Thursday, December 28, 2023

ഈയുള്ളവൻ അല്പജ്ഞൻ പോലുമല്ല. ഒന്നും അറിയാത്തവൻ.

അല്പജ്ഞൻ.

ഒരാൾ ഈയുള്ളവനെ കുറിച്ച് പറഞ്ഞത്.

നല്ല പറച്ചിൽ.

ഈയുള്ളവൻ അല്പജ്ഞൻ പോലുമല്ല. 

ഒന്നും അറിയാത്തവൻ.

ഒന്നും അറിയില്ല എന്നതാണ് ഈയുള്ളവൻ്റെ അറിവ്.

ഒന്നിനും കഴിയില്ല എന്നതാണ് ഈയുള്ളവൻ്റെ കഴിവ്.

അശക്തിയും ദൗർബല്യവുമാണ് ഈയുള്ളവൻ്റെ ശക്തിയും ബലവും.

അല്പജ്ഞൻ എന്ന് വളരെയെളുപ്പം മനസ്സിലാക്കി ഈയുള്ളവനെ അല്പജ്ഞൻ എന്ന് വിളിച്ച താങ്കൾ എന്തെന്നും എന്തല്ലെന്നും മനസ്സിലാക്കിത്തരുന്ന നല്ല പറച്ചിൽ.

പൂർണജ്ഞൻ ആയ ഒരാളെ എവിടെയെങ്കിലും, ചരിത്രത്തിൽ എപ്പോഴായെങ്കിലും താങ്കൾക്ക് കാണിച്ചുതരാൻ സാധിക്കുമോ?

അറിവിൽ പൂർണത ആർക്കുമില്ല.

ആപേക്ഷിക ലോകത്ത് മാറിമാറി വളർന്ന് വളർന്നാണ് നാം ഇപ്പോഴുള്ള അവസ്ഥയിലുള്ള അറിവിൽ എത്തിയത്.

അല്ലെങ്കിൽ നിങൾ ഇപ്പോൾ അനുഭവിക്കുന്ന ഇൻ്റർനെറ്റ്, കറൻ്റ്, വാഹനങ്ങൾ, റോഡുകൾ മരുന്നുകൾ മുതൽ എല്ലാ സൗകര്യങ്ങളും അതിനുള്ള അറിവും പഴയകാലം മുതൽ, പ്രവാചകൻമാരുടെ കാലം മുതൽ, ലോകത്ത് ഉണ്ടാകുമായിരുന്നു.

അറിവിനെ ഏതോ കാലത്തിൽ ഒതുക്കിയതും അവസാനിപ്പിച്ചതുമാണ് മുസ്‌ലിംസമൂഹത്തിന് പ്രത്യേകിച്ചും മതവിശ്വാസി സമൂഹങ്ങൾക്ക് പൊതുവേയും പറ്റിയ വലിയ തെറ്റ്.

താങ്കൾ ഇപ്പോൾ കാണിക്കുന്ന അസഹിഷ്ണുതയിലേക്കും തീവ്രതയിലേക്കും വരെ വലിച്ചിഴച്ച തെറ്റ് അറിവിനെ ഏതോ കാലത്തിൽ ഒതുക്കിയതും അവസാനിപ്പിച്ചതും തന്നെ. 

ഒരു സമൂഹത്തിൻ്റെ ബോധതലത്തെ നിശ്ചലതടാകം പോലെയും അടഞ്ഞമുറി പോലെയും പഴയത് മാത്രം പേറി കൊട്ടിയടഞ്ഞ് ദുർഗന്ധം വമിപ്പിക്കുന്നതാക്കിയത് അതാണ്.

"വമാ ഊത്തീത്തും മിനൽ ഇൽമി ഇല്ലാ ഖലീലാ" (ഖുർആൻ)

(അറിവിൽ നിന്ന് കുറച്ചല്ലാതെ നിങ്ങൾക്ക് നാൽകപെട്ടിട്ടില്ല (ഖുർആൻ)

ആ അല്പത്തിൽ നിന്നുള്ള നൂറായിരം ശാഖകളിൽ നിന്നുള്ള അല്പം പോലും ഈയുള്ളവനറിയില്ല. 

എന്നിരിക്കെ താങ്കൾ ഈയുള്ളവനെ മാത്രം അല്പജ്ഞൻ എന്ന് വിളിച്ചതും താങ്കൾക്കും താങ്കൾ കരുതുന്ന പലർക്കും പൂർണജ്ഞാനം ഉണ്ടെന്നും ആർക്കെങ്കിലും അങ്ങനെ പൂർണജ്ഞാനം ഉണ്ടാകുമെന് കരുതിയതും എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാവുന്നില്ല.

"ലൗ കാനൽ ബഹ്റു മിദാദൻ ലി കലിമാത്തി റബ്ബിഹി ലനഫിദൽ ബഹ്റു ഖബ്ല അൻ തൻഫദ കലിമാത്തിഹി...."

(ദൈവവചനങ്ങൾക്കുള്ള (അറിവിനുള്ള) മഷിയായി സമുദ്രമായിരുന്നാൽ ആ അറിവ് (വചനങ്ങൾ) തീരുന്നതിന് മുൻപ് സമുദ്രങ്ങൾ തീർന്നുപോയേനെ (അൽ കഹ്‌ഫ്: ഖുർആൻ).

അറിവില്ലാത്ത പ്രവാചകനെ തന്നെയും, അദ്ദേഹം പലപ്പോഴായി തൻ്റെ അറിവില്ലായ്മ കൊണ്ട് അബദ്ധങ്ങൾ ചെയ്തപ്പോൾ ഖുർആൻ എത്രപ്രാവശ്യം തിരുത്തി എന്നറിയാമോ?

"അബസ വ തവല്ലാ" തുടങ്ങുന്നത് തന്നെ പ്രവാചകൻ്റെ അബദ്ധവും അറിവില്ലായ്മയും വെറും വെറുതെ തിരുത്തുക മാത്രല്ല, ശകാരിച്ചു കൊണ്ടാണ്.

ഗുഹാവാസികളുടെ കഥ നാളെ പറഞ്ഞു തരാം എന്ന് പ്രവാചകൻ മക്കാക്കാർക്ക് വാക്ക് കൊടുത്തപ്പോൾ ഖുർആൻ വീണ്ടും അദ്ദേഹത്തെ തിരുത്തി.

പ്രവാചകന് അത് സാധിക്കുകയില്ല, അതുകൊണ്ട് തന്നെ ഇൻശാ അല്ലാഹ് (ദൈവത്തിൻ്റെ വേണ്ടുക ഉണ്ടെങ്കിൽ) എന്ന് ചേർത്തുപിടിച്ച് നാളെ പറയാം എന്ന് പറയണം എന്ന് പറഞ്ഞ് പ്രവാചകനെ തിരുത്തി. 

(ലാ തഖൂലന്ന ലിഷൈഇൻ ഇന്നീ ഫാഇലുൻ ദാലിക ഗദാ, ഇല്ലാ അൻ യശാഅല്ലാഹ്.)

ഇവിടെ നിന്നാണ് , ഇങ്ങനെയാണ് ഇൻശാ അല്ലാഹ് പറച്ചിൽ ഏറക്കുറെ നിർബന്ധമാകും വിധം പ്രാബല്യത്തിൽ വന്നത് എന്നതും താങ്കൾ മനസ്സിലാക്കിയാൽ നല്ലത്.

നിങ്ങളുടെ വിശ്വാസവും ഗ്രന്ഥവും പറയുന്നത് എന്തെന്ന് അറിഞ്ഞും മനസ്സിലാക്കിയുമെങ്കിലും മറ്റുള്ളവരെ വ്യക്തിപരമായി ആക്ഷേപപിക്കുക. വിഷയം പറയുക മാത്രമല്ലാതെ ആരെയും ആക്ഷേപപിക്കുകയും അധിക്ഷേപിക്കുകയും ശരിയല്ലെങ്കിലും 

എപ്പോഴും വിഷയം മാത്രം സ്പർശിക്കുകയാണ് വേണ്ടത്.

വ്യക്തിപരമായി ആക്ഷേപിക്കുന്നതും വിമർശിക്കുന്നതും വിഷയം പറയാൻ കരുത്തില്ലാതെ പരാജയപ്പെടുമ്പോഴാണെന്ന് മനസ്സിലാക്കിയാൽ നന്ന് .

No comments: