കൊണ്ട് ഖണ്ഡിക്കപ്പെടും?

വഖഫ് എന്നതുണ്ട് എന്നത് കൊണ്ട് പള്ളി എങ്ങനേയും നിർമ്മിക്കാം, പളളി നിർമ്മിക്കുന്നതിന് പ്രത്യേക സ്ഥലമോ സ്ഥാനമോ സമയമോ പ്രതിഷ്ഠയോ പൂജാപരിപാടികളോ വേണ്ടതില്ല എന്നത് എങ്ങനെ തെറ്റാവും, കടകവിരുദ്ധമാവും?


No comments: